ഗ്രാമീണ ഭാരതം റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ എന്ന ചോദ്യം ഒരു അധ്യയന ക്രമത്തിന്റെ ഭാഗമായി ഉന്നയിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നു വരിക മറ്റൊരു ചോദ്യമാണ്. എത്ര മാധ്യമപഠന സ്ഥാപനങ്ങളുടെ ജേണലിസം സിലബസ്സില്‍ റൂറല്‍ റിപ്പോര്‍ട്ടിങ്ങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്? മിക്കവാറും സിലബസ്സുകളില്‍ ഗ്രാമീണ മേഖലയെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍, വ്യത്യസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഇത് നമ്മുടെ പത്രപ്രവര്‍ത്തനത്തിന്റെ ഒരു നിദര്‍ശനമോ പൊതുസ്വഭാവത്തിന്റെ പ്രതിഫലനമോ ഒക്കെയാണ്. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, വിശകലനങ്ങള്‍, പരസ്യങ്ങള്‍ എന്നിവയുടെയൊക്കെ സ്വഭാവം പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് 75 ശതമാനം ജനങ്ങള്‍ ഗ്രാമീണമേഖലയില്‍ നിന്ന് വരുന്നവരോ ഗ്രാമീണമേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരോ ആണ്. അതിന് നേര്‍വിപരീതമാണ് നമ്മുടെ പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും ഗ്രാമീണതയുടെ പ്രാതിനിധ്യം. 75 ശതമാനം ജനങ്ങള്‍ക്ക് 25 ശതമാനം പ്രാതിനിധ്യം മാത്രമേ ലഭിക്കുന്നുള്ളു. അത് തന്നെ ലഭിക്കുന്നുണ്ടോ എന്നുള്ള കാര്യം സംശയമാണ്. പത്രങ്ങളിലെ 70 ശതമാനം സ്‌പേസിലും നഗരവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രതീകങ്ങളും ആണുള്ളത്. ഇതുകൊണ്ടുതന്നെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍, ഗ്രാമീണ റിപ്പോര്‍ട്ടിങ്ങ് അത്ര ആകര്‍ഷകമല്ല.
20 വര്‍ഷമായി മാധ്യമസ്ഥാപനങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജോലിയവസരങ്ങളുടെ കണക്കുകള്‍ നോക്കുമ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ഗ്രാമീണമേഖലയിലെ പത്രപ്രവര്‍ത്തനത്തിന് വേണ്ടി സമര്‍പ്പിതമായ വിഭാഗമുള്ള ഒരു പത്രം മാത്രമേയുള്ളൂ. മാധ്യമങ്ങളില്‍ സ്‌പെഷലൈസ്ഡ് റിപ്പോര്‍ട്ടിങ്ങിന് വളരെ പ്രധാന്യമുള്ള സമയമാണ് ഇതെന്ന് ഓര്‍ക്കണം. ബി.ബി.സിയുടെ 90 വര്‍ഷം പഴക്കമുള്ള റേഡിയോ ഓഫീസില്‍ ഞാന്‍ പണിയെടുക്കുകയുണ്ടായി. സത്യത്തില്‍ അതുവരെ പരിചയിച്ച പത്രപ്രവര്‍ത്തനത്തില്‍ നിന്നൊക്കെ വളരെ വത്യസ്തമായ, അമ്പരപ്പിക്കുന്ന അനുഭവമാണ് ബി.ബി.സി. എനിക്ക് നല്‍കിയത്. ബി.ബി.സിയുടെ സൗത്ത് ഏഷ്യ റീജണല്‍ യൂണിറ്റിന്റെ കീഴിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. അതിന്റെ കീഴില്‍ 6 ഭാഷാ റേഡിയോ സ്‌റ്റേഷനുകള്‍ ഉണ്ടായിരുന്നു. ഹിന്ദി, ഉറുദു, ബാംഗ്ല, സിംഹള, തമിഴ്, പഷ്തൂണ്‍ – ഈ 6 ഭാഷാവിഭാഗങ്ങളിലും അതതു രാജ്യത്തെ 4 പ്രാദേശിക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ ഭാഷയുടെയും കീഴില്‍ വരുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക വിഭാഗം ഉണ്ട്. തമിഴ്-സിംഹള റേഡിയോ സ്‌റ്റേഷനുകളുടെ കീഴില്‍ ശ്രീലങ്കന്‍ പ്രശ്‌നം മാത്രം കൈകാര്യം ചെയ്യുന്ന ഒരു സ്‌പെഷലൈസ്ഡ് ഡസ്‌ക് ഉണ്ടായിരുന്നു. ഇങ്ങനെ ശ്രദ്ധ കൊടുക്കുമ്പോള്‍ നമ്മുടെ പത്രപ്രവര്‍ത്തനത്തില്‍ സൂക്ഷ്മത കൈവരുന്നു. അതുകൊണ്ടാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ടുകള്‍ക്ക് വലിയ ഒരു പരിധി വരെ കൃത്യതയുടെ ഒരു തലം ഉണ്ടാവുന്നത്. ഇങ്ങനെ പ്രൊഫഷണലായ സൂക്ഷ്മത കൂടുതല്‍ കൈവരുന്ന ഒരവസ്ഥ കൂടിയുണ്ട്.
ഓരോ വിഷയവും പ്രത്യേക ശ്രദ്ധയോടെ പഠിക്കാന്‍ മാധ്യമസ്ഥാപനങ്ങളില്‍ വ്യത്യസ്തവിഭാഗങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. പക്ഷേ നമ്മുടെ സമീപനവും മാധ്യമങ്ങളോടുള്ള നമ്മുടെ ഓറിയന്റേഷനും നമ്മളതിനെ സ്വീകരിക്കുന്ന രീതിയുമെല്ലാം വളരെ വത്യസ്തമാണ്. ഇതിലേക്ക് ശ്രദ്ധപോകേണ്ടതുണ്ട്, ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. അത് മാധ്യമ സ്ഥാപനം നടത്തുന്നവരുടെ കൂടി ഉത്തരവാദിത്തമാണ്. ഗ്രാമീണ ഭാരതത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരി ക്കുന്നത് എന്നതിന്റെ നഖചിത്രം ഇന്ത്യാ ഗവണ്മെന്റിന്റെ കണക്കുകള്‍ മാത്രം നോക്കി മനസ്സിലാക്കാനാവും. ഒരു വിശാലമായ പരിപ്രേക്ഷ്യത്തിനകത്തു നിന്നുകൊണ്ടു വേണം റൂറല്‍ റിപ്പോര്‍ട്ടിങ്ങിനെ കുറിച്ച് ആലോചിക്കാന്‍. ഇതെങ്ങനെ നടത്തും? ഇതിന്റെ പ്രായോഗിക മാനദണ്ഡങ്ങള്‍, അല്ലെങ്കില്‍ ഇതില്‍ പ്രതിഫലിക്കുന്ന രീതികള്‍ എങ്ങനെയായിരിക്കും? ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക, ഗ്രാമ പ്രദേശത്ത് ചെന്നുകൊണ്ട് അവിടുത്തെ കാര്യങ്ങള്‍ പഠിക്കുക, അത് ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമം നടത്തുക – ഇതാണ് റൂറല്‍ റിപ്പോര്‍ട്ടിങ്ങ് എന്ന സംഗതി.
ഇന്ത്യയില്‍ ഏതാണ്ട് 75 ശതമാനം ജനങ്ങള്‍ ഗ്രാമീണമേഖലയില്‍ നിന്ന് വരുന്നവരോ ഗ്രാമീണമേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരോ ആണ്. അതിന് നേര്‍വിപരീതമാണ് നമ്മുടെ പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും ഗ്രാമീണതയുടെ പ്രാതിനിധ്യം. 75 ശതമാനം ജനങ്ങള്‍ക്ക് 25 ശതമാനം പ്രാതിനിധ്യം മാത്രമേ ലഭിക്കുന്നുള്ളു. പത്രങ്ങളിലെ 70 ശതമാനം സ്‌പേസിലും നഗരവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രതീകങ്ങളും ആണുള്ളത്.
ഇതിന്റെ ആശയപരമായ പ്രശ്‌നം പറയാം. എല്ലാ പഠനങ്ങളിലും ഏതാണ്ട് 70 മുതല്‍ 75 വരെ ശതമാനം കവറേജ് നഗരകേന്ദ്രീകൃതമാണ്. 25 ശതമാനം കവറേജ് മാത്രമാണ് പ്രാദേശിക കാര്യങ്ങള്‍ക്കുള്ളത്. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം ആരെയും അത്ഭുതപ്പെടുത്തുന്നതല്ല. അതിന്റെ പ്രധാനപ്പെട്ട കാരണം ഇന്ത്യയിലെ മാധ്യമരംഗത്തുള്ള ഉടമസ്ഥാവകാശം തന്നെയാണ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ ലോകത്തുള്ള മറ്റെല്ലാ മാധ്യമങ്ങളെയുംപോലെ വര്‍ധിതമായ കോര്‍പ്പറേറ്റ്‌വത്ക്കരണം, വ്യാവസായിക വാണിജ്യ താത്പര്യങ്ങള്‍ എന്നിവയ്ക്ക് കീഴ്‌പ്പെട്ട അവസ്ഥയിലാണുള്ളത്. റുറല്‍ റിപ്പോര്‍ട്ടിങ്ങിന് മാത്യകയായിട്ടുളള ദ ഹിന്ദുവിന്റെ റൂറല്‍ അഫെയ്‌ഴ്‌സ് ഹെഡ്ഡായിട്ടുള്ള പി. സായിനാഥും കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ (ടെലിവിഷനില്ലാത്ത സമയത്ത്) 95 ശതമാനം മാധ്യമസ്ഥാപനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്നത് മറ്റേതെങ്കിലും മേഖലകളില്‍ വ്യവസായ വാണിജ്യ താത്പര്യമുള്ള ഒരു സ്ഥാപനമോ, കുടുംബമോ ആയിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. 1980 കളില്‍ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യാ കുടുംബം നടത്തുന്ന ബെന്നറ്റ് ആന്റ് കോള്‍മാന്‍ കമ്പനി ഉടമസ്ഥരായ ജെയിന്‍ കുടുംബത്തിന് ഷിപ്പിങ്, ചണം, റിയല്‍ എസ്‌റ്റേറ്റ്, ഉരുക്ക് തുടങ്ങിയിട്ടുള്ള വലിയ വ്യവസായ വാണിജ്യ മേഖലയില്‍ താത്പര്യങ്ങളുള്ള സ്ഥാപിത കമ്പനിയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് നടത്തുന്ന ഗോയങ്ക കുടുംബത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
എന്തെങ്കിലും രീതിയിലുള്ള വ്യവസായ കോര്‍പ്പറേറ്റ് താല്‍പര്യമില്ലാത്ത വന്‍കിട പത്രങ്ങളില്ല എന്നതാണ് ഭാഷാപത്ര രംഗത്തെയും സ്ഥിതി. കര്‍ഷകരെകുറിച്ചും കാര്‍ഷികവൃത്തിയില്‍ നിന്നു മാറിപ്പോയ്‌ക്കൊണ്ടിരിക്കുന്ന കാര്‍ഷിക ജനസാമാന്യത്തെ കുറിച്ചും ഒക്കെയുള്ള കവറേജിന് ഊന്നല്‍ കൊടുക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് പറ്റില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അവിടെ അതിന്റെ സാധ്യതയുടെ തോത് നന്നെ കുറവാണ്. അവര്‍ക്ക് താല്പര്യമുള്ള വേറെ എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു. 95 ശതമാനം മാധ്യമ സ്ഥാപനങ്ങളും വാണിജ്യ വ്യവസായ തത്വങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ടെലിവിഷന്റെ വരവിന് ശേഷം വാണിജ്യ വ്യവസായ താത്പര്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയ മൂലധനത്തിന്റെ കടന്നുവരവും നമ്മുടെ മാധ്യമ മേഖലയില്‍ വളരെ ശക്തമായിട്ടുണ്ട്. ഓരോ പാര്‍ട്ടിക്കും ഓരോ ചാനല്‍ എന്ന അവസ്ഥ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള രീതിയാണ്. കക്ഷി രാഷ്ട്രീയത്തിന്റെ സ്ഥാപിത താത്പര്യങ്ങളും ഇതെല്ലാം പ്രതിഫലിക്കുന്ന രീതിയല്‍ 1990കളില്‍ നാം കണ്ടു.
മാധ്യമ രംഗം മാറിയില്ല. പക്ഷേ ഇതിന്റെ ഇടയില്‍ നിന്നുകൊണ്ട് ഒറ്റപ്പെട്ട ശബ്ദങ്ങള്‍ വളരെ സൂക്ഷ്മമായ പ്രവര്‍ത്തനത്തിലൂടെ ഗ്രാമീണ മേഖലയിലേക്ക് ഇറങ്ങിച്ചെന്നു. ഓരോ വിഷയത്തെയും സൂക്ഷ്മമായും വസ്തുനിഷ്ഠമായും പഠിച്ചുകൊണ്ട് ഇത്തരത്തിലുള്ള വാര്‍ത്ത വിശകലനവും വാര്‍ത്താവതരണവും സ്ഥാപനത്തിന്റെ വാണിജ്യ താത്പര്യങ്ങള്‍ക്ക് ഗുണകരമാവും എന്നു ചൂണ്ടിക്കാട്ടി. ഇങ്ങനെ സ്ഥാപനത്തിന്റെ പൊതു രാഷ്ട്രീയ ക്രയ വിക്രയ ശേഷി വര്‍ദ്ധിപ്പിക്കും എന്ന് ബോധ്യപ്പെടുത്തി കൊണ്ടുള്ള ഒറ്റപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതാണ് ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ നാം ഉണ്ടാക്കി എടുക്കേണ്ട ആത്മബന്ധം അല്ലെങ്കില്‍ ശക്തി. ഇത് ശൂന്യതയില്‍ നിന്ന് ഉണ്ടാക്കി എടുക്കാവുന്ന കാര്യമല്ല. രണ്ടുമൂന്ന് കാര്യങ്ങള്‍ അതിന് ആവശ്യമാണ്. ഏത് വിഷയത്തെ കുറിച്ചാണോ നിങ്ങള്‍ വാര്‍ത്താവിശകലനം നടത്താന്‍ പോകുന്നത് അതിനെ കുറിച്ച് വളരെ ഗാഢമായ തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടാകണം. വിഷയത്തെ കുറിച്ചുള്ള വസ്തുനിഷ്ഠമായ അറിവ് ഉണ്ടാക്കിയെടുക്കണം. ഗ്രാമീണജനതയുടെ ജീവിതത്തെ കുറിച്ചും അവിടത്തെ സാമൂഹികാവസ്ഥയെകുറിച്ചും നല്ല അറിവുണ്ടാകാതെ റിപ്പോര്‍ട്ടിങ് സാധ്യമല്ല.
1985ല്‍ ആദ്യമായി ഉത്തരേന്ത്യയില്‍ പോയപ്പോള്‍ അവിടത്തെ സാമൂഹികജീവിതത്തില്‍ ജാതി ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് എനിക്ക് ബോദ്ധ്യമുണ്ടായിരുന്നില്ല. ഞാന്‍ പഠിച്ച കണ്ണൂരില്‍ ജാതിചോദിക്കുന്നതും പറയുന്നതും തത്സമയം അടികിട്ടുവാന്‍ ഉതകുന്ന തെറ്റായിരുന്നു. ഡല്‍ഹിയില്‍ ചെന്നതിന്റെ രണ്ടാം ദിവസം ഒരു ഇടതുപക്ഷ സാഹിത്യകാരന്‍ എന്നോട് ചോദിച്ചത് ജാതി എന്താണ് എന്നാണ്. ഒരു ഇടതുപക്ഷസാഹിത്യകാരന്‍ ജാതിചോദിച്ചതില്‍ എനിക്ക് വിഷമം തോന്നി. ഇപ്പോള്‍ 28 കൊല്ലമായി ഉത്തരേന്ത്യയില്‍. ആരോടും ജാതി ചോദിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല. അവിടെ ആള്‍ക്കാരെ അളക്കുന്നതിന്റെ മാനദണ്ഡം ജാതി അറിഞ്ഞുകൊണ്ടാണ്. തികച്ചും അടിച്ചമര്‍ത്തുന്ന രീതിയിലുള്ള ജാതിക്രമമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. അന്ന് ജാതി ചോദിക്കുന്നത് സവര്‍ണ മേധവിത്വത്തിന്റെ സൂചകമായിരുന്നു. ഉത്തരേന്ത്യയിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യമാണിത്. അതേപോലെ റൂറല്‍ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ടുകിടക്കുന്നതുമാണ്.
ഡല്‍ഹിയിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ കുറവ് അകലെയുള്ള ഗ്രാമത്തിലേക്ക് പോയി. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പഴയകാല നേതാവായ ഹരിലാല് സിങ് ത്യാഗിയെ കാണാന്‍ രസ്‌ന എന്ന ഗ്രാമത്തിലേക്ക്. ഗ്രാമം നിറയെ ഗോതമ്പും കരിമ്പും മറ്റും. ഞാന്‍ ത്യാഗിയോട് പറഞ്ഞു- ഈ ഗ്രാമം കാണാന്‍ എത്ര മനോഹരമാണ് എന്ന്. അദ്ദേഹം പറഞ്ഞു, ഗ്രാമം കാണാനൊക്കെ കൊള്ളാം പക്ഷേ ഇതിന്റെ ഉള്ളില്‍ ജുഗുപ്‌സാവഹമായ ഒരുപാട് കാര്യങ്ങളുണ്ട്. ഗ്രാമത്തിലെ ജനസംഖ്യയില്‍ 30 ശതമാനം ജാട്ട് എന്ന് പറയുന്ന ധനിക കര്‍ഷകരാണ്. 30 ശതമാനം എന്നെപ്പോലെ ത്യാഗികളാണ്. പൗരോഹിത്യം ത്യജിച്ച് ലൗകിക ജീവിതത്തിന് വന്നവരാണ് ത്യാഗികള്‍. 30 ശതമാനം ദളിതര്‍. കുറച്ച് മുസ്ലിങ്ങള്‍. ഈ ഗോതമ്പും കരിമ്പും ഉണ്ടാക്കുന്നത് ദളിതരാണ്. ഈ കാണുന്ന ഒന്നിലും ദളിതര്‍ക്ക് അവകാശമില്ല. ദളിത് യുവാവും ദളിത് യുവതിയും വിവാഹിതരായാല്‍ ദളിത് യുവതിക്ക് ഒരു ജാട്ടിന്റെയോ ത്യാഗിയുടെയോ വീട്ടില്‍ രാത്രി കഴിഞ്ഞതിന് ശേഷം മാത്രമേ ദളിത് യുവാവിന്റെ കൂടെ പോകാന്‍ സാധിക്കൂ. 1985ല്‍ നിന്ന് 2001 ല്‍ എത്തിയപ്പോഴേക്ക് പണ്ടത്തെ അവസ്ഥ മാറി. ഈ ഗ്രാമത്തിന്റെ ചരിത്രം ഞാന്‍ പഠിച്ചിട്ടുണ്ട്, എഴുതിയിട്ടുമുണ്ട്. ഈ ഗ്രാമവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ഇവിടത്തെ ജനങ്ങളുമായി എപ്പോഴും ബന്ധപ്പെടുകയും ചെയ്ത ശേഷമാണ് ഇത്തരത്തിലുള്ള കവറേജ് സാധ്യമായത്.
സമൂഹത്തോട് പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകര്‍ എന്ന നിലയിലും സമൂഹത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കാന്‍ സാധിക്കണമെന്നാഗ്രഹിക്കുന്ന വ്യക്തി എന്ന നിലയിലും യുവപത്രപ്രവര്‍ത്തകര്‍ നമ്മുടെ ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചറിയാന്‍ തയ്യാറാകണം. ഭാവിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം ഈ ആശയം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമം നടത്തണം.
10 വര്‍ഷമായി റൂറല്‍ റിപ്പോര്‍ട്ടിങ്ങില്‍ പുതിയ സാധ്യതകള്‍ തുറന്നുതന്നിട്ടുള്ള സാമൂഹിക പ്രതിഭാസമാണ് കര്‍ഷക കുടിയേറ്റം. ബിവറേജസില്‍ ക്യൂ നില്‍ക്കുവാനും ക്രിക്കറ്റ് കളിക്കാനും മാത്രം വെയിലുകൊള്ളുവാന്‍ കഴിയുന്നവരായി മലയാളികള്‍ മാറിയത് ഒഡിഷയില്‍ നിന്നും ബംഗാളില്‍ നിന്നും മാത്രം ആയിരക്കണക്കിന് ആളുകള്‍ ഇവിടെ വന്നതുകൊണ്ടാണ്. കഴിഞ്ഞ 75 വര്‍ഷത്തിലിടയിലുള്ള ഏറ്റവും വലിയ കുടിയേറ്റമാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്നിട്ടുള്ളത്. കര്‍ഷകരുടെ ആത്മഹത്യ സൂചിപ്പിക്കുന്നത് ഗുരുതരമായ കാര്‍ഷികത്തകര്‍ച്ചയെ ആണ് എന്ന് സായിനാഥ് തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ റൂറല്‍ റിപ്പോര്‍ട്ടിങ്ങിന് ഇങ്ങനെയുള്ള വശമുണ്ട് എന്നര്‍ത്ഥം. ഫ്രണ്ട് ലൈനില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന കൃഷ്ണകുമാര്‍ കുടിയേറ്റം എങ്ങനെ പെരുമ്പാവൂരിന്റെ സ്വഭാവംതന്നെ മാറ്റി എന്ന് വ്യക്തമാക്കുന്ന ലേഖനം എഴുതുകയുണ്ടായി. വാരാന്ത്യങ്ങളില്‍ തിയേറ്ററുകളില്‍ ബംഗാളി സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്, ബസ്സുകളില്‍ ബംഗാളിയിലും ഒഡിയയിലും ബോര്‍ഡുകള്‍ എഴുതപ്പെടുന്നു – ഇതൊക്കെ എങ്ങനെയാണ് ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ പറ്റുക എന്ന് സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. അവിടെ 2011 ല്‍ നൂറ്റിയമ്പത് മേഴ്‌സിഡ്‌സ് ബെന്‍സ് കാറുകള്‍ ഒന്നിച്ച് വാങ്ങാന്‍ സംഘടന തീരുമാനിച്ചു. 49 കോടി രൂപയാണ് ഇതിനായി ചെലവാക്കാന്‍ അവര്‍ തീരുമാനിച്ചത്. പക്ഷേ, സൂക്ഷ്മമായ പരിശോധനയില്‍ മനസ്സിലായത് ഈ തുകയില്‍ 4 കോടി രൂപ മാത്രമാണ് ചേമ്പര്‍ എടുത്തത്. ബാക്കി 45 കോടി രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോണായി കൊടുക്കുകയാണ് ചെയ്തത്, അതും 7 ശതമാനം പലിശയ്ക്ക്. ഇതേ സമയത്താണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔറംഗബാദിലെ കര്‍ഷകര്‍ക്ക് 9, 11 ശതമാനത്തിന് വായ്പ ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്നത്. ഇത് വാര്‍ത്തയായി, പക്ഷേ 7 ശതമാനം പലിശയ്ക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സിന് 45 കോടി രൂപ കൊടുത്തത് വലിയ വാര്‍ത്തയായില്ല. ഇത് ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിന്റെ പുതിയ തലമാണ്.
മറ്റൊരു തലം സായിനാഥ് തന്നെ പുറത്തുകൊണ്ടുവരികയുണ്ടായി. ശതകോടീശ്വരന്മരായ വിജയ് മല്യ, മുകേഷ് അംബാനി, ജി.എം.ആര്‍. റാവു, കെ.ജി സിങ് തുടങ്ങിയവര്‍ക്ക് ഗ്രാമീണ മേഖലയില്‍ പാടങ്ങളുണ്ട്. പാടങ്ങളെടുത്തിട്ട് അവര്‍ ഇവിടെ പരിശീലന ക്യാമ്പുകള്‍ നടത്തുന്നു. ഈ ക്യാമ്പുകളുടെ നിര്‍മാണം കാര്‍ഷികവൃത്തിയുടെ ഭാഗമാണെന്ന് കാണിച്ചുകൊണ്ട് ഈ കമ്പനികള്‍ക്കെല്ലാം ബാങ്കുകള്‍ കാര്‍ഷികവായ്പ നല്‍കുകയുണ്ടായി. ഗ്രാമീണ റിപ്പോര്‍ട്ടിങ്ങും സമൂഹത്തിന്റെ മാറ്റത്തിനുസൃതമായി മാറുന്നു എന്നര്‍ത്ഥം. കേരളത്തിലെ ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിലെ വ്യക്തിപരമായ ഇടപെടലുകളെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്ന പേര് കെ.ജയചന്ദ്രന്റേതാണ്. വയനാട്ടില്‍നിന്ന് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കുന്ന ഒരുപാട് ഗ്രാമാധിഷ്ഠിത വാര്‍ത്തകള്‍ കൊണ്ടുവന്നത് ജയചന്ദ്രനാണ്. ആ രീതിയില്‍ മുന്നോട്ടുപോയ വേറെയും ഒരുപാട് പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്. സമീപകാലത്ത് ഇന്ത്യാവിഷനിലും അമൃതാ ടിവിയിലും ഗ്രീന്‍ റിപ്പോര്‍ട്ട് എന്ന പംക്തിയിലൂടെ ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിന്റെ പുതിയ മാനങ്ങള്‍ പലരും അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമീണപ്രശ്‌നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് ഒരുപാട് വാണിജ്യപ്രശ്‌നങ്ങളുണ്ട്. ഇക്കാലത്തെ മാധ്യമങ്ങള്‍ ആശ്രയിക്കുന്ന വാണിജ്യാധിഷ്ഠിത സംസ്‌ക്കാരം ഗ്രാമീണ റിപ്പോര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല.
സമൂഹത്തോട് പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകര്‍ എന്ന നിലയിലും സമൂഹത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കാന്‍ സാധിക്കണമെന്നാഗ്രഹിക്കുന്ന വ്യക്തി എന്ന നിലയിലും യുവപത്രപ്രവര്‍ത്തകര്‍ നമ്മുടെ ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചറിയാന്‍ തയ്യാറാകണം. ഭാവിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം ഈ ആശയം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമം നടത്തണം. നിങ്ങള്‍ ജോലി ചെയ്യുന്ന പ്രദേശം, സംസ്ഥാനം, അല്ലെങ്കില്‍ രാജ്യം ഏകതാനമായ ഒറ്റപ്പെട്ട ഒരു സാമൂഹ്യ സാംസ്‌ക്കാരിക ധാരയിലല്ല നിലനില്‍ക്കുന്നത് എന്ന് തിരിച്ചറിയണം. അതിന്റെ വൈവിദ്ധ്യം ഉള്‍ക്കൊള്ളാനും സാംസ്‌ക്കാരിക ധാരകളെ സൂക്ഷ്മതലത്തില്‍ മനസ്സിലാക്കാനുമുള്ള ശ്രമം നടത്തണം. ഈ മേഖലയെ കൂടുതല്‍ സമ്പുഷ്ടമാക്കാനുള്ള ശ്രമം എപ്പോഴും ഉണ്ടാകണം.