1882 ഓഗസ്റ്റ് 30ന് ഇംഗ്ലഡിലെ ദ സ്‌പോര്‍ട്ടിങ്ങ് ടൈംസ് പത്രത്തില്‍ ഒരു ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് കൊല്ലപ്പെട്ടുവെന്നും ശരീരം ദഹിപ്പിച്ച ചാരം (ആഷസ് – ashes) ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു പോയിയെന്നും. തൊട്ടുതലേന്ന് ഓവലില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണ്ട് ആദ്യമായി ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. അതായിരുന്നു കുറിപ്പിനു കാരണമായ സംഭവം. സ്പോർട്സ് പേജിലല്ല, ചരമ പേജിലാണ് അത് വന്നതെന്ന് പ്രത്യേകം പറയണം.
ലോകപ്രശസ്തമായ ആ വാര്‍ത്തയുണ്ടാക്കിയ മുറിവുണക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് കാത്തിരുന്നു. നാലു മാസങ്ങള്‍ക്കിപ്പുറം ഡിസംബറില്‍ ഓസ്‌ട്രേലിയയിലെത്തിയ ഇംഗ്ലണ്ടിന് മുന്നില്‍ ഒറ്റ ലക്ഷ്യം. ഓവലിലേറ്റ തോല്‍വിക്ക് പകരംവീട്ടണം. പരമ്പര നേടണം. എന്ത് വിലകൊടുത്തും ഇംഗ്ലീഷ് ടീമിന്റെ ചാരം വീണ്ടെടുക്കുമെന്ന് മാധ്യമങ്ങള്‍ക്ക് നായകന്‍ ഇവോ ബ്ലൈയുടെ മറുപടി.
പരമ്പര 2-1ന് ഇംഗ്ലണ്ട് നേടി. പറഞ്ഞ വാക്ക് കാത്ത ഇംഗ്ലീഷ് ക്യാപ്റ്റന് ഫ്‌ളോറെന്‍സ് മോര്‍ഫിയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ വനിതകള്‍ ഒരു സമ്മാനം നല്‍കി. മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ഉപയോഗിച്ച വിക്കറ്റിന്റെ ബെയില്‍സ് കത്തിച്ച ചാരം നിറച്ച, 15 സെന്റിമീറ്റര്‍ മാത്രമുയരമുള്ള ഒരു മരച്ചെപ്പ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചാരമായിത് വ്യാഖ്യാനിക്കപ്പെട്ടു. ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആഘോഷിച്ചു.
ഇവോയുടെയും ഫ്‌ളോറെന്‍സിന്റെയും പ്രണയം ജനിക്കുന്നതും ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ റെഡ്‌ബോള്‍ ക്രിക്കറ്റിലെ വൈരം തുടങ്ങുന്നതും അതോടെയാണ്. ഒരു വര്‍ഷത്തിന് ശേഷം ഇവോ ബ്ലൈയും ഫ്ളോറെന്‍സ് മോര്‍ഫിയും വിവാഹിതരായി. ആഷസെന്ന എക്കാലത്തെയും വാശിയേറിയ ക്രിക്കറ്റ് പരമ്പരയുടെ ഖ്യാതി അപ്പോഴേക്കും ലോകം കീഴടക്കിയിരുന്നു.
തുടര്‍ന്ന് ഇന്ന് ഇരു രാജ്യങ്ങളിലുമായി 70 ആഷസ് പരമ്പരകള്‍. 33 പരമ്പര ജയങ്ങളുമായി ഓസ്ട്രേലിയയും 32 വിജയങ്ങളുമായി ഇംഗ്ലണ്ടും. 1998 മുതല്‍ വിജയികള്‍ക്ക് സമ്മാനിക്കുന്നത് ആഷസിന്റെ സ്പടിക മാതൃകയാണ്. ഒറിജിനല്‍ ആഷസ് ട്രോഫി ലോര്‍ഡ്‌സിലെ എം.സി.സി. മ്യൂസിയത്തിലുണ്ട്.
കാലമിത്ര കടന്ന് പോയെങ്കിലും ആഷസ് പാരമ്പരയോളം ക്രിക്കറ്റിന്റെ സൗന്ദര്യത്തെ എടുത്തണിഞ്ഞ മത്സരം വേറെയില്ല. ഇപ്പോള്‍ നടക്കുന്നത് ആഷസിന്റെ 71-ാം പതിപ്പാണ്. ഏകദിന ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ലോകകപ്പ് സെമിയില്‍ തങ്ങളെ തോല്പിച്ചതിന്റെ കണക്കുതീര്‍ക്കുക എന്ന ലക്ഷ്യവുമായി ഓസ്‌ട്രേലിയയും കച്ചമുറുക്കുന്നു.
ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ആഷസ് പരമ്പര. എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 251 റണ്‍സിന് മികച്ച വിജയം നേടിയ ഓസ്‌ട്രേലിയ ചിലതൊക്കെ തീരുമാനിച്ചുറച്ച മട്ടാണ്.