തിരിച്ചുപോക്ക് ഒട്ടുംതന്നെ സാധ്യമാകാത്ത
വഴികളിലൂടെയാവണം
നിന്നോടുകൂടിയുള്ള അവസാനയാത്ര.
വഴിയോര കാഴ്ചകളെല്ലാം
കണ്ടമാത്രയില്‍ തന്നെ ഇല്ലാതായികൊണ്ടിരിക്കണം.
ഇനിയും വസന്തം ചുംബിച്ചിട്ടില്ലാത്ത
വാകമരത്തിന്റെ ചുവട്ടില്‍
ഒന്നും മിണ്ടാതെ അങ്ങനെയിരിക്കണം.
പറയാന്‍ കഥകളൊന്നുമില്ലാതെയാവുമ്പോള്‍
കാറ്റിന്റെ കഥകളെ കടമെടുക്കണം.
സുപരിചിതത്തിന്റെയും അപരിചിതത്തിന്റെയും
ഒരു പാലം നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും,
അതിലൂടെ ഒരു ഞാണിന്‍മേല്‍കളി കളിക്കണം.
ആരാലും എത്തിനോക്കപ്പെടാത്ത
മോക്ഷപ്രാപ്തിക്കായി കാത്തുകിടക്കുന്ന കല്ലുകളില്‍
ഞാന്‍ നിന്നേയും നീ എന്നേയും കാണുന്നുണ്ടാവാം.
നമുക്കിടയിലെ അകലങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി മാത്രമാകണം
തിരിവുകള്‍ ഇടയ്ക്കിടെ കടന്നുവരുന്നത്.
ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും മാറാലകള്‍ തീര്‍ക്കാന്‍
ഇനിയൊരു ചിലന്തിയേയും
നമുക്കിടയില്‍ അവശേഷിപ്പിക്കരുത്.
മൗനങ്ങളിലൂടെ അതിമനോഹരമായി
സംവദിക്കുന്ന നമ്മളെ നോക്കി
അസൂയപ്പെടുന്ന മരങ്ങള്‍ക്കിടയില്‍
എളുപ്പത്തില്‍ പൊളിച്ചുമാറ്റാന്‍ പാകത്തിന്
ഒരു മരവീട് പണിയണം.
മേല്‍ക്കൂരയില്ലാത്ത ആ വീടിന്റെ
അകത്തളത്തിലേക്ക് എത്തിനോക്കുന്ന
പാതി ചന്ദ്രനേയും ഒരായിരം നക്ഷത്രങ്ങളേയും
കൊതി തീരുവോളം നോക്കി നില്‍ക്കണം.
ഇനിയും കണ്ടിട്ടില്ലാത്ത നമ്മളിലെ നമ്മളെ
ആ പുഴയുടെ പ്രതലങ്ങളില്‍ കാണുമ്പോള്‍
ഒരു ചെറുകല്ലു കൊണ്ട് ഓളങ്ങളെയുണര്‍ത്തി
അതങ്ങ് ഇല്ലാതാക്കിയേക്കണം.
ഈ വഴിക്കൊരറ്റമില്ലെന്ന് ഞാന്‍ പറയുമ്പോള്‍
വഴിയറ്റത്താണ് നമ്മള്‍ എത്തി നില്‍ക്കുന്നത്
എന്ന് നീ പറയണം.
കടങ്ങളൊന്നും തന്നെ ബാക്കി വെയ്ക്കാതെ
അസ്തിത്വത്തിന്റെ ഭാരങ്ങള്‍ ചുമന്ന്
ഏതോ വഴിത്താരയിലൂടെ കടന്നു മറയുന്ന
ഓരോ പഥികരുടെയും ബാക്കിപത്രങ്ങളാവാം നമ്മള്‍.