പന്ത്രണ്ടു വർഷത്തെ ജയിൽ ജീവിതം അവനെ വല്ലാതെ മാറ്റിമറിച്ചിരുന്നു. തന്നെ കാർന്നു തിന്നുന്ന അർബുദം കർമ്മഫലമാണെന്ന് അവൻ ഉറച്ചു വിശ്വസിച്ചു. ഋതുക്കൾ മാറിവരുന്നത് പോലെ സന്തോഷവും സങ്കടവും ഒന്നും തന്നെ അവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ഈ ഭൂമിയിൽ ഒറ്റപ്പെട്ടു പോവുന്നത് അവനെ സംബന്ധിച്ച് വലിയൊരു പ്രശ്‌നവും ആയിരുന്നില്ല. മദ്യവും പുകച്ചുരുളുകളും അവന്റെ ഏകാന്തജീവിതത്തിൽ അവന് ആത്മമിത്രങ്ങളായി. അങ്ങനെ എങ്ങോട്ടെന്നില്ലാത്ത യാത്രയുടെ ഇടയിലാണ് അവളെ കണ്ടുമുട്ടുന്നത്. ഒരിക്കലും പ്രണയം എന്ന ഭാവം അവർക്കിടയിൽ ഉണ്ടായിട്ടില്ല. പരസ്പരം നന്നായി മനസിലാക്കിയ രണ്ട്‌ ആത്മാർത്ഥസുഹൃത്തുക്കൾ. അവന്റെ ജീവിതത്തിൽ ഒരു ദിശാബോധം ഉണ്ടാക്കാൻ പരിശ്രമിച്ചവൾ. “അവൾ എനിക്ക് ഒരു ആത്മാർത്ഥസുഹൃത്ത് തന്നെ ആയിരുന്നു. പക്ഷേ ഞാനോ?”, അവൻ ഓർത്തു.

മദ്യത്തിന്റെയും ലഹരിയുടെയും കരാളഹസ്തങ്ങൾ തന്റെ ചിന്താശേഷിയെ തച്ചുടച്ചപ്പോൾ തന്റെ മുന്നിൽ നിന്നവൾ അവന് വെറും ഒരു ശരീരം മാത്രമായി. അവളുടെ പതുപതുത്ത ശരീരത്തെ ഒരു കാട്ടാളനെപ്പോലെ ആക്രമിക്കുമ്പോൾ അവൻ ചെയ്യുന്നതെന്താണെന്ന് പോലും അവനറിഞ്ഞില്ല.

ഒരു ബസിന്റെ ഹോണടി ശബ്ദമാണ് അവളെക്കുറിച്ചുള്ള ഓർമ്മകളിൽ ഒരു മത്സ്യത്തെപ്പോലെ ഊളിയിട്ടുകൊണ്ടിരുന്ന അവനെ ആ ചിന്താധാരയിൽ നിന്ന് ഉയർത്തിയെടുത്തത്. ബസിന്റെ ജനാലയ്ക്കരികിലെ സീറ്റിൽ അവൻ ഇരിക്കുമ്പോൾ പുറത്തു വീശുന്ന കാറ്റ് അവന്റെ മുടിച്ചുരുളുകളെ തഴുകി കടന്നുപോയി. ആ നശിച്ച ദിവസത്തിലേക്കാണ് ആ കാറ്റ് അവനെ കൂട്ടിക്കൊണ്ടുപോയത്. മദ്യത്തിന്റെയും ലഹരിയുടെയും കരാളഹസ്തങ്ങൾ തന്റെ ചിന്താശേഷിയെ തച്ചുടച്ചപ്പോൾ തന്റെ മുന്നിൽ നിന്നവൾ അവന് വെറും ഒരു ശരീരം മാത്രമായി. അവളുടെ പതുപതുത്ത ശരീരത്തെ ഒരു കാട്ടാളനെപ്പോലെ ആക്രമിക്കുമ്പോൾ അവൻ ചെയ്യുന്നതെന്താണെന്ന് പോലും അവനറിഞ്ഞില്ല. ലഹരിയുടെ പിടിയിൽ നിന്ന് മുക്തമായി സ്വബോധം വീണ്ടുകിട്ടിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഒരു ശില പോലെ അവൾ അവനെ തുറിച്ച് നോക്കിയിരുന്നു. ഒരു തുള്ളി കണ്ണുനീർ പോലും ആ കണ്ണുകളിൽ നിന്ന് വന്നില്ല.

ഇറങ്ങാനുള്ള സ്ഥലത്തിന്റെ പേര് ആരോ ആവർത്തിച്ച് വിളിച്ച് പറയുന്ന കേട്ടാണ് അവൻ ആ ഓർമകളിൽ നിന്നും തിരിച്ചെത്തിയത്. ബസിൽ നിന്നിറങ്ങി അവൻ പതിയെ നടന്നു. ആ നടത്തത്തിലും അവൻ പഴയ ഓർമകളിലേക്ക് മടങ്ങിപ്പോയി. പിന്നീട് കുറച്ച് ദിവസങ്ങൾ അവളെ പറ്റി ഒരു വിവരവും അവൻ അറിഞ്ഞില്ല. അന്ന് നടന്ന സംഭവങ്ങൾ അവൾ ആരോടും പറഞ്ഞില്ല എന്നത് വ്യക്തമായിരുന്നു. പക്ഷേ, കുറച്ചു ദിവസങ്ങൾക്കു ശേഷം കേട്ട വാർത്ത അവനെ വല്ലാതെ ഉലച്ചുകളഞ്ഞു. അവളുടെ മനസ്സിന് സമനില നഷ്ടപ്പെട്ടിരിക്കുന്നു. അവന് തലചുറ്റുന്നത് പോലെ തോന്നി. കുറ്റബോധം അവന്റെ ശരീരത്തിനെ വരിഞ്ഞുമുറുക്കി. അവന് ശ്വാസം കിട്ടാതെയായി. അവളെ ഒരു നോക്ക് കാണാൻ, ആ പാദങ്ങളിൽ വീണ് മാപ്പ് പറയാൻ അവൻ ആഗ്രഹിച്ചു. പക്ഷേ അവനതിനു ധൈര്യമുണ്ടായില്ല. അധികം താമസിക്കാതെ അവൻ നാടുവിട്ടു. പിന്നീട് ചെയ്യാത്ത കൊലക്കുറ്റം തന്റെ പേരിൽ അടിച്ചേൽപ്പിക്കപ്പെട്ടപ്പോൾ അവൻ അത് നിഷേധിച്ചില്ല. ചെയ്ത പാപം വെച്ച് നോക്കുമ്പോൾ ഇത് ഒന്നുമില്ല എന്ന് അവനറിയാമായിരുന്നു.

അവളുടെ മുറിയിലേക്കാണ് അവനെ കൊണ്ടുപോയത്. ആ മുറിയിലേക്ക് ചൂണ്ടിക്കാണിച്ചതിനു ശേഷം ആ അമ്മ അവനായ് വഴിമാറി. അവൻ ആ മുറിക്ക് ഉള്ളിലേക്ക് നോക്കി. ജനാലയിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല അവൻ കണ്ടു. പക്ഷേ, ആ മുറിയിൽ ആരും ഇല്ലായിരുന്നു.

ദൂരെ അവന് ആ ഓടിട്ട വീട് കാണാം. ആ ലക്ഷ്യസ്ഥാനത്തേക്ക് അവൻ നടന്നടുത്തു. താൻ പണ്ട് ആ വീട്ടിൽ പല തവണ അതിഥിയായിരുന്നു. പക്ഷേ, ഇപ്പോൾ താൻ അവിടേക്കു ചെല്ലുന്നത് ഒരു അതിഥിയായിട്ടല്ല എന്ന ഉത്തമബോദ്ധ്യം അവനുണ്ട്. മരണത്തെ പുല്കും മുമ്പ് ഒരു കാര്യം കൂടി ചെയ്തു തീർക്കണം. അത് മനസ്സിലുറപ്പിച്ച് അവൻ നടന്നു. പണ്ട് അവിടെ കളിയാടിയിരുന്ന ഐശ്വര്യം ഇപ്പോൾ ആ വീടിനില്ല. ശ്മശാനമൂകമായ അന്തരീക്ഷം. പതിയെ അവൻ വരാന്തയിലേക്ക് കയറി.

“അമ്മേ”, അവളുടെ വീട്ടിലെത്തുമ്പോൾ പണ്ടും അവൻ അങ്ങനെ തന്നെയായിരുന്നു ഉറക്കെ വിളിച്ചത്. ഇത്തവണയും അവൻ ആ പതിവ് തെറ്റിച്ചില്ല. തനിക്കും ആ അമ്മ, സ്വന്തം അമ്മ തന്നെയായിരുന്നു. അധികം താമസിയാതെ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീ മുൻവാതിലിലൂടെ പുറത്തേക്കിറങ്ങി. അതെ, അത് അമ്മ തന്നെയാണ്. അവർ ഒരുപാട് മാറിയിരിക്കുന്നു. ഐശ്വര്യം തുടിച്ചിരുന്ന ആ മുഖത്ത് സ്ഥായിയായ വിഷാദഭാവം.

“അമ്മയ്ക്ക് എന്നെ മനസിലായില്ലേ?”, അവൻ ചോദിച്ചു.

അല്പനേരം സൂക്ഷ്മമായി നോക്കിയതിനു ശേഷം അവർ പറഞ്ഞു, “രഘുവല്ലേ?”

“അതെ”, അവൻ തലയാട്ടി.

“ആതിര?” , ആ പേര് ഉച്ചരിക്കുവാൻ അർഹത ഇല്ലെന്നറിഞ്ഞിട്ടും അവൻ ചോദിച്ചു.

ആ മുഖത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. അവനോട് അകത്തേക്ക് വരാൻ ആ അമ്മ ആംഗ്യം കാണിച്ചു. അവളുടെ മുറിയിലേക്കാണ് അവനെ കൊണ്ടുപോയത്. ആ മുറിയിലേക്ക് ചൂണ്ടിക്കാണിച്ചതിനു ശേഷം ആ അമ്മ അവനായ് വഴിമാറി. അവൻ ആ മുറിക്ക് ഉള്ളിലേക്ക് നോക്കി. ജനാലയിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല അവൻ കണ്ടു. പക്ഷേ, ആ മുറിയിൽ ആരും ഇല്ലായിരുന്നു.

“മൂന്നുവർഷം മുൻപ് എന്റെ കുട്ടി പോയി,” നേരത്തെ അവൻ കണ്ട കാർമേഘങ്ങൾ പെയ്ത് തുടങ്ങിയിരിക്കുന്നു. ഇടിവെട്ടേറ്റതുപോലെ അവൻ നിന്നു. അല്പനേരത്തിനു ശേഷം അവൻ തിരികെ നടന്നു. അമ്മയോട് അവൻ യാത്ര പറഞ്ഞില്ല. ആ ചങ്ങലക്കണ്ണികൾ ആയിരുന്നു അവന്റെ മനസ്സിൽ. അത് തട്ടിയുരഞ്ഞ് വൃണങ്ങളുമായി നില്ക്കുന്ന അവളുടെ മുഖം. ആ കാഴ്ച്ച തന്റെ മനസിൽ നിന്നും മായ്ക്കാൻ അവൻ ശ്രമിച്ചു. പതിയെ പടികൾ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ അവൻ നടന്നു..

Kiran Jayachandran
Latest posts by Kiran Jayachandran (see all)

COMMENT