കടുത്ത ദേഷ്യത്തോടെയല്ലാതെ ആരെയും, ഒന്നിനെയുംകുറിച്ച് ചിന്തിക്കാനാവുന്നില്ല. എവിടെനിന്നാണ് ഈ ദേഷ്യം എന്റെയുള്ളിൽ കടന്നുകൂടിയതെന്നെനിക്കറിയില്ല. ഒരുകാര്യം മാത്രം വ്യക്തമാണ്, ഇതെന്റെ സൃഷ്ടിയല്ല. ഞാനെന്ന വ്യക്തി ഒരുപക്ഷേ ഈ ക്രോധം എന്റെ ശരീരത്തിനു നൽകുന്ന അസാധാരണമായ ഊർജ്ജത്തെ ഇഷ്ടപ്പെടുന്നുണ്ടാവാം. എന്നാൽ, ഈ അവസ്ഥ എന്നെയാക്കിത്തീർക്കുന്ന മരവിച്ച മനുഷ്യനെ ഞാൻ അത്യധികം വെറുക്കുന്നു.
വെറുപ്പ് എന്നോടുമാത്രമല്ല, ഞാൻ കണ്ടിട്ടുള്ള, ഇപ്പോൾ കാണുന്ന, ഇനി കാണുവാനിരിക്കുന്ന സകലകാഴ്ചകളിലേക്കും ഒരു പൂപ്പൽബാധപോലെ അത് പടർന്നുപിടിക്കുകയാണ്.
വെറുപ്പിന്റെ ആദ്യ ഓഹരി മതത്തിനാണ് -അവർ പറയുന്നതുമാത്രമാണ് സത്യമെന്നു പറഞ്ഞ് എന്റെ ബാല്യത്തെ വഞ്ചിച്ചതിന്. രണ്ടാമത്തേത് കുടുംബത്തിന് -പ്രകൃതിയെനിക്ക് അവകാശമായിത്തന്ന സ്വാതന്ത്ര്യത്തെ എന്നിൽ നിന്നു മറച്ചുവെച്ചതിന്. മൂന്നാമത്തേത് ഞാൻ ജീവിക്കുന്ന വ്യവസ്ഥയ്ക്ക് -ഇന്നും, ഇത്രയുമാഴത്തിൽ ഞാനതിലേക്കിറങ്ങിയിട്ടും, അതിന്റെ തനിനിറം എനിക്കു കാണിച്ചുതരാത്തതിന്.
വെറുപ്പിന്റെ ആദ്യ ഓഹരി മതത്തിനാണ്, രണ്ടാമത്തേത് കുടുംബത്തിന്, മൂന്നാമത്തേത് ഞാൻ ജീവിക്കുന്ന വ്യവസ്ഥയ്ക്ക്.
ഇല്ല, ഒരടിപോലും മുന്നോട്ടുപോകുവാനെനിക്കാവുന്നില്ല, നീണ്ട യാത്രപോകുന്ന പരശുറാം എക്സ്പ്രസ്സിലിരിക്കുമ്പോഴും. ഏതോ നിഗൂഢതയിൽ സ്ഥിതിചെയ്യുന്ന അജ്ഞാതതടവറയ്ക്കുള്ളിൽ, കാൽമുട്ടുകൾക്കിടയിൽ തലയും തിരുകിയിരിക്കുകയാണ് ഞാൻ. കാണുന്നില്ലേ, പരശുറാം എന്ന പേരുപോലും വലിയൊരു നുണയുടെ വലയ്ക്കുള്ളിൽ ഇതിലെ ആയിരക്കണക്കിന് യാത്രക്കാരെ പെടുത്തിയിരിക്കുകയാണ്. എനിക്കിതിൽനിന്ന് രക്ഷപെട്ടേ തീരൂ. തടവറയേതെന്നുപോലുമറിയാത്ത തടവുകാരനായി ഞാനിനി ഒരുനിമിഷംപോലും തുടരില്ല.
രണ്ടാവശ്യങ്ങളാണെനിക്കുള്ളത് – ഒന്നുകിൽ ഈ മനസ്സിനെ എന്റെയുള്ളിൽ നിന്നു പറിച്ചെടുത്ത് എന്നെയൊരു പച്ചമൃഗമാക്കുക. അതല്ലെങ്കിൽ എന്റെയും എന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന വ്യവസ്ഥയുടേയും ഉള്ളടക്കം മുഴുവനും എനിക്ക് വെളിപ്പെടുത്തി തരിക. ഇവയിൽക്കുറഞ്ഞ ഒരൊത്തുതീർപ്പിനും ഞാൻ തയ്യാറല്ല.
ഇവ രണ്ടും സാദ്ധ്യമാവാത്തിടത്തോളം ഞാൻ അപ്രസക്തനാണ്. ഇനി പരിഹാരം ഞാൻ നിശ്ചയിക്കും. ഈ തീവണ്ടിയുടെ ഉരുക്കുചക്രങ്ങൾ പരശുരാമന്റെ മഴുവെന്നപോലെ എന്റെ തല ഖണ്ഡിക്കും. അതിനുള്ളിലെ ചിന്തകൾമുഴുവനും പാളങ്ങൾക്കരികിൽ ചിതറിക്കിടക്കും.
വരാനിരിക്കുന്ന ഏതോ കാലത്ത്, ഈവഴിവരുന്ന മറ്റു ക്രുദ്ധമാനുഷർ എന്റെ തലതെറിച്ചുവീണുണ്ടായ വിള്ളലിൽ വെളിച്ചം കണ്ടെത്തും. അവരതിലൂടെയൊരു പുത്തൻ ദേശത്തുചെന്നുചേരും. ക്രോധത്തേയും പരശുരാമനേയും പുറത്തുനിർത്തി അവരതിനകത്തു കടക്കും. സ്നേഹത്തേയും സ്വാതന്ത്ര്യത്തെയും ഒരുശക്തിക്കും ഇളക്കാനാവാത്ത പാറയുടെമേൽ പ്രതിഷ്ഠിക്കും. ഉണങ്ങിപ്പിടിച്ച എന്റെ രക്തം അവർക്ക് കാവൽനിൽക്കും.
ഒപ്പ്.