വിധി
ഒരു സെക്കൻഡ് വൈകിയതു കൊണ്ട്‌ അവസാന ബസ്‌ നഷ്ടപ്പെടുന്ന അവസ്ഥ

തിരക്ക്‌
ആളെ കുത്തി നിറച്ച്‌ വരുന്ന ബസിൽ കേറിപ്പറ്റാനുള്ള കുതിപ്പും വെപ്രാളവും

അസൂയ
നല്ല തിരക്കുള്ള ബസിൽ ഇരുന്ന് യാത്ര ചെയ്യുന്നവരോട്‌ നിന്ന് യാത്ര ചെയ്യുന്നവർക്കുണ്ടാകുന്ന മനോഭാവം

ആകാംക്ഷ
നിൽക്കാൻ പോലും ഇടമില്ലാത്ത ബസിൽ ഇരിക്കാൻ എവിടെയെങ്കിലും ഒരു സീറ്റ്‌ കിട്ടുമോ എന്ന ചിന്ത

മൽസരം
കമ്പിയിൽ തൂങ്ങി നിൽക്കുന്ന സമയത്ത്‌ അടുത്തിരിക്കുന്ന ആളുടെ സ്റ്റോപ്പെത്തുമ്പോൾ ആ സീറ്റിന്‌ വേണ്ടി ഉണ്ടാകുന്ന വടം വലി

ഭാഗ്യം
തിരക്കുള്ള ബസിൽ ഇരിക്കാൻ സീറ്റ്‌ കിട്ടുന്നത്

അഭിനയം
അർഹരായവർ വരുമ്പോൾ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാതിരിക്കാൻ നടിക്കുന്ന ഉറക്കം. എന്നിട്ട് തട്ടി എഴുന്നേൽപ്പിക്കുമ്പോൾ അഭിനയത്തെ ഉറപ്പിക്കാനുള്ള “കോട്ട വായ”

സങ്കടം
ഇരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റ്‌ കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ

തമാശ
പൊളിറ്റിക്കൽ ട്രോളുകളും “തള്ളലുകളും” വായിക്കുമ്പോളുണ്ടാകുന്ന അനുഭൂതി

അലമ്പ്‌
‌ബസിൽ കയറിയ കള്ള്‌ കുടിയന്റെ വായിൽ നിന്ന് വരുന്ന “വികട സരസ്വതി”

മരണ ഭയം
100 കിലോമീറ്റർ സ്പീഡിൽ പോകുന്ന ബസ്‌ വളവിലും തിരിവിലും വേഗം കുറയ്ക്കാത്തപ്പോൾ ഉള്ളിൽ തോന്നുന്ന വികാരം (ഇതിന്റെ ഭാഗമായി യുക്തി വാദികൾ പോലും ചിലപ്പോൾ ദൈവത്തെ വിളിച്ചെന്ന് വരാം)

സമാധാനം
അമിത വേഗത്തിൽ പായുന്ന ബസിൽ നിന്നും ഇറങ്ങേണ്ട സ്ഥലത്ത്‌ ഇറങ്ങുമ്പോൾ മനസ്സിനുണ്ടാകുന്ന കുളിർമ്മ

അത്ഭുതം
1 മണിക്കൂർ എടുക്കുന്ന ബസ്‌ യാത്ര 45 മിനിറ്റ്‌ കൊണ്ട്‌ തീരുമ്പോൾ ഉണ്ടാകുന്ന ആശ്ചര്യം

അരവട്ട്‌
ഒരു ബസ് യാത്രയുടെ മുഷിപ്പിൽ നിന്ന് ഇങ്ങനെയൊക്കെ ചിന്തിച്ച്‌ കൂട്ടിയ എന്റെ അവസ്ഥ

ക്ഷമ
ഇത്രയൊക്കെ സഹിച്ച്‌ ഇതൊക്കെ വായിച്ച നിങ്ങളുടെ ഏറ്റവും നല്ല ഗുണം

പറയാൻ ഇനിയും ഒരുപാടുണ്ട്. ഓരോ യാത്രയിലും ഒരായിരം അനുഭവങ്ങളുണ്ട്‌. ഒന്ന് നിരീക്ഷിച്ചാൽ‌ മനസ്സിലാകും. ജീവിതത്തിൽ നമ്മൾ അനുഭവിച്ച്‌ പോകുന്ന ഒരുപാട്‌ അവസ്ഥകളുടെ ചെറിയൊരു പതിപ്പ്‌ തന്നെയാണ് ഒരോ യാത്രയുമെന്ന്.

അതേ,‌ യാത്രകൾ കാണിക്കുന്നത്‌ ജീവിതം തന്നെയാണ്‌!

N A Umar Farook

COMMENT