(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
വൃക്ഷങ്ങൾ ഇടതൂർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു കാട്ടുപക്ഷിയാണ് തീക്കാക്ക. Malabar Trogon എന്നാണ് ജീവശാസ്ത്രനാമം. ഏകദേശം ഒരു തത്തയോളം വലിപ്പമുള്ള ഇവ പേര് അന്വർത്ഥമാക്കും വിധം ഉജ്ജ്വല നിറങ്ങളുള്ളതാണ്. പ്രായപൂർത്തിയായ ആൺ പക്ഷിക്ക് ഉദരഭാഗത്തു കടും ചുവപ്പു നിറവും പെൺപക്ഷിക്കു മഞ്ഞ കലർന്ന തവിട്ടു നിറവുമാണ്. സാധാരണയായി ആണിനേയും പെണ്ണിനേയും അടുത്തടുത്തായി തന്നെ കാണാൻ കഴിയും. കുളത്തൂപ്പുഴക്കടുത്ത കട്ടിളപ്പാറ വനത്തിൽ ഒരിക്കൽ 8 പക്ഷികളെ ഒന്നിച്ചു കണ്ടത് ഓർക്കുന്നു.
മനുഷ്യസാന്നിദ്ധ്യം തീരെ ഇഷ്ടപ്പെടാത്ത ഈ പക്ഷി, ഇരുകാലികളെ കാണുമ്പോൾ തന്നെ തവിട്ടു നിറമുള്ള പുറഭാഗം കാണിച്ചു തങ്ങളെ അദൃശ്യമാക്കാറുണ്ട്. ചെറിയ ഷഡ്പദങ്ങളും ജീവികളുമാണ് ഇവയുടെ ആഹാരം. വൃക്ഷങ്ങളിൽ അനങ്ങാതെ ഇരുന്ന് ഇരയെ വീക്ഷിച്ചതിനു ശേഷം അവയെ പറന്നു പിടിക്കാറാണ് പതിവ്. എന്നാലും കൂടുതൽ നേരം അനങ്ങാതെ ഇരിക്കാനുള്ള കഴിവ് ഇവയ്ക്കില്ല എന്നുതന്നെ പറയാം. അതിനാൽ ഈ പക്ഷികളുടെ ആവാസസ്ഥലങ്ങളിൽ കുറച്ചു നേരം വീക്ഷിച്ചാൽ ഇവയുടെ ചലനങ്ങൾ മനസിലാക്കാവുന്നതാണ്. മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുന്നത്.
ഒരിക്കൽ കട്ടിളപ്പാറയിൽ പക്ഷികളെ ഒന്നിനെയും കാണാൻ കഴിയാതെ നിരാശയിൽ വരുമ്പോൾ പക്ഷി നിരീക്ഷകരുടെ മനം കുളിർപ്പിക്കാൻ വഴിയിൽ കാത്തിരുന്നതാണ് ഈ വിരുതൻ.