അക്ഷരങ്ങളെവിടെയോ ചോർന്നു പോയി..
കാഴ്ച മങ്ങിയതിനാൽ പെറുക്കാനും വയ്യ.
ആലോചിച്ചൊടുവിൽ ലിപിയും മറന്നു പോയി.
ഇന്നലെ അക്ഷരങ്ങൾ കോർത്തൊരു കയറിൽ
പിടഞ്ഞു വീണ എന്റെ കവിത
പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടക്കുകയാണ്.
ഒറ്റ നോട്ടമെറിഞ്ഞു കൊടുത്തു, ആശയ ദാരിദ്ര്യം.
ആ, കഷ്ടം, ഇന്നലെ പെയ്തിറങ്ങിയ മഴയോ
ഉദിച്ച സൂര്യനോ ദുരന്തത്തിന്റെ പൊയ്മുഖങ്ങളോ ഇല്ലാതെ.
അക്ഷരങ്ങളേ കൂട്ടിയിട്ട് കത്തിച്ചതിനാലാവും
കരിനിയമം പുരണ്ട ലഘുലേഖകളെന്ന് കരുതിയിട്ടുണ്ടാകാം.
ഞാൻ മാവോയിസ്റ്റല്ല, ഇതു ലഘുലേഖയല്ല,
എന്നു പറയ വയ്യാതെ ഇനിയും കാത്തു കിടപ്പാണെന്റെ കവിത.
കാരിരുമ്പിന്റെ പോർവീര്യമുള്ള
പട്ടിണിപ്പടയുടെ ചൂരാണെൻ കവിത .
ചുട്ടുപൊള്ളുന്ന പാതകളെ തൊട്ടു തഴുകുന്ന
വിണ്ടടിക്കാലുകളുടെ നോവാണിത്.
മാനം ഭംഗിക്കപ്പെടാത്ത കുർത്തമുള്ളാണെൻ കവിത,
കയറിയിറങ്ങലെത്രയായാലും ചുടുചോര ചിന്തിയാലും
തളരാത്ത യോനിയാണെൻ കവിത.
വിധികർത്താക്കളെ നിങ്ങളുടെ കീറി മുറിക്കൽ
പൊടുന്നനെ പോലുമെന്നെ നീറ്റുന്നില്ല
എന്റെ യാത്ര കരിക്കട്ട കനലാകുന്ന നാട്ടിലേക്കാണ്.
ചോര വറ്റിയ നിർചാലുകളിലേക്കാണ്
അവിടെയെങ്ങും ചുമച്ചു തുപ്പിയ രക്തകഫത്തിന്റെ പാടുകളാണ്.
ജീർണിച്ച നിലംപതിക്കാറായ മനുഷ്യരാണവിടെ ചുറ്റും…
അവരെ നിങ്ങൾക്ക് തോൽപിക്കാനാവില്ല.
എന്തുകൊണ്ടെന്നാൽ അവർക്ക് അതിജീവിക്കാനറിയാം.
എന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഇനിയുമെത്ര നേരമേറെയും കാത്തിരിക്കാം ഞാൻ
തിരിച്ചുവരവില്ലാത്ത ഒരിടവേളക്കായി.