സ്‌നേഹമേ നീ
ഒരു തുള്ളി രക്തം പൊടിയാതെ
എന്‍ ഹൃദയം മുറിച്ചെടുത്തു.
വിരഹമേ നീ
എന്നില്‍ അന്തര്‍ലീനമായ സ്‌നേഹം
ദുഃഖത്താല്‍ അനന്തമാക്കി.
പ്രണയമേ നീ
ഇനിയും വറ്റാത്ത അരുവി പോല്‍
എന്‍ ഹൃദയം തലോടും തേടലായ്.
പ്രഭേ നീ
തണുത്ത ഉടൽ മണ്ണിൽ ഒളിപ്പിച്ച്
മേഘമായ് പറന്നകന്ന് കണ്ണീരായ്.
നിന്നെ ഓർമ്മകളിൽ താലോലിക്കാൻ
എന്റെ കണ്ണീരിനെ ഞാൻ കൂട്ടി വെയ്ക്കും.
എൻ പ്രാണൻ അപഹരിച്ചവളെ
മഴയായി നീ എന്നിൽ നിറഞ്ഞ്
മണ്ണായി ഞാനലിയും വരെയും
പ്രണയം പെയ്തിറങ്ങും.
കാണുന്നുണ്ട് നീ
എന്‍ കണ്ണിനെ തനിച്ചാക്കി
കേള്‍ക്കുന്നുണ്ട് നീ
എന്‍ ചുടുനിശ്വാസം പോലും
അകലെയല്ല നീയരികെ
വിരഹമെനിക്കു മാത്രം
മഴയായ് പെയ്താലും നീ
എരിയും ആത്മാവലിയിക്കാന്‍.