(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
ഈ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ നിന്ന് ചില വസ്തുതകള്‍ മനസിലായെങ്കിലും തൃപ്തി നല്‍കുന്നുണ്ടോ? ഇല്ല. ചില ചിത്രങ്ങള്‍ അങ്ങനെയാണ്. ചെറിയൊരു അടിക്കുറിപ്പില്‍ തളച്ചിടാനാവില്ല. അതിന് വിശദമായ കുറിപ്പ് തന്നെ വേണ്ടിവരും.
ഈ ചിത്രത്തിന്റെ വിശദവിവരങ്ങള്‍ ഇവിടെ ചേര്‍ക്കാം.
1997 ജൂണ്‍ 5
സുരാസുവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിക്കുടിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കോട്ടയം റെയില്‍വേ സ്റ്റെഷനില്‍ കണ്ടെത്തുകയായിരുന്നു.
അജ്ഞാതാവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം ആരോ തിരിച്ചറിഞ്ഞു.
അങ്ങനെ മാതൃഭുമിയുടെ ഒന്നാം പേജില്‍ ആ മരണ വാര്‍ത്ത വന്നു. നടനും നര്‍ത്തകനും നാടക രചയിതാവും കവിയുമായ സുരാസുവിന്റെ മൃതദേഹം അജ്ഞാതാവസ്ഥയില്‍ കോട്ടയം റെയില്‍വേ സ്‌റെഷനില്‍ കണ്ടെത്തി എന്നതായിരുന്നു വാര്‍ത്ത.
1997 ജൂണ്‍ 6
അടുത്ത ദിവസം.
എറണാകുളത്തെ പച്ചാളം പൊതുശ്മശാനതില്‍ സുരാസുവിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. 10 -12 പേര്‍ അവിടെ കൂടിനില്‍പ്പുണ്ട്. AMMA എന്ന താരസംഘടനയുടെ പുഷ്പചക്രം സുരാസുവിന്റെ പുറത്ത് വെച്ചിട്ടുണ്ട്. ബന്ധുക്കള്‍ എന്ന് തോന്നുന്ന ആരെയും അവിടെ കണ്ടില്ല.
മതപരമായ ചടങ്ങുകളും ഉണ്ടായില്ല.
സുരാസുവിന്റെ ഭാര്യയും മക്കളും വടക്കേ ഇന്ത്യയിലെവിടെയോ ആണ്. അവരില്‍ ആരെയും അവിടെ കണ്ടില്ല. മൃതദേഹം ചിതയിലേക്ക് എടുക്കാന്‍ സമയമായി. വിറകുകൊള്ളികള്‍ കൊണ്ട് ആറടി നീളത്തില്‍ അടുക്കിവെച്ച ചിത തയ്യാറായിരിക്കുന്നു. സുരാസുവിന്റെ മൃതദേഹം ആരാണ് ചിതയിലേക്ക് എടുക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാരും കൈകെട്ടി നില്‍കുകയാണ്. ശ്മശാന വളപ്പിലെ പുല്‍കൊടി പോലും നിശ്ചലമായ അവസ്ഥ.
പെട്ടെന്ന് ഒരു കാര്‍ അവിടെ വന്നു നിന്നു എല്ലാരും തിരിഞ്ഞു നോക്കി. സുരാസുവിന്റെ ഭാര്യയും മകനുമാണത്.
സുരാസുവിന്റെ ഒരു ഭാര്യയിലെ മകനും മറ്റൊരു ഭാര്യയുമാണ് എത്തിയിരിക്കുന്നത്. ആ അമ്മയും മകനും കാറില്‍ നിന്നിറങ്ങി നടന്നു വന്ന് മൃതദേഹത്തില്‍ ഒന്ന് നോക്കി. എന്നിട്ട് പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. സുരാസുവിന്റെ മരണവാര്‍ത്ത വന്ന പത്രം ആ അമ്മ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നത് കാണാം.
ഹൃദയസ്പര്‍ശിയായ ആ നിമിഷമാണ് ഈ ചിത്രത്തില്‍ കാണുന്നത്. വല്ലാത്തൊരു കാഴ്ച്ചയാണെന്ന് പറയാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
അച്ഛന്‍, അമ്മ, മകന്‍, ചിത…
സംഹാരത്തിന്റെയും താണ്ഡവത്തിന്റെയും നാഥനായ ശ്രീ പരമേശ്വരന്റെ, കരിക്കട്ടയില്‍ ആരോ കോറിയിട്ട ചിത്രം പശ്ചാത്തലത്തില്‍.
വര്‍ണ്ണനകള്‍കതീതമായ പശ്ചാത്തലവും ജീവിതത്തിന്റെയും മരണത്തിന്റെയും അനിര്‍വചനീയമായ നിമിഷാര്‍ദ്ധവും ബന്ധങ്ങളുടെ ബലവും സമന്വയിച്ച ഒരു ഫ്രെയിം.