എവിടെ ജീവിതമുണ്ടോ അവിടെ വാർത്തയുണ്ട്. അതിനാൽത്തന്നെയാണ് വാർത്തകൾ ഹൃദയത്തെ സ്പർശിക്കുന്നത്. ചില ദൃശ്യങ്ങൾ നമ്മളെ ചിരിപ്പിക്കും, ചിലത് കരയിക്കും. ചിലത് നമ്മിൽ നടുക്കമുണ്ടാക്കും. അത്തരത്തിൽ ലോകത്തെ നടുക്കിയ ചിത്രങ്ങളിലൊന്ന് കഴിഞ്ഞ ദിവസം ഏതാണ്ടെല്ലാ മാധ്യമങ്ങളിലും വന്നു.
സാൽവദോറുകാരൻ ഓസ്കർ ആൽബെർട്ടോ മാർട്ടിനസ് റാമിറസിനെ ഇന്ന് ലോകത്തെല്ലാവരും അറിയും. അദ്ദേഹത്തിന്റെ 23 മാസം പ്രായമുള്ള മകൾ വലേറിയയെയും എല്ലാവരുമറിയും. ആ അറിവ് അങ്ങേയറ്റം വേദനയുണർത്തുന്നതാണെന്നു മാത്രം.
മെക്സിക്കോയിലെ മാതമറോസിൽ റയോ ഗ്രാൻഡ് നദിക്കരയിൽ ഈ അച്ഛന്റെയും മകളുടെയും മൃതദേഹങ്ങൾ ജൂണ് 24ന് കണ്ടെത്തി. നദി കടന്ന് അമേരിക്കയിലെ ടെക്സസിലുള്ള ബ്രൌൺസ്വീലിലോട്ടു കടക്കാനുള്ള ശ്രമത്തിനിടയിൽ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. റാമിറസിന്റെ ഉടുപ്പിനുള്ളിൽ ചേർത്തുവെച്ച നിലയിലായിരുന്നു വലേറിയ.
റാമിറസും (25) ഭാര്യ താനിയ വനേസ അവലോസും (21) മകൾക്കൊപ്പം രണ്ടു മാസമായി മെക്സിക്കോയിലെ ക്യാമ്പിൽ താമസിക്കുകയായിരുന്നു. നിയമാനുസൃതമായി അമേരിക്കയിലെത്താനുള്ള കാലതാമസത്തിൽ നിരാശനായ റാമിറസ് റയോ ഗ്രാൻഡ് നദി നീന്തിക്കടക്കാൻ തീരുമാനിച്ചു. താനിയയെ ഇക്കരെ നിർത്തി റാമിറസ് മകൾ വലേറിയയെും കൊണ്ട് വിജയകരമായി അക്കരെയെത്തുകയും ചെയ്തു.
വലേറിയയെ അക്കരെ നിർത്തിയിട്ട് താനിയയെ കൂട്ടാൻ റാമിറസ് തിരികെ നീന്താനൊരുങ്ങി. അപ്പോൾ പേടിച്ച വലേറിയ വാവിട്ടു കരഞ്ഞു. മകളുടെ കരച്ചിലടക്കാൻ നിവൃത്തിയില്ലാതെ റാമിറസ് തിരികെ നിന്തിയപ്പോൾ അവളെക്കൂടി ഉടുപ്പിനുള്ളിൽ കെട്ടിവെച്ചു. എന്നാൽ ആ ശ്രമം കുത്തൊഴുക്കിൽ അവസാനിക്കുകയായിരുന്നു. അച്ഛനും മകളും മുങ്ങിമറയുന്നത് ആ അമ്മയ്ക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
തീരത്തടിഞ്ഞ റാമിറസിന്റെ വലേറിയയുടെയും മൃതദേഹങ്ങളുടെ ചിത്രം പകർത്തിയത് അസോഷ്യേറ്റഡ് പ്രസ് ഫൊട്ടോഗ്രാഫർ ജൂലിയ ലെ ഡ്യൂക്കാണ്. മെക്സിക്കൻ പത്രം ലാ ജൊർണാഡയിൽ ആദ്യം പ്രസിദ്ധീകരിച്ചുവന്ന ചിത്രം താമസിയാതെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തി.
അഭയാർത്ഥികളുടെ വേദന മുഴുവനും വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം. വേദനയുണർത്തുന്നതിനൊപ്പം മാധ്യമനൈതികത സംബന്ധിച്ച ചർച്ചയ്ക്ക് ഒരിക്കൽ കൂടി തുടക്കമിടുന്നതിനും ആ ചിത്രം കാരണമായി.
വെങ്കിടേഷ് രാമകൃഷ്ണന്റെ അവലോകനം.