ജീവിതം എന്ന മധുചഷകം

Post date:

Author:

Category:

പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതം ആത്മകഥയെഴുതാന്‍ തീരുമാനിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഖുശ്വന്ത് സിങ്ങിനെ കണ്ടു. തന്റെ ജീവചരിത്രഗ്രന്ഥത്തിന് ഉചിതമായ ഒരു പേര് നിര്‍ദ്ദേശിക്കാന്‍ അവര്‍ സിങ്ങിനോട് അഭ്യര്‍ത്ഥിച്ചു. ഒരു നിമിഷം വൈകാതെ സര്‍ദാര്‍ജിയുടെ മറുപടി വന്നു: ‘നിങ്ങളുടെ ജീവിതകഥയോ? അത് ഒരു റവന്യൂ സ്റ്റാമ്പിന്റെ മറുപുറത്ത് എഴുതാനല്ലേ ഉള്ളൂ.’ അമൃതാ പ്രീതം എന്ന വിഖ്യാതയായ സാഹിത്യകാരിക്ക് വലിയ ജീവിതാനുഭവങ്ങള്‍ ഒന്നും ഇല്ലെന്നും ഉള്ളത് ഒരു ചതുരശ്ര സെന്റീമീറ്റര്‍ വലിപ്പമുള്ള റവന്യൂ സ്റ്റാമ്പിന്റെ ഒരു പുറത്ത് എഴുതിയാല്‍ തീരുമെന്നും കളിയാക്കുകയായിരുന്നു ഖുശ്വന്ത് സിങ്. എന്നാല്‍ മാഡം പ്രീതം വിട്ടുകൊടുക്കുമോ? അവര്‍ തന്റെ ആത്മകഥാ ഗ്രന്ഥത്തിന് ‘റവന്യൂ സ്റ്റാമ്പ്’ എന്ന് പേരിട്ടുകൊണ്ട് ഖുശ്വന്ത് സിങ്ങിനോടുള്ള കടപ്പാട് അതില്‍ രേഖപ്പെടുത്തി പകരം വീട്ടി.

പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതം ആത്മകഥയെഴുതാന്‍ തീരുമാനിച്ചുകൊണ്ട് ഖുശ്വന്ത് സിങ്ങിനെ കണ്ടു. തന്റെ ജീവചരിത്രഗ്രന്ഥത്തിന് ഉചിതമായ ഒരു പേര് നിര്‍ദ്ദേശിക്കാന്‍ അവര്‍ സിങ്ങിനോട് അഭ്യര്‍ത്ഥിച്ചു. ഒരു നിമിഷം വൈകാതെ സര്‍ദാര്‍ജിയുടെ മറുപടി വന്നു: ‘നിങ്ങളുടെ ജീവിതകഥയോ? അത് ഒരു റവന്യൂ സ്റ്റാമ്പിന്റെ മറുപുറത്ത് എഴുതാനല്ലേ ഉള്ളൂ.’ എന്നാല്‍ മാഡം പ്രീതം വിട്ടുകൊടുക്കുമോ? അവര്‍ തന്റെ ആത്മകഥാ ഗ്രന്ഥത്തിന് ‘റവന്യൂ സ്റ്റാമ്പ്’ എന്ന് പേരിട്ടുകൊണ്ട് ഖുശ്വന്ത് സിങ്ങിനോടുള്ള കടപ്പാട് അതില്‍ രേഖപ്പെടുത്തി പകരം വീട്ടി.

ഈ സാഹിത്യ സംഭവത്തില്‍ ഖുശ്വന്ത് സിങ് എന്ന പത്രപ്രവര്‍ത്തകന്റെയും എഴുത്തുകാരന്റെയും സ്വഭാവ വിശേഷങ്ങളെല്ലാം അടങ്ങിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. 99-ാം വയസ്സില്‍ വിട പറയും വരെ ജീവിതം നര്‍മ്മമധുരമായ ഒരു പാത്രം വീഞ്ഞായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സുദീര്‍ഘമായ ജീവിതത്തിന്റെ രഹസ്യവും ഒരു പക്ഷേ, അതു തന്നെയാകാം. ഏതു ഗഹനമായ കാര്യവും നര്‍മ്മം കലര്‍ത്തി നിത്യജീവിതാനുഭവങ്ങളോടു ചേര്‍ത്തുവയ്ക്കാന്‍ അസാധാരണമായ ഒരു കഴിവ് ഖുശ്വന്ത് സിങ്ങിനുണ്ട്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനും എന്ന നിലയില്‍ ഖുശ്വന്ത് സിംഗിങ്ങിന്റ വിജയം അതാണ്.

കേരളത്തില്‍ 1971ല്‍ അദ്ദേഹം വന്നുപോയതിനെപ്പറ്റി ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയില്‍ എഴുതിയ ഒരു ചെറുലേഖനം തന്നെ നോക്കുക. കൊല്ലം ബോട്ട് ജെട്ടിയില്‍ നിന്ന് കടപുഴയ്ക്കുള്ള ബോട്ടില്‍ കയറി അഷ്ടമുടിക്കായലിലൂടെ കല്ലടയാറു കടന്നുപോകുന്ന ജലയാത്രാനുഭവം വിവരിക്കുമ്പോള്‍ മലയാളിയായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഇ.സി.ജി.സുദര്‍ശനെ അനുസ്മരിക്കുന്നു ഖുശ്വന്ത് സിങ്ങ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രകാശവേഗം സ്ഥിരമാണെന്ന വിഖ്യാതമായ സിദ്ധാന്തം യുക്തിപൂര്‍വ്വം സുദര്‍ശന്‍ ചോദ്യം ചെയ്യുന്നുണ്ട്. പ്രകാശകണങ്ങള്‍ തരംഗങ്ങളായി നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. അതിലും വേഗതയേറിയ മറ്റൊരു വസ്തു ഇല്ലെന്നാണ് ഐന്‍സ്റ്റീന്‍ പറയുന്നത്. സുദര്‍ശന്‍ അത് നിരാകരിക്കുന്നു. ഒരു തരംഗം ഉണ്ടാകണമെങ്കില്‍ അതിലും വേഗതയുള്ള മറ്റൊന്ന് സഞ്ചരിച്ചിരിക്കണം. അപ്പോള്‍ പ്രകാശവേഗം ‘യൂണിവേഴ്സല്‍ കോണ്‍സ്റ്റന്റ്’ ആണെന്ന് എങ്ങനെ പറയും? ഡോക്ടര്‍ സുദര്‍ശന്റെ ടാക്കിയോണ്‍ സിദ്ധാന്തത്തെ പിന്താങ്ങിക്കൊണ്ട് ഖുശ്വന്ത് സിങ് എഴുതി. ‘കല്ലടയാറിലെ നിശ്ചല ജലാശയത്തെ കീറിമുറിച്ചുകൊണ്ട് യാത്രാബോട്ട് വേഗത്തില്‍ നീങ്ങുകയാണ്. ഇരുകരകളിലുമുള്ള മനോഹരമായ കാഴ്ചകളേക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഓടുന്ന ബോട്ട് സൃഷ്ടിക്കുന്ന തിരമാലകളാണ്. നുരയും പതയും കലര്‍ന്ന ജലതരംഗങ്ങള്‍. അവയുടെ സഞ്ചാരവേഗത്തേക്കാള്‍ വലുതാണ് അവയുണ്ടാകാന്‍ കാരണമായ ബോട്ടിന്റെ വേഗം. അതിനാല്‍ ഡോക്ടര്‍ ഇ.സി.ജി.സുദര്‍ശന്റെ ടാക്കിയോണ്‍ സിദ്ധാന്തം ശാസ്ത്രീയ യുക്തിയുള്ളതാണ്. എന്നാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് തെറ്റിപ്പോയി എന്ന് ഇന്ത്യക്കാരനായ ഒരാള്‍ എത്ര ഉച്ചത്തില്‍ പറഞ്ഞാലും പടിഞ്ഞാറന്‍ ലോകം അതു കേള്‍ക്കാന്‍ പോകുന്നില്ല.’

അഷ്ടമുടിക്കായലും കല്ലടയാറും കടന്ന് ലോകം അന്യൂനമെന്നു കരുതുന്ന ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ മര്‍മ്മത്ത് തൊടുന്നു ഖുശ്വന്ത് സിങ്. കേരളത്തില്‍ വന്നപ്പോള്‍ മലയാളിയായ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനെ അദ്ദേഹം ഓര്‍ക്കുന്നു. ഇത്തരം ജലയാത്രകള്‍ ശീലമുള്ളതുകൊണ്ടാണ് ഐന്‍സ്റ്റീനെ ചോദ്യം ചെയ്യാന്‍ സുദര്‍ശന് കരുത്തുണ്ടായതെന്നും ഖുശ്വന്ത് സിങ് പറയുന്നു. അന്താരാഷ്ട്ര സങ്കുചിതബോധവും പക്ഷപാതങ്ങളും ശാസ്ത്രവികാസത്തിന് വിലങ്ങുതടിയാണെന്ന് സൂചിപ്പിക്കുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ പ്രതിവാരക്കുറിപ്പില്‍ ഇങ്ങനൊക്കെയുള്ള വലിയ ആശയങ്ങള്‍ ചുരുക്കമായിട്ടേ കാണാറുള്ളൂ. ഖുശ്വന്ത് സിങ്ങിന്റെ മനോഭാവത്തിന്റെ സവിശേഷതയാല്‍ അദ്ദേഹത്തിന്റെ രചനകള്‍ക്കെല്ലാം ഫലിതം കലര്‍ന്ന സൂക്ഷ്മതയും ഗഹനതയും ഉണ്ട്. ഒരിക്കല്‍ ഡല്‍ഹിയിലെ ഒരു ബഹുനില കെട്ടിടത്തിന്റെ ലിഫ്റ്റില്‍ കുടുങ്ങിപ്പോയ ഖുശ്വന്ത് സിങ് നേരംപോക്കിനായി ലിഫ്റ്റ് ഓപ്പറേറ്ററോട് കുശലം പറഞ്ഞു. സംഭാഷണത്തിനിടയില്‍ ലിഫ്റ്റ് ബോയിയുടെ പൂര്‍വികര്‍ ഗംഗാനദിയിലെ കടത്തുജോലിക്കാരായിരുന്നു എന്ന് മനസ്സിലാക്കി. അങ്ങനെ തൊഴിലില്‍ പാരമ്പര്യത്തിന്റെ സ്വാധീനവും അവസ്ഥാവിശേഷങ്ങളും രസകരമായി ചിത്രീകരിച്ചുകൊണ്ട് സുന്ദരമായ ഒരു ലേഖനം എഴുതി.

പത്രപ്രവര്‍ത്തകനായ ഖുശ്വന്ത് സിങ് പോരാളിയല്ല; തേരാളിയും അല്ല. പഴയ പഞ്ചാബിലെ ഹദാലിയിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ സ്ഥലം പാകിസ്താനിലാണ്. പ്രമുഖ നിര്‍മ്മാതാവും കരാറുകാരനുമായിരുന്ന സര്‍ ശോഭാ സിങ്ങിന്റെ മകന്‍ എന്ന നിലയില്‍ സൗഭാഗ്യകരമായ ബാല്യകൗമാര കാലം. ന്യൂഡല്‍ഹി, ലാഹോര്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ പ്രശസ്ത വിദ്യാലയങ്ങളില്‍ പഠിച്ചു. മഹാത്മജിയോ ഉപ്പുസത്യാഗ്രഹമോ ദേശീയ സ്വാതന്ത്ര്യ സരമകോലാഹലങ്ങളോ യുവാവായ ഖുശ്വന്തിനെ അലട്ടിയില്ല. പഞ്ചാബി, ഉർദു കവിതകളില്‍ മനസ്സര്‍പ്പിച്ച ഖുശ്വന്ത് സിങ് ലണ്ടന്‍ പഠനകാലത്ത് വി.കെ.കൃഷ്ണമേനോന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി. ആരാധന മൂത്ത് മേനോന്റെ സെക്രട്ടറിയായി അടുത്തുകൂടി. എന്നാല്‍ ഇരുവരെയും മാനസികമായി അകറ്റുന്ന അമൂര്‍ത്തമായ എന്തോ ഭാവങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മേനോന്റെ കുപ്രസിദ്ധമായ അഹംഭാവമാകാം. ഖുശ്വന്ത് സിങ്ങിന്റെ കുശുമ്പ് ആകാം. അമിതാരാധനയുടെ മനഃശ്ശാസ്ത്രപരമായ തിരിച്ചടിയാകാം, കൃഷ്ണമേനോനെക്കുറിച്ച് ഖുശ്വന്ത് സിങ് എഴുതിയ വാക്കുകള്‍ക്ക് പരിശുദ്ധിയില്ല.

നിയമം പഠിച്ച ഖുശ്വന്ത് സിങ് അഭിഭാഷകവൃത്തിയേക്കാള്‍ ഇഷ്ടപ്പെട്ടത് പത്രപ്രവര്‍ത്തനമായിരുന്നു. സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ‘യോജന’ എഡിറ്റ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ, നാഷണല്‍ ഹെറാള്‍ഡ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയുടെ എഡിറ്റര്‍ എന്ന നിലയില്‍ പത്രങ്ങളുടെ വായനാക്ഷമത വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പിന്നീട് പ്രസിദ്ധീകരണം നിലച്ചുപോയ ഇലസ്ട്രേറ്റഡ് വീക്ക്‌ലിയുടെ പത്രാധിപത്യം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. എം.വി.കമ്മത്തില്‍ നിന്ന് വീക്ക്‌ലിയുടെ ചുമതല ഖുശ്വന്ത് സിങ്ങില്‍ എത്തിയതോടെ അതിന്റെ രൂപവും ഉള്ളടക്കവും സമൂലം മാറി. വീക്ക്‌ലിയുടെ കവര്‍ സ്റ്റോറികള്‍ രാജ്യത്ത് ഉള്‍ക്കിടിലം ഉണ്ടാക്കുന്നവയായിരുന്നു. അതിന്റെ സ്വാധീനം സമൂഹത്തില്‍ നന്മയും തിന്മയും സൃഷ്ടിച്ചു. സിങ് വീക്ക്‌ലിയുടെ ചുമതല ഏറ്റശേഷം ആദ്യം വന്ന പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന് പഞ്ചാബ് സംസ്ഥാനത്തിന്റെ നാനാതരത്തിലുള്ള മാറ്റങ്ങളെക്കുറിച്ചായിരുന്നു. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്ന്. എന്നാല്‍ കാര്‍ഷിക രംഗത്തും ചെറുകിട വ്യവസായ രംഗത്തും പഞ്ചാബ് രാജ്യത്തിനാകെ മാതൃകയായി വളരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ചാമാതൃക പഞ്ചാബിന്റേതാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് ഖുശ്വന്ത് സിങ് സ്ഥാപിച്ചു. ആസൂത്രണ വിദഗ്ദ്ധന്മാരുടെ കണ്ണുതുറപ്പിച്ച റിപ്പോര്‍ട്ടായിരുന്നു അവ.

ഇന്ത്യയുടെ ശത്രുക്കളുടെയും കണ്ണുതുറപ്പിച്ച ആ പഞ്ചാബ് സ്റ്റോറി പുറത്തുവന്ന് ഒരു കൊല്ലത്തിനുള്ളില്‍ വിഘടനവാദം തലപൊക്കി. ഖാലിസ്ഥാന്‍ ഭീകരവാദപ്രസ്ഥാനം 15 വര്‍ഷക്കാലം പഞ്ചാബിനെ ചുട്ടെരിച്ചു. കൊലപാതകവും വെടിവെപ്പും സ്ഫോടനവും ഒഴിഞ്ഞ ദിനങ്ങള്‍ ഉണ്ടായില്ല. പഞ്ചാബിലെ ഗ്രാമങ്ങളും നഗരങ്ങളും ഭീകരവാദത്തില്‍ വിറകൊണ്ടു. സിക്ക് മതവിശ്വാസികളുടെ ആത്മീയ കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രത്തില്‍ വെടിക്കോപ്പുകള്‍ ഒളിപ്പിച്ച് തീവ്രവാദികള്‍ കൂട്ടത്തോടെ കുടിയേറി. കേന്ദ്രസര്‍ക്കാര്‍ ഖാലിസ്ഥാന്‍ ഭീകരപ്രവര്‍ത്തനം കൊണ്ടു വശം കെട്ടു. ദിവസവും ഡസന്‍ കണക്കിന് അക്രമങ്ങള്‍, കൊലപാതകങ്ങള്‍. രാഷ്ട്രീയ പരിഹാരം വഴിമുട്ടിയപ്പോള്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഒളിച്ച ഭീകരപ്രവര്‍ത്തകരെ പട്ടാളത്തെ ഇറക്കി വകവരുത്തി. ഭീകരരുടെ നേതാവ് സന്ത് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല അടക്കം പ്രധാനികളെല്ലാം കൊല്ലപ്പെട്ടു. പഞ്ചാബിന്റെയും ഇന്ത്യയുടെയും ചരിത്രത്തില്‍ രക്തപ്പാട് സൃഷ്ടിച്ച ആ സംഭവത്തിന്റെ ദുരന്തപര്യവസാനം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധവും ഡല്‍ഹിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കുരുതിയും ആയിരുന്നു.

‘ദി ഇലസ്ട്രിയസ് എഡിറ്റര്‍ ഓഫ് ദി ഇലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ’ എന്നാണ് ഖുശ്വന്ത് സിങ് അറിയപ്പെട്ടത്. സര്‍വ്വരോടും പകയോടെ എന്ന അദ്ദേഹത്തിന്റെ പ്രതിവാര പംക്തിയുടെ വായനാസമൂഹം ഇന്ത്യക്കു വെളിയിലും പടര്‍ന്നു. ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് പത്രങ്ങള്‍ മാത്രമല്ല ഓസ്ട്രേല്യന്‍ ദിനപത്രങ്ങളും ആ പംക്തി സിന്‍ഡിക്കേറ്റ് ചെയ്തു. ഖുശ്വന്ത് സിങ്് ഒരു ഇലക്ട്രിക് ബള്‍ബിനുള്ളല്‍ കയറി ഇരിക്കുന്ന മാരിയോ മിരാന്‍ഡയുടെ വര സഹിതമുള്ള ആ പംക്തി ഇന്ത്യയില്‍ മലയാളം ഉള്‍പ്പെടെ എല്ലാ പ്രാദേശിക ഭാഷകളിലും പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ചു. ദീപിക വായനക്കാരാണ് മലയാളത്തില്‍ ഖുശ്വന്ത് സിങ്ങിനെ ആസ്വദിച്ചത്. അമേരിക്കയിലെ ആര്‍ച്ച് ബുക്ക്‌വാള്‍ഡിനൊപ്പമോ അതിനേക്കാളേറെയോ വായനക്കാരുള്ള പംക്തികാരനായി മാറിയ ഖുശ്വന്ത് സിങ് ന്യൂഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയായും മാറി. ചുവപ്പു കോട്ടയും ഖുതുബ് മീനാറും ജന്തര്‍ മന്ദറും കണ്ടുകഴിഞ്ഞ് കോണാട്ട് പ്ലേസിലൂടെ ചുറ്റുമ്പോള്‍ ഖാന്‍ മാര്‍ക്കറ്റിനടുത്ത് സുജന്‍ സിങ് പാര്‍ക്കില്‍ ചെന്ന് ഖുശ്വന്ത് സിങ്ങിനെ കൂടി കാണാന്‍ വിദ്യാസമ്പന്നരും വായനക്കാരുമായ എല്ലാവരും ആഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യപ്പുലരിക്കു തൊട്ടു മുമ്പ് ഖുശ്വന്ത് സിങ്ങിന്റെ പിതാവ് ശോഭാ സിങ് നിര്‍മ്മിച്ചതാണ് ആ ഭവന സമുച്ചയം. സുജന്‍ സിങ്് എന്നത് അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരാണ്.

‘ദി ഇലസ്ട്രിയസ് എഡിറ്റര്‍ ഓഫ് ദി ഇലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ’ എന്നാണ് ഖുശ്വന്ത് സിങ് അറിയപ്പെട്ടത്. സര്‍വ്വരോടും പകയോടെ എന്ന അദ്ദേഹത്തിന്റെ പ്രതിവാര പംക്തിയുടെ വായനാസമൂഹം ഇന്ത്യക്കു വെളിയിലും പടര്‍ന്നു. ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് പത്രങ്ങള്‍ മാത്രമല്ല ഓസ്ട്രേല്യന്‍ ദിനപത്രങ്ങളും ആ പംക്തി സിന്‍ഡിക്കേറ്റ് ചെയ്തു. ആ പംക്തി ഇന്ത്യയില്‍ മലയാളം ഉള്‍പ്പെടെ എല്ലാ പ്രാദേശിക ഭാഷകളിലും പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ചു.

ഇലസ്ട്രേറ്റഡ് വീക്ക്‌ലിയുടെ പ്രചാരം നാലരലക്ഷം പ്രതിയായി ഉയര്‍ന്നപ്പോള്‍ ഖുശ്വന്ത് സിങ് പത്രാധിപ സ്ഥാനം ഒഴിഞ്ഞു. കവികളും എഴുത്തുകാരും ആയ പലരും പിന്നീട് വാരികയുടെ ചുമതല ഏറ്റെടുത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കടുത്ത മത്സരം നേരിടാനാകാതെ വിസ്തൃതമായ അതിന്റെ രൂപത്തെക്കുറിച്ചുള്ള ഓര്‍മ്മ അവശേഷിപ്പിച്ചുകൊണ്ട് ഇലസ്ട്രേറ്റഡ് വീക്ക്‌ലി അന്ത്യശ്വാസം വലിച്ചു. ഖുശ്വന്ത് സിങ് ‘ദ ന്യൂഡല്‍ഹി’ എന്നൊരു പ്രസിദ്ധീകരണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. മേനകാ ഗാന്ധിയുമായി സഹകരിച്ച് ഡേറ്റ് ലൈന്‍ ഡല്‍ഹി എന്ന പത്രവും തുടങ്ങി. പക്ഷേ, വിജയിച്ചില്ല. രണ്ടും പ്രസിദ്ധീകരണ ചരിത്രത്തില്‍ ഓര്‍മ്മപ്പിശകുകള്‍ പോലെ അവശേഷിക്കുന്നു. സഞ്ജയ് ഗാന്ധിയുടെ ഉറ്റസുഹൃത്ത് എന്ന നിലയില്‍ മാരുതി കാര്‍ കമ്പനിയുടെ പ്രചാരണച്ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഖുശ്വന്ത് സിങ്ങിനെയും ഇന്ത്യ കണ്ടു.

1974ല്‍ രാജ്യം പത്മഭൂഷന്‍ ബഹുമതി സമ്മാനിച്ച് അദ്ദേഹത്തെ ആദരിച്ചു. സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന സൈനിക നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പത്മഭൂഷന്‍ ബഹുമതി അദ്ദേഹം തിരിച്ചുനല്‍കി. അക്കാലത്ത് (1980-86) ഖുശ്വന്ത് സിങ് രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. 2007ല്‍ പത്മവിഭൂഷന്‍ നല്‍കി ഇന്ത്യ അദ്ദേഹത്തിന്റെ സേവനങ്ങളെ വീണ്ടും ബഹുമാനിച്ചു.

പ്രഭാതത്തില്‍ 4 മണിക്കു തുടങ്ങുമായിരുന്നു ഖുശ്വന്ത് സിങ്ങിന്റെ ദിനചര്യകള്‍. എഴുത്തു മിക്കതും പുലര്‍കാലത്താണ്. ‘സയറ്റര്‍ വരുന്ന സമയം’ എന്നാണ് ബ്രാഹ്മമുഹൂര്‍ത്തത്തെ സിങ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങള്‍ക്കും വ്യക്തികളുടെ പ്രൊഫൈല്‍ രചനകള്‍ക്കും നോവലിനും കഥകള്‍ക്കും പുറമേ സിക്ക് മതത്തിന്റെയും സിക്ക് ജനതയുടെയും പ്രമുഖ ചരിത്രം മുഴുവന്‍ പല വാള്യങ്ങളായി ഖുശ്വന്ത് സിങ് എഴുതിയിട്ടുണ്ട്. ഇന്ത്യാ വിഭജനകാലത്തെക്കുറിച്ചുള്ള ‘ട്രെയിന്‍ ടു പാകിസ്താന്‍’ എന്ന നോവല്‍ ഉള്‍പ്പെടെ ചില കൃതികള്‍ സിനിമയായെങ്കിലും ഖുശ്വന്ത് സിങ് ചലച്ചിത്രത്തിന്റെ പ്രഭാവലയത്തില്‍ നിന്ന് സദാ മാറിനില്‍ക്കാന്‍ ഇഷ്ടപ്പെട്ടു. ആ നേരങ്ങളില്‍ ഉർദു കവിതകളോ പഞ്ചാബിലെ നാടോടിപ്പാട്ടുകളോ പരിഭാഷപ്പെടുത്തുന്നതിലാണ് രസമെന്ന് അദ്ദേഹം വിശ്വസിച്ചു. ശബാന ആസ്മിയോട് അക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. എങ്കിലും സിങ്ങിന്റെ കുടുംബത്തില്‍ ഒരു നടിയുണ്ട് -അമൃതാ സിങ്. ഖുശ്വന്ത് സിങ്ങിന്റെ സഹോദരന്റെ മകളാണവര്‍.

ഒരുപാട് അതിഥികളെ സ്വീകരിക്കുകയും ലോകത്തോട് നര്‍മ്മ മധുരമായി സല്ലപിക്കുകയും ചെയ്ത ഖുശ്വന്ത് സിങ് തന്റെ അവസാനത്തെ രചനയെന്ന നിലയില്‍ പ്രസിദ്ധീകരിച്ച വിടവാങ്ങല്‍ കുറിപ്പില്‍ വിഷാദം കലര്‍ന്നതു കണ്ടില്ലെന്നു തോന്നുന്നു. ‘പടിക്കല്‍ അവസാനത്തെ അതിഥി കാത്തു നില്‍ക്കുന്നു. എനിക്ക് പോകാന്‍ സമയമാകുന്നു’ എന്നൊക്കെ എഴുതുമ്പോള്‍ ഒരിക്കലും കരയിച്ചിട്ടില്ലാത്ത ഖുശ്വന്ത് സിങ്ങിന്റെ വാക്കുകളുടെ ചുണ്ട് വിതുമ്പി. കവിളിലൂടെ ബാഷ്പകണങ്ങള്‍ അടര്‍ന്നു വീഴുന്നു. സര്‍വ്വരോടും പകയോടെ സംസാരിച്ച ഈ സര്‍ദാര്‍ജി എത്ര പാവം മനുഷ്യനായിരുന്നു!

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

P Sujaathan
P Sujaathan
മികവുറ്റ മാധ്യമപ്രവര്‍ത്തകനും കഴിവുറ്റ കാര്‍ട്ടൂണിസ്റ്റുമാണ് പി.സുജാതന്‍. ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പ്രവേശിച്ച സുജാതന്‍ ഇടയ്‌ക്കെപ്പോഴോ വരകളെ വഴിയിലുപേക്ഷിച്ച് മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി മാറുകയായിരുന്നു. കേരള കൗമുദി പത്രത്തിലും കലാകൗമുദി വാരികയിലും അദ്ദേഹമെഴുതിയ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്. പിന്നീട് അദ്ദേഹം വീക്ഷണം പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായി.
മാധ്യമരംഗത്തെ കുലപതികളെക്കുറിച്ച് സുജാതന്‍ എഴുതിയ 'ചരിത്രസാക്ഷികള്‍' എന്ന പുസ്തകം മാധ്യമ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇനി മാധ്യമ മേഖലയിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സാക്ഷ്യപത്രമാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആര്‍ജ്ജിച്ച അനുഭവങ്ങളും അന്വേഷണ തൃഷ്ണമായ മനസ്സും സംഗമിച്ചപ്പോഴുണ്ടായ സംഭാവനയാണ് ഈ പുസ്തകം.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: