തൃശ്ശൂരില്‍ സി.പി.ഐ.(എം.) രാഷ്ട്രീയ വിശദീകരണ യോഗത്തിനെത്തിയ ഇ.കെ.നായനാര്‍ വേദിയിലേക്കു കയറുന്നതിനു തൊട്ടുമുമ്പ് -20 വർഷം മുമ്പുള്ള ചിത്രം
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

കേരളം കണ്ട ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടിക തയ്യാറാക്കിയാല്‍ ആദ്യ 10 പേരില്‍ ഉറപ്പായും പെടുന്നയാളാണ് മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍. വിസ്മയപ്പെടുത്തുന്ന വ്യക്തിത്വം.

നായനാരുടെ യോഗത്തിന് ആളുകള്‍ ഇടിച്ചുകയറുമായിരുന്നു. കളിയും കാര്യവും ചേര്‍ന്നുള്ള ആ പ്രസംഗശൈലി നായനാര്‍ക്കു മാത്രം സ്വന്തം. എത്ര ഗൗരവമുള്ള കാര്യവും തമാശ കലര്‍ത്തി പറയാന്‍ ഈ നേതാവിന് പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യോഗങ്ങളില്‍ പൊട്ടിച്ചിരി അത്ഭുതമായിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ മാത്രമല്ല, എതിര്‍പാര്‍ട്ടിക്കാരും ആ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടും. ആ വാക്കുകള്‍ കേട്ട് സ്വയം മറന്നു ചിരിക്കും.

വിവിധ തരത്തിലുള്ള ആംഗ്യവിക്ഷേപങ്ങളോടു കൂടിയാണ് നായനാരുടെ പ്രസംഗം. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ യോഗം പത്രഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചാകരയാണ്. ആ നായനാര്‍ വെറുതെയിരിക്കുന്ന ഒരു ചിത്രം ആര്‍ക്കും സങ്കല്പിക്കാന്‍ പോലുമാവില്ല. എന്നാല്‍, അത്തരമൊരു ചിത്രമെടുത്തു. ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 20 വര്‍ഷം മുമ്പുള്ള കഥയാണ്.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സി.പി.ഐ.(എം) രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് സഖാവ് ഇ.കെ.നയനാര്‍. കാറില്‍ നിന്നിറങ്ങി നടന്നു വരുന്ന സഖാവിന്റെ ഒന്ന് രണ്ട് ഫോട്ടോ എടുത്ത ശേഷം ഞാന്‍ ക്യാമറയുമായി ഓടി വന്ന് ഈ ചുവന്ന കസേരകള്‍ക്ക് സമീപം തയ്യാറായി നിന്നു.

പ്രതീക്ഷിച്ച പോലെ നായനാര്‍ നടന്നു വന്ന് ഒരു കസേരയില്‍ ഇരുന്നു.

ഒറ്റ ക്ലിക്ക് !

അതുകഴിഞ്ഞ് സഖാവ് നായനാര്‍ പ്രസംഗിക്കാനായി വേദിയിലേക്ക് കയറി. നായനാര്‍ പ്രസംഗിക്കുന്ന ചിത്രത്തേക്കാള്‍ എല്ലാര്‍ക്കും അന്നിഷ്ടപ്പെട്ടത് ഈ ചിത്രമായിരുന്നു.

B Chandrakumar

COMMENT