ഒന്നാം ദിവസം. രാത്രി.
ഇളം പച്ച നിറമുള്ള, അതിൽ കുറെ കടും പച്ച വരഛേദങ്ങൾ കൂട്ടങ്ങളായി തെറിച്ചു നിന്ന് പരസ്പരം പോരാടുന്ന മാതൃകയിലുള്ള, പിൻഭാഗം തുറന്ന അയഞ്ഞ കുപ്പായത്തിനുള്ളിൽ ഡോക്ടർ വേലുക്കുട്ടിയെന്ന വേലായുധൻ കുട്ടി ഞെരിപിരി കൊണ്ടു കിടന്നു. മൂത്രത്തിന്റെ അണക്കെട്ടു പൊട്ടും മുൻപ് എന്തേലും ചെയ്യണം.. തോന്നിത്തുടങ്ങിയിട്ടു നേരം കുറേയാവുന്നു. തീവ്ര പരിചരണ വിഭാഗക്കാർ കിടക്ക ഏകദേശം വി – ആകൃതിയിൽ വച്ചിരിക്കുന്നതിനാൽ വേലുക്കുട്ടിയും വി- ഷേപ്പിലാണ്.
പതിയെ തല ചെരിച്ചു വലതു ഭാഗത്തേക്ക് നോക്കി…കർട്ടൻ മുഴുവനായി ഇട്ടിട്ടുണ്ട്.. ഇടനാഴിയിലൂടെ പോകുന്നവർക്ക് തന്നെ കാണാനാവില്ല.. സമാധാനം.
കിടക്കയുടെ വലതു ഭാഗത്തു ആശുപത്രി ഭക്ഷണം കൊണ്ടുവെയ്ക്കാൻ വെച്ചിട്ടുള്ള ചക്രങ്ങളുള്ള ചെറിയ മേശയുടെ തന്നെ ഒരറ്റത്ത് വെച്ചിരുന്ന പ്ലാസ്റ്റിക് കുപ്പി ബദ്ധപ്പെട്ടു കൈനീട്ടിയെടുത്തു… വായ് ഭാഗം മുന്നോട്ടു വളഞ്ഞു തുറന്നു “ഇങ്ങു തന്നേരെ” എന്ന മട്ടിലാണ് കുപ്പിയുടെ നില . മുഖം ഇടനാഴിയുടെ ഭാഗത്തേക്കു തിരിച്ചുകൊണ്ടു തന്നെ കുപ്പായം മുട്ടുവരെയുയർത്തി, പതിയെ കാലുകളകത്തി, കുപ്പി കാലിനിടയിലേക്കടുപ്പിച്ചു. വിസർജ്ജനസുഖത്തിന്റെ തിരയിളക്കത്തോടെ അത് കുപ്പിയിൽ പാഞ്ഞൊഴുകി നിറയുമ്പോൾ അയാൾ അറിയാതെ പറഞ്ഞു. ആശ്വാസം.
രോഗാണുക്കൾ നിറഞ്ഞ ദുർഗന്ധമുള്ള മൂത്രം കുടിക്കാൻ വിധിക്കപ്പെട്ടവൻ നിയോഗം നിറവേറ്റി വീണ്ടും മേശയുടെ മുകളിൽ കുപ്പികളിലെ അരികു ജീവിതമായി ഒതുങ്ങിക്കൂടി.
ഇവൾക്ക് ഒരു മെക്സിക്കൻ ഛായയാണ്.. എന്നാൽ എന്തോ… ആ ശബ്ദമാണോ സ്പർശമാണോ? ഒന്നുമല്ല. അതൊക്കെ വെറും തോന്നലുകളാണ്. ഒരു കാരണവുമില്ലാതെയല്ലേ വര്ഷങ്ങളായി ഈ ഓർമ്മകൾ പലപ്പോഴും തികട്ടിയെത്തി പാപബോധത്തിന്റെ വെള്ളിപ്പുഴുക്കൾ തലയരിക്കാൻ വിട്ടിട്ടു കടന്നു കളയുന്നത്.
ഇത്രയൊക്കെ മതി ആതുര സേവനസമ്പാദ്യം എന്ന് സ്വയം തോന്നിയിട്ടോ ഡോക്ടർ മാറാരോഗിയായാൽ മറ്റുരോഗികളെ ചികിൽസിക്കാൻ അയോഗ്യനാണ് എന്ന അബോധമനസ്സിന്റെ വിളംബരമോ എന്നറിയില്ല പ്രാക്ടീസ് നിറുത്തിയിട്ടു വര്ഷം പത്തിലേറെ കഴിഞ്ഞിരിക്കുന്നു.
തലചുറ്റിവീണു മയങ്ങിയുണർന്നപ്പോൾ ഇവിടെയാണ്. രണ്ടുദിവസമായി ഹോം നേഴ്സ് കൂടെത്തന്നെയുണ്ടായിരുന്നു – അവളായിരിക്കും ഇവിടെത്തിച്ചത്. വേറാരുമില്ലല്ലോ. ഫ്ലാറ്റ് വിട്ടു വൃദ്ധസദനത്തിലേക്ക് കൂടുമാറാൻ മകൻ ഇനി കൂടുതൽ നിർബന്ധിക്കും.
ചിന്തകളെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ് മുന്നിൽ ഭിത്തിയിലൊട്ടിച്ച ടിവിയിൽ കണ്ണ് തടഞ്ഞത്. പോട്ടസിന്റെ (പ്രസിഡന്റിന്റെ പാപ്പരാസി പേര് ) ചൊറിച്ചിൽ സന്ദേശങ്ങളിലൊന്നിന്റെ വിശകലനം. ഗവൺമെന്റ് ഷട്ട് ഡൗൺ ആണ് വിഷയം. ഭരണരഥചക്രങ്ങൾ ഇടയ്ക്കു വിശ്രമിക്കട്ടെ; അത് നല്ലതാണെന്ന്.. ദേഷ്യം വരുന്നുണ്ട്. വാർദ്ധക്യം മുറ്റിയ കയ്യിൽ പിടിപ്പിച്ച റിമോട്ട് ഒന്നു ഞെങ്ങിപ്പോയതും അറിയാതെ തന്നെ. ചാനൽ മാറി. “ടോം ആൻഡ് ജെറി” ….കൊള്ളാം …കണ്ടുകിടന്നുറങ്ങിപ്പോയി.
അതിരാവിലെ…. പരിശോധനയ്ക്ക് രക്തം എടുക്കാൻ നേഴ്സ് വന്നപ്പോഴാണ് കണ്ണുതുറന്നത്. വലത്തേ കണംകൈയിൽ ശുഷ്കിച്ചു ചിതറിക്കിടന്ന ഞരമ്പുകളിലൊന്നിൽ സിറിഞ്ചു കൊമ്പുകുത്തിയിറങ്ങി. ആർത്തിമൂത്ത കൊതുകിനെപ്പോലെ. പ്രയാസപ്പെട്ടു ചുരുട്ടിവച്ച മുഷ്ടി അയഞ്ഞപ്പോൾ കിട്ടിയ ചോര വലിച്ചെടുത്തു വയറു നിറഞ്ഞപ്പോൾ നഴ്സിന്റെ കൈയ്യിലേക്കതു പിൻവാങ്ങി. രോഗിയുടെ പേരെഴുതിയ ലേബലുടുപ്പിച്ചു സിറിഞ്ചിനെ ഒരു കാരൃറിൽ സുരക്ഷിതമായി കിടത്തുമ്പോൾ തൊട്ടടുത്ത് കാരൃറിൽ കിടന്നിരുന്ന, വൈറ്റ് സുപ്രീമസി അവകാശപ്പെട്ട രണ്ടു സവർണ്ണ സിറിഞ്ചുകൾ ചെറുതായി പ്രതിഷേധിച്ചു. നേഴ്സ് അവരെ ചെറുതായി ബലം പ്രയോഗിച്ചു തള്ളിമാറ്റി വേലുക്കുട്ടി സിറിഞ്ചിനെ ഇടയിൽ കിടത്തിയശേഷം നാരായണ ഗുരു മന്ത്രം ഇംഗ്ലീഷിൽ പറഞ്ഞു ‘ഓൾ ലൈവ്സ് മാറ്റർ’. എല്ലാ ജീവനും ഒരേ വില തന്നെ.
കാരൃർ ഭദ്രമായി വച്ചശേഷം വലതു ഭാഗത്തു സ്റ്റാൻഡിൽ തൂങ്ങുന്ന പ്ലാസ്റ്റിക് സഞ്ചിയിലേക്കവൾ കണ്ണോടിച്ചു. മരുന്നുമിശ്രിത ലായനി തുള്ളികൾ ക്രമം തെറ്റാതെ പുറത്തേക്കിറങ്ങി വാട്ടർ പാർക്ക് റൈഡിലെന്നപോലെ ഒഴുകിയിറങ്ങി ക്ഷീണിച്ച കോശങ്ങൾക്ക് ഊർജവും ആശ്വാസവുമായി. എല്ലാം ശരിയെന്നുറപ്പുവരുത്തി പോകാൻ തുടങ്ങവേ എങ്ങിനെയുണ്ടെന്ന അർത്ഥത്തിൽ ചോദിച്ചു.
‘ഹൗ ഡു യൂ ഫീൽ നൗ?’
‘ഓക്കേ..’ എന്നു പറയാൻ പ്രയാസപ്പെട്ടു തിരിഞ്ഞു മുഖത്ത് നോക്കിയപ്പോഴാണ്… അതേ ഓർമ്മകളുടെ കടന്നൽ ശേഖരം വീണ്ടും മനസ്സിൽ പൊട്ടിച്ചിതറി വീണത്. ഇവൾക്ക് ഒരു മെക്സിക്കൻ ഛായയാണ്.. എന്നാൽ എന്തോ… ആ ശബ്ദമാണോ സ്പർശമാണോ? ഒന്നുമല്ല. അതൊക്കെ വെറും തോന്നലുകളാണ്. ഒരു കാരണവുമില്ലാതെയല്ലേ വര്ഷങ്ങളായി ഈ ഓർമ്മകൾ പലപ്പോഴും തികട്ടിയെത്തി പാപബോധത്തിന്റെ വെള്ളിപ്പുഴുക്കൾ തലയരിക്കാൻ വിട്ടിട്ടു കടന്നു കളയുന്നത്. ശ്രദ്ധതിരിക്കാനെന്നോണം ടിവി ഓൺ ചെയ്തു. ഏതോ ചാനൽ വിളമ്പിയ കലപില ചന്തങ്ങളിൽ നോക്കി വെറുതെ കിടന്നു
രണ്ടാം ദിവസം. പകൽ.
ഒരു എഗ്ഗ് ഓംലെറ്റും കുറച്ചു ഗ്രനോളയും യോഗർട്ടും മാത്രം ഓർഡർ ചെയ്തു. ഒന്നിനും ഒരു രുചി തോന്നിയില്ല. കഴിച്ചെന്നു വരുത്തി… ഒന്നെണീക്കണമെന്നുണ്ട് …ആരുടെയെങ്കിലും സഹായമില്ലാതെ കഴിയുന്നില്ല. ആരോഗ്യം നന്നേ ക്ഷയിച്ചിരിക്കുന്നു, ഇടത്തെ കൈയിൽ വന്നപ്പോൾ തന്നെ ഘടിപ്പിച്ച പിക്ക് – അതിലൂടെ ഐവി നിരന്തരമായി തന്നു കൊണ്ടിരിക്കുന്നു. നെഞ്ചിലും വയറിന്റെ ഭാഗത്തും ഇസിജി പ്രോബുകൾ.. മാത്രവുമല്ല കാലിന്റെ ഭാഗത്തു ബെഡ് ഫ്രെമിലായി ഒരു സാധനം ഘടിപ്പിച്ചിച്ചിട്ടുണ്ട്. അതിൽ നിന്നും രണ്ടു ട്യൂബുകൾ രണ്ട് കണങ്കാലുകളിലും ചുറ്റിയിട്ടുള്ള പാഡുകൾക്കുള്ളിലേക്ക് . ഇടയ്ക്കിടെ ട്യൂബിലൂടെ കാറ്റുവന്നു പാഡുകൾ നിറഞ്ഞു കാലുകൾക്കൊരു മസ്സാജ് തരുന്നു. ഏതായാലും അത് മാറ്റാതെ എണീക്കാനാവില്ല.
കൈയ്യിലെ റിമോട്ട് അമർത്തി. നേഴ്സ് വന്നു. അവരുടെ സഹായത്തോടെ കട്ടിലിൽ എണീറ്റിരുന്നു.
‘ഡു യു വാണ്ട് റ്റു ഗോ ഫോർ എ വോക്??’
വേണം ..ഒന്ന് മുറിക്കു പുറത്തിറങ്ങണം. ഇപ്പോ തന്നെ വിയർപ്പും മൂത്രത്തിന്റെ ദുർഗന്ധവും കൂടിച്ചേർന്ന ആശുപത്രി കുപ്പായം നരകം പോലെ തന്നെ പൊതിഞ്ഞിരിക്കുന്നു. ഒരു വീൽ ചെയർ എത്തി.
ഒരു നേഴ്സ് കൂടിയെത്തി – സഹായത്തിന്. അതിലിരുന്ന്, കാൽനടപ്രചരണ ജാഥ കാറിലെന്നപോലെ, വീൽ ചെയറിൽ നടത്തം ആരംഭിച്ചു. മുറിയുടെ പുറത്തേക്ക്, പിന്നെ ഇടനാഴിയുടെ ഒരുഭാഗത്തേക്ക്
വിരസമായ യാത്ര..
വീൽ ചെയറിൽ ശരീരം മുന്നോട്ടൊഴുകുമ്പോൾ സമയനദി പിന്നോട്ടൊഴുകാൻ തുടങ്ങുന്നു..വേണ്ട ഒന്നും ചിന്തിക്കരുത് , ധ്യാനത്തിന്റെ ചില ട്രിക്കുകൾ, പ്രയോഗിക്കാൻ വേലുക്കുട്ടി വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു. ഇടനാഴിയുടെ ഒരറ്റമെത്തിയപ്പോൾ വണ്ടി ഒരു U -ടേൺ തിരിഞ്ഞു. തിരികെ വരുമ്പോൾ എതിരെ തന്നോളം പ്രായമുള്ള ഒരു വെള്ളക്കാരി സ്ത്രീ. തന്റെ അതേ കുപ്പായം. അവരെ മകനും മകളും ചേർന്ന് നടത്തിക്കുന്നു. അവർ വാർദ്ധക്യവും രോഗവും കാരണം ബദ്ധപ്പെട്ടാണ് നടക്കുന്നതെങ്കിലും, മുഖത്ത് സംതൃപ്തിയും സന്തോഷവും… വയസ്സുകാലത്തു മക്കളുടെ കൈകളിൽ സുരക്ഷിതത്വം അറിയുന്ന മാതൃത്വം. ഭാഗ്യം..
തിരികെ മുറിയിൽ വന്നു. ബാത്ത്‌റൂമിൽ പോകണം. അവർ ഒരു മടിയുമില്ലാതെ, തന്നെ വളരെ ശ്രദ്ധിച്ചു. തന്നെ എണീപ്പിച്ചു പതിയെ നടത്തി ക്ലോസെറ്റിലിരുത്തി.
ഇടയ്ക്ക് ‘ബി കെയർ ഫുൾ..’ എന്ന് ഓർമ്മിപ്പിച്ചു..
‘ഐ ആം നോട്ട് ക്ലോസിങ് ദ ഡോർ ഓക്കേ? പ്രെസ്സ് ദ ബസ്സർ വെൻ യു ആർ ഡൺ..’
മുറി ചാരി അവർ പുറത്തു നിന്നു – പറഞ്ഞപോലെ. തിരികെ വീണ്ടും കിടക്കയിലെത്തിച്ചു. മാറ്റിയതെല്ലാം വീണ്ടും തിരികെ ഘടിപ്പിച്ചു. പിന്നെ മോണിറ്ററിൽ നോക്കി എല്ലാം നോർമൽ എന്നുറപ്പുവരുത്തി, എന്തേലും കാര്യമുണ്ടേൽ റിമോട്ട് ബട്ടൺ പ്രസ് ചെയ്‌താൽ മതിയെന്ന് ഓർമ്മിപ്പിച്ച് അവർ പുറത്തേക്കു നടന്നു. സേവനത്തിന്റെ ദേവതമാർ… ആരൊക്കെയോ ആവർത്തിച്ചത് അയാളും അറിയാതെ വീണ്ടും പറഞ്ഞു. അതനുഭവിക്കുന്ന ആരും പറഞ്ഞുപോകും. അതങ്ങനെയാണ്.
എത്രയൊക്ക ശ്രമിച്ചിട്ടും ഈയിടെയായി ഇന്നിന്റെ നിമിഷങ്ങളിൽ ജീവിക്കാനാവുന്നില്ല. ഭൂതകാലം സങ്കടങ്ങളും പശ്ചാത്താപത്തിന്റെ വിങ്ങലുകളും മനസ്സ് നിറയ്ക്കുമ്പോൾ ഭാവി ആശങ്കകളുടേതാവുന്നു. ധ്യാനശ്രമങ്ങൾ പ്രായത്തിനു മുന്നിൽ തോൽക്കുന്നു. എന്നിലെ ചിന്തകൻ ഞാനാവുന്നു… ആകരുത് ..പക്ഷേ കഴിയുന്നില്ല.
‘ഐ തിങ്ക് – ദെയ്ർ ഫോർ ഐ ആം’ – അത് ഡക്കാർട്ടെ പറഞ്ഞുവച്ചതാണെന്നയാൾ പഴയ വായനയിൽ തപ്പി ഉറപ്പിച്ചു.
വിദ്യാഭ്യാസം കഴിഞ്ഞു ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയിരുന്നേയുള്ളു. നാട്ടിൻപുറത്തെ, അധികം സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു ഹോസ്പിറ്റലിൽ. സേവിയേഴ്‌സ് എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. താൻ ജോലിക്കായെത്തുമ്പോൾ തന്നെ നിമ്മിയെന്ന നിർമ്മല അവിടെ ജോലി തുടങ്ങിയിരുന്നു. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതം. ഇരുനിറത്തിൽ സുന്ദരിയായിരുന്നു നിമ്മി.
ആദ്യമൊക്കെ ആരാ എന്താ എന്നൊക്കെ അറിയാനുള്ള കൗതുകമായിരുന്നു. എന്നാലും എന്തേലും കാരണം പറഞ്ഞു കൺസൾട്ടിങ് മുറിയിലേക്ക് വിളിപ്പിക്കും. എന്തെക്കിലുമൊക്കെ ചെയ്യിച്ചവിടെ നിറുത്തും. കാര്യങ്ങൾ ചോദിച്ചറിയാൻ…
ആദ്യമൊക്കെ ഉത്തരങ്ങൾ വാക്കുകളിലൊതുക്കുമായിരുന്നു. എന്നാലും പതിയെ കാര്യങ്ങൾ മനസ്സിലായി. താഴെ ഇളയ രണ്ടു പേർ – ഒരനിയത്തിയും അനിയനും. മൂന്ന് കുട്ടികളെ ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ കുടുംബത്തോടുള്ള ഉത്തരവാദിത്തം അവസാനിപ്പിച്ച് ദിവസവും തലയ്ക്കുവേണ്ട കള്ളിന്റെയും ചാരായത്തിന്റെയും മാത്രം ഉത്തരവാദിത്തം ഏറ്റെടുത്ത അച്ഛൻ… രക്ഷപ്പെടാനും കുടുംബത്തെ രക്ഷപ്പെടുത്താനുമായി ഡൽഹിയിലുള്ള അമ്മാവൻ സഹായിച്ചാണ് നഴ്സിങ് പഠിച്ചത്. കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഓഹരിയെടുത്തു പോയി മൂക്കറ്റം മോന്തി വന്നാലും അവളെ തെറി വിളിക്കുമായിരുന്നത്രെ.
പതിയെ അവളുടെ സ്നേഹം നേടിയെടുത്തു. അവളുടെ സ്നേഹം കൂടുംതോറും താൻ പെരുംകള്ളനും ചൂഷകനുമായി മാറുകയായിരുന്നു. ചെറിയ ഗ്രാമം.. എല്ലാപേർക്കും എല്ലാപേരെയും അറിയാം …എന്ത് നടന്നാലും എല്ലാപേരും അറിയും താമസിയാതെ തന്നെ. ആരറിഞ്ഞാലും എന്തറിഞ്ഞാലും നീയെന്റെ കൂടെയുണ്ടാവും എന്നുറപ്പു കൊടുത്ത ശേഷമല്ലേ, നിർബന്ധിച്ചിട്ടല്ലേ അവൾ കൂടെ വരാൻ തയ്യാറായത്..
നഴ്സിങ്ങിന് പോയതിന് …കുടുംബത്തിൽ പിറന്നവർ ഈ വൃത്തികെട്ട പണിക്ക് പോവില്ലത്രേ. അവൾ കാരണം ബന്ധുക്കളെല്ലാം തെറ്റിപോലും… ഒരു പാവം പെണ്ണിന്റെ നിസ്സഹായാവസ്ഥയോടുള്ള സഹതാപം, എപ്പോഴാണ് കൗശലത്തോടെ കരുതലോടെ അവളെ സ്വന്തമാക്കാനുള്ള ദാഹമായി വളർന്നത്. വിവാഹം കഴിക്കില്ലായെന്നറിയാമായിരുന്നിട്ടും അവളെ മോഹിപ്പിച്ചു. നിമ്മിക്ക് താൻ ഒരാശ്വാസ തുരുത്തായിരുന്നു – അത് നന്നായറിഞ്ഞിരുന്ന താൻ അവളെ സ്നേഹിക്കുന്നതായും സഹതപിക്കുന്നതായും അഭിനയിക്കുകയായിരുന്നു.
പതിയെ അവളുടെ സ്നേഹം നേടിയെടുത്തു. അവളുടെ സ്നേഹം കൂടുംതോറും താൻ പെരുംകള്ളനും ചൂഷകനുമായി മാറുകയായിരുന്നു. ചെറിയ ഗ്രാമം.. എല്ലാപേർക്കും എല്ലാപേരെയും അറിയാം …എന്ത് നടന്നാലും എല്ലാപേരും അറിയും താമസിയാതെ തന്നെ. ആരറിഞ്ഞാലും എന്തറിഞ്ഞാലും നീയെന്റെ കൂടെയുണ്ടാവും എന്നുറപ്പു കൊടുത്ത ശേഷമല്ലേ, നിർബന്ധിച്ചിട്ടല്ലേ അവൾ കൂടെ വരാൻ തയ്യാറായത്.. ബീച്ചിൽ ..നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ.. സഹതാപത്തിനു വേണ്ടിയുള്ള കള്ളം പറച്ചിലുകൾ. എല്ലാത്തിനും മറുപടി കണ്ണീരിൽ നനഞ്ഞ വാക്കുകളും ചുംബനങ്ങളും.
‘ഞാൻ കൂടെയുണ്ടാവില്ലേ’. സ്ഥലംമാറ്റം ആയി പോവുന്നു എന്ന് പെട്ടെന്ന് കേട്ടപ്പോൾ അവൾ ഞെട്ടി. കരഞ്ഞു. എന്താ? എവിടെ? എന്ന ചോദ്യങ്ങൾക്ക് ചുരുക്കത്തിൽ മറുപടി പറഞ്ഞവസാനിപ്പിച്ചു.. അപ്പോഴേക്കും ആ ബന്ധം അവളുടെ ബന്ധുക്കളും നാട്ടുകാരും മുഴുവനറിഞ്ഞിരുന്നു എന്ന് തനിക്കറിയാമായിരുന്നു. തന്റെ ഈ ഒളിച്ചോട്ടം, അവളെ കൊലയ്ക്കു കൊടുത്തേക്കും എന്ന് ചിന്തിക്കാൻ സ്വാർത്ഥ മോഹങ്ങൾ അനുവദിച്ചില്ല… ഒന്ന്, ഒരു പ്രാവശ്യത്തേക്കെങ്കിലും നേരിട്ടൊന്നു സംസാരിക്കണം എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ‘നോക്കട്ടെ .. തിരക്കാണ് അഥവാ കണ്ടില്ലേൽ ഇനി വരുമ്പോ കാണാം..’ എന്നു പറഞ്ഞു തടി തപ്പി..
ശരിയാണ് തിരക്കായിരുന്നു… റാണിക്ക് തിരിച്ചു പോവണ്ടേ ഗൾഫിലേക്ക്. രണ്ടാഴ്ചത്തെ അവധിയേയുള്ളു… പെട്ടെന്നായിരുന്നു… നിമ്മിയെ കാണാമെന്നു പറഞ്ഞതിന് രണ്ടു ദിവസം മുമ്പു തന്നെ താൻ വീട്ടിലേക്കു പോന്നു. എന്തോ ..അന്നൊരു കുറ്റബോധവും തോന്നിയില്ല.. എല്ലാപേരുമറിഞ്ഞ ഈ ബന്ധം എങ്ങുമെത്താതെ പോയാൽ അവളുടെ സ്ഥിതി എന്താവും എന്ന് ചിന്തിച്ചതേയില്ല… തന്നെ കുറിച്ചായിരുന്നു ചിന്തകളും ആശങ്കകളും.
ചെറിയ തോതിലുള്ള ഒരു രജിസ്റ്റർ മാര്യേജ് മതിയെന്നു പറഞ്ഞതും പ്രശ്നങ്ങളുണ്ടാവാതെ മംഗളമായി കാര്യങ്ങൾ തീരണം എന്നുള്ളതുകൊണ്ട് തന്നെയായിരുന്നു. റാണിയുമൊത്തു നാടുവിട്ടാൽ പിന്നൊന്നുമറിയേണ്ടല്ലോ..
ഡോക്ടർ റാണിക്ക് അമേരിക്കയായിരുന്നു ലക്‌ഷ്യം. അതിനു വേണ്ടിയവൾ വല്ലാതെ ശ്രമിച്ചു. അവളിലെ സ്നേഹം താനറിഞ്ഞിരുന്നില്ല.. അറിഞ്ഞത് അതിമോഹങ്ങൾ മാത്രം കുട്ടികൾക്കു വേണ്ടി തിരക്കിടേണ്ടെന്നും എല്ലാം ഒന്ന് സെറ്റിൽ ആയിട്ട് മതിയെന്നുമായിരുന്നു റാണിയുടെ പക്ഷം. എന്തായാലും അവളുടെ നിരന്തര ശ്രമം കൊണ്ടു മാത്രം നാല്പതാം വയസ്സിൽ ഇവിടെയെത്തി സെറ്റിലാവുമ്പോൾ മകൻ വിവേകിനെ ചെറിയ ക്ലാസ്സിൽ ചേർക്കാറായിരുന്നു.
നാട് വിട്ടശേഷം നിമ്മിയെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. പിന്നെയവളെക്കുറിച്ചു ചിന്തിക്കുന്നത് റാണി തന്നെ വിട്ടു മറ്റൊരു വെള്ളക്കാരൻ ഡോക്ടറോടൊപ്പം പോയ ശേഷമാണ്. മകന്റെ കസ്റ്റഡി സ്വാഭികമായും അവൾക്കു തന്നെ. എല്ലാ വീക്കെന്‍ഡുകളിലും തന്നോടൊപ്പം എന്ന കോടതി ഉറപ്പിന്മേൽ. മിക്കവാറും ആഴ്ചയിൽ രണ്ടു ദിവസം കൂടെയുണ്ടാവുമായിരുന്നു അവൻ. കോളേജ് കഴിഞ്ഞു ജോലിക്കു പോവും വരെ.
പിന്നെ വിവാഹം കഴിക്കാൻ ധൈര്യമുണ്ടായില്ല. സായാഹ്നങ്ങൾ ഒറ്റപ്പെടലിന്റേതായി.. മെല്ലെ വിഷാദവും മദ്യവും ഒപ്പം കൂടി. എപ്പോഴാണ് പിന്നെ നിമ്മിയെക്കുറിച്ചാലോചിക്കാൻ തുടങ്ങിയത്? അവളെ അന്വേഷിക്കാൻ തോന്നിയത്? അവൾ തന്നെ അന്വേഷിച്ചിരുന്നുവോ? അറിയില്ല…
ഉറക്കം നഷ്ട്ടപ്പെട്ട നാളുകളിലൊന്നിൽ നാട്ടിലെ പഴയ ഹോസ്പിറ്റലിൽ തുടങ്ങിയ അന്വേഷണം കണ്ടെത്തിയത് അസ്വസ്ഥ വേദനകൾ മാത്രം.
കുറെ കാലം അപമാനിതയായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്നുവെന്നും പിന്നെ നിർബന്ധത്തിനു വഴങ്ങി ഒരാളെ കല്യാണം കഴിച്ചെന്നും കേട്ടു. ആശ്വാസം തോന്നിയെങ്കിലും പിന്നെയറിഞ്ഞത് തന്നെ തകർത്തുകളഞ്ഞു… എല്ലാമറിഞ്ഞു കല്യാണം കഴിച്ചയാളുടെ മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാവാതെ സ്വന്തം ജീവൻ പെത്തഡിന് എറിഞ്ഞുകൊടുത്തവൾ രണ്ടുവർഷം മുൻപ് പോയത്രേ. ആ വാർത്ത കേട്ടശേഷം അയാൾ താനറിയാതെ മറ്റൊരാളാവുകയായിരുന്നു. മരിജ്വാനയും മദ്യവും മറ്റൊരു സ്വത്വത്തിൽ കുടിയേറാൻ കൂട്ടായി… കൂട്ടുകാർ നഷ്ടപ്പെടാൻ തുടങ്ങി. പ്രാക്ടിസിൽ താല്പര്യം തീരെയില്ലാതെയായി…
സ്വാർഥതയും കാമവും ചതച്ചരച്ച ആ ജീവനെയോർത്തയാൾ കരഞ്ഞു.. പലപ്പോഴുമെന്ന പോലെ ഇപ്പോഴും…
നേഴ്സ് ഫോണുമായി മുറിയിലേക്ക് വന്നു. മകനാണ്. എങ്ങനെയുണ്ട് എന്നൊക്കെയുള്ള അന്വേഷണങ്ങൾ. നാളെ എങ്ങിനെ പോകും? വരണോ? എന്നൊക്കെ.. വേണ്ടെന്നു പറഞ്ഞു. വിളിച്ചല്ലോ അതുമതി…
ഒന്നു മയങ്ങിപ്പോയി.. രാത്രിയെപ്പോഴോ എണീറ്റു.. തലേന്നത്തെ പോലെ തന്നെ മൂത്രമൊഴിക്കാൻ ശ്രമിച്ചു.. ഇപ്രാവശ്യം പ്ലാസ്റ്റിക് കുപ്പിയൊന്നു പ്രതിഷേധിച്ചു. കുറെ മൂത്രം കുപ്പായത്തിലായി.. ആവട്ടെ.. ആരെയും വിളിച്ചില്ല. കുപ്പി സ്വീകരിച്ചത് അരികിലെ ടേബിളിൽ വച്ചു. മൂത്രത്തിന്റെയും വിയർപ്പിന്റെയും ദുർഗന്ധമുള്ള ആശുപത്രി കുപ്പായത്തിനുള്ളിലെ ജയിലറയിൽ വേലുക്കുട്ടി നിസ്സംഗനായി കിടന്നു.
മൂന്നാം ദിവസം.
അതിരാവിലെ തന്നെ നേഴ്സ് വന്നുണർത്തി. പഴയ ആൾ തന്നെ . വീണ്ടും നിമ്മിയെ ഓർമിപ്പിച്ചുകൊണ്ട്; ചോരയെടുക്കാൻ വന്നതാണ്. ഈ ടെസ്റ്റ് ഓക്കേ ആയാൽ ആശുപത്രി വിടാം..
‘ഹൗ ആർ യു ഫീലിങ് നൗ …? ബെറ്റർ ?’ ഒന്നും മിണ്ടിയില്ല
അവൾ തുടർന്നു – ടെസ്റ്റ് റിസൾട്ട് ശരിയായാൽ ഇന്ന് രാവിലെ തന്നെ പോകാം. ഒന്നും തോന്നിയില്ല. ഒന്നും പറഞ്ഞില്ല..
അവൾ പോയപ്പോൾ വീണ്ടും ഓരോന്നോർത്തു കിടന്നു. ഇപ്പോൾ വർഷങ്ങൾക്കു മുൻപ് ജോലി ചെയ്ത സേവിയേഴ്‌സ് ഹോസ്പിറ്റലും പരിസരങ്ങളുമെല്ലാം ഒരു മൊണ്ടാഷിലെന്നപോലെ കൂടുതൽ വ്യക്തമായി വന്നുപോവുന്നു. ഓരോ ഫ്രെയിമും ഉള്ളിലെ നൊമ്പരങ്ങളെ വീണ്ടും വീണ്ടും പീഡിപ്പിച്ചു. പരാതിപ്പെടാനാവില്ല ..താൻ ഇതിലേറെ അർഹിക്കുന്നുണ്ട്. ഇതിനിടയ്ക്ക് രണ്ടു ഡോക്ടർമാരും അവസാനം രാവിലെയെത്തിയ നഴ്സും വന്നു.
‘യു ക്യാൻ ഗോ ഹോം, ലെറ്റ് മി ഫിനിഷ് യുവർ പേപ്പർ വർക്ക്..’
ആശുപത്രി ബില്ലു ശെരിയാക്കി കഴിഞ്ഞാൽ പോകാമത്രെ. ‘എനി ബഡി പിക്കിങ് യു അപ്പ്?’ ആരെങ്കിലും വരുന്നുണ്ടോ കൂട്ടിക്കൊണ്ടുപോകാൻ..? ഒന്നും പറയാതെ ഫോണിൽ തപ്പി താമസിക്കുന്ന അപ്പാർട്മെന്റ് വിലാസം അവർക്കു കൊടുത്തു.
വീൽ ചെയർ മുന്നോട്ടു പോകുമ്പോൾ പരിസരങ്ങൾ ഇളകുന്ന പോലെ.. എതിരെ വന്നു തന്നെ കടന്നു പോകുന്നവർ കൂടുതൽ തടിച്ചും ചിലർ കൂടുതൽ മെലിഞ്ഞും കാണുന്നു. ചിലരുടെയെങ്കിലും മുഖം കോടിയപോലെ.. മരുന്നുകളും ഉറക്കമില്ലായ്മയുമാവാം കാരണം. തലതാഴ്ത്തിയിരുന്നു.
‘കാൻ യു ബുക്ക് ഊബർ (വാടക വണ്ടി) ഫോർ മീ ..’ സന്തോഷത്തോടെ അതു വാങ്ങിപ്പോയി അല്പ സമയം കഴിഞ്ഞു തിരിച്ചുവന്നു. പത്തു മിനിറ്റിൽ വരുമത്രെ. എത്തിയശേഷം ഡ്രൈവർ വിളിക്കും തന്റെ ഫോണിൽ. ആശുപത്രിക്കു പുറത്തേക്കുള്ള വാതിലിനരുകിൽ കാത്തു നിന്നാൽ മതി.
മുറിക്കു പുറത്തു വാതിലിനരുകിൽ, വീൽ ചെയറുമായി ഒരാൾ നിൽപ്പുണ്ടായിരുന്നു. നേഴ്സ് നേരത്തെ തന്നെ ഐ വി, ബ്ലഡ് പ്രഷർ മോണിറ്റർ എന്നിവയിൽ നിന്നുമൊക്കെ ശരീരത്തെ മോചിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഇസിജി പ്രോബുകൾ നെഞ്ചിലുറപ്പിച്ചിരുന്ന സ്റ്റിക്കറുകൾ നിർദയം വലിച്ചെടുക്കുമ്പോൾ നെഞ്ചിലെ വൃദ്ധരോമങ്ങൾ കൂടി പറിഞ്ഞു പോരുന്നുണ്ടായിരുന്നു. നിലവിളിക്കാൻ തോന്നി.. ഇനി അവശേഷിക്കുന്നത് ഐവി തരാൻ കൈയ്യിലുറപ്പിച്ചിരുന്ന പിക്ക് ആണ്. അതും മാറ്റി പതിയെ എണീപ്പിച്ചു
നടത്തി ശ്രദ്ധയോടെ വീൽ ചെയറിലിരുത്തി. ശോഷിച്ച കാലുകൾ ഫുട്ട് റെസ്റ്റിൽ വിശ്രമിക്കാൻ അവൾ തന്നെ സഹായിച്ചു.. പോക്കറ്റിൽ കിടന്ന സെൽഫോൺ അവളെടുത്ത് അയാളുടെ വലതു കൈയ്യിൽ പിടിപ്പിച്ചു. ഡ്രൈവർ എത്തി വിളിക്കുമ്പോൾ എടുക്കാൻ സൗകര്യത്തിന്.
“ടേക്ക് കെയർ” പറഞ്ഞവൾ പോകുമ്പോഴേക്കും വീൽ ചെയർ യാത്ര തുടങ്ങിയിരുന്നു… ആദ്യം ഇടനാഴിയിലൂടെ.. പിന്നെ ലിഫ്റ്റിൽ നിന്നു താഴത്തെ നിലയിലേക്ക്. വീണ്ടും നീണ്ട ഇടനാഴിയിലൂടെ, വാതിലിനരുകിലേക്ക് ..
വീൽ ചെയർ മുന്നോട്ടു പോകുമ്പോൾ പരിസരങ്ങൾ ഇളകുന്ന പോലെ.. എതിരെ വന്നു തന്നെ കടന്നു പോകുന്നവർ കൂടുതൽ തടിച്ചും ചിലർ കൂടുതൽ മെലിഞ്ഞും കാണുന്നു. ചിലരുടെയെങ്കിലും മുഖം കോടിയപോലെ.. മരുന്നുകളും ഉറക്കമില്ലായ്മയുമാവാം കാരണം. തലതാഴ്ത്തിയിരുന്നു.
അകാരണമായി അയാൾ വിയർക്കാൻ തുടങ്ങി… ഇടയ്ക്ക് ഇടതു കൈയെടുത്തു തലയിലെ വിയർപ്പൊപ്പി വായും നാവും വരളുന്നുണ്ട്..
ആവി എൻജിനിൽ നിന്നു പുകപോലെ ശ്വാസം, ചൂടോടെ ചെറുതായി ചൂളമിട്ടു പുറത്തേക്കു താളം തെറ്റി വന്നുകൊണ്ടേയിരുന്നു. ചിലപ്പോഴെങ്കിലും തലമുതൽ പെരുവിരൽ വരെ കർമ്മഫലത്തിന്റെ തണുത്ത സുനാമിത്തിരകൾ.
ദേഹം പാപക്കടലാവുന്നു. വാതിലിനരികെ കുഷനുള്ള കസേരകളിലൊന്നിൽ ഇരുത്തി വീൽ ചെയർ മടങ്ങിപ്പോയി.
കുറച്ചു നേരത്തിനു ശേഷം തിരകളടങ്ങാൻ തുടങ്ങിയപ്പോൾ ഒരു മയക്കം ഇരുട്ടായിവന്നു കടലിനെ മൂടി. ഇതിനിടയിൽ രണ്ടു മൂന്നു പ്രാവശ്യം, കൈയ്യിൽ നിന്നും താഴെ വീണുപോയ ഫോൺ ശബ്ദിച്ചിരുന്നത് അയാൾ കേട്ടില്ല. മയക്കത്തിലെപ്പോഴോ, വന്നുപോയ പഴയ അനുഭവ ദൃശ്യങ്ങളിലൊന്നിൽ കേട്ട സാന്ത്വനം ‘ഞാൻ കൂടെയുണ്ടാവില്ലേ?’ കാഴ്ചകളുടെയും കേൾവികളുടെയും ശേഷിപ്പായി ഇത്തിരി കണ്ണീരും പുഞ്ചിരിയും ജരാതുരമായ മുഖത്ത് അപ്പോഴും ബാക്കി നിന്നു.