കെ.പി.വിജയന്റെ മരണം പത്രങ്ങളിലെ ചരമവാര്‍ത്താ പേജില്‍ ഒറ്റ കോളത്തില്‍ ഒതുങ്ങി. അദ്ദേഹം ജോലി ചെയ്തിരുന്ന മാതൃഭൂമി ഒഴികെ മറ്റൊരു ദിനപ്പത്രവും ആ വിയോഗവാര്‍ത്തയ്ക്ക് ഒന്നാം പുറത്ത് ഇടം നല്‍കിയില്ല. ദീര്‍ഘകാലം വിജയന്‍ പ്രവര്‍ത്തിച്ച് അന്ത്യം വരെ ജീവിച്ച കൊച്ചിയിലിറങ്ങിയ എഡിഷനുകളില്‍ പോലും പ്രമുഖ പത്രങ്ങള്‍ വിജയന്റെ മരണവൃത്താന്തം ‘ചരമ’ പേജില്‍ അടക്കം ചെയ്തു. ഇന്നത്തെ വാര്‍ത്താ മൂല്യനിര്‍ണ്ണയ മാനദണ്ഡത്തില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ.പി.വിജയന്റെ വിയോഗത്തിന് അത്രയും ചെറിയ പ്രാധാന്യമേ കല്പിച്ചുള്ളൂ എന്നു സാരം. ചിലപ്പോള്‍ വിജയനെ മനസ്സിലാക്കുന്നതില്‍ ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ക്ക് സംഭവിച്ച പിഴവാകാം. പത്രാധിപന്മാര്‍ മാത്രമല്ല; കേരളത്തിലെ പൊതുസമൂഹം പോലും വേണ്ടവിധം തിരിച്ചറിയാതെപോയ നിശ്ശബ്ദനായ ഒരു എഴുത്തുകാരനായിരുന്നു കെ.പി.വിജയന്‍.
വിജയന്‍ എഴുതിയ പത്ത് ഗ്രന്ഥങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ശ്രദ്ധാപൂര്‍വ്വം വായിച്ചവയാണ്. അവയില്‍ ചിലത് വീണ്ടും മറിച്ചുനോക്കുമ്പോള്‍ ആശ്ചര്യവും അതിലേറെ ആനന്ദവും അനുഭവപ്പെടുന്നു. എത്ര ശ്രദ്ധാപൂര്‍വ്വമാണ് വിജയന്‍ എന്ന പത്രപ്രവര്‍ത്തകന്‍ സമൂഹത്തെ നിരീക്ഷിച്ചത്! കാര്യങ്ങളെ നേരേചൊവ്വേ കാണാനും ശുദ്ധസുന്ദരമായ ഭാഷയില്‍ അവ വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കാനും വിജയന്‍ പ്രകടിപ്പിച്ച സൂക്ഷ്മത മലയാളത്തിലെ മികച്ച ഒരു മാതൃകയായി വേറിട്ടുനില്‍ക്കുന്നു. മയ്യഴിപ്പുഴയിലൂടെ ഒഴുകിവരുന്ന കാര്‍ത്തിക വിളക്കുകള്‍ പോലെയാണ് വിജയന്റെ വാക്കുകള്‍. കഠിന പദങ്ങള്‍കൊണ്ട് വായനക്കാരനെ ക്ലേശിപ്പിക്കുന്നില്ല. ആശയങ്ങള്‍ തീരെ കലുഷവുമല്ല. പറയാന്‍ ചിലതുണ്ട്; വായിക്കുന്നവര്‍ അവ മനസ്സിലാക്കുകയും വേണം എന്ന കര്‍ശനമായ ഒരു നിലപാടില്‍ നിന്നുകൊണ്ടാണ് വിജയന്‍ രചന തുടങ്ങുന്നതും തുടരുന്നതും എഴുതി അവസാനിപ്പിക്കുന്നതും. അതിനാല്‍ ആധുനിക സാഹിത്യം കലുഷമാക്കിയ മലയാള ഗദ്യത്തിന്റെ താണ്ഡവകാലത്ത് ഒരു നാട്യവും പ്രകടിപ്പിക്കാതെ സാവകാശം നടന്നുവന്ന കെ.പി.വിജയന്‍ എന്ന എഴുത്തുകാരനെ വേണ്ടവിധം ആരും ശ്രദ്ധിച്ചില്ല. വായിച്ച് തിരിച്ചറിഞ്ഞ ചിലര്‍ മനഃപൂര്‍വം അവഗണിക്കുകയും ചെയ്തു.
മയ്യഴിപ്പുഴയിലൂടെ ഒഴുകിവരുന്ന കാര്‍ത്തിക വിളക്കുകള്‍ പോലെയാണ് വിജയന്റെ വാക്കുകള്‍. കഠിന പദങ്ങള്‍കൊണ്ട് വായനക്കാരനെ ക്ലേശിപ്പിക്കുന്നില്ല. ആശയങ്ങള്‍ തീരെ കലുഷവുമല്ല. പറയാന്‍ ചിലതുണ്ട്; വായിക്കുന്നവര്‍ അവ മനസ്സിലാക്കുകയും വേണം എന്ന കര്‍ശനമായ ഒരു നിലപാടില്‍ നിന്നുകൊണ്ടാണ് വിജയന്‍ രചന തുടങ്ങുന്നതും തുടരുന്നതും എഴുതി അവസാനിപ്പിക്കുന്നതും.
സാഹിത്യരചന കോളേജിലെ മലയാളം അധ്യാപകരുടെ വിനോദപ്രവൃത്തിയാണെന്ന് ധരിച്ചവരും പത്രപ്രവര്‍ത്തകര്‍ക്ക് ആഴമുള്ള ആശയങ്ങള്‍ ഇല്ലെന്ന് മുന്‍വിധി പുലര്‍ത്തിയവരും വിജയന്‍ മലയാള ഭാഷയില്‍ കത്തിച്ചുവെച്ച പ്രകാശബിന്ദുക്കളോട് പുറം തിരിഞ്ഞു നിന്നു. മാത്രമല്ല, വ്യവസ്ഥാപിത സാഹിത്യകാരന്മാരുടെ ഭാഷയുടെ വൈകല്യങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് നല്ല പത്രപ്രവര്‍ത്തകരുടെ ഗദ്യരചനകള്‍ പല പ്രമുഖ സാഹിത്യകാരന്മാരുടെ എഴുത്തിനേക്കാള്‍ മികച്ചതാണെന്ന പരമമായ സത്യം വിജയന്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു -‘പത്രപ്രവര്‍ത്തനത്തിനു ലളിതമായ ഭാഷ ആവശ്യമായിരിക്കാം; എന്നാലത് സാഹിത്യത്തിന്റെ ഭാഷയല്ല എന്നൊരു വാദം പലപ്പോഴും കേള്‍ക്കാറുണ്ട്. ഈ വാദം തെറ്റാണ്.’ എന്നിട്ട് വിജയന്‍ മലയാള സാഹിത്യ നിരൂപണ കൃതികളെന്ന് വാഴ്ത്തപ്പെടുന്ന ചില രചനകള്‍ ഇങ്ങനെ ഉദ്ധരിക്കുന്ന -‘ആധുനിക മലയാള കാവ്യ മനസ്സിന്റെ പത്മദളവലയങ്ങളിലാണ് അഭിമന്യുവിനെപ്പോലെ നാം നഷ്ടപ്പെടുന്നത്’ മറ്റൊന്ന് ‘ഡയലക്ടിക്സിന്റെ സ്തംഭനം മോഹിക്കുന്ന കാന്ദിശീകന്, അവന്‍ തിരഞ്ഞെടുത്തവനെങ്കിലും ഒരു ഹാസ്യകഥാപാത്രമാവാന്‍ വയ്യ. ഒരിക്കല്‍ കൊളുത്തിയ അഗ്‌നി അണയ്ക്കണമെന്ന് അയാള്‍ ശഠിക്കുന്നത് ആ അഗ്‌നിക്കേറ്റ അശുദ്ധിമൂലമാണ്.’ വേറൊന്ന് -‘ഇതരന്റെ സാഹിത്യത്തിന്റെ ഒരു ഇതര രൂപമാണ് സാഹിത്യകൃതി. സാഹിത്യത്തെ sacrament of human encounter എന്നു വിശേഷിപ്പിച്ച ചിന്തകനും, മറ്റൊന്നല്ല വിവക്ഷിക്കുന്നത്. സാഹിത്യത്തെ pseudo object, virtual object എന്നൊക്കെ വിളിക്കുന്നതും കുറവല്ല.’
കാപട്യത്തിന്റെ വിളംബരമെന്ന് വിളിക്കേണ്ട ഇത്തരം എഴുത്തിന്റെ അയലത്തു ജീവിച്ച ഹൃദയാലുവായ പത്രപ്രവര്‍ത്തകനായിരുന്നു കെ.പി.വിജയന്‍. ഭാഷ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. തെളിഞ്ഞ ചിന്തയും കാലുഷ്യമില്ലാത്ത മനസ്സുമുള്ളവരില്‍ നിന്ന് വരുന്നതാണ് നല്ല ഭാഷ. ഗദ്യഭാഷയെ ഒരു ശില്‍പ്പമായി കരുതിയ ഈ പത്രപ്രവര്‍ത്തകന്‍ ആശയവിനിമയ കലയുടെ സൂക്ഷ്മതലങ്ങളിലാണ് ജീവിച്ചത്. കവിതയും കെട്ടുകഥയും വിട്ട് വൈജ്ഞാനിക സാഹിത്യ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച പത്തുപേരുടെ രചനകള്‍ പഠനവിധേയമാക്കിക്കൊണ്ട് മലയാള ഗദ്യരചനയുടെ ശക്തിയിലും സൗന്ദര്യത്തിലും വിജയന്‍ വിശ്വാസത്തിന്റെ മായമുദ്ര പതിപ്പിച്ചു. സാഹിത്യ വിമര്‍ശനകനായ കെ.പി.ശങ്കരന്‍ ‘മലയാള ഗദ്യനായകന്മാര്‍’ എന്ന വിജയന്റെ ഗ്രന്ഥത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ‘പത്രപ്രവര്‍ത്തനം ഗദ്യത്തെ ദുഷ്ടമാക്കുന്നു എന്ന് പണ്ടേയുണ്ട് പരാതി. കുറെയൊക്കെ സത്യമാണു താനും അത്. ഇതിനെപ്പറ്റി പത്രങ്ങള്‍ പൊതുവെ പുലര്‍ത്തുന്ന അനാസ്ഥയാകട്ടെ അസഹ്യം തന്നെ എന്നിരിക്കെ, ഇവിടെ ഇതാ ഇച്ഛാപൂര്‍വ്വം പത്രപ്രവര്‍ത്തനം ഏറ്റെടുത്ത ഒരു വ്യക്തി ആ രംഗത്ത് ഈട്ടം കൂടിയ പാപങ്ങള്‍ക്ക് ഏകാകിയായി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നു. ഇതു ഗൗരവത്തോടെ ശ്രദ്ധിക്കുക എന്നത് ഏതു ഭാഷാ സ്നേഹിയുടേയും കര്‍ത്തവ്യമാകുന്നു.’
‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന പ്രസിദ്ധമായ പ്രയോഗത്തിന്റെ ഉറവിടം ഇന്നത്തെ പത്രപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഓര്‍ക്കുന്നുണ്ടാകില്ല. ഈയിടെ ഒരു പംക്തിയെഴുത്തുകാരന്‍ ആ ഇരുമ്പുലക്ക തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ വായില്‍ തിരുകി വച്ചതുകണ്ടു. കൂറുമാറാന്‍ കാത്തിരിക്കുന്ന ഏതു രാഷ്ട്രീയക്കാരനും അവസരോചിതമായി എടുത്തുപയോഗിക്കാന്‍ പറ്റിയ കല്‍പ്പനയാണിത്. ആധുനിക മലയാള ഗദ്യശൈലിയുടെ പിതാവെന്ന് വാഴ്ത്തപ്പെട്ടിട്ടുള്ള സി.വി.കുഞ്ഞുരാമന്റെ പ്രസിദ്ധമായ ഈ വാചകം പത്രപ്രവര്‍ത്തനം പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളുടെ മുന്നില്‍ ഒരു മാതൃകയായി വിജയന്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ട് വേദപുസ്തമാണ് നല്ല ഗദ്യശൈലിക്ക് ഉദാഹരണമെന്നും പറയുന്നു. വിദ്യാര്‍ഥികളെ വിജയന്‍ ഉപദേശിച്ചു ‘നിങ്ങള്‍ക്ക് മറ്റൊന്നും വയ്യെങ്കില്‍ ബൈബിളിന്റെ ശൈലിയില്‍ എഴുതിയാല്‍ മതി. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ വായിച്ചിട്ടുള്ള കൃതിയാണത്.’ സഹതാപത്തോടെയോ പുച്ഛത്തോടെയോ അതുകേട്ട് ചിരിച്ചവരോട് വിജയന്‍ ഇങ്ങനെ വിശദീകരിച്ചു ‘ബൈബിള്‍ പഴഞ്ചനാണ്. എന്നാല്‍ ബൈബിളിന്റെ ശൈലിയില്‍ ഗദ്യം എഴുതുന്ന ഒരു മലയാള സാഹിത്യകാരനുണ്ട് – വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തെപ്പോലെ എഴുതാമോ?’
പത്രഭാഷയുടെ വൈകല്യങ്ങള്‍ തിരുത്തി ജീവിച്ച കുട്ടികൃഷ്ണമാരാര്‍ തന്റെ ജോലിക്കിടയില്‍ നേരിട്ട ഭാഷാനുഭവങ്ങള്‍ ശേഖരിച്ച് ‘മലയാളശൈലി’എന്നൊരു ഉത്തമഗ്രന്ഥമെഴുതിയതുപോലെ പത്രപ്രവര്‍ത്തകനായ വിജയനും തന്റെ തൊഴിലനുഭവങ്ങളില്‍ നിന്നാണ് ആശയങ്ങള്‍ സമാഹരിച്ചത്. വായനക്കാരുടെ കത്തുകള്‍ അദ്ദേഹം പ്രചോദന ബിന്ദുക്കളാക്കി. പൊതുപ്രവാഹത്തിന്റെ ബഹളത്തില്‍ നിന്ന് മാറിനിന്നു. സത്യത്തിന്റെ സൂക്ഷ്മതലങ്ങളില്‍ സ്പര്‍ശിച്ചു. ആള്‍ക്കൂട്ടത്തിന്റെ അഭിരുചിയും അഭിപ്രായവും വിജയന്‍ അവഗണിച്ചു. മുന്‍വിധികളില്ലാതെ തന്റെ അന്വേഷണ വിളക്കുമായി ഭാഷാഗദ്യത്തിന്റെ സൗന്ദര്യം തേടി അദ്ദേഹം ദീര്‍ഘയാത്ര ചെയ്തു. മലയാള ഗദ്യനായകന്മാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെ കണ്ടുപിടിച്ച പത്തുപേരില്‍ ആദ്യത്തെയാള്‍ ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന് പറഞ്ഞ സി.വി.കുഞ്ഞുരാമനായത് യാദൃച്ഛികമല്ല. ഭാഷയിലെ സവ്യസാചി എന്ന് വിജയന്‍ ആ മഹാനുഭാവനെ വിശേഷിപ്പിക്കുന്നു. ഇരുകൈകളും കൊണ്ട് അമ്പുതൊടുത്ത വാഗ്ദേവതയുടെ വീരഭടന്‍.
രണ്ടാമനായി കുട്ടികൃഷ്ണമാരാരെ അവതരിപ്പിക്കുമ്പോള്‍ വിജയന്‍ സത്യാന്വേഷണത്തിന്റെ തൊട്ടുമുന്നിലാണ് വന്നുനില്‍ക്കുന്നത്. ‘ഇഹപരങ്ങളിലെ സത്യാന്വേഷി’ എന്നാണ് മാരാരെ അദ്ദേഹം വിശേഷിപ്പിച്ചത്. കനിവും കുലീനതയും ഗദ്യശൈലിയില്‍ പുലര്‍ത്തിയ കെ.പി.കേശവനമേനോന്‍, ഹൃദയത്തിന്റെ ഭാഷയിലെഴുതിയ വി.ടി.ഭട്ടതിരിപ്പാട്, വിജ്ഞാന വിസ്മയമായിരുന്ന എന്‍.വി.കൃഷ്ണവാര്യര്‍, ദ്വന്ദ്വാത്മക വ്യക്തിത്വത്തിന്റെ പ്രഭാപൂരമായിരുന്ന സഞ്ജയന്‍, അനന്യമായ തനിമയോടെ എഴുതിയ ചിന്തകന്‍ എന്ന് വിശേഷിപ്പിക്കേണ്ട പി.കെ.ബാലകൃഷ്ണന്‍ എന്നിവരെ മികച്ച മലയാള ഗദ്യമെഴുതിയവരെന്ന നിലയില്‍ വിജയന്‍ ക്രമാനുഗതമായി അവതരിപ്പിക്കുന്നു. സാഹിത്യത്തില്‍ അസ്തിത്വവാദത്തിന്റെ ആദ്യ സ്ഫുലിംഗങ്ങള്‍ ഉണ്ടാക്കിയ സി.ജെ.തോമസ് ഭാഷയില്‍ ഒരു ചുഴലിക്കാറ്റുപോലെയാണ് വന്നതെന്ന് വിജയന്‍ നിരീക്ഷിച്ചു. കൗമുദി ബാലകൃഷ്ണന്റെ ബഹുമുഖ പ്രതിഭയെ വിജയന്‍ ബഹുമാനിക്കുന്നു. അതേ സമയം കാമ്പിശ്ശേരി കരുണാകരന്റെ നര്‍മ്മമാധുര്യ ശൈലിയെ ഇഷ്ടഗദ്യത്തിന്റെ ഗണത്തില്‍ ചേര്‍ത്തു. ഭാഷയ്ക്കൊരു ഭീഷണിയെന്ന അനുബന്ധ അധ്യായത്തോടെ അവസാനിക്കുന്ന ഗദ്യനായകന്മാര്‍ എന്ന കൃതി 1987ല്‍ വിജയന്‍ പ്രസിദ്ധീകരിച്ച ‘ഗദ്യശില്പി’ എന്ന പഠനഗ്രന്ഥത്തിന്റെ തുടര്‍ച്ചയാണെന്നു പറയാം. പതിനഞ്ചു വര്‍ഷത്തോളം നീണ്ട ഭാഷാന്വേഷണത്തിന്റെ ഫലം. പത്രഭാഷയെ ശുദ്ധീകരിച്ച് ഉത്തമ സാഹിത്യമായി പ്രതിഷ്ഠിക്കാന്‍ കെ.പി.വിജയന്‍ നടത്തിയ ഈ പരിശ്രമം കാണേണ്ടവര്‍ വേണ്ടവിധം കണ്ടില്ലെന്നതിന്റെ പ്രധാനതെളിവാണ് അദ്ദേഹത്തിന്റെ മരണവൃത്താന്തം പത്രങ്ങളിലെ ‘ചരമ’ പേജിന്റെ മൂലയില്‍ ഒതുങ്ങിക്കിടന്നത്.
ഉപജീവനാര്‍ത്ഥം പത്രപ്രവര്‍ത്തനത്തിലേക്കു വന്നയാളായിരുന്നില്ല കെ.പി.വിജയന്‍. ചെറുപ്പം മുതല്‍ തന്നെ ‘യുക്തിരഹിതമായ ഒരു കമ്പം’ സാഹിത്യത്തോട് തനിക്കുണ്ടായിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോള്‍ 1954ല്‍ വിജയന് ലോകചെറുകഥാ മത്സരത്തില്‍ മലയാള വിഭാഗത്തില്‍ സമ്മാനം ലഭിച്ചു. ‘ചെകുത്താന്റെ മക്കള്‍’ എന്നായിരുന്നു കഥയുടെ പേര്. പിറ്റേക്കൊല്ലം പത്രപ്രവര്‍ത്തനം പഠിക്കാന്‍ നാഗ്പുരിലെ ഹിസ്ലോപ് കോളേജില്‍ ചേര്‍ന്നു. 1955ല്‍ മാതൃഭൂമിയില്‍ റിപ്പോര്‍ട്ടറായി പ്രവേശിച്ചു. 1992ല്‍ മാതൃഭൂമിയുടെ കൊച്ചി എഡിഷനില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആയിരിക്കെ വിരമിച്ചു.
ദൈനംദിന പത്രപ്രവര്‍ത്തനത്തിന്റെ ആവശ്യാര്‍ത്ഥം വിജയന്‍ എഴുതികൂട്ടിയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും കേരളത്തിന്റെ വിചാരഗതിയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പാര്‍ശ്വല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ വേദനയോട് സഹാനുഭൂതി പുലര്‍ത്തിപ്പോന്ന ചുരുക്കം പത്രപ്രവര്‍ത്തകരില്‍ ഒരാളായിട്ടാണ് കേരളം വിജയനെ അദ്ദേഹത്തിന്റെ രചനകളിലൂടെ ശ്രദ്ധിച്ചത്.
ദൈനംദിന പത്രപ്രവര്‍ത്തനത്തിന്റെ ആവശ്യാര്‍ത്ഥം വിജയന്‍ എഴുതികൂട്ടിയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും കേരളത്തിന്റെ വിചാരഗതിയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പാര്‍ശ്വല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ വേദനയോട് സഹാനുഭൂതി പുലര്‍ത്തിപ്പോന്ന ചുരുക്കം പത്രപ്രവര്‍ത്തകരില്‍ ഒരാളായിട്ടാണ് കേരളം വിജയനെ അദ്ദേഹത്തിന്റെ രചനകളിലൂടെ ശ്രദ്ധിച്ചത്. അയ്യങ്കാളിയുടെ സാധുജന സമരങ്ങളോടെ ദളിതരുടെ പ്രശ്നങ്ങള്‍ എന്നേക്കുമായി അവസാനിച്ചു എന്ന് കരുതിയവരെ വിജയന്‍ തിരുത്തി. കമ്യൂണിസ്റ്റുകാര്‍ സ്ഥിതിസമത്വം സ്ഥാപിച്ച് ഉച്ചനീചത്വം ഇല്ലാതാക്കുമെന്ന ധാരണയെ പൊളിക്കാന്‍ അദ്ദേഹം നിരവധി ലേഖനങ്ങളെഴുതി. പാവങ്ങള്‍ക്കുവേണ്ടി അധരവിപ്ലവം നടത്തുന്നവരാണ് പാവങ്ങളുടെ മുന്നേറ്റത്തിന് തടസ്സം നില്‍ക്കുന്നതെന്ന് ഉദാഹരണസഹിതം വിജയന്‍ തുറന്നുകാട്ടി. കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവത്തിന്റെ ദഹനക്കേട് പ്രകടിപ്പിക്കാന്‍ എഴുതിയ വിമര്‍ശനങ്ങളായിരുന്നില്ല വിജയന്റെ ലേഖനങ്ങള്‍. സാമൂഹിക ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മുന്‍വിധികളില്ലാതെ പരിശോധിക്കാന്‍ ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ പരിശ്രമങ്ങളായിരുന്നു അവ. ‘ബ്രാഹ്മിന്‍ കമ്യൂണിസവും മറ്റു പഠനങ്ങളും’ എന്ന കൃതി തന്നെ നോക്കുക. ‘വാസ്തവത്തില്‍ ഇന്ത്യയിലേത് മാര്‍ക്‌സിസമോ സ്റ്റാലിനിസമോ അല്ല. തുടക്കം മുതല്‍ക്കേ ബ്രാഹ്മിണ്‍ കമ്യൂണിസമാണ്. ബ്രാഹ്മണര്‍ സാമാന്യേന അറിവുകള്‍ വ്യാപരിച്ച് ഉപജീവനം കഴിക്കുന്നവരാണ്. ശ്രുതികള്‍ മുതല്‍ കമ്പ്യൂട്ടര്‍ ടെക്നോളജി വരെ അതില്‍പ്പെടും. ഇരുപതാം നൂറ്റാണ്ടില്‍ സോഷ്യലിസം, കമ്യൂണിസം, പാര്‍ലമെന്ററി ജനാധിപത്യം തുടങ്ങിയ പാശ്ചാത്യ ആശയങ്ങള്‍ക്ക് അവരില്‍ ചിലര്‍ ഇവിടെ വിപണന സാധ്യത കണ്ടപ്പോള്‍ തങ്ങള്‍ക്ക് ലാഭകരമായ രീതിയില്‍ വ്യാപരിച്ചു തുടങ്ങി എന്നേയുള്ളൂ. തെങ്ങുചെത്തി കള്ളുവിറ്റ് ഉപജീവനം കഴിച്ചിരുന്ന ജാതിക്കാര്‍ വിസ്‌കിയും ബ്രാണ്ടിയും വിറ്റു തുടങ്ങിയതു പോലെ. ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ കമ്യൂണിസം.’
വിദ്യാസമ്പന്നനായിരുന്ന ബി.ആര്‍.അംബേദ്ക്കറെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടുപ്പിച്ചില്ല. ദളിതരെ നേതൃനിരയില്‍ കൊണ്ടുവരാനുള്ള വൈമുഖ്യം കമ്യൂണിസ്റ്റുകളുടെ സ്ഥായീഭാവമാണ്. എന്നാല്‍ അവരെപ്പോലുള്ള അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്ന് കള്ളം പറയും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നയരൂപീകരണ സമിതിയാണല്ലോ പൊളിറ്റ് ബ്യൂറോ. ഇനിയും പി.ബിയില്‍ ഒരു ദളിതന്‍ അംഗമായിട്ടില്ല. ആദ്യമായി പി.ബി. അംഗമാകുന്ന സ്ത്രീ സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിന്റെ ഭാര്യയായ വൃന്ദാകാരാട്ട് ആണ്. എട്ടര ദശാബ്ദങ്ങള്‍ പിന്നിട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ സ്ഥിതിസമത്വത്തിന്റെ കഥ ഇതാണെങ്കില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ‘പരീക്ഷണാര്‍ത്ഥം’ പങ്കെടുക്കുന്ന പാര്‍ട്ടി ഭരണാധികാരസ്ഥാനങ്ങളില്‍ പാവങ്ങളെയും ദുര്‍ബ്ബല വിഭാഗങ്ങളെയും ഒരിക്കലും അടുപ്പിക്കില്ല. വിജയന്‍ എഴുതുന്നു -‘കേരളത്തില്‍ ചാതുര്‍വര്‍ണ്യത്തിനു പുറത്തുനിന്ന് ആരും മുഖ്യമന്ത്രിയാകരുതെന്ന് കമ്യൂണിസ്റ്റ് നേതൃത്വത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതു മനസ്സിലാക്കാന്‍ മാര്‍ക്സിസമല്ല, മനുസ്മൃതിയാണ് വായിക്കേണ്ടത്. ജോസഫ് സ്റ്റാലിന്‍ പല പാതകങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വഴിപിഴപ്പക്കല്‍ അക്കൂട്ടത്തില്‍ പെടുന്നില്ല.’
ഡോ.അംബേദ്കറുടെ നിരവധി ജീവചരിത്രങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിജയന്‍ എഴുതിയ ‘അംബേദ്കറുടെ കൂടെ’ എന്ന ഗ്രന്ഥം അപരിചിതമായ ആ വ്യക്തിത്വത്തിന്റെ മഹിമകള്‍ വ്യക്തമാക്കിത്തരുന്ന ഉജ്ജ്വലമായ കൃതിയാണ്. വിജ്ഞാനത്തിന്റെ വെളിച്ചവും ധര്‍മ്മബോധത്തിന്റെ ചൂടും മേളിച്ച ഒരു ജ്വാലയായിരുന്നു അംബേദ്കറുടെ ജീവിതമെന്ന് വിജയന്‍ സ്ഥാപിക്കുന്നു. ചുറ്റുമുള്ള ജീര്‍ണ്ണതകള്‍ക്ക് അദ്ദേഹം തീകൊളുത്തി. ജനകോടികള്‍ക്ക് വെളിച്ചം പകര്‍ന്നു. അനാദികാലം മുതല്‍ക്കുള്ള ഭാരതീയതയെ വിമര്‍ശന ബുദ്ധികൊണ്ട് പരിശോധിച്ചു. അയ്യായിരത്തിലേറെ പേജുകളില്‍ പരന്നുകിടക്കുന്ന ആ ബോധധാരയെ വിജയന്‍ ഒരു ചെറുഗ്രന്ഥത്തില്‍ മനോജ്ഞമായി പകര്‍ന്നുവച്ചു. ഗാന്ധിജിയെപ്പോലെ തന്നെ അംബേദ്കറെയും സ്നേഹിച്ച വിജയന്റെ നോട്ടങ്ങള്‍ പഴമയിലായിരുന്നില്ല. പുതിയ പ്രവണതകളെ ഏറ്റുവാങ്ങുന്ന സംവേദനശീലം വിജയന്റെ അഭിരുചികളില്‍ ജ്വലിച്ചു നിന്നു.
‘പത്രങ്ങള്‍, വിചിത്രങ്ങള്‍’ എന്ന ആദ്യ കൃതിയിലൂടെ തീരെ ശുഷ്‌ക്കമായിരുന്ന മലയാള പത്രപ്രവര്‍ത്തന സാഹിത്യത്തിന് തുടക്കം കുറിക്കുമ്പോള്‍ വിജയന്‍ പുതിയൊരു പ്രസ്ഥാനത്തിന് ശിലയിടുകയായിരുന്നു. ഒരു ദിവസം കൊണ്ട് ആയുസ്സ് അറ്റുപോകുന്ന വാര്‍ത്തകള്‍ മാത്രം എഴുതിയും തിരുത്തിയും അസ്തമിക്കാനുള്ളതല്ല പത്രപ്രവര്‍ത്തകന്റെ ജീവിതം. ഭാഷയുടെ വളര്‍ച്ചയ്ക്കും ഗദ്യശൈലിയുടെ ഉന്നമനത്തിനും ആശയവിനിമയത്തിന്റെ വിപുലമായ സാധ്യതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം നല്ല പത്രപ്രവര്‍ത്തകര്‍ക്കുണ്ട്. വിജയന്‍ അത്തരമൊരു ആളായിരുന്നു. പത്രത്തില്‍ യാദൃച്ഛികമായി എഡിറ്ററോ റിപ്പോര്‍ട്ടറോ ആയതുകൊണ്ടു മാത്രം പത്രപ്രവര്‍ത്തകനായി അറിയപ്പെട്ട വ്യക്തിയല്ല വിജയന്‍. അദ്ദേഹം പത്രപ്രവര്‍ത്തകനാകാന്‍ സ്വയം തീരുമാനിച്ചിറങ്ങിയ ആളായിരുന്നു. എഴുത്തുകാരന്റെ ആയുധം വാക്കുകളാണ്. വിജയന്‍ ഓരോ വാക്കും സൂക്ഷ്മമായി ഉപയോഗിച്ചു. എ.പി.ഉദയഭാനുവും കെ.പി.വിജയനും എന്‍.ആര്‍.എസ്.ബാബുവും ബി.ആര്‍.പി.ഭാസ്‌ക്കറും മറ്റും പത്രഭാഷയ്ക്ക് സാഹിത്യത്തിന്റെ മേന്മയും പദവിയും കല്‍പ്പിച്ചുകൊണ്ടാണ് ഓരോ വരിയും കുറിച്ചത്. അവരുടെ ഗദ്യരചനകളില്‍ നിന്ന് ഒരു വാക്കുപോലും എടുത്തുകളയാനില്ല. അതേസമയം മലയാളത്തിലെ ആധുനിക ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പ്രശസ്തമായ നോവലുകള്‍ പോലും പുനര്‍വായനയില്‍ മികച്ച എഡിറ്ററുടെ സേവനം ആവശ്യപ്പെടുന്നതായി തോന്നാം. വെട്ടിച്ചുരുക്കേണ്ട കഥകളും നോവലുകളും വാക്കുകളുടെ അനാവശ്യ പ്രയോഗത്തില്‍ ശ്വാസംമുട്ടുന്നു. അവയേക്കാള്‍ എത്രയോ സൂക്ഷ്മപദ പ്രയോഗങ്ങള്‍ കൊണ്ട് ചാരുതയാര്‍ന്ന ഗദ്യശൈലിയാണ് വിജയന്റേത്. ഗദ്യത്തെ ശില്‍പ്പമായി കാണാന്‍ ശ്രമിച്ച വിജയന്റെ സൂക്ഷ്മപദ പ്രയോഗങ്ങള്‍ പത്രഭാഷയെ മലയാളത്തിലെ മികച്ച സാഹിത്യമാക്കി മാറ്റിയിരിക്കുന്നു.
ഭാഷ സരളമായിരിക്കണം, വാക്കുകള്‍ കണിശമായ അര്‍ത്ഥം നല്‍കണം, കുറച്ചു പദങ്ങള്‍കൊണ്ട് കൂടുതല്‍ അര്‍ത്ഥം വെളിവാക്കണം, വായനക്കാരുടെ മനസ്സില്‍ പതിയണം, വ്യക്തിത്വം വേണം… എന്നിങ്ങനെ എഴുത്തിന്റെ സവിശേഷതകളെപ്പറ്റി ‘പലഭാവങ്ങള്‍, പല നാദങ്ങള്‍’ എന്നൊരു ലേഖനത്തില്‍ വിജയന്‍ അക്കമിട്ടു നിരത്തുന്നുണ്ട്. എന്നിരുന്നാലും വിഷയത്തിനിണങ്ങിയ വാക്കുകളും ബിംബങ്ങളും പ്രയോഗങ്ങളും കൊണ്ട് വിജയന്റെ ലേഖനങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് ഗ്രഹിക്കാവുന്ന വിധം വാക്കുകള്‍ക്ക് അലങ്കാരങ്ങള്‍ ചമയ്ക്കാന്‍ എഴുത്തുകാരനായ വിജന്‍ തുനിഞ്ഞില്ല. ഒരുപക്ഷേ ഭാവിയുടെ ഭാവിയില്‍ വിശ്വാസം അര്‍പ്പിച്ച് വരും തലമുറയ്ക്കായി അദ്ദേഹം മാറിനിന്നതാകാം. പത്രപ്രവര്‍ത്തനത്തില്‍ ഉപരിപരിശീലനത്തിന് ലണ്ടനില്‍ പോയ കാലത്ത് (1977) ‘പടിഞ്ഞാറന്‍ മുഖച്ഛായകള്‍’ എന്നൊരു ലഘുഗ്രന്ഥം വിജയന്‍ എഴുതിയിട്ടുണ്ട്. തന്റെ അഭിരുചി അതില്‍ അദ്ദേഹം വെളിപ്പെടുത്തുന്നു. ‘ഒരു നാഗരികതയുടെ തകര്‍ന്നടിഞ്ഞ ശവപ്പറമ്പില്‍ നില്‍ക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം മറ്റൊരു നാഗരികത നാമ്പെടുത്തു വരുന്ന പച്ചപ്പാടത്തു ചുറ്റിനടക്കുന്നതിലാണ്.’ യു.പി.ജയരാജിന്റെയും സിതാരയുടെയും കഥകള്‍ വായിച്ച് ആസ്വാദനക്കുറിപ്പെഴുതിയ ഈ പത്രപ്രവര്‍ത്തകന്റെ ഉള്ളില്‍ കഥയെഴുത്തുകാരന്റെ രചനാബോധം അസംതൃപ്തിയോടെ കുടിപാര്‍ത്തിരുന്നു. എന്നാല്‍ വിജയന്‍ അസംതൃപ്തനായ ഒരു അഹങ്കാരിയായിരുന്നില്ല. തന്നിലെ കഥാകാരന്റെ ഭാവനയെ ദിവ്യരഹസ്യമാക്കി വെച്ചുകൊണ്ട് ലോകയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരേ വിജയന്‍ മിഴിതുറന്നു. ദളിത് സമരങ്ങള്‍, പൊരുതി വളര്‍ന്ന എഴുത്തുകാരികള്‍, നാളെയും നന്നാവാത്ത നമ്മള്‍ എന്നീ ഗ്രന്ഥങ്ങള്‍ മലയാളത്തിലെ മികച്ച സാമൂഹിക പാഠങ്ങളാണ്. പത്രപ്രവര്‍ത്തകന്റെ സാഹിത്യ രചനകളാണവ. എല്ലാ സാമ്പ്രദായിക സാഹിത്യങ്ങളെയും പോലെ നല്ല വായനാനുഭവങ്ങള്‍ അവ പങ്കുവയ്ക്കുന്നു.
1992 ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചശേഷം ഗ്രന്ഥരചനകളില്‍ സജീവമായി മുഴുകിയ കെ.പി.വിജയന്‍ കൊച്ചിയിലെ സാംസ്‌കാരിക സായാഹ്ന സദസ്സുകളില്‍ നിത്യസാന്നിധ്യമായിരുന്നു. അവിടെ കണ്ടുമുട്ടുമ്പോള്‍ ഒരു ചിരി, ചുരുക്കം വാക്കുകളില്‍ ലോഹ്യം, വിട. ഇതായിരുന്നു എനിക്കും അദ്ദേഹത്തിനും ഇടയിലെ സൗഹൃദം. അങ്ങനൊരു വൈകുന്നേരം ഞങ്ങള്‍ക്കിരുവര്‍ക്കും അടുത്തടുത്ത ഇരിപ്പിടങ്ങള്‍ ലഭിച്ചു. സംസാരത്തില്‍ വാക്കുകള്‍ക്ക് പിശുക്കില്ലാതായി. ‘ഇനി തനിക്കൊരു പുസ്തകമൊക്കെ പ്രസിദ്ധീകരിക്കാം’ എന്ന് എന്നെ ഉപദേശിച്ചു. പത്രപ്രവര്‍ത്തകരുടെ രചനകളാല്‍ സാഹിത്യം കൂടുതല്‍ നിറയട്ടെ എന്നാകും വിജയന്‍ ഉദ്ദേശിച്ചതും ആഗ്രഹിച്ചതും. കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാതെ മാതാപിതാക്കള്‍ കാട്ടുന്ന ദ്രോഹങ്ങളെപ്പറ്റി പലപ്പോഴും അദ്ദേഹം വാചാലനായി. ‘മലയാള ഗദ്യനായകന്മാര്‍’ എന്ന പുസ്തകത്തിലെ അവസാന അധ്യായം ‘ഭാഷയ്ക്ക് ഒരു ഭീഷണി’ എന്ന ലേഖനമാണ്. നല്ല ഭാഷ എഴുതി പ്രചരിപ്പിച്ചാല്‍ വായനക്കാര്‍ താനെ വരുമെന്ന് വിജയന്‍ വിശ്വസിച്ചു. ഭാഷ നശിക്കുന്നുണ്ടെങ്കില്‍ അത് എഴുത്തുകാരുടെ ദോഷം കൊണ്ടാണ്. ഭാഷാ സംരക്ഷണത്തിന് മുദ്രാവാക്യവും സത്യാഗ്രഹസമരവും വേണ്ട. സുന്ദരമായ ഭാഷയില്‍ മികച്ച കൃതികള്‍ ഉണ്ടായാല്‍ മതിയെന്ന് വിജയന്‍ എഴുതുകയും ചെയ്തു.
പത്രപ്രവര്‍ത്തകനെന്ന നിലയില്‍ വലിയ അംഗീകാര മുദ്രകളൊന്നും കെ.പി.വിജയന്റെ മേല്‍ പതിഞ്ഞില്ല. പി.ആര്‍.ഡി. പ്രസ്സ് റൂമില്‍ ഇരുന്ന് അധികാര കേന്ദ്രങ്ങളില്‍ അവിശുദ്ധ സ്വാധീനം ചെലുത്തിയവര്‍ പോലും ഒരു പത്രത്തിലും നാലു വരി എഴുതാതെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടിയ നാട്ടില്‍ വിജയനെപ്പോലുള്ളവര്‍ അവഗണിക്കപ്പെട്ടു. സമ്മാനങ്ങളുടെ കഥയില്ലാമയ്ക്ക് അങ്ങനെ നിശ്ശബ്ദമായി അടിവരയിട്ടു കൊണ്ട് നേരും നെറിയും കെട്ട ഈ ലോകത്തുനിന്ന് 2013 ആഗസ്റ്റ് ആറാം തീയതി കെ.പി.വിജയന്‍ രക്ഷപ്പെട്ടു.