ഒരു തിരുവാതിര ഞാറ്റുവേല കാലം കൂടി വരവായി…
ജൂണ്‍ 22ന് തിരുവാതിര ഞാറ്റുവേല തുടങ്ങും. 365 ദിവസങ്ങളെ 14 ദിവസങ്ങള്‍ വീതമായി ഭാഗിച്ചാണ് ഓരോ ഞാറ്റുവേലയും കാണാക്കാക്കുന്നത്. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ ഞാറ്റുവേലയും. അതില്‍ ഏറ്റവും വിശേഷപ്പെട്ടതാണ് ‘തിരുവാതിര’ ഞാറ്റുവേല. ഞായറിന്റെ വേളയാണ് ഞാറ്റുവേല.
നല്ല സൂര്യപ്രകാശം, പെയ്‌തൊഴിയാത്ത മഴ, ഏതു മരത്തെയും ഉലയ്കുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റ്… എല്ലാം ഒത്തുചേരുന്ന പ്രകൃതിയുടെ വരദാനം. അതാണ് തിരുവാതിര ഞാറ്റുവേലക്കാലം. വീട്ടിലെ പ്രായം ചെന്നവര്‍ പറയുന്ന ഒരു പഴമൊഴിയുണ്ട് -‘ഒടിച്ചു കുത്തിയാലും പിടിച്ചു പോരും’. ഈ സമയത്ത് എന്തു നട്ടാലും പിടിക്കും. അത് പഴയ തലമുറയ്ക്കറിയാം. എന്നാല്‍ ഇത് നമ്മള്‍ പുതിയ തലമുറയ്ക്ക് പുതിയ അറിവായിരിക്കും.
ഒന്നു ചോദിക്കട്ടെ, ഈ കഴിഞ്ഞ വേനലില്‍ ചുട്ടുപൊള്ളിയ കേരളത്തെ നമ്മള്‍ അറിഞ്ഞതല്ലേ? ഇനി വരുന്ന വേനലിലെ ചൂട് അല്പമെങ്കിലും കുറയ്ക്കാന്‍ നമുക്ക് ശ്രമിച്ചൂടെ? വീടിനുചുറ്റും തണല്‍കിട്ടുന്ന ആര്യവേപ്പ്, ഉങ്ങ് തുടങ്ങിയ മരങ്ങള്‍… അതുപോലെ മൂന്നാം വര്‍ഷം കായ്ക്കുന്ന പ്ലാവ്, മാവ്, പേര… തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാം. ഈ സമയത്ത് നട്ടാല്‍ പരിചരണം കുറച്ചു മതി.
ഇനി വരുന്ന വേനലിലെ ചൂട് അല്പമെങ്കിലും കുറയ്ക്കാന്‍ നമുക്ക് ശ്രമിച്ചൂടെ? വീടിനുചുറ്റും തണല്‍കിട്ടുന്ന ആര്യവേപ്പ്, ഉങ്ങ് തുടങ്ങിയ മരങ്ങള്‍… അതുപോലെ മൂന്നാം വര്‍ഷം കായ്ക്കുന്ന പ്ലാവ്, മാവ്, പേര… തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാം. ഈ സമയത്ത് നട്ടാല്‍ പരിചരണം കുറച്ചു മതി.
പണ്ട് നമ്മുടെ രാജ്യം വിദേശിയരുടെ ആധിപത്യത്തിലായിരുന്നപ്പോള്‍ കുരുമുളകിന്റെ തൈകളും തണ്ടും വെള്ളക്കാര്‍ കൊണ്ടു പോയി എന്ന പരാതിയുമായി പാവം കര്‍ഷകര്‍ സാമൂതിരിയുടെ അടുത്തുചെന്നു. അവര്‍ക്കുകിട്ടിയ മറുപടി രസകരമായിരുന്നു -‘വെള്ളക്കാര്‍ക്ക് തൈകളും മറ്റും കൊണ്ടുപോകാനേ പറ്റൂ. നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ പറ്റില്ല..’
മറുപടി ഫലിതമായെങ്കിലും അതിനുള്ളിലൂടെ വലിയൊരു യാഥാര്‍ഥ്യമാണ് സാമൂതിരി പറഞ്ഞത്. അതുപോലെ തന്നെയാണിതും. ഇത് കേള്‍ക്കുന്ന പലര്‍ക്കും തമാശയായും നേരംപോക്കായുമൊക്കെ തോന്നിയേക്കാം. വരാന്‍ പോകുന്ന വലിയൊരു വിപത്തിന് മുന്നോടിയായി പലതിനും സാക്ഷ്യം വഹിച്ചവരാണ് നമ്മളെന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം ഇവര്‍ മറന്നു പോകുകയാണ്.
യാഥാര്‍ത്ഥ്യം, അത് നമ്മള്‍ മറന്നാലും പ്രകൃതി നമ്മെ ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കും. ഇനിയും ഒരു ഓര്‍മ്മപ്പെടുത്തലിന് നമുക്ക് ഇട നല്കാതിരിക്കാന്‍ ശ്രമിക്കാം. അതിനായി നമുക്ക് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണീ തിരുവാതിര ഞാറ്റുവേല. അത് വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ മടി കാണിക്കാതിരിക്കാം നമുക്ക്. നമുക്കും എന്തെങ്കിലുമൊക്കെ നടാന്‍ തയ്യാറാകാം. ഈ തിരുവാതിര ഞാറ്റുവേലയില്‍…