അമ്മതൻ ചോരത്തുള്ളികൾ
നുണഞ്ഞതാം
നുറുങ്ങോർമ്മയിൽ ഞാൻ നിനച്ചു
അവളാണു സ്ത്രീ
പക്ഷേ, അവളായിരുന്നില്ല.
ഞാൻ നുണഞ്ഞ ചോരത്തുള്ളികൾ
പങ്കിടാനായി അമ്മതൻ വയറു പിളർന്ന്
എന്റെ പുറകെ വന്നവളെ
കണ്ടപ്പോൾ ഞാൻ നിനച്ചൂ
അവളായിരിക്കും സ്ത്രീ
അവളായിരുന്നില്ല.
ശത്രുവാം സ്കൂളിലെ വരാന്തയിൽ
തനിച്ചിരിക്കും നേരം
സഹപാഠിയാം ഒരുവളെ
കണ്ടപ്പോൾ ഞാൻ നിനച്ചു
അവളാണു സ്ത്രീ
അവളും ആയിരുന്നില്ല.
കൗമാരത്തിൽ നിന്ന്
യൗവ്വനത്തിലേക്കുള്ള യാത്ര മധ്യേ
എന്നിലെ കാമമാം മൂർത്തിയെ
ഉണർത്തുന്ന യന്ത്രമാണവളെന്നും
ഞാൻ നിനച്ചു
അതും ആയിരുന്നില്ലവൾ.
സ്നേഹമാം വികാരത്തെ
എന്നിൽ പ്രണയമായി നിറച്ചവളെ
കണ്ടപ്പോൾ ഞാൻ ആശിച്ചു
അവളെങ്കിലും ആയിരുന്നെങ്കിലോ സത്രീ
ഇല്ലില്ല, അവൾ അല്ലേ അല്ല.
എൻ അരക്കെട്ടിൽ തുടിക്കുന്ന
പാതി ജീവനെ പേറി
അസഹനീയമാം വേദനയിൽ
പൂർണ്ണ ജീവനാക്കി മാറ്റുന്നവളെ
കണ്ടപ്പോൾ ഞാൻ ആശിച്ചു
അവളാണു സത്രീ
അവളും ആയിരുന്നില്ല.
കാലം കൊടുത്ത വാർദ്ധക്യത്തിൽ
മുഖംമൂടി അണിഞ്ഞ്
ഏതൊ കോണിലെ സ്തംഭമായി
മാറിയവളെ കണ്ടപ്പോൾ ഞാൻ നിനച്ചു
അവളാകണം സത്രീ
അവളുമല്ല, എനിക്കതറിയുകയുമില്ല.
ഇതിലേതങ്കിലും ആയിരിക്കാമവൾ
പക്ഷേ, അതെനിക്കറിയില്ല
ഒന്നനിക്കറിയാം നിശ്ചയമായും
ഇതിലേതങ്കിലും ഒന്ന്
ആകണമവളെന്ന് വാശിപിടിക്കുന്ന
അടിമത്വത്തിൻ പിതൃത്വം പേറുന്ന
ചില ആളുകളെ എനിക്കറിയാം.