രാമന്റെ കഥ അഥവാ രാമായണം

Post date:

Author:

Category:

കോടതി വളപ്പിലെ മരത്തണലിൽ വിശ്രമത്തിലായിരുന്ന  കാറിൽ കയറാൻ ഡോർ തുറക്കുമ്പോഴാണ് ‘ടപ്പ്’ എന്നൊരൊച്ച  കേട്ടത്. ബോണറ്റിൽ എന്തോ വന്നു വീണതാണ്. ചെറിയ  കോഴിമുട്ടേടെ  വലിപ്പത്തിൽ ചാരനിരത്തിലെന്തോ.. പാതി തുറന്ന ഡോർ വിട്ട്  അതിനടുത്തേക്കു നടന്നു. പെട്ടെന്നു  പിടികിട്ടിയില്ല. എന്തോ ഒരു ജന്തു.  കാക്കയുടെയോ മറ്റോ കിഡ്‌നാപ്പിങ് ആവാൻ വഴിയുണ്ട്. അഡ്വക്കേറ്റ് സേതുലക്ഷ്മി തെളിവിനായി മുകളിൽ മരച്ചില്ലയിലേക്കു കണ്ണയച്ചു. പ്രതി മുങ്ങിയതാവാം. പത്തുപതേയുള്ള കുഞ്ഞി കൈകളിൽ ശരീരത്തിന്റെ പകുതിയോളം വലിപ്പമുള്ള മുഖം ചേർത്ത് കണ്ണുകളടച്ചു ചെവികൾ കൂർപ്പിച്ചു സമാധിയിലെന്നപോലെ. പേടിച്ചിട്ടാവും. ശരീരത്തിന് ചേരാത്ത വണ്ണം വലിപ്പമുള്ള രോമവാല് വളച്ചു മുന്നോട്ടാക്കി ദേഹത്തോട് ചേർത്ത് വെച്ചു കിടക്കുകയാണ്.  വിനീതനായി..എന്നെ ഒന്നും ചെയ്യല്ലേ എന്ന മട്ടിൽ. വലത്തേ കൈയ്യിലെ ചൂണ്ടുവിരൽ കൊണ്ട് പതിയെ നെറ്റിയിൽ തൊട്ടു..ഹോ പഞ്ഞിക്കെട്ടു പോലെ… ചെറിയ ചൂടുണ്ട്.. കണ്ണ് തുറക്കാതെ തന്നെ അവൻ ഒന്നുകൂടി ഒതുങ്ങിചുരുങ്ങി. ലോകാവസാനമായെന്ന  മട്ടിൽ.

സുരക്ഷിതമായി മരച്ചുവട്ടിൽ കൊണ്ട് വെച്ചിട്ട് പോകാമെന്നോർത്തപ്പോഴാണ് പ്രതീക്ഷിക്കാതെ അത് കണ്ടത്. അല്പം ഇരുണ്ട മുതുകിനെ മുറിച്ചൊരു വെള്ളവര. അണ്ണാൻ കുഞ്ഞാണ്. ‘ഭഗവാനെ..’ അറിയാതെ പറഞ്ഞുപോയി. കടുത്ത ശ്രീരാമ ഭക്തയായ സേതുലക്ഷ്മിക്കു ദേവാനുഗ്രഹം നേരിട്ടു വാങ്ങിയ അണ്ണാറക്കണ്ണനെ മരച്ചുവട്ടിലുപേക്ഷിച്ചു പോകാൻ മനസ്സുവന്നില്ല… എന്തുചെയ്യും? നിമിഷങ്ങൾക്കകം പോംവഴി തെളിഞ്ഞു. വീട്ടിൽ കൊണ്ടുപോകാം. ഇത്തിരി  പാലൊക്കെ കൊടുത്ത് ഉഷാറാക്കി ഒന്നു രണ്ടു ദിവസത്തിനുള്ളിൽ എവിടെയെങ്കിലും കൊണ്ടുപോയി വിടാം. കുട്ടികൾക്കും കൂടി സന്തോഷമായിക്കോട്ടെ.

വലത്തേ കൈവെള്ളയിലേക്കു നീക്കി കയറ്റാൻ ഇടതു കൈ സഹായിച്ചു.  അവനപ്പോഴും കണ്ണ് തുറന്നില്ല. എല്ലാം കഴിഞ്ഞില്ലേ ഇനി കണ്ണുതുറന്നിട്ടെന്തിനാ എന്ന മട്ടിൽ പമ്മി കിടന്നു. കാറിൽ പാസ്സഞ്ചർ  സീറ്റിൽ പതിയെ ഇറക്കിവച്ചു. കുറച്ചു ദൂരം ഓടികഴിഞ്ഞു നോക്കുമ്പോഴാണ് അവൻ വിറയ്ക്കുന്നപോലെ തോന്നിയത്. ചെറുതായി മുരളുന്നുമുണ്ട്..പെട്ടെന്നോർത്തു എസി ഓൺ ആണ്. അതുമാറ്റി ചൂടിട്ടു. എപ്പോഴോ ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു; ഇരുത്തിയ അതേ ഇരുപ്പിലിരുന്നുറങ്ങുന്നു. ഇപ്പോൾ വിറയലില്ല.

കാറോടിക്കുമ്പോൾ കോടതിക്ക് പുറത്തു നടന്ന കാര്യങ്ങൾ അറിയാതെ മനസ്സിൽ തികട്ടി. വാദിച്ച പീഡനക്കേസിലെ പ്രതിയെ വെറുതെ വിട്ടത് അപ്രതീക്ഷിതമായിരുന്നില്ല. അതറിയാവുന്നതുകൊണ്ടുതന്നെ നല്ല മൂഡോഫ് ആയിരുന്നു. വിഷാദരോഗം പോലെയെന്തോ സേതുലക്ഷ്മിയെ പിടികൂടിയിരുന്നു. എന്നാലിന്ന് കോടതികഴിഞ്ഞു കാറിനടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ സംഭവിച്ചത്  ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. പുറത്തിറങ്ങി അധികം നടന്നില്ല. നെറ്റിയിലും കഴുത്തിലും അവിടവിടെ സംഘം ചേർന്ന വിയർപ്പു മണികൾ കുഞ്ഞു ചാലുകളായി ഒഴുകാൻ തുടങ്ങിയിരുന്നു. കോടതിമുറിക്കു  പുറത്തെപ്പോഴും അധികപറ്റായി തോന്നിയിരുന്ന കറുത്ത വവ്വാൽ കോട്ടൂരി വലത്ത്  കൈയ്യിൽ തൂക്കി കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു അത്.

നടവഴിയിൽ ചിതറി നീങ്ങുന്ന ചിലരുടെ നോട്ടം മാത്രം മതി… ചെരുപ്പ് കൈയ്യിലെടുത്തുപോവും. സ്ത്രീപക്ഷ വാദിയായി ചാനൽ ചർച്ചകളിൽ ഞെളിഞ്ഞിരുന്നഭിപ്രായം പറയാൻ തുടങ്ങിയാൽ ഈ നോട്ടമൊക്കെ നേരിടേണ്ടിവരുമായിരിക്കും. പെട്ടെന്ന് എവിടുന്നെന്നറിയില്ല. എട്ടു പത്തു പേർ തൊട്ടു മുന്നിലായി പാത മുറിച്ചു കടക്കാനെന്നപോലെ  വരുന്നു. മുന്നിലെത്തി മനഃപൂർവ്വം അവർ ഒന്നു നിന്നു. പിന്നെ ഉച്ചത്തിൽ കൂവിവിളിച്ചു. എന്തൊക്കെയോ അസഭ്യങ്ങളും പറഞ്ഞു കടന്നു പോയി. ഓർക്കാപ്പുറത്തായതിനാലോ എന്തോ, മനസ്സൊന്നു പിടഞ്ഞു… നിയന്ത്രണം വിട്ടു കണ്ണ് നിറഞ്ഞു… ഹൃദയമിടിപ്പ് കൂടി. ഈയിടെ പ്രെഷറിന്റെ പ്രശ്നവുമുണ്ട്. ഡോക്ടർ പറഞ്ഞതോർത്തു. ഒന്ന് രണ്ടു ദീർഘ നിശ്വാസമെടുത്ത  ശേഷം പരിസരം ശ്രദ്ധിക്കാതെ  തലതാഴ്ത്തി കാർ ലക്ഷ്യമാക്കി  നടന്നു. കൂട്ടുകാർ പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നി -വേണ്ടാത്തതിലൊക്കെ കൊണ്ട് തലവെക്കുമെന്ന്. ശരിയാണ്. പക്ഷേ സേതുലക്ഷ്മിക്കു ചിലതിൽ ഇടപെടാതിരിക്കാനാവില്ല.

വീടിന്റെ പൂമുഖത്ത്,  നിലത്തൊരന്യഗൃഹജീവിയായി അല്പസമയം   കിടക്കേണ്ടി വന്നു. പാലും വെള്ളവുമൊലിച്ചിറങ്ങി ഇത്തിരിപ്പോന്ന ദേഹം തണുത്തപ്പോഴാണ് അവൻ കണ്ണ് തുറന്നത്. പിന്നെ ആർത്തിയോടെ കുഞ്ഞു നാവു നീട്ടി അത് നുണഞ്ഞിറക്കാൻ തുടങ്ങി. സേതുലക്ഷ്മി കണ്ണുകളിൽ കൗതുകം നിറച്ച് അവനെ നോക്കിയിരുന്നു.. കുറച്ചു കഴിഞ്ഞ് വീണ്ടും കണ്ണുകളടയാനായപ്പോൾ ഒരു പ്ലാസ്റ്റിക് കൂടു കൊണ്ട് വന്ന് അതിനുള്ളിലേക്ക് തിരുകി കയറ്റി. കൂടെടുത്ത് സ്വന്തം കിടപ്പുമുറിയിൽ നിലത്തു വച്ചശേഷം കട്ടിലിൽ കിടന്നൊന്നു മയങ്ങി.

“അയ്യോടാ ..എന്ത് രസാ ..”

സ്കൂൾ വിട്ടു വന്ന ജാനുവും  മനുവും വിവരമറിഞ്ഞു സംഭവസ്ഥലത്തേക്കു  പാഞ്ഞു. അവർക്കു ആകെ രസമായി.  ആദ്യം മനുവാണ് കൂടിനുള്ളിലേക്കു കൈയിട്ടു അവനെ തൊടാൻ ധൈര്യം കാണിച്ചത്. പിന്നാലെ ജാനുവും. അവൾ കൂടോടെയതിനെ മടിയിലെടുത്തുവച്ചു. അതിനോട് കിന്നരിച്ചു.
അപ്പോഴേക്കും സേതുലക്ഷ്മി എത്തി ഒരു പ്രഖ്യാപനം നടത്തി.

“ങും …വേണ്ടപോലെ കൊഞ്ചിച്ചോ… വേണോങ്കി ഒറങ്ങാതിരുന്നു കൊഞ്ചിച്ചോ. നാളെ ഞാനിതിനെ എവിടെങ്കിലും കൊണ്ട് വിടും…”

സുരക്ഷിതമായി മരച്ചുവട്ടിൽ കൊണ്ട് വെച്ചിട്ട് പോകാമെന്നോർത്തപ്പോഴാണ് പ്രതീക്ഷിക്കാതെ അത് കണ്ടത്. അല്പം ഇരുണ്ട മുതുകിനെ മുറിച്ചൊരു വെള്ളവര. അണ്ണാൻ കുഞ്ഞാണ്. ‘ഭഗവാനെ..’ അറിയാതെ പറഞ്ഞുപോയി. കടുത്ത ശ്രീരാമ ഭക്തയായ സേതുലക്ഷ്മിക്കു ദേവാനുഗ്രഹം നേരിട്ടു വാങ്ങിയ അണ്ണാറക്കണ്ണനെ മരച്ചുവട്ടിലുപേക്ഷിച്ചു പോകാൻ മനസ്സുവന്നില്ല… എന്തുചെയ്യും? നിമിഷങ്ങൾക്കകം പോംവഴി തെളിഞ്ഞു. വീട്ടിൽ കൊണ്ടുപോകാം. ഇത്തിരി പാലൊക്കെ കൊടുത്ത് ഉഷാറാക്കി ഒന്നു രണ്ടു ദിവസത്തിനുള്ളിൽ എവിടെയെങ്കിലും കൊണ്ടുപോയി വിടാം. കുട്ടികൾക്കും കൂടി സന്തോഷമായിക്കോട്ടെ.

കുട്ടികള് ഞെട്ടിപ്പോയി.. ഓമനിച്ചു കൊതിതീർന്നില്ല..

“അമ്മേ.. നമുക്കിതിനെ വളർത്താം -കളയണ്ടമ്മേ” ജാനു കെഞ്ചി.

“പോ പെണ്ണെ എനിക്കതിനു നേരമൊന്നുമില്ല”

“അമ്മാ.. വേണ്ടമ്മാ കളയണ്ടമ്മാ..”

അങ്ങനെ വിട്ടുകൊടുക്കാൻ അവൾ തയാറായിരുന്നില്ല. തീരുമാനം അനുകൂലമാക്കിയെടുക്കാൻ മനുവിന്റെ സഹായം തേടി. സേതുലക്ഷ്മി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

ജാനു തന്നെ രാത്രി ഒരു കിണ്ണത്തിൽ പാല് കൊണ്ടുവന്ന് തുറന്നുവെച്ച പ്ലാസ്റ്റിക് കൂടിനു മുന്നിലൊഴിച്ചു.. പതിയെ അവൻ ഊർന്നിറങ്ങി പാൽ നുണയാൻ തുടങ്ങി. അതു കാണാൻ മനുവിനെ വിളിച്ചു. കുറേനേരം നോക്കിയിരുന്നശേഷം അവർ കട്ടിലിൽ കയറിക്കിടന്നുറക്കമായി. അല്പസമയം കഴിഞ്ഞു സേതുലക്ഷ്മിയും ലൈറ്റ് അണച്ചു കുട്ടികൾക്കരികിലായി കിടന്നു. ലൈറ്റ് അണയ്ക്കുന്നതിനു മുമ്പായി ഒരു കരുതലെന്നോണം അണ്ണാൻ കുഞ്ഞിനെയൊന്നു നോക്കിയിരുന്നു… അവൻ മുറിയുടെ ഒരു മൂലയിൽ ചുമര് ചേർന്നിരിക്കുകയായിരുന്നു. കണ്ണും പൂട്ടി.

പല രാത്രികളെപ്പോലെ അന്നും അവർക്കുറങ്ങാൻ കഴിഞ്ഞില്ല. കോടതി വളപ്പിൽ നേരിടേണ്ടി വന്ന അപമാനത്തിൽ തുടങ്ങിയ ചിന്തകൾ പരസ്പരപരിചയമില്ലാത്തവരായി മനസ്സിൽ തലങ്ങും വിലങ്ങുംഓടി നടന്നു. അവർ തന്നിൽ കാണുന്ന തെറ്റെന്താണ്…? ചാനൽ  ചർച്ചകളിൽ ഇരയെ അനുകൂലിച്ചു സംസാരിച്ചതോ? അന്വേഷണം വെച്ചു താമസിപ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതോ? പ്രസംഗിച്ചതോ? ആർക്കൊക്കെയോ ഉറക്കംകെടുന്നുണ്ട്. ചിലരെ രക്ഷപ്പെടാൻ സഹായിച്ചാൽ കിട്ടിയേക്കാവുന്ന നേട്ടങ്ങൾ -പണമായും സ്ഥാനമായും. ഒന്നും ഏൽക്കാതെ വന്നപ്പോൾ പിന്നെ ഭീഷണിയായി. കോടതിയിലും പുറത്തും പരസ്യമായ അവഹേളനങ്ങൾ വെല്ലുവിളികൾ. താനും കുട്ടികളും ബാക്കിയുണ്ടാവില്ലത്രേ.

പിറ്റേന്ന് വൈകുന്നേരം സേതുലക്ഷ്മി വീട്ടിലെത്തിയത് കുട്ടികൾക്കൊരത്ഭുതവും കൈയ്യിൽ തൂക്കിപ്പിടിച്ചായിരുന്നു. ചൂരലിൽ തീർത്ത ഒരു കൂട്. കണ്ടതും ജാനു അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. അമ്മേടെ മനസ്സ് മാറിയിരിക്കുന്നു. കണ്ടാൽ കൗതുകം തോന്നുന്ന ഒരെണ്ണം. ചെണ്ടപോലിരിക്കും. രണ്ടറ്റത്തും ചൂരൽ വളയങ്ങൾ. ഒരറ്റം മുഴുവൻ അടച്ചതും മറ്റേയറ്റം ഒരു കുഞ്ഞുവാതിൽ പിടിപ്പിച്ചതും. വളയങ്ങൾക്കു  കുറുകെ കനം  കുറഞ്ഞ ചൂരൽ വടികൾ പരസ്പരം അധികം അകലമില്ലാത്ത രീതിയിൽ പിടിപ്പിച്ചിരുന്നു. ചൂരൽ വടികളിൽ  പിടിച്ചു നടക്കുമ്പോൾ ഉരുളുന്ന കൂട്. പക്ഷെ കുറെ കഴിഞ്ഞേ അവനതിനൊക്കെ  പറ്റൂ. ജാനു ഭാവനയിൽ കണ്ടു എല്ലാം. മൂവരും  ചേർന്ന് കൂടൊരുക്കി അവനെ അതിനുള്ളിലാക്കി പൂജാ മുറിയിൽ കൊണ്ടുപോയി ശ്രീരാമ ഭഗവാന്റെ ചിത്രത്തിനടുത്തായി വച്ചു. എല്ലാം അവിടുന്ന് തന്നെ തുടങ്ങട്ടെ.

അർക്കജൻ തുലാത്തിലും ഭാർഗവൻ മീനത്തിലും
വക്രനുമുച്ചസ്ഥനായ് മകരം രാശി തന്നിൽ
നിൽക്കുമ്പോളവതരിച്ചീടിനാൽ ജഗന്നാഥൻ…

രാമായണം വായനക്കിടയിൽ ജാനു പൊട്ടിച്ചു.
“ഞാനിവനെ രാമൻ എന്ന് വിളിക്കാൻ പോവ്വാ” എന്നിട്ട് മനുവിനെ നോക്കി ഒന്നു  കണ്ണിറുക്കി. അമ്മയെന്തു പറയും എന്നറിയാൻ കാത്തിരുന്നു.
സേതുലക്ഷ്മി സമ്മതഭാവത്തിൽ മോളെ ഒന്ന് തിരിഞ്ഞു നോക്കി വായന തുടർന്നു.

വിരലെണ്ണത്തിലൊതുങ്ങുന്ന കൂട്ടുകാരൊഴിച്ചാൽ താനെന്നും ഒറ്റയ്ക്കാണ്.. ന്യൂസും വച്ച് വെറുതെ ടിവിക്കു മുന്നിലിരുന്നപ്പോൾ ചിന്തകൾ നിയന്ത്രണം വിട്ടു സ്വന്തം ഭൂതകാലത്തിലേക്ക്  വീണു. ബന്ധുക്കളെന്നേ കളഞ്ഞു. ചെറുപ്പത്തിലേ കുട്ടികളുമൊത്തു തറവാട്ടിലേക്കു തിരിച്ചു വന്നപ്പോഴേ കുടുംബത്തിലെ ധിക്കാരിയെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

“അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലേ ഇങ്ങനെയിരിക്കും… ഇവക്കെന്താ കൊമ്പുണ്ടോ.. നാലാളെപ്പോലെ ജീവിച്ചാലെന്താ.. വെച്ചനത്തട്ടെ”

അന്നതൊന്നും വിഷയമാക്കിയിരുന്നില്ല. ശരിയെന്നു തോന്നുന്നിടത്തു നില്ക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നിട്ടില്ല. കുടുംബത്തുന്നു മാറി കുട്ടികളുമൊത്തു തനിയെ ഒരു വീട്ടിൽ ജീവിക്കാൻ തീരുമാനിക്കുമ്പോഴും ആത്മവിശ്വാസവും ധൈര്യവും കൂട്ടുണ്ടായിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും വിലക്കുകളും അത് കേൾക്കാതെ വന്നപ്പോൾ നേരിട്ട പീഡനങ്ങളും ഒറ്റപ്പെടുത്തലുകളുമൊന്നും തന്നെ അത്രയ്ക്ക് ബാധിച്ചിരുന്നില്ല.

പക്ഷേ ഈയിടെയായി വല്ലാതെ ദുർബലയാവുന്നപോലെ. ഒന്നും പഴയപോലെ താങ്ങാനാവുന്നില്ല. ഉറക്കം നഷ്ട്ടപ്പെടുന്ന രാത്രികളിൽ വെറുതെ എണീറ്റ് നടക്കും -“സ്ട്രെസ്ഫുൾ” എന്ന് ഇടയ്ക്കിടെ ആരോടെന്നില്ലാതെ പറയുന്നുണ്ടാവും. പെട്ടെന്ന് ദേഷ്യവും സങ്കടവും ഒക്കെ വന്നു കേറും. ഡോക്ടർ തരുന്ന മരുന്ന് പിടിച്ചുനിൽക്കാൻ കുറെയൊക്കെ സഹായിക്കുന്നുണ്ട്.

പിന്നീടുള്ള ദിവസങ്ങളിൽ രാമനും കൂടും കുട്ടികൾക്കൊപ്പം വീടിനകത്തും പറമ്പിലും പലയിടങ്ങളിലുമായി അലഞ്ഞു നടന്നു, രാത്രി കിടപ്പു മുറിയിൽ എത്തുന്നത് വരെ.
ബാലലീലകൾക്ക് പകരം ബാലാരിഷ്ടതകളായിരുന്നു രാമന് ആദ്യ ദിവസങ്ങൾ. കൂടുതൽ സമയവും ചുമ്മാതങ്ങിനെ കിടക്കും. കൂടു തുറന്നു വെച്ചാലും പുറത്തിറങ്ങില്ല.. ഇടയ്ക്കൊന്നു ഞരങ്ങും. ചിലപ്പോൾ വിറയൽ. തൊട്ടാൽ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി ഉരുട്ടും.

വീട്ടുജോലിക്കു വരുന്ന വല്യമ്മയുടെ ഉപദേശപ്രകാരമായിരുന്നു പാലിൽ അല്പം ബോൺവിറ്റ കൂടി ചേർക്കാൻ തുടങ്ങിയത്. പിന്നെ റാണി വക്കീലിന്റെ ബുദ്ധിയായിരുന്നു അയൺ ഡ്രോപ്‌സും കാൽസ്യം ഡ്രോപ്‌സും. അത്ഭുതമെന്നു പറയട്ടെ ഏതാനും ആഴ്ചകൾ കഴിഞ്ഞതും, അവന്റെ കുഞ്ഞി ദേഹവും കൈകാലുകളും ഒക്കെ രോമാവൃതമാവാൻ തുടങ്ങി. തലയിൽ രോമത്തൊപ്പി വച്ചപോലെ..വെള്ളിനൂൽ മീശയും വാശിയിൽ വളരാൻ തുടങ്ങി. ആദ്യം കണ്ട മുതുകത്തെ വെള്ളവരക്കിരുവശത്തുമായി അത്ര കനമില്ലാതെ വേറെ രണ്ടു വരകൾ കൂടി തെളിയാൻ തുടങ്ങി. അവന്റെ നോട്ടത്തിൽ വല്ലാത്ത സൂക്ഷ്മത സേതുലക്ഷ്മി ശ്രദ്ധിച്ചു. കൂടിനു പുറത്തു വിട്ടാൽ മുറിയിൽ അളന്നു ചിട്ടപ്പെടുത്തിയ പോലെ കൃത്യമായ ചെറു ചാട്ടങ്ങളിലൂടെ, മുറിയുടെ അതിരുകൾ ഭേദിക്കാതെ അവൻ ഓടി നടന്നു. ചാട്ടങ്ങൾക്കിടയ്ക്ക് ഇരുകാലുകളിലുയർന്നു കൈകൾ നെഞ്ചോട് ചേർത്ത് ചെവികൾ കൂർപ്പിച്ചവൻ ധ്യാനത്തിലെന്നപോലെ നിന്നു. ഇടയ്ക്കു മനു ഇടത്തെ കൈകൊണ്ടു കോരിയെടുത്തു വിരലുകൾ ചൂരൽ കൂടാക്കി വലതു കൈവിരലുകൾ കൊണ്ടവനെ തലോടി. ചിലപ്പോഴൊക്കെ ചുമലിൽ വച്ച് മുറിയിൽ നടന്നു.

വൈകുന്നേരത്തെ പ്രാർത്ഥനാസമയത്തു രാമൻ അവരോടൊപ്പം ഉണ്ടാവും. ആദ്യമൊക്കെ നിശബ്ദനായിരുന്ന രാമൻ ആഴ്ചകൾ കഴിഞ്ഞപ്പോൾ ചിലു ചിലെ ചിലച്ചു തുടങ്ങി, പ്രാർഥനാസമയത്തു പോലും. പ്രാർത്ഥന ഇടയ്ക്കു നിറുത്തി ജാനു പറയും –

“എടാ മിണ്ടാതിരിയെടാ ..ചെലക്കാതെ ..”

കുഞ്ഞിചെവികൾ കൂർപ്പിച്ചു തലവെട്ടിച്ചു നോക്കും ജാനുവിനെ.. ഒന്നമർത്തി മുരണ്ടശേഷം കുറച്ചുനേരം മിണ്ടാതിരിക്കും.. പിന്നേം ചിലച്ചുതുടങ്ങും ചിലപ്പോ നിവൃത്തിയില്ലാതെ വരുമ്പോ അഡ്വക്കേറ്റ് ഇടപെടും. ദേഷ്യത്തിൽ എല്ലാപേരോടുമായി പറയും..

“ഇതിനെ എവിടെങ്കിലും കൊണ്ട് കളയും ഞാൻ… മനുഷ്യന് ചെവി തല കേക്കണ്ട…”

പെട്ടെന്ന് ജാനു തിരിഞ്ഞു രാമനെ നോക്കി ചൂണ്ടുവിരൽ ചുണ്ടിനു മേൽ വച്ച് “ശ് ശ്…” എന്നൊരു ശബ്ദമുണ്ടാക്കി മൂകമായി ശാസിക്കും. രാമൻ തലവെട്ടിച്ചു മുന്നിലൊരു ത്രികോണം സൃഷ്ട്ടിച്ചു തൽക്കാലത്തേക്ക് നിശ്ശബനാവും.

സീതാകല്യാണം പാരായണം ചെയ്തന്നു രാത്രി ജാനുവിന്റെ കുഞ്ഞു മനസ്സിൽ മറ്റൊരു വിവാഹ സ്വപ്‌നം നിറഞ്ഞു. പറമ്പിലെ ചായ്പ് മിഥിലാപുരിയാവുന്നു. മുത്തുമാലകളും പുഷ്പ്പഫലങ്ങളും കൊണ്ടലങ്കരിച്ച രത്‌നം പതിച്ച മണ്ഡപത്തിനുള്ളിലെ സ്വർണ്ണപീഠത്തിൽ രാമൻ. തൊട്ടടുത്ത് ഒട്ടുമേ പരിചയമില്ലാത്തൊരു സീത നമ്രമുഖിയായിയിരിക്കുന്നു. പിന്നെ കണ്ടത് ദുന്ദുഭിഘോഷത്തിൽ ഹോമകുണ്ഡത്തിനു വലംവെയ്ക്കുന്ന രാമനും സീതയും. രാമൻ ഇരുകാലുകളിൽ ഉയർന്നു കൈകൾ നെഞ്ചോട് ചേർത്തു നടക്കുന്നു. പിന്നാലെ അനുസരണയോടെ സീതയും.

ഒരു വഴിത്തിരിവിന്റെ രാത്രിയായിരുന്നു അത്, വെളിപാടിന്റെയും. അന്നുരാത്രിയാണ് ശ്രീരാമനെന്ന രാജാവിനെ, ഭർത്താവിനെ, പുത്രനെ, സഹോദരന, അച്ഛനെ -കുറച്ചെങ്കിലും അറിഞ്ഞത്. അറിഞ്ഞതിൽ കൂടുതൽ അറിയണമെന്ന് തോന്നിയത്. താൻ കേട്ട വാക്കുകളിൽ ദൈവിക പരിവേഷമേ ഇല്ലായിരുന്നു. പച്ച മനുഷ്യന്റെ വാക്കുകൾ, മര്യാദപുരുഷോത്തമനല്ലാത്തവന്റെ വാക്കുകൾ.. അതൊരവബോധമായി തന്നിൽ നിറച്ചത് രാമൻ തന്നെയെന്നവർ വിശ്വസിച്ചു.

കിടക്കാൻനേരം ആദ്യമൊക്കെ രാമന്റെ ഒച്ച ശല്യമായി തോന്നിയിരുന്നു സേതുലക്ഷ്മിക്ക്, കുട്ടികൾക്കതൊരു പ്രശ്നമായിരുന്നില്ലെങ്കിലും. പൊതുവെ ഈയിടെയായി ഉറക്കം കുറവാണ്.. അതിന്റെ കൂടെ ഇതും കൂടിയയാലെങ്ങനെ?

പക്ഷേ പിന്നെയും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അതൊരു ശീലമായിട്ടോ എന്തോ.. രാമന്റെ ഒച്ച അവർക്കൊരു പ്രശ്‌നമല്ലാതായി. മാത്രമല്ല, മുൻപൊക്കെ ചിതറിയ  ചിന്തകൾ അസ്വസ്ഥമാക്കിയിരുന്ന മനസ്സ് രാമന്റെ ശബ്ദസാന്നിധ്യത്തിൽ ഏകാഗ്രമാവുന്നു. ആ ശബ്ദത്തിൽ ശ്രദ്ധിക്കുമ്പോൾ മറ്റു ചിന്തകൾ വന്നുകേറാതെ മനസ്സ്  ശൂന്യമാവുന്നു. മനസ്സില്ലാതെയാവുന്നു.. മനസ്സില്ലെങ്കിൽ ചിന്തയില്ലല്ലോ.

മിക്കവാറും രാത്രി അറിയാതെ തന്നെ ഉറക്കത്തിലേക്കു വഴുതിവീഴുന്നു. ദിവസങ്ങൾക്കു കൂടുതൽ വ്യക്തത. തീരുമാനങ്ങളിൽ ദൃഢത. ചിലപ്പോഴെങ്കിലും സേതുലക്ഷ്മി ആലോചിക്കും.. എന്താണ് സംഭവിക്കുന്നത്..ഈശ്വരവിശ്വാസിയാണെങ്കിലും അന്ധവിശാസങ്ങൾ തന്നെ സ്വാധീനിച്ചിട്ടേയില്ല… ഹേയ് ഇതെങ്ങനെ?

അന്ധവിശ്വാസമാവും. തന്റെ സ്വകാര്യ അനുഭവമാണിത്. കേവല ധ്യാനത്തിനൊക്കെ അപ്പുറമാണത്. ഇവിടെ കേൾക്കലും പറയലുമുണ്ട്.. കൊടുക്കലും വാങ്ങലുമുണ്ട്.. പറഞ്ഞു തുടങ്ങുമ്പോഴേ കേട്ടുകഴിഞ്ഞപോലെ മറുപടി.. എല്ലാം നേരത്ത അറിയുന്നപോലെ.. ഉള്ളിലെ ആശങ്കകൾക്ക്, ചോദ്യങ്ങൾക്ക് മറുപടി അവബോധമായി നിറയുന്നു.

സീതാപരിത്യാഗം ജാനുവിനെ നോവിച്ചിരുന്നു.

“അമ്മാ.. ശ്രീരാമ ഭഗവാനെന്താ ദേവിയെ കാട്ടിൽ ഉപേക്ഷിച്ചേ..? ഇഷ്ടമില്ലേ? അമ്മയെ അച്ഛൻ അമ്മേടെ വീട്ടിൽ കൊണ്ടുവിട്ടപോലെ ദേവീടെ വീട്ടിൽ കൊണ്ടു വിട്ടാൽ പോരായിരുന്നോ? പാവം…”

അത്താഴസമയത്തായിരുന്നു ജാനുവിന്റെ കമന്റ്.

“പെണ്ണേ.. കൊച്ചു വായിലെ വല്യ ചോദ്യമൊന്നും വേണ്ട. മിണ്ടാതിരിക്കവിടെ..”

അപ്പോഴങ്ങനെ പറഞ്ഞെങ്കിലും ഏതു പെൺകുട്ടിയും ചെറുതിലെ രാമകഥ കേട്ട് ചോദിക്കാവുന്ന ചോദ്യം. പലരും ചോദിച്ച ചോദ്യം. വലുതായാൽ ചോദിക്കാത്ത ചോദ്യം.

ഒരു വഴിത്തിരിവിന്റെ രാത്രിയായിരുന്നു അത്, വെളിപാടിന്റെയും. അന്നുരാത്രിയാണ് ശ്രീരാമനെന്ന രാജാവിനെ, ഭർത്താവിനെ, പുത്രനെ, സഹോദരന, അച്ഛനെ -കുറച്ചെങ്കിലും അറിഞ്ഞത്. അറിഞ്ഞതിൽ കൂടുതൽ അറിയണമെന്ന് തോന്നിയത്. താൻ കേട്ട വാക്കുകളിൽ ദൈവിക പരിവേഷമേ ഇല്ലായിരുന്നു. പച്ച മനുഷ്യന്റെ വാക്കുകൾ, മര്യാദപുരുഷോത്തമനല്ലാത്തവന്റെ വാക്കുകൾ.. അതൊരവബോധമായി തന്നിൽ നിറച്ചത് രാമൻ തന്നെയെന്നവർ വിശ്വസിച്ചു. പുതിയകാലത്തു  നിന്നുകൊണ്ട് വായിച്ചറിഞ്ഞ കേട്ടറിഞ്ഞ എന്തിനെയും ചോദ്യം ചെയ്യാൻ  ആർക്കും അവകാശമുണ്ട്. പലതും പറഞ്ഞുവച്ചിട്ടവസാനിപ്പിച്ചതിങ്ങനെ..  എന്നെ മനുഷ്യനായി മനസ്സിലാക്കു.. എന്നിൽ  നീ  കാണുന്ന ശരി അനുകരിക്കു . മറ്റു ചിലത് അനുകരിക്കാതിരിക്കു.. എനിക്കൊരു പരിവേഷവുമില്ല. വേണ്ട.. ഗർഭിണിയായ പ്രിയ സീതയെ പുരജനവാസികളുടെ പഴിയുടെ പേരിൽ മാത്രം കാട്ടിലുപേക്ഷിച്ച  ഞാനും പുതിയ കാലത്തിൽ സ്ത്രീ പീഡകനായേക്കാം. ആണെന്നുതന്നെയിരിക്കട്ടെ. നിന്റെ വഴികൾ ശരിയാണ്..ധർമ്മമാണ്. ആട്ടിൻകുട്ടിക്കും ചെന്നായ്ക്കും ഒരേ സമയം നീതി കൊടുക്കാൻ ഏതു നീതിവ്യവസ്ഥക്ക് കഴിയും? ഏതു മനസ്സിന് കഴിയും? നീ നിന്റെ നീതിയുടെ വഴിയിൽ മുന്നോട്ടു പോവുക. അവിടെ ജയപരാജയങ്ങളില്ല. കർമം മാത്രം.

സേതുലക്ഷ്മിയുടെ ദിവസങ്ങൾ സംഭവബഹുലമായി തന്നെ മുന്നോട്ടുപോയി. പുതിയ കർമബോധം അവർക്കു ധൈര്യം പകർന്നു. അത് മാർഗ്ഗദീപമാവുന്നു. കേസ് പരാജയപ്പെട്ടപ്പോൾ ഇനിയൊന്നിലും തല്ക്കാലം തലയിടുന്നില്ല എന്നുറപ്പിച്ചു സേതുലക്ഷ്മി ഇപ്പോൾ തനിക്കു ന്യായമെന്ന് തോന്നുന്ന കാര്യങ്ങളിൽ ശക്തമായി ഇടപെടുന്നു.

രാമനിപ്പോൾ വീട്ടിലും പറമ്പിലും ഇഷ്ടം പോലെ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്.. പക്ഷേ ജാനുവിന്റെയോ മനുവിന്റെയോ മേൽനോട്ടം ഉണ്ടാവുമെന്ന് മാത്രം.. അവധി ദിവസങ്ങളിൽ പറമ്പിൽ  ഒത്തിരി നേരം ഓടി നടക്കാം… മരം  കേറാം.. പറമ്പിൽ  വീണ കുഞ്ഞു പഴങ്ങൾ കൈകളിലെടുത്ത് ഇരുകാലിൽ  നിന്ന് ആർത്തിയോടെ കരണ്ടിറക്കാം.. വേണമെങ്കിൽ വീടിന്റെ ചുറ്റുമതിലിലൂടെ ഓടിനടക്കാം. എന്നാൽ അതുമാത്രം അവൻ ചെയ്‌തിട്ടില്ല ഇതുവരെ. മതിലിനപ്പുറം ഏതണ്ണാനെയും മോഹിപ്പിക്കുന്ന കുറ്റിക്കാടനെന്നവനറിയാഞ്ഞിട്ടാണോ?

കുറെ ദിവസങ്ങളായി രാമൻ രാത്രിയധികം ശബ്ദമുണ്ടാക്കാറില്ല… പതുക്കെയവൻ മൗനത്തിന്റെ വാല്മീകത്തിനുള്ളിലൊതുങ്ങി. ഒരു പക്ഷേ, അവർക്കിടയിൽ പറയാനും കേൾക്കാനും ഇനിയൊന്നും ബാക്കിയില്ല എന്നതാവും. അല്ലെങ്കിൽ തന്റെ വരവിന്റെ ഉദ്ദേശം സാധ്യമായി എന്ന രാമന്റെ ബോധ്യമാവാം.

ഒരു ശനിയാഴ്ച.

പകൽ ട്യൂഷനൊക്കെ കഴിഞ്ഞു വന്നു.   ഊണ് കഴിച്ചു കുറെക്കിടന്നുറങ്ങി, ജാനുവും മനുവും.  ഒരു നാല് മണിയായിക്കാണും. മനു എണീറ്റു. ആരോ പറഞ്ഞിട്ടെന്നപോലെ നേരെ രാമന്റെ കൂട്ടിനു മുന്നിലെത്തി.അവനെ രണ്ടു കൈയും ചേർത്തു  കോരിയെടുത്തു പുറത്തേക്കു പോയി. സാധാരണ നിലത്തു വിട്ടാലും അധികം ദൂരെയവൻ പോകാറില്ല. അന്ന് വല്ലാത്ത ഉത്സാഹത്തോടെ പറമ്പിലൊക്കെ ഓടി നടന്നു.. കണ്ട മരത്തിലെല്ലാം കേറിയിറങ്ങി. ഇടയ്ക്കു അതുവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തു.. ചുറ്റുമതിലേക്കു വീണു കിടന്ന ചില്ലയിലൂടെ അവൻ മതിലിലേക്കിറങ്ങി.. കുറെ മതിലിലൂടെ നടന്നും ഓടിയും കഴിഞ്ഞു തിരിച്ചു വന്നു. അതെ ചില്ലയിലേക്കു തന്നെ തിരികെ കയറി. ഒന്നല്ല രണ്ടു പ്രാവശ്യം. രണ്ടാമത്തെ പ്രാവശ്യം ചില്ലയിൽ കയറിയതും മനു അവനടുത്തേക്കോടി.. തിരികെ എടുക്കാൻ… എന്തിനു പറയുന്നു.. അടുത്തെത്തുന്നതിനു മുൻപേ അവൻ നേരെ ചില്ലയിൽ നിന്നും ഒറ്റച്ചാട്ടം.. മതിലിനപ്പുറത്തെ കുറ്റിക്കാട്ടിലേക്ക്…. മനു ഓടിയെത്തി  മതിലിനു മുകളിലൂടെ അപ്പുറത്തേക്ക് എത്തിനോക്കി. അപ്പോഴേക്കും അവൻ കാടിനുള്ളിൽ മറഞ്ഞിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. പിന്നെ നിലവിളിച്ചുകൊണ്ടവൻ വീട്ടിലേക്കോടി.

കുട്ടികളെ സമാധാനിപ്പിക്കാനായി മാത്രമാണ് അയൽപക്കത്തെ  സുദേവനെ വിളിച്ചുവരുത്തിയത്. കാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും രാമനെ കിട്ടിയില്ല. ജാനുവും മനുവും ഏങ്ങലടിച്ചു കരഞ്ഞു. ഇടയ്ക്കു മനുവിനെ അവൾ ദേഷ്യത്തിലെന്തൊക്കെയോ പറഞ്ഞു. രണ്ടുപേരും അന്ന് രാത്രി അത്താഴം പോലും കഴിക്കാതെ കിടന്നു.

സേതുലക്ഷ്മിക്കാവട്ടെ ഒരു നിസ്സംഗത മാത്രമായിരുന്നു. സംഭവിക്കേണ്ടതു ഇത് തന്നെയാണ് എന്നവർ വിശ്വസിച്ചു. നിയോഗം നിറവേറ്റിയ രാമന് തുടരേണ്ടതുണ്ട് എന്നവരറിഞ്ഞു. അന്നു  രാത്രി, കഴിഞ്ഞ കുറെ രാത്രികൾ കേൾക്കാതിരുന്ന രാമവാണി അവർ വീണ്ടും കേട്ടു. നിയതമായ കർമ്മപഥത്തിലൂടെയുള്ള അയനമാണ് ജീവിതം. അത് തിരിച്ചറിയുന്നത് വരേയുള്ളൂ വെല്ലുവിളികൾ..

കർമബോധം -അതുണ്ടായിക്കഴിഞ്ഞാൽ  പിന്നെ നഷ്ടബോധമില്ല ദുഖങ്ങളില്ല. സ്നേഹം മാത്രം കാരുണ്യം മാത്രം. പതിവുപോലെ ഒടുവിൽ നിദ്രയിലേക്ക് അനായാസം വീഴുമ്പോൾ മനസ്സിൽ മുഴങ്ങുന്ന ശാന്തി മന്ത്രം.

നമസ്തേ രാമ രാമ! നമസ്തേ സീതാപതേ
നമസ്തേ രഘുപതേ രാവണാന്തക ഹരേ
നമസ്തേ നാരായണ നമസ്തേ ലക്ഷ്മീ പതേ
നമസ്തേ ഭുവനൈനായക കൃപാനിധേ…

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Anilal Sreenivasan
Anilal Sreenivasan
തിരുവനന്തപുരത്തെ നെയ്യാറ്റിൻകര സ്വദേശിയായ അനിലാൽ ശ്രീനിവാസൻ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ഇലട്രോണിക്‌സ് എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം നേടിയശേഷം മുംബൈയിൽ എൻജിനീയറിങ് കോളേജ് പ്രൊഫസറായും പിന്നീട് ടാറ്റാ കൺസൾട്ടിങ് സർവീസസിൽ കൺസൾട്ടന്റ് ആയും ജോലി ചെയ്തു. 1997ൽ ഷിക്കാഗോയിൽ കുടിയേറി. ഇപ്പോൾ നോക്കിയയിൽ 5G മൊബൈൽ ടെക്നോളോജി വിഭാഗത്തിൽ ജോലി ചെയ്യുന്നു . അമേരിക്കയിൽ നിന്ന് എം.ബി.എ. ബിരുദം നേടിയിട്ടുണ്ട്.
കഥ, യാത്രാകുറിപ്പുകൾ, അനുഭവം, ലേഖനം എന്നീ വിഭാഗങ്ങളിൽ ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്ലാക്ക് ആദ്യ കഥാ സമാഹാരം. മാതൃഭൂമി യാത്രയിൽ തെക്കേ അമേരിക്കൻ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പോർട്ടൽ ആയ e-മലയാളിയിൽ 'ലാലെൻസ്' എന്ന പേരിൽ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പംക്തിയും കൈകാര്യം ചെയ്തു.
മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ രംഗത്ത് അക്കാദമിക വിദ്യാഭാസം നേടിയിട്ടുള്ള അനിലാൽ ദ ടെസ്റ്റ്മെന്റ്, സമയരഥം പിന്നോട്ട് എന്നീ ഡോക്യുമെന്ററികൾ നിർമിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ മനസ്സറിയാതെ എന്ന മിനിസിനിമയും എഴുതി സംവിധാനം ചെയ്തു. കൈരളി ടിവി യുഎസ്എയിൽ ആദ്യ ന്യൂസ് റീഡർ -എഡിറ്റർ.
ടോസ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ നേപ്പർവിൽ നോക്കിയ കോർപ്പറേറ്റ് ചാപ്റ്റർ പ്രസിഡന്റ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (LANA) വൈസ് പ്രഡിഡന്റ്, ഷിക്കാഗോ സാഹിത്യ വേദി കോ-ഓർഡിനേറ്റർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സാഹിത്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിൽ സജീവം. ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പം ഷിക്കാഗോയിൽ സ്ഥിര താമസം.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: