എനിക്കിഷ്ടം കളികളും നാടകവും സിനിമയും ആണ്. പത്രവായന തുടങ്ങിയ കാലത്ത് ഞാനാദ്യം അന്വേഷിച്ചിരുന്നത് ഇവ സംബന്ധിച്ച വാര്‍ത്തകളായിരുന്നു. ഒപ്പം കൗതുകവാര്‍ത്തകളും. അവയും ഞാന്‍ തേടുമായിരുന്നു. പക്ഷേ, എനിക്ക് വായിക്കാനായി പത്രത്തിലുണ്ടായിരുന്നത് 60 ശതമാനം പൊളിറ്റിക്സും ശേഷം മരണവും അപകടവും യുദ്ധവും പരസ്യവും വായിച്ചാല്‍ മനസ്സിലാകാത്ത ഗൗരവമെന്നു തോന്നിച്ച പ്രശ്‌നങ്ങളുടെ പണ്ഡിതോചിത അപഗ്രഥനങ്ങളുടെ മിക്‌സും ആയിരുന്നു. ഞാന്‍ മെല്ലെ ഞാനറിയാതെ ഇത്തരം വാര്‍ത്തകളുടെ അടിമയായി. ഇന്ന് ഞാന്‍ വായിക്കുന്ന വാര്‍ത്തകള്‍ എനിക്കാവശ്യമാണോ?

അച്ചടിപ്പത്രങ്ങളും ടെലിവിഷന്‍ വാര്‍ത്താചാനലുകളും വാര്‍ത്തയെ അരിച്ച് നിയന്ത്രിച്ച് എനിക്ക് ഓപ്ഷന്‍ ഇല്ലാതെ നല്‍കുന്നിടത്തോളം കാലം ഞാന്‍ അവരുടെ അടിമയാണ്. എന്റെ വിജ്ഞാനവും വിനോദവും തീര്‍ച്ചപ്പെടുത്താന്‍ എനിക്കു പരിമിതമായ സൗകര്യം പോലും കിട്ടുന്നില്ല. ഈ പത്രങ്ങള്‍ക്ക് എന്നെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

അച്ചടിപ്പത്രങ്ങളും ടെലിവിഷന്‍ വാര്‍ത്താചാനലുകളും വാര്‍ത്തയെ അരിച്ച് നിയന്ത്രിച്ച് എനിക്ക് ഓപ്ഷന്‍ ഇല്ലാതെ നല്‍കുന്നിടത്തോളം കാലം ഞാന്‍ അവരുടെ അടിമയാണ്. എന്റെ വിജ്ഞാനവും വിനോദവും തീര്‍ച്ചപ്പെടുത്താന്‍ എനിക്കു പരിമിതമായ സൗകര്യം പോലും കിട്ടുന്നില്ല. ഈ പത്രങ്ങള്‍ക്ക് എന്നെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

ഒരു സത്യ കഥ പറയാം. അസംബ്‌ളി തിരഞ്ഞെടുപ്പു പ്രചരണ കോലാഹലം. അവസാനത്തെ ആഴ്ച. ചെറിയ ചന്തക്കവലയിലാണ് മീറ്റിങ്. സ്ഥാനാര്‍ത്ഥി ജനസമ്മതനും ജാതികൊണ്ടും പ്രവര്‍ത്തനപാരമ്പര്യം കൊണ്ടും അവിടെ വിജയസാദ്ധ്യതയുള്ള വ്യക്തിയുമാണ്. അതുകൊണ്ട് ഉദ്ഘാടകനായി സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കന്മാര്‍ക്കു പകരം മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയുടെ ഒരു സ്റ്റേറ്റ് നേതാവിനെയാണ് കിട്ടിയത്. അദ്ദേഹവും സ്ഥാനാര്‍ത്ഥിയും കൂടി അന്ന് 12 പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കണം. നേതാവ് രൂപത്തിലും ഭാവത്തിലും പ്രസംഗശൈലിയിലും തന്റേതായ പ്രത്യേകത വച്ചു പുലര്‍ത്തുന്ന വളരെ പോപ്പുലറായ ബഹുമാന്യനാണ്. നേരത്തെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തു. ഓരോ മീറ്റിങ്ങിലും സ്വാഗതം 2 മിനിറ്റ്. നേതാവ് 10 മിനിട്ട്. സ്ഥാനാര്‍ത്ഥി 5 മിനിറ്റ്. പിന്നെ ബാക്കിയുള്ളവര്‍ സൗകര്യം പോലെ. സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം കഴിഞ്ഞാല്‍ നേതാവും സംഘവും അടുത്തിടത്തേക്ക് പ്രചരണജാഥയുടെ പിന്നാലെ കാറില്‍ നീങ്ങും. എല്ലാം ഭംഗിയായി പുരോഗമിച്ചു.

പക്ഷേ, ആറാമത്തെ സ്ഥലത്ത് ഒരു അപകടം സംഭവിച്ചു. സ്വാഗത പ്രാസംഗികന്‍ യുവനേതാവാണ്. നല്ല വാഗ്മിയാണ്. അദ്ദേഹത്തിന് അപൂര്‍വ്വമായേ ഇത്തരം വേദി ലഭിക്കാറുള്ളു. അദ്ദേഹം അവസരം നന്നായി ഉപയോഗിച്ചു. വേദിയിലും സദസ്സിലും നിന്നുയര്‍ന്ന അത്ര നിശ്ശബ്ദമല്ലാത്ത എതിര്‍പ്പുകളെപ്പോലും അവഗണിച്ച് അദ്ദേഹം സ്വാഗതം 15 മിനിറ്റ് അതിഗംഭീരമാക്കി. ഉദ്ഘാടകനായ നേതാവിനെ അദ്ദേഹം പുകഴ്ത്തി പുകഴ്ത്തി സംസ്‌കൃത വാക്കുകളുടെ സുനാമിയില്‍ ഒഴുക്കി. നേതാവിനെ ഗാന്ധിജിയോടും ശ്രീ നാരായണ ഗുരുവിനോടും ഉപമിച്ചു. നേതാവ് തന്റെ വാക്കുകള്‍ പുഞ്ചിരിയോടെ ഉള്‍ക്കൊള്ളുന്നതു കണ്ടപ്പോള്‍ സ്വാഗത പ്രാസംഗികന് ആവേശം കൂടി. വിട്ടില്ല. പെട്ടെന്ന് വള്ളത്തോളിന്റെ എന്റെ ഗുരുനാഥന്‍ അദ്ദേഹത്തിന്റെ നാവിലെത്തി. നേതാവിനെ യേശു ക്രിസ്തുവിനോടും ശ്രീകൃഷ്ണഭഗവാനോടും മുഹമ്മദ് നബിയോടും ഉപമിച്ചു. സ്വഭാവത്തില്‍ മാത്രമല്ല, രൂപഭംഗിയിലും അദ്ദേഹം ഇവരില്‍ ഐക്യം ദര്‍ശിച്ചു. അവസാനം സ്വാഗതം തീര്‍ന്നപ്പോള്‍ നേതാവും സ്ഥാനാര്‍ത്ഥിയും സ്വാഗത പ്രാസംഗികന് ആത്മാര്‍ഥമായി നന്ദി പറഞ്ഞ് തങ്ങളുടെ പ്രസംഗം ചുരുക്കി മുദ്രാവാക്യം മുഴക്കി അടുത്തയിടത്തേക്ക് പലായനം ചെയ്തു.

എനിക്ക് എന്റെ വാര്‍ത്തകള്‍ മാത്രം ലഭിക്കുന്ന ഒരു മാധ്യമലോകം അസംഭാവ്യമല്ല വരുംകാലത്ത്. ഞാന്‍ എന്റേതായ പത്രം സൃഷ്ടിക്കുന്നു. സഹസ്രകോടി വാര്‍ത്തകളില്‍ നിന്ന് എനിക്കു വേണ്ടത് താനെ ക്രോഢീകരിക്കപ്പെടുന്നു. പത്രം എന്റേതാണ്. പക്ഷെ ഇന്ന് പത്രം എന്റേതല്ല. ടെക്‌നോളജി അവിടേക്ക് എത്തുമ്പോള്‍ മാത്രമേ പത്രം ശരിക്കും എന്റേതാകൂ.

ഈ മീറ്റിങ് ഒരു തരത്തിലും ഒരു ലോക്കല്‍ വാര്‍ത്ത എന്ന ഗണത്തില്‍ പോലും പെടുത്താവുന്നതായിരുന്നില്ല. ഇത്തരം നാല്പതോളം യോഗങ്ങള്‍ ആ ദിവസം ആ നിയോജകമണ്ഡലത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടേതായി നടന്നിരുന്നു. ഒരു പത്രവും അവയെ ഗൗരവമായി എടുത്തിരുന്നില്ല. ചില പത്രങ്ങളില്‍ ലോക്കല്‍ പേജില്‍ പേരിന് ഒരു പടം. ജാഥ എത്തിയ സ്ഥലങ്ങളുടെ പേരുകള്‍. തീര്‍ന്നു. പക്ഷേ, ഒരു ചെറിയ പത്രത്തില്‍ സ്വന്തം ലേഖകന്റേതായി ഈ മീറ്റിങ്ങിന്റെ റിപ്പോര്‍ട്ട് ജില്ലാ എഡിഷനിലെ ലോക്കല്‍ പേജില്‍ ഒരു കോളം വാര്‍ത്തയായി വന്നു. അതിലെ തലക്കെട്ട് ആകര്‍ഷകമായിരുന്നു -നേതാവ് പ്രവാചകനോ? താഴെ വാര്‍ത്തയില്‍ സ്വാഗത പ്രാസംഗികന്റെ ഈ ഉപമ മാത്രം കാട്ടി വസ്തുനിഷ്ഠമായ ഭാഷയില്‍ 4 വരി റിപ്പോര്‍ട്ട്. ഒരു വായനക്കാരനും ഇത് ശ്രദ്ധിച്ചിരിക്കില്ല. പക്ഷേ, 2 ദിവസത്തിനകം ഈ പത്രവാര്‍ത്തയുടെ ഫോട്ടോ കോപ്പികള്‍ ആ നിയോജകമണ്ഡലത്തിലെ മിക്കവാറും എല്ലാ മുസ്ലിം ദേവാലയങ്ങളിലും വിതരണം ചെയ്യപ്പെട്ടു. 4 ദിവസം കഴിഞ്ഞു നടന്ന വോട്ടെടുപ്പില്‍, വിജയിക്കുമെന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്ന നമ്മുടെ സ്വാഗത പ്രാസംഗികന്റെ സ്ഥാനാര്‍ത്ഥി നേരിയ വ്യത്യാസത്തില്‍ തോറ്റു.

ഇതില്‍ എവിടെയാണ് തെറ്റ്? വാര്‍ത്ത ശരിയാണ്. പക്ഷേ, അതിന് വാര്‍ത്ത എന്ന നിലയില്‍ ഇന്‍ട്രിന്‍സിക്ക് വര്‍ത്ത് ഉണ്ടോ? ഒരു സ്വാഗത പ്രാസംഗികന്‍ താന്‍ പോലും വിശ്വസിക്കാത്ത വാക്കുകള്‍ ആവേശത്തില്‍ പറഞ്ഞതിനെ ജനാധിപത്യപ്രക്രിയയിലെ ഇന്ത്യന്‍ സൈക്കിയില്‍ ഒരു ശക്തിയുള്ള ആയുധമാക്കി മാറ്റാന്‍ സൗകര്യം ഉണ്ടാക്കിയത് ശരിയാണോ? പ്രത്യേകിച്ചും കേരളം പോലെ സാക്ഷരതയും ജാതിമതചിന്തകളും ഒരേ സമയം ശക്തമായിരിക്കുന്ന സമൂഹത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ വിവേചനാധികാരം ഉപയോഗിക്കാന്‍ ബാദ്ധ്യസ്ഥനല്ലേ? എങ്കില്‍ എത്രത്തോളം?

എനിക്ക് എന്റെ വാര്‍ത്തകള്‍ മാത്രം ലഭിക്കുന്ന ഒരു മാധ്യമലോകം അസംഭാവ്യമല്ല വരുംകാലത്ത്. ഞാന്‍ എന്റേതായ പത്രം സൃഷ്ടിക്കുന്നു. സഹസ്രകോടി വാര്‍ത്തകളില്‍ നിന്ന് എനിക്കു വേണ്ടത് താനെ ക്രോഢീകരിക്കപ്പെടുന്നു. പത്രം എന്റേതാണ്. പക്ഷേ ഇന്ന് പത്രം എന്റേതല്ല. ടെക്‌നോളജി അവിടേക്ക് എത്തുമ്പോള്‍ മാത്രമേ പത്രം ശരിക്കും എന്റേതാകൂ. കളികളും നാടകവും സിനിമയും കൗതുകവാര്‍ത്തകളും നിറഞ്ഞ എന്റെ പത്രം.

K L Mohana Varma

COMMENT