(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
കേരള പൊലീസിന്റെ നിയന്ത്രണത്തിലുള്ളതാണ് തിരുവനന്തപുരത്തെ പ്രശസ്തമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. അവർ അത് നന്നായി പരിപാലിക്കുന്നുണ്ട് എന്നാണ്. മികച്ചൊരു ഫുട്ബോൾ സ്റ്റേഡിയമെന്ന നിലയിൽ പേരെടുത്ത ഇവിടെ എത്രയോ തവണ ആവേശാരവങ്ങൾ ഉയർന്നിരിക്കുന്നു.
കേരളപ്പിറവിയുടെ സുവർണ്ണ ജൂബിലി മറ്റെല്ലാവർക്കും നല്ല ഓർമ്മകളാണ് സമ്മാനിക്കുന്നതെങ്കിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് അങ്ങനെയല്ല. ജൂബിലി ആഘോഷങ്ങൾ ഇവിടെ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് കടന്നു വരുന്നതിനായി ഗ്യാലറിയുടെ ഒരു ഭാഗം ഇടിച്ചുകളഞ്ഞ് ട്രാക്കിനുള്ളിലൂടെ റോഡ് പണിതു.
പ്രധാനമന്ത്രി വന്നു പോയ ശേഷം ട്രാക്ക് വീണ്ടെടുത്തെങ്കിലും ഗ്യാലറി പുനർനിർമ്മിച്ചില്ല. നിയമസഭാ മന്ദിരത്തിനു സമീപത്തുള്ള ആ ഭാഗം ഇന്നും കവാടമായി മലർക്കെ തുറന്നു തന്നെ കിടക്കുന്നു. അതിനാൽത്തന്നെ ടിക്കറ്റ് വെച്ചു നടത്താവുന്ന മത്സരങ്ങളൊന്നും ഇപ്പോൾ ഇവിടെ നടക്കുന്നില്ല.
കേരളപ്പിറവി ജൂബിലിക്കു ശേഷം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മെഗാ ഷോ മൈതാനമായി അധഃപതിച്ചു. വർഷങ്ങളോളം അങ്ങനെ തന്നെയായിരുന്നു. 2015ൽ ദേശീയ ഗെയിംസ് വന്നപ്പോഴാണ് ശാപമോക്ഷമായത്. അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു സമീപത്തുള്ള പരിശീലന മൈതാനമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം നിശ്ചയിക്കപ്പെട്ടു. അതോടെ സിന്തറ്റിക് ട്രാക്കൊക്കെ സ്ഥാപിച്ച് വെടിപ്പാക്കി.
അതിനു ശേഷം കായികമത്സരങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തി പൊലീസുകാർ “സ്റ്റേഡിയം” വീണ്ടെടുത്തു. പുതിയ പുൽത്തകിടി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അവിടെ ഇപ്പോൾ പുരോഗമിക്കുകയാണ്. കാഴ്ചയ്ക്ക് ശരിക്കും ഉഴുതുമറിച്ച ഒരു പാടം പോലെ. അവിടെ പച്ചപ്പരവതാനി വളരുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.