വായന എന്ന് കേട്ടാല്‍ ആദ്യം മനസ്സിലേക്ക് വരുക ‘വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ച് വളര്‍ന്നാല്‍ വിളയും. വായിക്കാതെ വളര്‍ന്നാല്‍ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണ്. ബാല്യം തൊട്ടേ കേട്ട് വളര്‍ന്നതായതിനാല്‍ നമുക്കൊപ്പം വരികളും വളര്‍ന്നു.
ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛനും കുമാരനാശാനും വള്ളത്തോളും ചന്തു മേനോനും അടങ്ങുന്ന സാഹിത്യനായകന്മാരുടെ സൃഷ്ടികളിലൂടെയാണ് മലയാളി, വായനയുടെ ലോകത്തേക്ക് ചുവട് വെച്ചത്. പിന്നീട് ബഷീറും പൊന്‍കുന്നം വര്‍ക്കിയും കാക്കനാടനും മുട്ടത്ത് വര്‍ക്കിയും ഒ.വി.വിജയനും മാധവിക്കുട്ടിയും കോവിലനും എം.മുകുന്ദനും തുടങ്ങി മലയാളിയുടെ സ്വന്തം എഴുത്തുകാര്‍ വായനക്കാരുടെ നെഞ്ചില്‍ ഇടം നേടി.
ദസ്തയോവ്‌സ്‌ക്കി, ടോള്‍സ്റ്റോയി, ഷേക്‌സ്പിയര്‍, പാബ്ലൊ നെരൂദ, വിക്ടര്‍ യൂഗോ, ഖലീല്‍ ജിബ്രാന്‍, പൗലോ കൊയ്ലോ തുടങ്ങി വിദേശ എഴുത്തുകാരും വായനയുടെ പുതിയ തലത്തിലേക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തി. ബാലചന്ദ്രന്‍ ചുള്ളിക്കടിന്റെയും ഒ.എന്‍.വിയുടെയും അയ്യപ്പന്റെയും ഒക്ടാവിയോ പാസിന്റെയും കവിതകള്‍ യുവജനങ്ങള്‍ നെഞ്ചിലേറ്റി.
വായന മരിച്ചുവെന്ന് പലരും പറയുന്നു. അതിന് പകരം പുതിയ തലമുറ സാമൂഹിക മാധ്യമങ്ങളില്‍ ഒതുങ്ങിപോയെന്ന് വിലപിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലാണ് നമ്മളുള്ളത്. മറ്റൊരു വായനാദിനം കൂടി കടന്നുവരുമ്പോള്‍ ഏറ്റവും വലിയ ചര്‍ച്ച വായന മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നതിനെക്കുറിച്ചു തന്നെയാണ്.
വായന മരിച്ചുവെന്ന് പലരും പറയുന്നു. അതിന് പകരം പുതിയ തലമുറ സാമൂഹിക മാധ്യമങ്ങളില്‍ ഒതുങ്ങിപോയെന്ന് വിലപിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലാണ് നമ്മളുള്ളത്. ബെന്യാമിന്റെ ആടുജീവിതവും ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയും കെ. ആര്‍ മീരയുടെ ആരാച്ചാരും മലയാളിയുടെ വായനാ ചരിത്രത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്തതിനാല്‍ വായന മരിച്ചിട്ടില്ലെന്ന് തന്നെ പറയാം. മറ്റൊരു വായനാദിനം കൂടി കടന്നുവരുമ്പോള്‍ ഏറ്റവും വലിയ ചര്‍ച്ച വായന മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നതിനെക്കുറിച്ചു തന്നെയാണ്.
കേരളത്തിന്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എന്‍.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് വായനാദിനം. 1996 മുതലാണ് കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്. വായനയുടെ ആചാര്യന് ലഭിച്ച മരണാനന്തര ബഹുമതിയായി ഇതിനെ കണക്കാക്കാം.
വിജ്ഞാനത്തിന്റെയും വൈവിധ്യത്തിന്റെയും വാതായനങ്ങള്‍ തുറക്കുകയും മനുഷ്യനെ പൂര്‍ണ്ണനാക്കുകയും ചെയ്യുന്നതാണ് വായന. സമകാലിക കേരളത്തിലെ ഈ വായനാദിനത്തില്‍ ഓര്‍മിക്കേണ്ടതും കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ തന്നെയാണ്. ‘എല്ലാവരും എന്നും വായിക്കേണ്ട രണ്ട് പുസ്തകങ്ങളുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റൊന്ന്’. അതേ, നമ്മളില്‍ ഭൂരിഭാഗം പേരും വായിക്കാതെ, അറിയാതെ പോകുന്നത് ഈ രണ്ട് പുസ്തകങ്ങളെയാണ്. പ്രകൃതി എപ്പോളും തുറന്ന ഒരു പുസ്തകമാണ്. അതിനെ വായിച്ച്, അനുഭവിച്ച് അറിയുക.