മുറ്റത്തൊരുവശത്ത് പാലമരം മനുഷ്യനെ ഒരു മായാവലയത്തിലാക്കുന്ന മണം പൊഴിച്ചങ്ങനെ നിന്നു. ഞങ്ങൾ ഉമ്മറത്തു പരസ്പരം നോക്കിയിരുന്നു. നേരവും അങ്ങനെ മയങ്ങി നിന്നു. അരിച്ചിറങ്ങിയ സന്ധ്യവെയിൽ അവളുടെ മുഖത്ത് വന്നും പോയും നിന്നു.
അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് കാലാന്തരങ്ങളിലെവിടെയോ ഞങ്ങൾക്കൊരു കഥയുണ്ടെന്നാണ്. അവൾ എനിക്കൊരു അപരിചിത ആയിരുന്നില്ല. എനിക്കവളെ അറിയാം, ഞങ്ങൾ കടൽത്തീരത്ത് ഉപ്പുകാറ്റേറ്റു നടന്നുവെന്നും പേടിച്ചുനിന്നപ്പോൾ കൈക്കുപിടിച്ചു തിരയിലേക്കിറങ്ങിയെന്നും എപ്പോഴോ വിഷമിച്ചിരിന്നപ്പോൾ കെട്ടിപിടിച്ചു കരഞ്ഞുവെന്നുമെല്ലാം എനിക്ക് തോന്നി.
“മത്ത് പിടിപ്പിക്കുന്ന ഗന്ധത്തെ മാദകസുഗന്ധം എന്ന് പറയുമോ?” -അവൾ എന്നോട് ചോദിച്ചു. ആ ചോദ്യം എനിക്ക് ഇഷ്ടമായില്ല. “പിന്നെ എന്തിനെയാണ് അങ്ങനെ വിളിക്കുക?” അവൾക്ക് നല്കാൻ മറുപടി ഇല്ലായിരുന്നു. മനസ്സ് മടുത്തിരുന്ന എനിക്ക് മറ്റൊന്നും ഉണ്ടായിരുന്നില്ല പറയാൻ.
പക്ഷേ, പതിയെ ഞങ്ങളെ ആ ഗന്ധം വല്ലാത്തൊരു സ്വസ്ഥതയിലേക് ഇറക്കി വിട്ടു. കാക്കനാട്, ടൗണിന്റകത്ത് അതുപോലൊരു വീടും അത്രയും സ്വസ്ഥമായൊരു അന്തരീക്ഷവും ഞങ്ങൾ പ്രതീക്ഷിച്ചില്ല. പുതിയ കൂട്ടുകാരിയുടെ വീടുകാണാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ.
അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് കാലാന്തരങ്ങളിലെവിടെയോ ഞങ്ങൾക്കൊരു കഥയുണ്ടെന്നാണ്. അവൾ എനിക്കൊരു അപരിചിത ആയിരുന്നില്ല. എനിക്കവളെ അറിയാം, ഞങ്ങൾ കടൽത്തീരത്ത് ഉപ്പുകാറ്റേറ്റു നടന്നുവെന്നും പേടിച്ചുനിന്നപ്പോൾ കൈക്കുപിടിച്ചു തിരയിലേക്കിറങ്ങിയെന്നും എപ്പോഴോ വിഷമിച്ചിരിന്നപ്പോൾ കെട്ടിപിടിച്ചു കരഞ്ഞുവെന്നുമെല്ലാം എനിക്ക് തോന്നി.
മനസ്സ് ഉറഞ്ഞിരിക്കുന്നു. അവളോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു, അവൾ ഹോസ്റ്റലിലേക്കും. ഞങ്ങൾ പിരിഞ്ഞിടത്തും നടന്ന വഴികളിലും ബസ് പോയ വഴികളിലുമെല്ലാം ആ മണം എന്നെ പിന്തുടർന്നു.
പക്ഷേ, വീട് കാണാറായ ദൂരത്തെവിടെയോ അത് എന്നേ വിട്ടുപോയി. ഒരുപാട് സന്ധ്യയായത് ഞാൻ ശ്രദ്ധിച്ചത് അപ്പോഴാണ്. മടുപ്പിക്കുന്ന മണമുള്ള എന്റെ മുറിയിലേക്ക് ഇനിയും പോകണം. ഒരു ഞെട്ടലോടെ ഞാൻ വീട്ടിലേക്കു നടന്നു.