എന്നനുരാഗം പറയാന്‍ വൈകി ഞാന്‍
നിന്നനുരാഗം അറിയാന്‍ വൈകി ഞാന്‍.

ഇന്നീ വാര്‍ദ്ധക്യമാം വേനലില്‍
ദാഹജലമാകില്ല ഈ പാഴ്വാക്കുകള്‍.

മഞ്ഞുപോല്‍ നേര്‍ത്തതാം കൗമാരയൗവ്വനങ്ങള്‍.
അന്നതറിഞ്ഞില്ല തീച്ചൂടുള്ള രക്തത്താല്‍.

ആ തീയിലെന്‍ അടങ്ങാത്ത പ്രണയവും
അതു കൂടുതലാളാതെ കെടാതെ കാത്തു ഞാന്‍.

കടപുഴന്നകന്ന രണ്ടു മരങ്ങള്‍ നാം
നമ്മുടെ ശാഖകള്‍, വിധിയാല തിരുവഴിയായ്.

നീയറിഞ്ഞുവോ എന്‍ സൗഹൃദത്തണലില്‍
വേദന മാത്രം തന്ന പ്രണയമുണ്ടായിരുന്നെന്ന്?

അന്നു തളിര്‍ത്തു നിന്നപ്പോഴോര്‍ത്തില്ല,
ഇങ്ങനെയെരിയാനൊരു വേനലുണ്ടെന്ന്.

എങ്കിലും സന്തോഷമുള്‍ക്കാമ്പിലുള്ള
സത്യങ്ങള്‍ നീയറിഞ്ഞുവല്ലോ.

ഒരു പുഴയായൊഴുകാന്‍ കൊതിച്ചിരുന്നു
വിധിയാപ്പുഴവെട്ടി ഗതിമാറ്റി വിട്ടു.

നൂറ്റാണ്ടിനപ്പുറം ഒഴുകിയാപ്പുഴകള്‍.
ഇനിയൊരു സംഗമമില്ലതിനു സമയവുമില്ല.

ഏതു പുഴയുമൊരു വേനലില്‍ വറ്റും
അടുത്ത മഴയ്ക്കു വീണ്ടുമൊഴുകും.

എന്റെയും വേനലടുത്തു പക്ഷേ,
വീണ്ടുമെനിക്കൊഴുകേണം.

ഗര്‍ഭപാത്രത്തില്‍ തുടങ്ങുമതിജീവനം
വീണ്ടുമാവോളമാസ്വദിക്കേണം.

വേണമെനിക്കൊരു നരജന്മം കൂടി.
ഹൃദയത്തില്‍ വേദനയ്ക്കായൊരു പ്രണയവും.

Vipin Das
Latest posts by Vipin Das (see all)

COMMENT