രാവിന്‍ മാറില്‍ ചാഞ്ഞുറങ്ങും നേരം
മഴയായി നീ പെയ്തിറങ്ങിയ നാള്‍
പാതിമയക്കത്തില്‍ നിന്‍
മൃദുസ്പര്‍ശനമറിഞ്ഞു ഞാന്‍.

പാതിയടഞ്ഞോരെന്‍ മിഴികളിലൂടെ
നിന്നെ ഞാനറിഞ്ഞ നേരം
മണ്ണിനോടലിഞ്ഞ നിന്‍ പൂമണം
വീണ്ടും തേടി നടപ്പൂ ഞാന്‍.

നറുപുഷ്പമായി പൂമാരിയായി
തേന്‍ നിലാവായി നീ പെയ്തിടുമ്പോള്‍
തണലായി നിന്‍ നിഴലായി
പിന്തുടരാന്‍ കൊതിപ്പൂ ഞാന്‍.

മഴ തോര്‍ന്നീടുന്നൊരു നേരം
ഏകാകിയായി നടന്നകലും മാത്രയില്‍
എന്നിലെ നിഴലിതാ തിരയുന്നു
നീ ബാക്കിവെച്ചോരാ സാന്നിദ്ധ്യം.

ഇന്നുമീ വൈകിയ വേളയില്‍
കത്തും കനലിന്നോടെന്ന പോലെ
നിന്‍ നിഴലിനോടടുക്കൊന്നൊരാ
ശുഭദിനം സ്മരിപ്പൂ ഞാന്‍!

Vaishnavi Maliekkal
Latest posts by Vaishnavi Maliekkal (see all)

COMMENT