ഒരു പഴയ മലയാളം മുൻഷിയുടെ മനസ്സാണു ഭാഷയുടെ കാര്യത്തിൽ എനിക്ക്. മലയാളം ഐച്ഛികമായി പഠിക്കുകയും കാൽനൂറ്റാണ്ടോളമായി ആ ഭാഷകൊണ്ട് ഉപജീവനം നടത്തുകയും ചെയ്യുന്ന ആൾ എന്നതുകൊണ്ടാകാം എന്റെ (പത്രപ്രവർത്തക) ഗോത്രത്തിലെ ഇളംമുറക്കാർ ഭാഷ തെറ്റായും ഉത്തരവാദിത്തമില്ലാതെയും ഉപയോഗിക്കുന്നതു കാണുമ്പോഴും കേൾക്കുമ്പോഴും ഞാൻ അസ്വസ്ഥനാകും. പലപ്പോഴും തിരുത്താൻ ഇടപെടുകയും ചെയ്യും.
മലയാളം മുഖ്യവിഷയമായി പഠിച്ചവരിൽത്തന്നെ പലർക്കും തെറ്റില്ലാതെ മലയാളം എഴുതാൻ അറിയില്ല എന്നതാണ് മാധ്യമപ്രവർത്തനകാലത്തെ എന്റെ അനുഭവം. എന്നാൽ, ഇക്കഴിഞ്ഞ ദിവസം ഒരു കൂട്ടം എൻജിനീയർമാർ എന്നെ ഞെട്ടിച്ചുകളഞ്ഞു. സന്ധിയും സമാസവും വിഭക്തിയും പദനിഷ്പത്തിശാസ്ത്രവും വാക്യനിർമ്മിതിയുടെ തത്വങ്ങളും ഒക്കെ മാലപ്പടക്കം പൊട്ടുന്നതുപോലെയുള്ള ഒന്നാന്തരം ഉപമകളിലൂടെ വിവരിച്ചും വിശകലനം ചെയ്തും അവർ കത്തിക്കയറിയപ്പോൾ, കാൽനൂറ്റാണ്ടുമുമ്പു ചുരുട്ടി പരണത്തുവച്ച എന്റെ വ്യാകരണപാഠങ്ങളിൽ ഞാൻ തപ്പിത്തടയുകയായിരുന്നു; ഒന്ന് അവർക്കൊപ്പം എത്താൻ!
അവരാരും ഭാഷയെന്ന നിലയിൽ മലയാളം പഠിച്ചവർ ആയിരുന്നില്ല എന്നതാണ് എന്നെ ഏറെ വിസ്മയിപ്പിച്ചത്. എല്ലാവരും ഒന്നാന്തരം ‘ടെക്കി’കൾ. സാക്ഷാൽ ‘ഐടിക്കുഞ്ഞുങ്ങൾ’. പ്രായം 25, 30, ഏറിയാൽ 35. പത്തുനാല്പതുകൊല്ലം കോളെജുകളിൽ മലയാളവ്യാകരണം പഠിപ്പിച്ച ഭാഷാപണ്ഡിതരെ അതിശയിക്കുന്ന അവതരണം.
വ്യാകരണക്ലാസ് ആയിരുന്നില്ല സന്ദർഭം. ഐടി രംഗത്തെ അതിസങ്കീർണ്ണമായ സാങ്കേതികവിദ്യകളാണ് അവർ വിവരിക്കുന്നത്. മലയാളം കമ്പ്യൂട്ടിങ് സംബന്ധിച്ച ദ്വിദിന സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കുകയാണ് അവർ. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു സെമിനാർ – തൃശ്ശൂരിലെ സാഹിത്യ അക്കാഡമി ഹാളിൽ.
അതിന്റെ സമാപന സെഷനിൽ ‘ഭാഷാസാങ്കേതികവിദ്യയും മാധ്യമങ്ങളും’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കാൻ ക്ഷണിക്കപ്പെട്ടതായിരുന്നു ഞാൻ. അവരുടെ കാര്യപരിപാടി കണ്ടപ്പോൾ പ്രഭാഷകനായല്ല, പഠിതാവായാണു പങ്കെടുക്കേണ്ടതെന്നു തോന്നി. അങ്ങനെ രണ്ടു ദിവസവും ഉടനീളം ശ്രോതാവായി അവരുടെ ചർച്ചകളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് ആത്മജ്ഞാനം ഉണ്ടായി – എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവ്! എന്റെ ഊഴം വന്നപ്പോൾ ഞാൻ അതു തുറന്നു പറയുകയും ചെയ്തു. എനിക്കുവേണ്ടി മാത്രം ആയിരുന്നില്ല. മാധ്യമപ്രവർത്തക ഗോത്രത്തിന് ആകെ വേണ്ടി ആയിരുന്നു ആ കുമ്പസാരം.
ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ കാര്യത്തിലും പൊതുവിലുള്ള ഭാഷാ സാങ്കേതികവിദ്യയുടെ കാര്യത്തിലും മാധ്യമപ്രവർത്തകരും പത്രമാധ്യമ നടത്തിപ്പുകാരും (മഹാഭൂരിപക്ഷവും) വലിയയളവ് അജ്ഞരാണെന്ന സത്യം എല്ലാവരെയും ഓർമ്മിപ്പിക്കണമെന്നും അപ്പോൾ എനിക്കു തോന്നി; ഒപ്പം പുതുതലമുറയുടെ അവിശ്വസനീയമായ ഈ ഭാഷാസ്നേഹത്തെയും പ്രതിഫലേച്ഛ കൂടാതെ അവർ നടത്തുന്ന അശ്രാന്തമായ സന്നദ്ധസേവനത്തെയും പറ്റി ലോകസമക്ഷം രണ്ടു നല്ലവാക്കെങ്കിലും പറയണമെന്നും. അവരെ ഞാൻ നമിക്കുന്നു.
മാധ്യമ രംഗത്തെ ഉപയുക്തികൾ
കമ്പ്യൂട്ടിങ് എന്നതു പണ്ടൊക്കെ ധരിച്ചിരുന്നതുപോലെ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കണക്കുചെയ്യൽ മാത്രമല്ല ഇന്ന്. ജീവിതത്തിന്റെ സമസ്തമേഖലയിലും കമ്പ്യൂട്ടറിന്റെ പ്രയോഗം ഒഴിച്ചുകൂടാനാവാത്ത നിലയായിരിക്കുന്നു. ഭാഷ ഉപയോഗിച്ചു ചെയ്യുന്ന എല്ലാ വ്യാപാരങ്ങളിലും ഇന്നു കമ്പ്യൂട്ടർ നിറസാന്നിദ്ധ്യമാണ്. അതുകൊണ്ട് ഭാഷാ കമ്പ്യൂട്ടിങ് വലിയൊരു മേഖലയാണ്. അതിന്റെ ഏതാണ്ടു സിംഹഭാഗവും പലവിധമായ പ്രസിദ്ധീകരണ രംഗങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മാധ്യമരംഗത്തെ ഭാഷാകമ്പ്യൂട്ടിങ് ഉപയുക്തികൾ മാത്രം സംക്ഷിപ്തമായി പരിശോധിക്കാം.
ആർക്കൈവിങ്
പല വാർത്തകളും എഴുതുമ്പോൾ പശ്ചാത്തലവിവരങ്ങൾ ശേഖരിക്കേണ്ടി വരും. മലയാളമാധ്യമങ്ങളിൽ ആകുമ്പോൾ ഏറെയും സംസ്ഥാന വാർത്തകൾ ആകും. അവയുടെ വിവരങ്ങൾ കൂടുതൽ ഉണ്ടാകുക മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും ആണ്. അവ മുഴുവൻ വാരിയിട്ടു തിരയുകയാണ് അതിനുള്ള വഴി. നല്ല ക്ലിപ്പിങ് ലൈബ്രറിയുള്ള സ്ഥാപനങ്ങളിൽ കാര്യം അല്പംകൂടി എളുപ്പമാകും എന്നു മാത്രം. മണിക്കൂറുകൾ പാഴാകുന്ന ഒന്നാണിത്.
എന്നാൽ, ദേശീയ, സാർവ്വദേശീയ വാർത്തകളുടെ കാര്യത്തിൽ ഇന്നു നാം ചെയ്യുക ഇന്റർനെറ്റിൽ തിരയുകയാണ്. വേണ്ടവിവരം മുഴുവൻ വിരൽത്തുമ്പിൽ എത്തും. മലയാള വാർത്തകളുടെ കാര്യത്തിൽ പക്ഷെ, ഇത്തരം ഒരു തിരച്ചിലിൽ കാര്യമായൊന്നും തടയില്ല. മലയാള ലിപിയിൽ ടൈപ് ചെയ്തു തിരഞ്ഞാൽ വല്ല ഓൺലൈൻ മാധ്യമത്തിലും വന്ന വല്ല കുറിപ്പും കിട്ടിയാലായി. ഈ സ്ഥിതി മാറണ്ടേ?
ഒരു വാർത്താവിഷയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അറിയണമെങ്കിലും ഓൺലൈൻ തിരയൽ വലിയ സൗകര്യമാണ്. പക്ഷേ, മലയാളത്തിൽ ഇതും ഇന്നു നിഷ്ഫലമാണ്.
സ്വന്തം പത്രത്തിൽ വന്ന വാർത്തകളുടെ ഒരു ഡിജിറ്റൽ ആർക്കൈവ് മനോരമ സൂക്ഷിക്കുന്നുണ്ട്. ഇതു പൊതുജനങ്ങൾക്കു ലഭ്യമല്ല. ആ പത്രത്തിന്റെ ആവശ്യങ്ങൾക്ക് ഇതു സൗകര്യപ്രദമായ ഒന്നാണെങ്കിലും മറ്റു പത്രങ്ങളിൽ വന്ന വാർത്തകൾകൂടി കിട്ടുന്ന സമാനമായ ഒരു സംവിധാനമാണ് മേല്പറഞ്ഞ പ്രൊഫഷണൽ ആവശ്യങ്ങൾക്കു വേണ്ടത്. അതിന് ഇംഗ്ലിഷ് പത്രങ്ങൾ ചെയ്യുന്നതുപോലെ എല്ലാ വാർത്തയും ഓൺലൈനായി ലഭ്യമാക്കുകയാണു വേണ്ടത്. അതിനുള്ള വിശാലമനസ്സു മാത്രമല്ല ഓൺലൈൻ തിരയലിൽ തടയുന്ന തരം സാർവ്വലൗകിക ലിപികളിൽ (Unicode fonts) അവ സന്നിവേശിപ്പിക്കുക കൂടി വേണം.
ലേഖനം എഴുതാൻ തയ്യാറെടുക്കുമ്പോഴാണ് ഏറ്റവും ബുദ്ധിമുട്ട്. അതിവിപുലമായ റഫറൻസ് അതിനു വേണ്ടിവരുമല്ലോ. മലയാളത്തിൽ ഇത്തരം വിവരങ്ങൾ പലതും ടൈപ്പു ചെയ്യപ്പെട്ടു കമ്പ്യൂട്ടർ ഭാഷയിൽ എവിടെയൊക്കെയോ ഉണ്ടെങ്കിലും ഓൺലൈൻതെരയലിൽ കണ്ടെത്താനാകുന്ന രൂപത്തിലല്ല അവ ഏറെയും. മുകളിൽപ്പറഞ്ഞ കുറെ ചെറുപ്പക്കാരുടെ അദ്ധ്വാനഫലമായി മലയാളം വിക്കിപീഡിയയിൽ സന്നിവേശിപ്പിക്കപ്പെട്ടിട്ടുള്ള മോശമല്ലാത്ത കുറെ വിവരങ്ങളാണ് ആകെ റഫറൻസിനായി അവിടെ ഉള്ളത്.
പത്രങ്ങൾ പലതും ഇന്ന് ഇ-പത്രങ്ങൾ ലഭ്യമാക്കുന്നുണ്ടെങ്കിലും അവയുടെപോലും ആർക്കൈവുകൾ കിട്ടുന്നില്ല. ഏതാനും ദിവസത്തിന് അപ്പുറമുള്ള പത്രങ്ങൾ നീക്കംചെയ്യുകയാണു പതിവ്. ഇപ്രകാരം ചെയ്യേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്; വിശേഷിച്ചും ഗവേഷണവിദ്യാർത്ഥികൾക്കൊക്കെ പഴയ പത്രങ്ങൾ ആവശ്യമാണെന്നിരിക്കെ. പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളിലെ പഴയ ഉള്ളടക്കങ്ങളും ചില പത്രങ്ങൾ ഇത്തരത്തിൽ പിൻവലിക്കുന്നതിന്റെ യുക്തിയും മനസിലാകുന്നില്ല.
മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും 1981നുശേഷം വന്ന 75,000ൽപ്പരം മലയാളം രചനകളുടെ വിവരങ്ങൾ അടങ്ങുന്ന ഒരു ‘കേരള ഇൻഡക്സ്’കേരള സർവ്വകലാശാല തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഏതെങ്കിലും ലേഖനം ഒരാൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടില്ല എന്നതാണ് ആർക്കൈവുകൾ പൊതുസമൂഹത്തിന് പ്രാപ്തമാക്കാതിരുന്നാലുള്ള കുഴപ്പം.
ഒ.സി.ആർ., ടെക്സ്റ്റ് സ്കാൻ, ശബ്ദസാങ്കേതികത
പി.ഡി.എഫ്. രൂപത്തിലോ ഇമേജ് രൂപത്തിലോ ലഭ്യമാകുന്ന വിവരങ്ങളും നമ്മൾ തന്നെ സ്കാൻ ചെയ്ത്എടുക്കുന്ന താളുകളിലെ വിവരങ്ങളോ വീണ്ടും ടൈപ്പുചെയ്യാതെ പകർത്തിയെടുക്കാൻ കഴിയുന്നില്ല എന്നതാണു മലയാളമാധ്യമപ്രവർത്തകർ അനുഭവിക്കുന്ന മറ്റൊരു പോരായ്മ. ടെക്സ്റ്റ് സ്കാൻ പോലെ കടലാസിലെ അക്ഷരങ്ങൾ സ്കാൻ ചെയ്തു ഡിജിറ്റൽ രൂപത്തിലാക്കി എഡിറ്റ് ചെയ്യാനും കോപ്പിചെയ്തു പേസ്റ്റുചെയ്യാനും ഒക്കെ കഴിയണം. ഇതിനു മലയാളത്തിൽ ഓപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ (OCR) വികസിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള വലിയ പരിശ്രമങ്ങൾ സർക്കാർ ഏജൻസികളുടെ ആഭിമുഖ്യത്തിലും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ മുൻകയ്യിലും നടന്നുവരികയാണ്. അന്ധർക്കും മറ്റും വായിക്കാൻ വേണ്ടി ടെക്സ്റ്റിനെ ശബ്ദമാക്കി മാറ്റാനും സംസാരം കേട്ടു ടൈപ്പുചെയ്യുന്നതിനു പകരം ശബ്ദം നേരിട്ടു ടെക്സ്റ്റ് ആക്കി മാറ്റാനും ഒക്കെയുള്ള സാങ്കേതികവിദ്യകളും ഇതുമായി ബന്ധപ്പെട്ടതാണ്.
‘റ്റ’ എന്നത് ‘ററ’ എന്നും ‘റ്റ’ എന്നും എഴുതുന്നതിനാൽ ഒ.സി.ആറിന് ഇതു കാണുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകും. മീറററിലാണ് എന്നത് മീറ്ററിലാണ് എന്നാണോ മീററ്റിലാണ് എന്നാണൊ എന്നറിയാൻ കമ്പ്യൂട്ടറിനു ക്യാരക്റ്റർ റെക്കഗ്നിഷനുള്ള ശേഷി മാത്രം പോരാ, ശരാശരി മലയാളിക്കുള്ള ബോധനിലവാരവും ഭാഷായുക്തികളും കൂടി വേണ്ടിവരും!
ഇതൊക്കെ യാഥാർത്ഥ്യം ആയിത്തീരണമെങ്കിൽ ധാരാളം കടമ്പകളുണ്ട്. ഭാഷാപരമാണ് ഇവയിൽ ഏറെയും. ‘റ്റ’ എന്നത് ‘ററ’ എന്നും ‘റ്റ’ എന്നും എഴുതുന്നതിനാൽ ഒ.സി.ആറിന് ഇതു കാണുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകും. മീറററിലാണ് എന്നത് മീറ്ററിലാണ് എന്നാണോ മീററ്റിലാണ് എന്നാണൊ എന്നറിയാൻ കമ്പ്യൂട്ടറിനു ക്യാരക്റ്റർ റെക്കഗ്നിഷനുള്ള ശേഷി മാത്രം പോരാ, ശരാശരി മലയാളിക്കുള്ള ബോധനിലവാരവും ഭാഷായുക്തികളും കൂടി വേണ്ടിവരും! ഇത്തരം എത്രെയെത്ര സന്ദർഭങ്ങൾ ഉണ്ടാകാം. ആ ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള യുക്തികൾ ഇതിൽ കൂട്ടിച്ചേർക്കുക എന്നത് അസാദ്ധ്യമാണല്ലോ. മലയാളഭാഷയിൽ നാം ഉണ്ടാക്കിവച്ചിരിക്കുന്ന അവ്യവസ്ഥകൾ കാരണം ഇത്തരം പ്രശ്നങ്ങൾ നിരവധിയാണ്.
വളരെ പഴയ രേഖകളും ഗ്രന്ഥങ്ങളുമൊക്കെ ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തനം പല കോണിലും നടന്നുവരുന്ന വേളയിൽ നാം വേറെയും ഭാഷാപ്രശ്നങ്ങൾ തിരിച്ചറിയുകയാണ്; കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ 1904 മുതലുള്ള തിരുവിതാംകൂർ, തിരു-കൊച്ചി, കേരള ഗസറ്റുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനിടെ കണ്ടെത്തിയ ഒരു ചെറിയ പ്രശ്നത്തിലൂടെ ഒരു പ്രതിസന്ധി ചൂണ്ടിക്കാട്ടാം. അവയിലെ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ‘കള്ളുഷാപ്പ്’ എന്ന പദം പതിനഞ്ചു തരത്തിലെങ്കിലും അച്ചടിച്ചിട്ടുണ്ടത്രേ! കള്ള് ഷാപ്പ്, കള്ള്ഷാപ്പ്, കള്ളുഷാപ്പ്, കള്ളുഷാപ്, കള്ള്ഷാപ്, കള്ള് ഷാപ്, കള്ളു ഷാപ്, കള്ളു ഷാപ്പ്, കള്ള് ഷോപ്പ്, കള്ളു ഷോപ്, … ഇങ്ങനെ പോകുന്നു അത്.
ഇവിടെ വാക്കുകൾക്കിടയിലെ ശൂന്യസ്ഥലം നമ്മളെ സംബന്ധിച്ചിടത്തോളം വെറും ശൂന്യതയാണെങ്കിലും കമ്പ്യൂട്ടറിന് അതിനുള്ള ‘വിവരം’ ഇല്ല. അതിനു സ്പേസും അക്ഷരം പോലെതന്നെ ഒരു ക്യാരക്ടർ മൂല്യമാണ്.
ഈ ഡിജിറ്റൽശേഖരത്തിൽനിന്ന് കള്ളുഷാപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരയണമെങ്കിൽ മേല്പറഞ്ഞ പതിനഞ്ചു തരത്തിലും തെരയണം! എങ്കിലേ മുഴുവൻ പരാമർശങ്ങളും കിട്ടൂ. എത്രയായിരം പദങ്ങളുടെ കാര്യത്തിൽ ഇത്തരം പ്രശ്നം ഉണ്ടാകും എന്നൊന്നു ചിന്തിച്ചുനോക്കൂ!
ഇംഗ്ലിഷിൽ ‘Toddy shop’ എന്ന ഒറ്റപ്പദമേയുള്ളൂ. ഒരാൾക്കും ഇത് ഇഷ്ടം പോലെ എഴുതാനാവില്ല. ഒരു പ്രസാധകനും സ്വന്തം ശൈലീപുസ്തകം വച്ച് ഇതു മാറ്റാനും ആവില്ല. മലയാളം മാത്രം ആർക്കും തോന്നിയ പോലൊക്കെ ചെയ്യാവുന്ന ഭാഷയാണ് എന്നു വരുന്നതു നമ്മുടെ ആത്മാഭിമാനമില്ലായ്മ കൊണ്ടു മാത്രമാണ്. അതു പുരോഗമനമൊന്നും അല്ലെന്ന് ഏറ്റവും പുതിയ സാങ്കേതികവിദ്യാ വികാസം തന്നെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു.
ഈ അവ്യവസ്ഥകൾ നാം എഴുത്തിലും അച്ചടിയിലും തുടർന്നുകൊണ്ടേയിരിക്കുകയാണ്. എന്നുവച്ചാൽ, വരുംകാലത്തെ പത്രങ്ങളിൽനിന്നും എന്തെങ്കിലും ഇലക്ട്രോണിക് ആയി തിരഞ്ഞു കണ്ടുപിടിക്കണമെങ്കിൽ ഇതേ പ്രശ്നം ഉണ്ടാകും എന്ന്. ഒരു പക്ഷേ, അവ്യവസ്ഥകൾ ഇന്നു ശതഗുണീഭവിച്ചിരിക്കുന്നു. ഒരു ഉദാഹരണം നോക്കുക: പണ്ടെല്ലാം ‘തല്ക്കാലം’ എന്നെഴുതിയിരുന്നത് ഇന്ന് ഇതിനുപുറമെ ‘തത്കാലം’, ‘തത്ക്കാലം’, ‘തൽകാലം’, ‘തൽക്കാലം’, ‘തല്കാലം’, ‘തല് കാലം’, ‘തല് ക്കാലം’, (‘ല’യ്ക്കുകീഴേ ‘ക’യും ‘ക്ക’യും എഴുതുന്ന രണ്ടുരൂപങ്ങൾ) എന്നിങ്ങനെയെല്ലാം എഴുതുന്നു. ‘ഉദ്ഘാടന’മാണു മറ്റൊരുവാക്ക്. ‘ഉത്സവം’ ‘ഉത് സവ’വും ‘ഉൽസവ’വും ‘ഉല്സവ’വും വരെ ആയിരിക്കുന്നു. ‘ൽ’ എന്നത് ‘ത’യുടെ ചില്ലോ ‘ല’യുടെ ചില്ലോ എന്നു തർക്കിന്നിടത്താണ് ഇന്നു നമ്മുടെ നില്പ്!
മാനകീകരണം അനിവാര്യം
ഇവിടെയാണ് ഭാഷയുടെ മാനകീകരണം (standardization) പ്രസക്തമാകുന്നത്. ടൈപ് റൈറ്ററും ലിനോ ടൈപ്പ് അച്ചടിയും വന്നപ്പോൾ അതിനുവേണ്ടി ലിപികൾ വെട്ടിമുറിക്കാൻ നാം നിർബ്ബന്ധിതരായതുപോലെ ഭാഷയെ മാനകീകരിക്കാൻ നാം ഇന്നു നിർബ്ബന്ധിതരായിരിക്കുന്നു. അനിവാര്യമായിത്തന്നെ ആ സമസ്യ നമുക്കു മുന്നിൽ നിൽക്കുന്നു. അതിനെ അഭിമുഖീകരിക്കാൻ വൈകും തോറും ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടുതൽ രൂക്ഷമായി വരികയും ചെയ്യും.
മാനകീകരണത്തോടു ചിലരെങ്കിലും വിയോജിക്കുന്നതായി കണ്ടിട്ടുണ്ട്. അത് അസാദ്ധ്യമാണെന്നും അതു ഭാഷയുടെ ദേശ്യഭേദങ്ങൾ ഇല്ലാതാക്കുമെന്നും ഒക്കെയാണ് ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നത്. ദേശ്യഭേദങ്ങൾ സംഭാഷണഭാഷയിൽ മാത്രമാണ് ഉള്ളതെന്നും എഴുത്തിൽ സർഗ്ഗാത്മക സാഹിത്യത്തിലെ സംഭാഷണങ്ങളിൽ മാത്രമേ അതു കടന്നുവരുന്നുള്ളൂവെന്നും ബാക്കിയുള്ള അതിവിപുലമായ ലിഖിതരൂപങ്ങളിലാണു മാനകീകരണം ആവശ്യമുള്ളതെന്നും ഇംഗ്ലിഷ് അടക്കമുള്ള ഭാഷകളിലെല്ലാം മാനകഭാഷ ഉണ്ടെന്നും അതു ദേശ്യഭേദങ്ങളെ ബാധിച്ചിട്ടില്ലെന്നും ആലോചിച്ചാൽ ഈ ഭയം അസ്ഥാനത്താണെന്നു മനസിലാകും.
ഭാഷാമാനകീകരണം സാദ്ധ്യമാക്കാൻ ഇന്നത്തെ അവസ്ഥയിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി, പത്രങ്ങൾ അടക്കമുള്ള പ്രസിദ്ധീകരണങ്ങളും പുസ്തകപ്രസാധകരും സ്വന്തം പ്രസിദ്ധീകരണങ്ങളിൽ ഇതു പാലിക്കാൻ തീരുമാനിച്ചാൽ മതി. പാഠപുസ്തകങ്ങളിൽ ഇതു കർശനമായി പാലിക്കുകയും വിദ്യാലയങ്ങളിലെ ഭാഷാപഠനത്തിൽ ഇതു പ്രത്യേകം ഊന്നുകയും ചെയ്താൽ ജനകീയയെഴുത്തുകളിലും ഇതു തനിയെ പാലിക്കപ്പെടും. പ്രസാധനംതന്നെ ജനകീയവത്ക്കരിക്കപ്പെട്ട വിവരവിപ്ലവ കാലത്ത് സൈബർലോകത്ത് എഴുതുന്നവർ നിരവധിയാണ്. ഇവർ പദങ്ങളോ വാക്യങ്ങളോ തെറ്റായി ടൈപ്പുചെയ്താൽ ഇംഗ്ലിഷ് ടൈപ്പു ചെയ്യുമ്പോൾ വരുന്നതുപോലെ ചുവന്ന അടിവരകൊണ്ടു പിശകു ചൂണ്ടിക്കാണിക്കുന്ന സ്പെൽചെക്കും ഗ്രാമർ ചെക്കും ഏർപ്പെടുത്തി അതും പരിഹരിക്കാം.
ഇവിടെ മറ്റൊരു പ്രശ്നം വരുന്നത് മാനകീകരണം ആരു നടത്തും എന്നതാണ്. ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏതെങ്കിലും സർക്കാർ സ്ഥാപനം സ്വന്തം നിലയ്ക്കു തീരുമാനിക്കേണ്ടതോ ഉത്തരവിറക്കി നടപ്പാക്കാൻ കഴിയുന്നതോ അല്ല. അതു വോട്ടിനിട്ടോ ഭൂരിപക്ഷാടിസ്ഥാനത്തിലോ തീർപ്പാക്കേണ്ടതല്ല. ആലോചിച്ചു തീരുമാനിക്കേണ്ടതു തന്നെ അല്ല. തീരുമാനം വേണ്ടിവരുന്നതു തർക്കമുള്ള കാര്യങ്ങളിൽ ആണല്ലോ. ഇതൊരു തർക്കവിഷയമേ അല്ലല്ലോ.
ഭാഷ സമൂഹത്തിന്റെ ഉപയുക്തി എന്ന നിലയിൽ അതതു കാലത്തെ സാമൂഹികഘടനയ്ക്കും ബന്ധങ്ങൾക്കും സംസ്ക്കാരത്തിനും ആവശ്യങ്ങൾക്കും ഉപയോഗത്തിനും ഒക്കെ അനുസരിച്ചു തനിയെ രൂപപ്പെടുകയും വികസിക്കുകയും പരിണമിക്കുകയും ഒക്കെ ചെയ്യുന്ന ഒന്നാണ്. അതിലെ ഓരോ പദവും ഒരു മൂലധാതുവിൽനിന്ന് ഓരോ പ്രത്യേക ആശയം സംവേദിപ്പിക്കത്തക്കവിധം രൂപമെടുത്തതാണ്. അവയോടൊപ്പം വിഭക്തിപ്രത്യയങ്ങൾ അടക്കമുള്ള ഘടകങ്ങൾ ഇഴുകിച്ചേർന്നും വിശേഷണങ്ങളും മറ്റും മുന്നിൽ ചേർന്നും ആഖ്യയും ആഖ്യാതവും (കർത്താവും കർമ്മവും ക്രിയയും) ഒക്കെ പൂർവ്വാപരബന്ധത്തോടെ ക്രമത്തിൽ നിരന്നും വാക്യങ്ങൾ ഉണ്ടാകുന്നു. ഇവയിൽ എന്തെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൻ ശരിയായ ആശയം വിനിമയം ചെയ്യപ്പെടില്ല.
ഈ ഘടകങ്ങൾക്കും ക്രമങ്ങൾക്കും എല്ലാം ഭാഷാശാസ്ത്രപരമായി ഉള്ള വ്യവസ്ഥകൾ മിക്കവാറും നാം കണ്ടെത്തിയിട്ടുള്ളതാണ്. ഇന്നത്തെ ഭാഷാപ്രയോഗത്തിൽ പൊതുവെ ഉണ്ടാകുന്ന വൈകല്യങ്ങൾ ഇവയനുസരിച്ചു പരിശോധിച്ച് അവ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണു നമുക്ക് ആവശ്യം. അതല്ലാതെ, സൗകര്യം, സ്ഥലലാഭം, പ്രയോഗസാധുത്വം തുടങ്ങിയവ പരിഗണിക്കപ്പെടാനേ പാടില്ല. ‘വർഗം’ എന്നു മതിയോ ‘വർഗ്ഗം’ എന്നു വേണോ, ‘അദ്ധ്യാപകൻ’ എന്നു വേണോ ‘അധ്യാപകൻ’ എന്നു മതിയോ, ‘വിദഗ്ദ്ധ’നെ ‘വിദഗ്ദ’നോ വിദഗ്ധ’നോ ആക്കാമോ എന്നെല്ലാമുള്ള തർക്കങ്ങൾ അർത്ഥരഹിതമാണ്. അതതു പദങ്ങൾ എങ്ങിനെ രൂപപ്പെട്ടോ അങ്ങിനെ എഴുതണം. എങ്ങിനെ പറയുന്നോ അങ്ങിനെ എഴുതണം. ഇതായിരിക്കണം മാനകീകരണത്തിന്റെ അടിസ്ഥാനം.
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ 1904 മുതലുള്ള തിരുവിതാംകൂർ, തിരു-കൊച്ചി, കേരള ഗസറ്റുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനിടെ കണ്ടെത്തിയ ഒരു ചെറിയ പ്രശ്നത്തിലൂടെ ഒരു പ്രതിസന്ധി ചൂണ്ടിക്കാട്ടാം. അവയിലെ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ‘കള്ളുഷാപ്പ്’ എന്ന പദം പതിനഞ്ചു തരത്തിലെങ്കിലും അച്ചടിച്ചിട്ടുണ്ടത്രേ! കള്ള് ഷാപ്പ്, കള്ള്ഷാപ്പ്, കള്ളുഷാപ്പ്, കള്ളുഷാപ്, കള്ള്ഷാപ്, കള്ള് ഷാപ്, കള്ളു ഷാപ്, കള്ളു ഷാപ്പ്, കള്ള് ഷോപ്പ്, കള്ളു ഷോപ്, … ഇങ്ങനെ പോകുന്നു അത്.
ഇതു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടോ കേരള മീഡിയ അക്കാദമിയോ പിആർഡിയോ മലയാളം സർവ്വകലാശാലയോ മലയാളം ലെക്സിക്കൺ വിഭാഗമോ സാംസ്കാരിക വകുപ്പോ ഒറ്റയ്ക്കു തീരുമാനിക്കേണ്ടതല്ല. എല്ലാവരും ചേർന്നു ഭാഷാശാസ്ത്ര വിദഗ്ദ്ധരെ വിളിച്ചുചേർത്ത് അവരുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കേണ്ടതാണ്.
സേർച്ചിങ്, സോർട്ടിങ്, സ്പെൽചെക്
പദങ്ങൾ മാനകീകരിച്ചാൽ മാത്രമേ വിവിധപട്ടികകൾ അകാരാദിക്രമത്തിൽ സോർട്ട് ചെയ്യാനും പദങ്ങൾ ഉൾക്കൊള്ളുന്ന പരാമർശങ്ങൾ തിരഞ്ഞുകണ്ടുപിടിക്കാനും ഒക്കെ കഴിയൂ. ഇതുകൂടാതെ, ഇംഗ്ലിഷ് ടൈപ്പുചെയ്യുമ്പോഴത്തെപ്പോലെ അക്ഷരപ്പിശകുകൾ കണ്ടുപിടിക്കാനും തിരുത്താനും സംവിധാനം വേണം. വാർത്തയോ ലേഖനമോ എഴുതുമ്പോൾ ഏറ്റവും യോജിച്ച ഒരു വാക്കു ചിലപ്പോൾ ഓർമ്മവന്നില്ലെന്നു വരാം. ഇംഗ്ലിഷിലാണെങ്കിൽ സമാനാർത്ഥമുള്ള ഒരു വാക്കു ടൈപ്പുചെയ്ത് അതിന്റെ പര്യായം (synonym) തിരഞ്ഞാൽ മതിയല്ലോ. മലയാളത്തിലും അതു സാദ്ധ്യമാകണ്ടേ?
ഇംഗ്ലിഷ് പത്രങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഇതു വളരെയേറെ ആവശ്യമാണ്. അവർക്കു കിട്ടുന്ന അസംസ്കൃത വസ്തുക്കളിൽ അധികവും മലയാളത്തിൽ ആയിരിക്കും. അവയെല്ലാം തർജ്ജമ ചെയ്യാൻ ഒരു റിവേഴ്സ് ഡിക്ഷ്ണറി പലപ്പോഴും വേണ്ടിവരും. പര്യായങ്ങളും നാനാർത്ഥങ്ങളും എല്ലാം ഉൾച്ചേർത്ത ഒരു സമഗ്രപദകോശം ആണ് ഇതിനു വേണ്ടത്. അതു ഡിജിറ്റൽ രൂപത്തിൽ സന്നിവേശിപ്പിച്ചാൽ ഇതൊക്കെ സാദ്ധ്യമാകും.
എന്നാൽ ഇംഗ്ലിഷിലേതുപോലെ സുഗമമല്ല മലയാളത്തിൽ ഇത്. ഇംഗ്ലിഷിൽ ഒറ്റയൊറ്റപ്പദങ്ങൾ നിരത്തിവച്ചാണു വാക്യങ്ങൾ ഉണ്ടാക്കുന്നത്. മലയാളത്തിൽ പദങ്ങളും പ്രത്യയങ്ങളും പരസ്പരം ഇഴുകിച്ചേർന്നു സമസ്തപദങ്ങളായാണു നിൽക്കുന്നത്. ഈ സമസ്തപദങ്ങൾതന്നെ അനന്തമായി വളരാം. പദം, സമസ്തപദം, സമസ്തപദരൂപവത്ക്കരണം, സമസ്തപദരൂപവത്ക്കരണത്തിന്റെ,… ഇങ്ങനെ അതു വളർന്നുവളർന്നു പോകും. അപ്പോൾ ‘പദം’ എന്നു തിരഞ്ഞാൽ ഇവയിൽ ആദ്യത്തെ രണ്ടെണ്ണം മാത്രമേ കിട്ടൂ. മറ്റുള്ളവയിൽ ‘പദ’ എന്നേ ഉള്ളൂ. ഇത്തരം സമസ്തപദരൂപങ്ങളെല്ലാം പദശേഖരത്തിൽ ഉൾക്കൊള്ളിച്ചാലേ ഈ ഓരോ സമസ്തപദത്തിന്റെയും സ്പെൽചെക്കും തെരയലും ഒക്കെ സാദ്ധ്യമാകൂ. ഇത്തരം പദസംയോഗങ്ങൾക്കുള്ള സാദ്ധ്യത അനന്തമാണല്ലോ. അതുകൊണ്ടുതന്നെ ഇതു മനുഷ്യസാദ്ധ്യമല്ല.
വാക്കുകൾ മുറിച്ചെഴുതാം എന്നു വച്ചാലോ? ദീർഘസമസ്തപദം രണ്ടുവീതം ചേർന്നുവരത്തക്കവിധം മുറിക്കാമെന്നൊക്കെ ചിലർ പറയുന്നുണ്ടെങ്കിലും അത് അർത്ഥവ്യത്യാസം വരുത്തും. ‘കൊമ്പനാനപ്പുറത്തേറി നടക്കേണം’ എന്നത് ‘കൊമ്പനാന പുറത്തേറി നടക്കേണം’ എന്നായാലത്തെ സ്ഥിതി എത്ര ഭീകരം ആയിരിക്കും. ‘പത്താംക്ലാസിൽനിന്നു പഠിച്ചു’ എന്നല്ലല്ലോ ‘പത്താംക്ലാസിൽ നിന്നു പഠിച്ചു’ എന്നെഴുതിയാൽ. സീറ്റില്ലാഞ്ഞിട്ടോ അദ്ധ്യാപകർ അനുവദിക്കാഞ്ഞിട്ടോ മൂലക്കുരു കാരണമോ ഇരിക്കാൻ കഴിയാഞ്ഞതിനാൽ നിന്നാണു പഠിച്ചത് എന്നല്ല വിവക്ഷ എന്ന് എങ്ങനെ അറിയും? ‘എലിവിഷം തിന്നാൽ കോഴി ചാകു’മെങ്കിലും ‘എലി വിഷം തിന്നാൽ കോഴി ചാകില്ല’ല്ലോ; എലിയല്ലേ ചാകൂ?
അപ്പോൾപ്പിന്നെ എന്താണു വഴി? മലയാളത്തിൽ വാക്കുകൾ സന്ധിചേരുകയും സമാസിക്കുകയും ചെയ്യുന്നതിന്റെ തത്വങ്ങൾ മുഴുവൻ സമാഹരിച്ച് അതിനെല്ലാം അനുസരിച്ചുള്ള കമ്പ്യൂട്ടർ സൂത്രവാക്യങ്ങൾ (algorithms) ഉണ്ടാക്കി നിഘണ്ടുവിൽ സന്നിവേശിപ്പിച്ചാൽ ഇതു സാദ്ധ്യമായേക്കും എന്നു ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഈ പ്രതിവിധി ഒറ്റവാക്യത്തിൽ പറഞ്ഞുതീർത്തെങ്കിലും ചെയ്തെടുക്കുക അത്ര എളുപ്പമല്ല. വിപുലമായ പഠനവും നിരവധിപേരുടെ അശ്രാന്തപരിശ്രമവും ധാരാളം പണച്ചെലവും ഒക്കെയുള്ള കാര്യങ്ങളാണ് ഇതെല്ലാം.
ഇതിനെല്ലാം ആരു പണം നൽകും? ഇക്കാലമത്രയും ഈ വഴിക്കുള്ള ശരിയായ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് തുടക്കത്തിൽ പരിചയപ്പെടുത്തിയ ഒരു ചെറിയ കൂട്ടം ചെറുപ്പക്കാരാണ്. അവർക്ക് ഇത്ര വലിയ തോതിലേക്ക് ഈ പ്രവർത്തനങ്ങൾ കൊണ്ടുപോകാനുള്ള പാങ്ങില്ല; വിഭവങ്ങളില്ല. എന്നാൽ, കഴിവും മനസുമുണ്ട്. ഇവർക്കു മതിയായ ധനപിന്തുണ നൽകാൻ നമുക്കു കഴിയണം. ശ്രേഷ്ഠഭാഷാ പദവിക്കൊപ്പം കിട്ടുന്ന പണത്തിൽ ഒരു പങ്ക് ഇതിനു നീക്കിവയ്ക്കാനാകണം. അല്ലാതെയും സർക്കാർ ഈ പ്രവർത്തനങ്ങൾക്കു പണം നീക്കിവയ്ക്കേണ്ടിയിരിക്കുന്നു. എന്നല്ല, അതിനുള്ള സമയം വൈകിയിരിക്കുന്നു. വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ ഇതിനു പിന്തുണ നൽകണം.
ഇതിലെല്ലാമുപരി, നമ്മുടെ പത്രമാധ്യമങ്ങൾ ഈ രംഗത്തു മുതലിറക്കിയേ മതിയാകൂ. പത്രങ്ങളുടെ ഒറ്റപ്പെട്ട ഇടപെടലുകളല്ല, കൂട്ടായ, ഒരു കൺസൊർഷ്യമോ മറ്റോ രൂപവത്ക്കരിച്ച് ആ നിലയിലുള്ള, പങ്കാളിത്തമാണ് അഭികാമ്യം. അതിന്റെ ഗുണം മാധ്യമസ്ഥാപനങ്ങൾക്ക് ഉണ്ടാകും എന്നതിൽ സംശയമില്ല.
ശൈലീപുസ്തകം
മുതല്‍മുടക്കിനു പുറമേ പത്രങ്ങളും പ്രസാധകരും ചെയ്യേണ്ട മറ്റു ചിലതു കൂടിയുണ്ട്. ശൈലീപുസ്തകവുമായി ബന്ധപ്പെട്ടതാണ് ഇതിലൊന്ന്. പദങ്ങൾ, ആളുകളുടെയും സ്ഥലങ്ങളുടെയും പേരുകൾ തുടങ്ങിയവ ശൈലീപുസ്തകത്തിൽനിന്ന് ഒഴിവാക്കണം. അത് എല്ലാ പത്രങ്ങളും പ്രസാധകരും ഒരുപോലെ എഴുതണം. എങ്കിലേ തിരച്ചിലും അക്ഷരക്രമത്തിൽ അടുക്കലും അടക്കമുള്ള പുതിയകാലാവശ്യങ്ങൾ സാദ്ധ്യമാകൂ. ‘വിദ്യുച്ഛക്തി’ എന്ന് എഴുതണ്ടാ, ‘വൈദ്യുതി’ എന്നു മതി എന്നു പത്രങ്ങൾക്കു തീരുമാനിക്കാം, പക്ഷേ, ‘അദ്ധ്യാപകൻ’ വേണ്ടാ, ‘അധ്യാപകൻ’ മതി എന്നും ‘ഹൈക്കോടതി’ വേണ്ടാ, ‘ഹൈകോടതി’ മതി എന്നൊന്നും തീരുമാനിക്കാൻ ഇനിയുള്ള കാലം പത്രങ്ങൾക്ക് അവകാശം ഇല്ലാതായിരിക്കുന്നു. അതെല്ലാം നേരത്തേ പറഞ്ഞപോലെ ഭാഷാപണ്ഡിതസമൂഹം തീരുമാനിക്കണം. ബന്ധപ്പെട്ട സർക്കാർസംവിധാനം അതിന്റെ ചുമതല എടുക്കണം.
ഉച്ചരിക്കുന്ന അക്ഷരത്തിന്റെ വലതുവശത്തെ അഞ്ച് അക്ഷരങ്ങളാണു കണ്ണിനു മുൻകൂട്ടി കാണാൻ കഴിയുന്നത് എന്നുവയ്ക്കുക. കൂട്ടക്ഷരങ്ങൾ ആണെങ്കിൽ അഞ്ച് അക്ഷരങ്ങളുടെ സ്ഥാനത്ത് ആറോ ഏഴോ എട്ടോ അക്ഷരങ്ങൾ കണ്ണിൽപ്പെടും. വായനയ്ക്ക് അത്രയും വേഗം കൂടും എന്നർത്ഥം. ചുരുക്കത്തിൽ, പല ധാരണകളും നാം തിരുത്തേണ്ടിയിരിക്കുന്നു. പുതിയ സാഹചര്യം അത് അനിവാര്യമാക്കിയിരിക്കുന്നു.
അതേസമയം, വാർത്തയിലേക്കു പുതുതായി കടന്നുവരുന്ന അളുകളുടെ പേരുകളും ശാസ്ത്രസാങ്കേതികപദങ്ങൾ അടക്കമുള്ള പദങ്ങളും മലയാളത്തിൽ എങ്ങനെ എഴുതണമെന്ന് അപ്പപ്പോൾ തീരുമാനിച്ചു പത്രമാധ്യമങ്ങളെ അറിയിക്കാനുള്ള ചുമതല മീഡിയ അക്കാദമിയോ മറ്റേതെങ്കിലും സ്ഥാപനമോ ഏറ്റെടുക്കണം. അല്ലെങ്കിൽ, പ്രധാനപത്രങ്ങളുടെ പ്രതിനിധികളുടെ ഒരു സമിതി ഓൺലൈനായോ ഫോണിലോ കൂടിയാലോചിച്ചു നിശ്ചയിക്കട്ടെ. അതു മറ്റു പത്രങ്ങളെ ഉടൻ അറിയിക്കൻ ഒരു ഓൺലൈൻ വേദി ഉണ്ടാക്കിയാലും മതി. അതതുഭാഷയിലെ ഉച്ചാരണത്തോടു പരമാവധി അടുത്തുനിൽക്കുന്നതാകണം അത്. അതു കണ്ടെത്താൻ ഇന്റർനെറ്റ് യുഗത്തിൽ ബുദ്ധിമുട്ടില്ല. എങ്കിലും ഏകരൂപത്തിലാകാൻ മേല്പറഞ്ഞ ഒരു ‘ഏകജാലകം’ അനിവാര്യമാണ്.
വാക്കുകൾ മുറിക്കുന്നതു സംബന്ധിച്ചും ശൈലീപുസ്തകം നിലപാടെടുക്കരുത്. അതും ഭാഷയുടെ വഴിക്കു വിടണം. വാക്കുകൾ മുറിച്ചെഴുതുന്ന ഇംഗ്ലിഷുകാരന്റെ ലേഔട്ട് സിദ്ധാന്തം കടമെടുത്തു വാക്കുകൾ പരമാവധി മുറിച്ചെഴുതുന്നതാണു ഭംഗി എന്നു തീരുമാനിച്ചതാണു മുറിച്ചെഴുത്തു വ്യാപകമാകാൻ പ്രധാനകാരണം. ഒരാശയം പൂർണ്ണമാകുംമുമ്പു ഖണ്ഡികകൾ തിരിക്കുന്നതിന്റെയും ന്യായം ഇതുതന്നെ. ഖണ്ഡികതിരിക്കൽ അങ്ങനെ നടക്കട്ടെ. പക്ഷേ, വാക്കുമുറിക്കൽ ഗുണകരമല്ല.
ലേഔട്ട് ഭംഗി എന്തിനാണ്? കാഴ്ചയുടെ ഭംഗിക്ക്. കാഴ്ചയിലെ ഭംഗിയാണോ വായനയുടെ സുഖമാണോ പ്രധാനം? സുഗമമായി വായിക്കാൻ പറ്റുന്നതാണു വായനക്കാർ ഇഷ്ടപ്പെടുക. അങ്ങനെയെങ്കിൽ സമസ്തപദം കൂട്ടിച്ചേർത്ത് എഴുതുന്നതാണു വായനയ്ക്കു നല്ലത്. നാം ഓരോ അക്ഷരം വായിക്കുമ്പോഴും കണ്ണ് അതിനടുത്ത ഏതാനും അക്ഷരങ്ങൾകൂടി കാണും. ഈ കഴിവാണു തുടർച്ചയായ വായനയ്ക്കു സഹായകം. അകന്നകന്നു കിടക്കുന്ന വാക്കുകളുടെ തുടർച്ചയെക്കാൾ ഒന്നായിരിക്കുന്ന വാക്കുകൾക്കാണ് ആശയസംവേദനക്ഷമത കൂടുതൽ.
കൂട്ടക്ഷരങ്ങളുടെ കാര്യത്തിലാണ് ഇതു കൂടുതൽ പ്രസക്തം. ഉച്ചരിക്കുന്ന അക്ഷരത്തിന്റെ വലതുവശത്തെ അഞ്ച് അക്ഷരങ്ങളാണു കണ്ണിനു മുൻകൂട്ടി കാണാൻ കഴിയുന്നത് എന്നുവയ്ക്കുക. കൂട്ടക്ഷരങ്ങൾ ആണെങ്കിൽ അഞ്ച് അക്ഷരങ്ങളുടെ സ്ഥാനത്ത് ആറോ ഏഴോ എട്ടോ അക്ഷരങ്ങൾ കണ്ണിൽപ്പെടും. വായനയ്ക്ക് അത്രയും വേഗം കൂടും എന്നർത്ഥം. ചുരുക്കത്തിൽ, പല ധാരണകളും നാം തിരുത്തേണ്ടിയിരിക്കുന്നു. പുതിയ സാഹചര്യം അത് അനിവാര്യമാക്കിയിരിക്കുന്നു.
യൂണികോഡ് പൊരുത്തം
മലയാളം അച്ചടിയുടെ രംഗത്തെ ഏറ്റവും പ്രധാനപ്രശ്നം യൂണികോഡ് പൊരുത്തം (Unicode compatibility) ആണ്. നാം ഇന്ന് അച്ചടിക്ക് ഉപയോഗിക്കുന്ന അക്ഷരങ്ങൾ യൂണികോഡ് ഫോണ്ടുകളല്ല. അതു പഴയ ASCII (അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചെയ്ഞ്ജ്) സമ്പ്രദായത്തിലുള്ളതാണ്. സിഡാക്കിന്റെ ‘ഐഎസ്എം ജിസ്റ്റ്’ അടക്കമുള്ള ഫോണ്ട് സെറ്റുകൾ ഈ ഇനമാണ്. ഈ ഫോണ്ടുകളിൽ ടൈപ്പുചെയ്ത വിവരങ്ങൾ ഇന്റർനെറ്റിൽ ഇട്ടാലോ ആർക്കെങ്കിലും ഇ മെയിൽ ചെയ്താലോ അതു കിട്ടുന്ന ആളുടെ കമ്പ്യൂട്ടറിൽ ഈ ഫോണ്ട് ഉണ്ടെങ്കിലേ വായിക്കാനോ എഡിറ്റ് ചെയ്യാനോ ഒക്കെ കഴിയൂ.
ഒരു കമ്പ്യൂട്ടറിൽ ഈ ഫോണ്ടിൽ ടൈപ്പുചെയ്യണമെങ്കിൽത്തന്നെ നോട്ട് പാഡോ വേഡോ ഒഒ റൈറ്ററോ ലാടെക്കോ(LaTex) തുറന്നുവച്ച് ഇംഗ്ലിഷ് ചെയ്യുന്നതുപോലെ വറുതെ അങ്ങു ചെയ്യാനാവില്ല. അതിന് ഐഎസ്എം പോലെ ഒരു ഇടനിലസോഫ്റ്റ് വെയർ (language engine) കൂടി വേണം. അച്ചടി പോലുള്ള പ്രൊഫഷണൽ ആവശ്യങ്ങൾക്കായി പ്രത്യേകം ഇൻസ്റ്റോൾ ചെയ്യുന്ന ഇത്തരം സോഫ്റ്റ് വെയറുകൾ മറ്റുള്ളവർ ഇൻസ്റ്റോൾ ചെയ്യാറില്ലായിരുന്നതിനാലാണ് സാധാരണ കമ്പ്യൂട്ടർ ഉപഭോക്താക്കൾക്ക് അടുത്തകാലം വരെ മലയാളം ടൈപ്പുചെയ്യാൻ കഴിയാതിരുന്നത്. അഥവാ, അത്യാവശ്യക്കാർ മലയാളം ഇംഗ്ലിഷിൽ ടൈപ്പുചെയ്തിരുന്നത്.
അടുത്തകാലത്ത് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഇ-മെയിൽ സേവനദാതാക്കളുമൊക്കെ യൂണികോഡ് മലയാളം എംബെഡ് ചെയ്തശേഷമാണു നമുക്കീ സൗഭാഗ്യം കൈവന്നത്. അതോടെ ഓൺലൈനിൽ മലയാളത്തിന്റെ ഒരു പൂക്കാലംതന്നെ വിരിഞ്ഞു എന്നതുകൂടി ഓർക്കുക. വിക്കിപീഡിയയിൽ ഇംഗ്ലിഷ് കഴിഞ്ഞാൽ ഉള്ളടക്കത്തിലും തിരയലിലും ക്രിയാത്മകതയിലും ഏറ്റവും സജീവമായ (page depth ഉള്ള) ലോകഭാഷ എന്ന അവിശ്വസനീയ പദവിയിലേക്കു നമ്മുടെ മാതൃഭാഷ വിരലിലെണ്ണാവുന്ന വർഷങ്ങൾകൊണ്ട് ഉയർന്നത് ഇതു സാദ്ധ്യമായതുവഴി ആണ്. ഇക്കാലമത്രയും നമ്മെ തളച്ചിട്ട ആ പഴയ സാങ്കേതികവിദ്യയിൽ നിന്നു മോചനം നേടാൻ പക്ഷേ, നമ്മുടെ അച്ചടിക്കും പ്രസാധകർക്കും പ്രധാന പത്രങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞിട്ടില്ല എന്നല്ല പറയേണ്ടത്, ഉത്സാഹിച്ചില്ല എന്നാണ്. ഓൺലൈൻ എഡിഷനുകളിൽ മാത്രമായി യുണികോഡ് വിപ്ലവം ഒതുങ്ങിനിൽക്കുന്നു.
‘കേരളകൗമുദി’ പത്രമാണ് ആദ്യം യൂണികോഡ് ഫോണ്ടിലേക്കു മാറിയത്. തുടക്കത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തരണംചെയ്തു മുന്നേറിയ ആ ധീരമായ ചുവടുവയ്പിന് അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പത്രങ്ങൾക്കു വാർത്ത പത്രക്കുറിപ്പായും മറ്റും ലഭ്യമാക്കാൻ അടുത്ത കാലം വരെ പബ്ലിക് റിലേഷൻസ് വകുപ്പും ഏജൻസികളുമെല്ലാം ചെയ്തിരുന്നത് പേജ്മേക്കറിൽ വിവിധതരം (ML, MLTT, Sree, etc) ഫോണ്ടുകളിൽ ടൈപ്പുചെയ്തു നൽകുകയാണ്. പേജ്മേക്കർ ഉപയോഗിക്കാത്ത ഇംഗ്ലിഷ് പത്രങ്ങൾ അടക്കമുള്ള പത്രങ്ങൾ ഇതിനായിമാത്രം പേജ്മേക്കർ വാങ്ങി ഇൻസ്റ്റോൾ ചെയ്യേണ്ട സ്ഥിതി വന്നിരുന്നു. ആരും അതു ചെയ്യാത്തതിനാൽ വാർത്താക്കുറിപ്പുകൾ പിഡിഎഫ് കൂടിയാക്കി നൽക്കേണ്ടിവന്നു. ഇതിനെല്ലാം പുറമെ യൂണികോഡ് ഫോണ്ടിലും.. ആസ്കി ഫോണ്ടുകൾ വേഡ് ഫയലിൽനിന്നു പേജ്മേക്കറിലേക്കു കോപ്പി ചെയ്താൽ ചില അക്ഷരങ്ങൾ കാണാതാകും. അതുകൊണ്ട്, മലയാളം പത്രക്കുറിപ്പുകൾ വേഡ് ഫയലായി നൽകുന്നതു പലർക്കും സ്വീകാര്യമായിരുന്നില്ല. അപ്പോൾ, പി ആർ ഏജൻസികളും പി ആർ ഡിയുമെല്ലാം പേജ്മേക്കർ ഈ ആവശ്യത്തിനു മാത്രമായി ഉപയോഗിക്കാൻ നിർബ്ബന്ധിതരായി. അതെ, പ്രശ്നങ്ങൾ പലതായിരുന്നു.
മുമ്പെല്ലാം ഉള്ളടക്കത്തിന്റെ ബാദ്ധ്യത പത്രം അച്ചടിക്കുന്നിടത്തു തീരുമായിരുന്നു. ഇന്നും പല പത്രസ്ഥാപനങ്ങളും ആ മനോഭാവത്തിൽ ആണെങ്കിലും കാര്യങ്ങൾ അതിനപ്പുറത്താണ്. പത്രങ്ങൾക്കെല്ലാം ഓൺലൈൻ എഡിഷനുകളോ ഇ പത്രങ്ങളോ ആയിക്കഴിഞ്ഞു. ഇവയൊകെ ലോകമെമ്പാടുമുള്ള ജനങ്ങൾക്കു കാണണമെങ്കിൽ അതിനു പറ്റുന്ന ഫോണ്ടിൽ വേണം അവ അപ് ലോഡ് ചെയ്യാൻ. മുമ്പെല്ലാം അതിനായി ഫോണ്ടുകൾ കൂടി എംബെഡ് ചെയ്യുകയോ ഡൗൺലോഡ് ചെയ്യാൻ പാകത്തിൽ അതതു വെബ്സൈറ്റിൽ ലഭ്യമാക്കുകയോ ആണു ചെയ്തിരുന്നത്. എന്നാൽ യൂണികോഡ് മലയാളം വന്നതോടെ ഈ പ്രതിസന്ധി മാറിക്കിട്ടി. ആസ്കി (ASCII) ഫോണ്ടുകളിൽ അച്ചടിക്കുന്ന പത്രങ്ങളും ഓൺലൈൻ എഡിഷനുകളിൽ യൂണികോഡ് ഫോണ്ടാണ് ഉപയോഗിക്കുന്നത്.
ഇന്നു പത്രസ്ഥാപനങ്ങൾ ചെയ്യുന്നത് ഓൺലൈൻ എഡിഷനിൽ ഇടാനായി പത്രത്തിലെ ഓരോ വാർത്തയും ടൈപ്പിറ്റോ (Typeit) അതുപോലെ സ്വന്തമായി വികസിപ്പിച്ചതോ ആയ ഒരു സോഫ്ട്വെയർ ഉപയോഗിച്ച് യൂണികോഡ് ഫോണ്ടിലേക്കു മാറ്റുകയാണ്. തത്സമയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഓൺലൈൻ എഡിഷനിൽനിന്നു പുതിയ വാർത്തകൾ പത്രത്തിലേക്ക് എടുക്കണമെങ്കിലും ഇതേ കൺവേർഷൻ വ്യായാമം ചെയ്യണം. വലിയൊരു അദ്ധ്വാനമാണിത്. അച്ചടികൂടി യൂണികോഡിലേക്കു മാറിയാലേ ഈ പ്രശ്നത്തിനു പരിഹാരമാകൂ.
മാറാത്ത വാർത്താവിന്യസനം
അച്ചടി യൂണികോഡിലേക്കു മാറുന്നതിനുള്ള തടസ്സം പത്രങ്ങൾ ലേഔട്ടിന് ഉപയോഗിക്കുന്ന സോഫ്ട്വെയറിന്റെ പരിമിതിയാണ്. അന്യഭാഷാപത്രങ്ങളൊക്കെ ക്വാർക് എക്സ്പ്രസും ഇൻഡിസൈനും ടെക്കും ലാടെക്സും കോണ്ടെക്സ്റ്റും ഒക്കെയായി കാലത്തിനൊത്തു മുന്നോട്ടു പോയപ്പോഴും നമ്മുടെ പത്രങ്ങളിൽ പലതും സമീപകാലം വരെ പേജ്മേക്കറിൽ നിൽക്കുകയായിരുന്നു. പേജ്മേക്കറിന്റെ നിർമ്മാതാക്കളായ അഡോബ് തന്നെ ഇൻഡിസൈൻ അവതരിപ്പിക്കുകയും അതിന്റെ പല പതിപ്പുകൾ ഇറക്കുകയും ഒക്കെ ചെയ്തിട്ടും നമ്മുടെ അച്ചടിയെ അതൊന്നും സ്വാധീനിച്ചില്ല!
നമ്മുടെ ഡിടിപികളിൽ 60 ശതമാനത്തിലേറെയും ഇന്നും പേജ്മേക്കറിലാണ്. പുസ്തകപ്രസാധകരും പേജ്മേക്കർ യുഗത്തിൽത്തന്നെ. ടെക്കും ലാടെക്സും കോണ്ടെക്സ്റ്റും അടക്കം അക്കാദമികപ്രസിദ്ധീകരണങ്ങൾക്കടക്കം ഉപയോഗിക്കാവുന്ന, സുഗമമായ കമാൻഡ് രീതികളുള്ള, സ്വതന്ത്ര സോഫ്ട്വെവെയറുകൾ ലഭ്യമായിട്ടും അതിനോടൊന്നും ആഭിമുഖ്യം കാട്ടാൻ കുത്തക സോഫ്ട്വെയറുകളുടെ തടവറയിൽ കഴിയുന്ന നമുക്കു കഴിയുന്നില്ല എന്നതു വേറെ ചർച്ചചെയ്യേണ്ട വിഷയമാണ്.
കേംബ്രിഡ്ജ് ജേർണലുകൾ, നേച്ചർ പബ്ലിഷിങ് ഗ്രൂപ്പ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് തുടങ്ങി ലോകത്തെ ഏറ്റവും പ്രമുഖരായ അക്കാദമിക പ്രസാധകരുടെ പ്രസിദ്ധീകരണങ്ങളിൽ പലതും തിരുവനന്തപുരത്തു നെയ്യാർ ഡാമിനടുത്തുള്ള റിവർ വാലി ടെക്നോളജീസ് എന്ന സ്ഥപനമാണു ടൈപ്പ് സെറ്റുചെയ്തു രൂപകല്പന ചെയ്യുന്നതെന്ന് എത്രപേർക്ക് അറിയാം? അവർ സ്വതന്ത്ര സോഫ്ട്വെയറുകൾ മാത്രം ഉപയോഗിച്ചാണു ലോകോത്തരനിലവാരത്തിൽ ഈ പ്രവൃത്തികൾ ചെയ്യുന്നത്.
ഓപ്പണ്‍ടൈപ്പ് മാനകമനുസരിച്ചു് കുറ്റമറ്റ മലയാളം ചിത്രീകരണം സാധ്യമാക്കുന്നതിനു് ശ്രമിച്ചുകൊണ്ടിരിക്കുകയാണു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകര്‍. വിന്‍ഡോസിലെ യുണിസ്ക്രൈബ് ചിത്രീകരണ സംവിധാനം, ആന്‍ഡ്രോയിഡ് ഫോണുകളിലെയും ലിനക്സിലെയുമൊക്കെ ഹാര്‍ഫ്ബസ്സ്, അഡോബ് ഇന്‍ഡിസൈന്റെ ചിത്രീകരണസംവിധാനം എന്നിവയിലൊക്കെ പ്രശ്നമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫോണ്ടുകൾ ഇവർ പുറത്തിറക്കിയിരിക്കുന്നു. ഈ ഫോണ്ടുകളിലാണിപ്പോൾ മേല്‍പ്പറഞ്ഞവയുടെയെല്ലാം ടെസ്റ്റിങ് നടക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ വിദേശത്തെ വൻകിടക്കമ്പനികൾക്കു കൊടുക്കുന്ന കോടികൾക്കു പകരം അതിലും തുച്ഛമായ തുക സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ സന്നദ്ധപ്രവർത്തകർക്കു നൽകിയാൽ അവർ ഇതെല്ലാം നമ്മുടെ പത്രങ്ങൾക്കു ചെയ്തുകൊടുക്കില്ലേ എന്നാണെന്റെ സംശയം. അവർ ആകെക്കൂടി ബുദ്ധിമുട്ടുന്നതു പണത്തിന്റെ കാര്യത്തിലാണ്.
കേംബ്രിഡ്ജ് ജേർണലുകൾ, നേച്ചർ പബ്ലിഷിങ് ഗ്രൂപ്പ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് തുടങ്ങി ലോകത്തെ ഏറ്റവും പ്രമുഖരായ അക്കാദമിക പ്രസാധകരുടെ പ്രസിദ്ധീകരണങ്ങളിൽ പലതും തിരുവനന്തപുരത്തു നെയ്യാർ ഡാമിനടുത്തുള്ള റിവർ വാലി ടെക്നോളജീസ് എന്ന സ്ഥപനമാണു ടൈപ്പ് സെറ്റുചെയ്തു രൂപകല്പന ചെയ്യുന്നതെന്ന് എത്രപേർക്ക് അറിയാം? അവർ സ്വതന്ത്ര സോഫ്ട്വെയറുകൾ മാത്രം ഉപയോഗിച്ചാണു ലോകോത്തരനിലവാരത്തിൽ ഈ പ്രവൃത്തികൾ ചെയ്യുന്നത്.
സ്വതന്ത്ര സോഫ്ട്വെയറുകളിൽ ടെക്(Tex), ലാടെക്സ്(LaTex), കോണ്ടെക്സ്റ്റ്(ConText), സ്ക്രൈബസ്(Scribus) തുടങ്ങിയവയൊക്കെ മലയാളം യൂണികോഡിന് അനുപൂരകം ആക്കിയിട്ടുണ്ട്. വിൻഡോസിൽ പ്രവർത്തിക്കുന്ന പ്രൊഫെഷണൽ ലേഔട്ട് സോഫ്ട്വെയറുകളിൽ ഇൻഡിസൈനിന്റെ സിഎസ്6 പതിപ്പാണ് ആദ്യമായി യൂണികോഡി മലയാളം ഉൾക്കൊണ്ടിറങ്ങിയത്. ഇതിൽ പക്ഷേ കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങളോടെയാണ് ‘കേരളകൗമുദി’ അതിലേക്കു മാറിയത്. ആ തകരാറുകൾ പരിഹരിച്ചാണു സിസി 7 പതിപ്പു പുറത്തിറക്കിയത്. ‘കേരളകൗമുദി’ അതു സ്വീകരിച്ച് അച്ചടി മെച്ചപ്പെടുത്തി.
ഈ പുതിയ സോഫ്ട്വെയറുകൾ വലിയ വിലയുള്ളവയാണ്. വിലയ്ക്കുവാങ്ങിയല്ലാതെ അവ ഉപയോഗിക്കാനും ആവില്ല. അതുകൊണ്ടാണ് ഭൂരിഭാഗം ഡിടിപി കേന്ദ്രങ്ങളും പേജ്മേക്കറിൽ തുടരുന്നത്. ഇവർക്കെല്ലാം ഏറ്റവും അനുയോജ്യമാണ് കോണ്ടെക്സ്റ്റ് എന്ന സ്വതന്ത്ര, സൗജന്യ സോഫ്റ്റ് വെയർ. അവർ ആ വഴിക്കു നീങ്ങാത്തത് അക്ഷന്തവ്യമായ തെറ്റാണെന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ആ വഴിക്കു ചിന്തിച്ചില്ലെങ്കിൽ ചിലപ്പോൾ വൈകാതെ ഈ മേഖല വലിയ പ്രതിസന്ധിയിൽ പെടാനുള്ള സാദ്ധ്യതയുണ്ട്. പത്രങ്ങൾക്കും പ്രസാധകർക്കുമെല്ലാം ഈ ‘സ്വതന്ത്ര’വഴി തന്നെയാകും ഗുണകരമെന്നും തോന്നുന്നു.
ലിപിയും ലാഭവും
ഇതെല്ലാമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനകാര്യമാണു ലിപി. യൂണികോഡ് വന്നതോടെ, ലിപികളെ ഉൾക്കൊള്ളുന്ന ക്യാരക്ടർ കോഡുകളുടെ എണ്ണത്തിനുണ്ടായിരുന്ന പരിമിതി ഇല്ലാതായി. മുമ്പ് ഏതു പരിമിതി കാരണമാണോ അക്ഷരങ്ങൾ വെട്ടിമുറിച്ച ലിപിപരിഷ്ക്കരണത്തിനു നാം നിർബ്ബന്ധിതരായത്, അത് ഇല്ലാതായിരിക്കുന്നു എന്നർത്ഥം. മലയാളം അച്ചടി കാര്യമായി തുടങ്ങിയതു മുതൽ നിലനിന്ന തനത് അച്ചടിലിപി -പരിഷ്ക്കരണത്തിനുശേഷം പഴയലിപി എന്നു വിളിച്ചുപോരുന്ന ലിപി -മുഴുവൻ ഇന്നു കമ്പ്യൂട്ടറിന് ഉൾക്കൊള്ളാൻ കഴിയും. ആ സൗകര്യം വന്നതോടെ ഉല്പതിഷ്ണുക്കളായ ഒരുകൂട്ടം ആളുകളുടെ ഉത്സാഹത്തിൽ ആ ലിപികൾ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ‘രചന’യും ‘മീര’യുമെല്ലാം അത്തരം ഫോണ്ടുകളാണ്. അതിൽ ബൈബിൾ, അദ്ധ്യാത്മരാമായണം, ചതുർവേദം, ദശോപനിഷത് എന്നിവയടക്കം ഇരുനൂറോളം ബൃഹദ്ഗ്രന്ഥങ്ങൾ അച്ചടിക്കുകയും ചെയ്തു.
ഓൺലൈനിൽ ഇന്നു നാം കാണുന്നത് ആ ലിപിയാണ്. മിക്കവാറുമെല്ലാ പത്രങ്ങളും വാർത്താച്ചാനലുകളുടെ വെബ്സൈറ്റുകളും മറ്റനവധി ന്യൂസ് പോർട്ടലുകളും ബ്ലോഗുകളും എല്ലാം ആ ലിപിയിലാണു ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു മലയാളികൾ വായിക്കുന്നത്. ഐടി @ സ്ക്കൂളിന്റെ മലയാളം കമ്പ്യൂട്ടിങ് ലക്ഷക്കണക്കിനു കുട്ടികൾ പഠിക്കുന്നതും ആ തനതുലിപിയിൽ തന്നെ. അവർക്കെല്ലാം ഇഷ്ടവും ആ ലിപിയാണെന്നാണു പല പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. സർക്കാർ വകുപ്പുകളും അനുബന്ധസ്ഥാപനങ്ങളും കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതും വെബ്സൈറ്റുകൾ നിർമ്മിക്കുന്നതും യൂണികോഡ് മലയാളം ഫോണ്ടുകൾ ഉപയോഗിച്ച് ആയിരിക്കണമെന്നു നിഷ്ക്കർഷിക്കുന്ന വിവരസാങ്കേതികവകുപ്പിന്റെ 2008 ഓഗസ്റ്റ് 21ലെ ജിഒ (എംഎസ്) നം: 31/2008/ വി.വ.സ. നമ്പർ ഉത്തരവും 2009 ജൂലൈ 30ലെ 2826/ബി1/09/വി.വ.സ. നമ്പർ സർക്കുലറും സർക്കാരിന്റെ പതിനായിരക്കണക്കിനു കമ്പ്യൂട്ടറുകളിലും സൈറ്റുകളിലും തനതുലിപി സാദ്ധ്യമാക്കിയിരിക്കുന്നു.
വായിക്കാന്‍ എളുപ്പമുള്ള, സ്ഥലലാഭമുള്ള, കാണാന്‍ ഭംഗിയുള്ള, രണ്ടോമൂന്നോ വര്‍ഷത്തിനകം അച്ചടിയിൽ സാര്‍വ്വത്രികമാകാൻപോകുന്ന ഈ ലിപി ഗണ്യമായ സ്ഥലലാഭം ഉണ്ടാക്കുന്നുവെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 10 ശതമാനം വരെ ആണത്രേ സ്ഥലലാഭം. 20 പേജുള്ള പത്രത്തിൽ 2 പേജ് ലാഭം! 100 പേജുള്ള പുസ്തകത്തിൽ 10 പേജ് ലാഭം. പത്രങ്ങൾക്കാണെങ്കിൽ അത്രയും സ്ഥലത്തുകൂടി പരസ്യം ചേർക്കാൻ കഴിഞ്ഞാൽ എത്രകോടി രൂപ ലാഭം! അത്രയും പേജുകൾ വേണ്ടെന്നുവച്ചാൽ എത്രായിരം മരങ്ങൾ ഓരോ വർഷവും രക്ഷപ്പെടും.
സ്ഥലലാഭമോ ടൈപ്പിങ്ങിലെ സമയലാഭമോ കാഴ്ചയിലെ ഭംഗിയോ വായനയുടെ സുഗമതയോ ഇല്ലാത്ത ഇന്നത്തെ വെട്ടിമുറിച്ച ലിപികൾ തന്നെ ഉപയോഗിക്കണമെന്ന് ഇപ്പോഴും ആരെങ്കിലും വാശിപിടിക്കുന്നുണ്ടെങ്കിൽ അതിന്റെ ന്യായം എന്തെന്ന് അവർ വ്യക്തമാക്കണം. ഭാഷാചരിത്രത്തിലെ ക്ഷണികമാത്രയായ കേവലം മൂന്നു-മൂന്നര പതിറ്റാണ്ടുമാത്രമേ തനതുലിപിക്കു മാറിനിൽക്കേണ്ടിവന്നിട്ടുള്ളൂ. അക്കാലത്തു പരിഷ്ക്കരിച്ച ലിപിയിൽ അച്ചടിച്ച പുസ്തകങ്ങളിൽ അതിജീവനശേഷിയുള്ളവ മുഴുവൻ നാളെ തനതുലിപിയിൽ പുനഃപ്രസിദ്ധീകരിക്കപ്പെടും. അതെല്ലാം പരിഗണിക്കുമ്പോൾ, പരിഷ്ക്കരിച്ച ലിപികളെ പിന്തള്ളി അതിശക്തമായി തിരിച്ചുവന്ന തനതുലിപിയിലേക്ക് എത്രയും വേഗം മാറാൻ തയ്യാറാകാത്തവർക്കുതന്നെ ആയിരിക്കും അതിന്റെ നഷ്ടം.
ഈ ലിപി വ്യാപകമായി പ്രചാരത്തിൽ വരുന്നതിന് ഇന്നുള്ള പ്രധാനതടസ്സം വേണ്ടത്ര ഫോണ്ടുകൾ ഇല്ലാത്തതാണ്. കുത്തും കുനിപ്പും അടക്കം അറുനൂറോളം ക്യാരക്ടറുകൾ രൂപകല്പന ചെയ്യണം. ഇപ്പോൾ ചുരുക്കം ഫോണ്ടുകളേ ഉള്ളൂ. ഓൺലൈൻ ആവശ്യങ്ങൾക്ക് ഇതു മതി. പക്ഷേ, ഡിസൈനിങ്ങിന് അതുപോര. ഭംഗിയുള്ള പലതരം ഫോണ്ടുകൾ വേണം. അവ രൂപകല്പന ചെയ്യിക്കാൻ ധാരാളം പണം വേണം. ഇതിന് ഒറ്റത്തവണത്തെ മുതൽമുടക്കു മതി. അതിനുള്ള പണം പ്രസാധകരും അച്ചടിവ്യവസായത്തിലെ പ്രമുഖരും പത്രസ്ഥാപനങ്ങളും എല്ലാം ചേർന്നു സമാഹരിക്കണം. നേരത്തേ പറഞ്ഞതുപോലെ ശ്രേഷ്ഠഭാഷാപദവിയുടെ ഭാഗമായി ലഭിക്കുന്ന പണത്തിൽനിന്നും ഒരുപങ്കു നീക്കിവയ്ക്കാം. മലയാളം സർവ്വകലാശാല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി, സർക്കാർ പ്രസ്, സാഹിത്യ അക്കാദമി തുടങ്ങിയ ഗുണഭോക്താക്കളെല്ലാം ഇതിനായി പണം മുടക്കുകയും മുൻകൈ എടുക്കുകയും വേണം.
മേല്പറഞ്ഞ പ്രശ്നങ്ങളെല്ലാം എത്രയുംവേഗം പരിഹരിക്കേണ്ടത് മലയാളത്തിന്റെ ഭാവിവളർച്ചയ്ക്കും പത്ര, പ്രസാധന, അച്ചടി വ്യവസായങ്ങളുടെ വികാസത്തിനും എല്ലാം അത്യന്താപേക്ഷിതമാണ്. നിറഭേദങ്ങളും മൗലികതാവാദങ്ങളും നിക്ഷിപ്തതാല്പര്യങ്ങളും മൂപ്പിളമത്തർക്കവും എല്ലാം മാറ്റിവച്ച് ഇതിന്റെ പ്രയോക്താക്കളും ഗുണഭോക്താക്കളും ഏകമനസോടെ രംഗത്തിറങ്ങുക എന്നതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു തയ്യാറായില്ലെങ്കിൽ വരുംതലമുറ നമ്മേ പഴിക്കും എന്നോർക്കുക.