ഈ മഞ്ഞുകാലത്തെ പകൽവെയിലിന്
പുലർമഞ്ഞുതേച്ച കാറ്റിന്റെ ആവരണം.
ഒറ്റപ്പെടലിന്റെ അഹങ്കാരത്തിന്
എന്നും കൂട്ടായ കവിത പോലെ.
ഏകാന്തതയുടെ ഏകാഗ്രത നിറഞ്ഞ
നിമിഷങ്ങളിൽ നിറഞ്ഞു തുളുമ്പിയ
മൗനത്തിൻ പ്രതികരണമായ്
ജനിക്കുന്നു കവിത.
പ്രണയത്തിന്റെ അളവില്ലാത്ത
മായിക പ്രപഞ്ചം ഉള്ളിലൊതുക്കി
ചുരുക്കും പോലെ പകരുന്നതു
കടലാസിലും കവിതയായ് ചുരുക്കി.
അതേ തീവ്രതയോടെ തന്നെ
ഉള്ളിൽ കുഴിച്ചുമൂടപ്പെട്ട പകയുടെ
ഇടുങ്ങിയ, ഇരുണ്ട ശേഷിപ്പുകളും
കടന്നു വരാറുണ്ടു കവിതയിൽ.