സിംബാബ്‌വെയ്ക്കെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിൽ അർദ്ധ ശതകം തീർത്ത അമ്പാട്ടി റായുഡു പറഞ്ഞത് -“വളരെ ആവേശത്തോടെയാണ് ബാറ്റുചെയ്തത്. ഒരു സ്വപ്നം പോലെയായിരുന്നു അത്…”
സ്വപ്നങ്ങളെ ബാക്കവെച്ചുകൊണ്ട് ഗ്യാലറിയുടെ ആരവങ്ങളില്ലാതെ മറ്റൊരാൾ കൂടി ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്നു വിട പറയുന്നു. 2002ൽ പതിനാറാം വയസ്സിൽ അതിശയിപ്പിക്കുന്ന പ്രകടനത്തോടെ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം. പിന്നീട് ഇന്ത്യൻ എ ടീമിലേക്ക്. പിന്നെ കണ്ടത് 2004 അണ്ടർ 19 ലോകകപ്പ് ടീം ക്യാപ്റ്റൻ പദവിയിലാണ്. തുടർന്നുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഹൈദരാബാദ് അസോസിയേഷനുമായി തെറ്റിപ്പിരിഞ്ഞത് വിനയായി.
2005-06 സീസണിൽ ആന്ധ്രയ്ക്കുവേണ്ടി കളിച്ചു. പിന്നീട് വിമത 20 -20 ലീഗായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ അരങ്ങേറ്റം. ഐ.സി.എൽ. കളിക്കാരെ വിലക്കുവാൻ ബി.സി.സി.ഐ. തീരുമാനിച്ചതോടെ വഴികൾ അടഞ്ഞു. 2009 ൽ ക്ഷമാപണം നടത്തി തിരിച്ചെത്തി. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കുവേണ്ടിയും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയും മിന്നുന്ന പ്രകടനം കാഴ്ച വെച്ചുകൊണ്ട് കളിക്കളത്തിൽ സജീവമായി. 2012ൽ ടീം ഇന്ത്യയുടെ ഭാഗമായി. 55 ഏകദിന മത്സരങ്ങളിലായി 1,694 റൺസ് നേടി. അതിൽ 3 സെഞ്ച്വറിയും 10 അർദ്ധശതകവും. ആഭ്യന്തര ക്രിക്കറ്റിൽ 3 ടീമുകൾക്കായി കളിച്ച 97 മത്സരങ്ങളിൽ നിന്ന് 45.6 ശരാശരിയിൽ 6,151 റൺസ് നേടിയിട്ടുണ്ട്. ഈ 97 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകളുമുണ്ട് സമ്പാദ്യം.
ഐസ്ലൻഡിൽ ക്രിക്കറ്റ് കളിക്കാൻ റായുഡുവിനു ക്ഷണം ലഭിച്ചിട്ടുണ്ട്. ഒപ്പം അവിടത്തെ പൗരനാകാനും. ഇതും കൂടി റായുഡു സ്വീകരിക്കുകയാണെങ്കിൽ അത് സെലക്ടർ കുപ്പായമിട്ടിരിക്കുന്ന ശുംഭന്മാരുടെ മുഖമടച്ചു നല്കുന്ന ത്രീ ഡയമൻഷണൽ അടിയായിരിക്കും.
2018ൽ ചെന്നൈ സൂപ്പർ കിങ്സ് വിലക്കിനു ശേഷം ഐ.പി.എല്ലിൽ തിരിച്ചെത്തുമ്പോൾ ധോണിപ്പടയുടെ ഭാഗമായി റായുഡു ഉണ്ടായിരുന്നു. മിന്നുന്ന പ്രകടനത്തോടെ ചെന്നൈയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം തന്നെ ന്യൂസീലൻഡുമായുള്ള ഏകദിന പരമ്പരയിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ക്യാപ്റ്റൻ കോഹ്‌ലിയുടെ പ്രശംസ പിടിച്ചു പറ്റി വിശ്വസ്തനായ ഈ നാലാം നമ്പറുകാരൻ. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മോശം പ്രകടനം ലോകകപ്പ് ടീമിലെ റിസർവ്വ് പട്ടികയിൽ എത്തിച്ചു. അതിനുപകരം ഓൾ റൗണ്ടർ വിജയ് ശങ്കറിനെ ടീമിലെടുത്തു. ബി.സി.സി.ഐ.യുടെ പൂർണ്ണ പിന്തുണ വിജയ് ശങ്കറിനുണ്ടായിരുന്നു. ബാറ്റിങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഇംഗ്ളണ്ടിൽ വിജയ് തിളങ്ങുമെന്നായിരുന്നു സെലക്ടർമാരുടെ വിലയിരുത്തൽ. ത്രീ ഡയമൻഷണൽ കളിക്കാരനാണത്രേ. അങ്ങനെ യെങ്കിൽ താൻ ത്രീഡി കണ്ണട വച്ച് കളി കാണുമെന്ന അമ്പാട്ടി റായുഡുവിന്റെ ട്വീറ്റ് വിവാദമായി. 2019ലെ ഐ.പി.എല്ലിലും ചെന്നൈയ്ക്കു വേണ്ടി കാര്യമായ സംഭാവന നൽകാൻ റായുഡുവിനായില്ല. ചെന്നൈ ഫൈനലിൽ തോല്ക്കുകയും ചെയ്തു.
ലോകകപ്പിൽ മികച്ചപ്രകടനം കാഴ്ച്ചവയ്ക്കാനാതെ വിജയ് ശങ്കർ പരാജയമായി. കൂടാതെ പരിക്ക് മൂലം കളിയിൽ നിന്നും പുറത്താവുകയും ചെയ്തു. ഇംഗ്ലണ്ടിൽ രണ്ടു മാറ്റങ്ങളാണ് ഇന്ത്യൻ ടീമിലുണ്ടായത്. ശിഖർ ധവാൻ പരിക്കേറ്റ് പിന്മാറിയപ്പോൾ ഋഷഭ് പന്ത് എത്തി. എന്നാൽ, തനിക്കു പകരക്കാരനായി ടീമിലെത്തിയ വിജയ് ശങ്കർ ഒഴിവാകുമ്പോൾ സ്വാഭാവികമായും ടീമിലെത്തുമെന്ന് റായുഡു പ്രതീക്ഷിച്ചു. എന്നാൽ, വിജയ് ശങ്കറിനു പകരക്കാരനായി ഒരു അന്താരാഷ്ട്ര ഏകദിനം പോലും കളിക്കാത്ത മായങ്ക് അഗർവാളിനെ നിർദ്ദേശിച്ചതാവാം റായുഡുവിനെ ചൊടിപ്പിച്ചത്. ഐസ്ലൻഡിൽ ക്രിക്കറ്റ് കളിക്കാൻ റായുഡുവിനു ക്ഷണം ലഭിച്ചിട്ടുണ്ട്. ഒപ്പം അവിടത്തെ പൗരനാകാനും. ഇതും കൂടി റായുഡു സ്വീകരിക്കുകയാണെങ്കിൽ അത് സെലക്ടർ കുപ്പായമിട്ടിരിക്കുന്ന ശുംഭന്മാരുടെ മുഖമടച്ചു നല്കുന്ന ത്രീ ഡയമൻഷണൽ അടിയായിരിക്കും.
അർഹതപ്പെട്ട വിരമിക്കൽ ഇല്ലാതെ പലരും പടിയിറങ്ങിയപ്പോൾ, അവർക്കൊപ്പം ഒരു “വിമതൻ” കൂടി ആരവങ്ങളില്ലാതെ പടിയിറങ്ങുന്നു.