മലയാള സിനിമയിൽ പുതുശൈലീ ചിത്രങ്ങൾ കൊണ്ട് പിടിച്ചിരുത്തിയ സംവിധായകനിരയിൽ ഒന്നാം പേരുകാരനാണ് ലിജോ ജോസ് പെല്ലിശേരി. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ ലിജോയുടേതായി വലിയൊരു ആരാധകവൃന്ദം തന്നെ രൂപപ്പെട്ടിട്ടുണ്ട്. സംവിധായകന്റെ പേര് നോക്കി സിനിമയെ കാത്തിരിക്കുന്ന ചുരുക്കം പ്രതിഭാസങ്ങളിൽ ലിജോയുമുണ്ട്. ആമേനും അങ്കമാലി ഡയറീസും ഈ.മ.യൗവും സാധാരണ പ്രേക്ഷകരിലടക്കം ഉണ്ടാക്കിയെടുത്ത കാത്തിരിപ്പിന് നടുവിലേക്കാണ് ജല്ലിക്കട്ട് എത്തുന്നത്. ഇത്തവണയും തനിക്ക് മാത്രം ചെയ്യാവുന്നത് എന്ന് തോന്നിപ്പിക്കും വിധം മിഴിച്ചിരുത്തുന്നുണ്ട് ലിജോ ജോസ് പെല്ലിശേരി.
അറക്കാൻ കൊണ്ടുവരുന്ന പോത്ത് കെട്ടുപൊട്ടിച്ചോടുന്നതിന്റെയും അതിനു പിന്നാലെ ഓടുന്നവരുടെയും കഥയാണ് പ്രമേയം. തിരക്കഥാകൃത്തായ എസ്.ഹരീഷിന്റെ തന്നെ മാവോയിസ്റ് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരത്തെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
ടൊറൊന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആദ്യ പ്രദർശനത്തിൽ നിന്നു കിട്ടിയ വലിയ സ്വീകരണത്തിന്റെയും മികച്ചതെന്ന റിപ്പോർട്ടിന്റെയും അകമ്പടിയോടെയാണ് ജല്ലിക്കട്ട് കേരളത്തിൽ റിലീസ് ചെയ്തത്. ലിജോയുടെ ഏറ്റവും മികച്ച ചിത്രമെന്ന് വിലയിരുത്താൻ ആകില്ലെങ്കിലും മലയാളത്തിൽ ഇതുവരെ പിറവി കൊള്ളാത്ത തരം ആസ്വാദനരീതി ചിത്രം തരുന്നുണ്ട്.
അറക്കാൻ കൊണ്ടുവരുന്ന പോത്ത് കെട്ടുപൊട്ടിച്ചോടുന്നതിന്റെയും അതിനു പിന്നാലെ ഓടുന്നവരുടെയും കഥയാണ് പ്രമേയം. തിരക്കഥാകൃത്തായ എസ്.ഹരീഷിന്റെ തന്നെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരത്തെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. വിനോദത്തിനായി വേട്ടയാടുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. മനുഷ്യരുടെ ജീവിതത്തിൽ മൃഗത്തേക്കാൾ വന്യമായി അവരും പെരുമാറുന്ന നിമിഷങ്ങൾ കണ്ണെടുക്കാനാകാത്ത വിധം ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ.
മുൻ ചിത്രമായ ഈ.മ.യൗ. പോലെ തന്നെ മനുഷ്യസഹജമായ പെരുമാറ്റ രീതികളിലെ രാഷ്ട്രീയമാനം പുറത്തു കൊണ്ട് വരാൻ തന്നെയാണ് ജല്ലിക്കട്ടിലും ലിജോ ശ്രമിക്കുന്നത്. എന്നാൽ ഉള്ളടക്കം ലൗഡ് ആയി തന്നെ പറയുന്നു എന്നല്ലാതെ കഥയിലോ തിരക്കഥയിലോ കാര്യമായ ആഴം കൊണ്ടുവരാൻ ഒട്ടും ശ്രമിച്ചിട്ടില്ലതാനും. ഈ പരിമിതിയെ സമാനതകളില്ലാത്ത തന്റെ ക്രാഫ്‌റ്റും ഗിരീഷ് ഗംഗാധരന്റെ ക്യാമറവർക്കും കൊണ്ട് ഒരു പരിധി വരെ മറികടക്കുന്നുണ്ട്.
ലോഹം എന്ന സിനിമയിലെ ഒരു ഡയലോഗ് ആണ് ഓര്മയിലർത്തുന്നത് -“തിന്നാൻ വേണ്ടിയും കൊല്ലും കൊല്ലാൻ വേണ്ടിയും കൊല്ലും”. പ്രാണരക്ഷാർത്ഥം ഓടിപ്പോയ പോത്തിന്റെ വെപ്രാളവും നിസ്സഹായതയും സിനിമയിൽ വ്യക്തമാണ്. ഒപ്പം തന്നെ സകലനിയന്ത്രണവും വിട്ട് തനിനിറം പുറത്തു കാണിക്കുന്ന മനുഷ്യരുടെ വെറിയും ചിത്രത്തിലുണ്ട്. സിനിമകളിൽ കാര്യമായി പ്രതിപാദിച്ചിട്ടില്ലാത്ത ഈ ഒരു വിഷയത്തെ ഒരു ചെറിയ കഥയിലൂടെ എൻഗേജിങ് ആയി ആവിഷ്കരിക്കുന്നതിൽ ലിജോ വിജയിച്ചിട്ടുണ്ട്. എന്നാൽ നായകസങ്കല്പങ്ങളും വാർപ്പ് മാതൃകകളും പൊളിച്ചെഴുതുന്ന തരം ആഖ്യാനം നിലനിർത്തുമ്പോൾ സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രത്തിന്റെയും നിർമിതിയിലും അവയെ കഥയുടെ അടിത്തറയിൽ എത്രത്തോളം ഉറച്ചുനിർത്തി എന്നതിലും പരാജയപ്പെടുന്നുണ്ട്.
അഭിനേതാക്കളെല്ലാം ശരാശരി പ്രകടനത്തിൽ ഒതുങ്ങുന്ന കാഴ്ചയാണ് ജല്ലിക്കട്ടിനുള്ളത്. അവർ കുറച്ചുകൂടി അദ്ധ്വാനിച്ചിരുന്നെങ്കിൽ സിനിമയുടെ മൊത്ത ആസ്വാദനരീതി കൂടുതൽ മികച്ചതായേനെ. എന്നിരുന്നാലും ജല്ലിക്കട്ട് മികച്ച സിനിമ തന്നെയാണ്. ആദ്യം മുതൽ അവസാനം വരെ കെട്ടുപൊട്ടിച്ചോടിയ ആ പോത്തിന്റെ പിന്നാലെ, സിനിമ കാണുന്നവരെയും ഓടിക്കുന്നുണ്ട് ലിജോ. ഗ്രാമം മൊത്തം ഭീതിയിലാഴുന്നതും ഉള്ളിലേക്കിറക്കുന്നതും വളരെ ലൗഡ് ആയ സീക്വൻസുകളിലൂടെ ആണെന്ന് മാത്രം. അത്തരം പ്രായോഗിക ഭാരം ഉള്ള രംഗങ്ങളിൽ മാത്രമാണ് ഇത്തവണ ലിജോ കൈയൊപ്പ് ഇട്ടിട്ടുള്ളത്. ബാക്കി തിരക്കഥയിലുടനീളമുള്ള പല സന്ദർഭങ്ങളെയും ബാലിശമായി കൈകാര്യം ചെയ്തിരിക്കുന്നതും കാണാനുണ്ട്. നല്ല ഉള്ളടക്കം ഉണ്ടെങ്കിലും വലിയ ഉറപ്പില്ലാത്ത ഒരു തിരക്കഥ മൂലധനമാക്കി ഷൂട്ട് ചെയ്തതിന്റെ പരിണിതഫലമാണ് ഇത്തരം അനുഭവം.
സ്‌ക്രീനിൽ വന്നു പോകുന്ന കഥാപാത്രങ്ങൾക്കെല്ലാം കഥയിൽ ചെയ്യാനുണ്ടെങ്കിലും അവരെ വിട്ടുകളയുന്നുമുണ്ട്. ആന്റണി -സാബു ഫ്ലാഷ്ബാക്ക്, ചെമ്പൻ വിനോദിന്റെ സഹോദരിയുടെ കഥാപാത്രം, പൊലീസുകാരന്റെ കഥാപാത്രം തുടങ്ങിയവയിലെല്ലാം കൂടുതൽ വ്യക്തതയോടെയുള്ള ഡ്രാമ സബ്പ്ലോട്ടുകൾക്ക് സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടൊക്കെ തിരക്കഥയുടെ മൊത്തത്തിൽ ഉള്ള ബ്ലാങ്ക് നേച്ചർ ഒഴിവാക്കാനാകുമായിരുന്നു. എന്നാൽ നിലവിലുള്ള തിരക്കഥ ജല്ലിക്കട്ട് എന്ന ചലച്ചിത്രത്തിന്റെ ആകെത്തുക ഡയറക്ട് ആയി വിഷ്വലൈസ് ചെയ്തിട്ടുണ്ട്. പോത്തിന്റെ പിന്നാലെ ഓടുന്ന മനുഷ്യൻ ഓടുന്തോറും പുറത്തിടുന്നത് അവന്റെ പരസ്പര വിരുദ്ധതയും അസൂയയും ജനിതകമായ മൃഗീയതയുമൊക്കെയാണ്. അത് മൃഗങ്ങളോട് മാത്രമല്ല മനുഷ്യർ തമ്മിൽ തമ്മിൽ കാണിക്കുന്നതിന് ഭീകരത വളരെ സിമ്പിൾ ആയും ക്ലിയർ ആയും ചിത്രത്തിൽ കാണാം.
പോത്തിന് രക്ഷപ്പെടുക എന്നത് ജീവിതവും മനുഷ്യർക്ക് പോത്തിനെ കീഴടക്കുക എന്നത് ആണത്തത്തെ വിളിച്ചോതലും ആകുന്നിടത്താണ് മനുഷ്യൻ -മൃഗം എന്ന തട്ടിൽ വെച്ച് സിനിമയുടെ തലം തെളിഞ്ഞുവരുന്നത്. പ്രതികാരത്തിനായി എത്തുന്ന കുട്ടച്ചൻ, ബഹളങ്ങൾക്കിടയിലും മോഹം തീർക്കുന്ന ആന്റണി, പോത്തിന്റെ അവകാശം എടുക്കാൻ അടികൂടുന്ന നാട്ടുകാർ എല്ലാം തന്ത്രപ്രധാന ഘടകങ്ങളാണ്. മൃഗത്തിൽ നിന്നു പരിണമിച്ചുണ്ടായ മനുഷ്യൻ മൃഗത്തിൽ തന്നെ എത്തിനിൽക്കുന്ന അവസ്ഥയെയാണ് സിനിമ കാണിക്കുന്നത്. പുട്ടുണ്ടാക്കിയതിന് ഭാര്യയെ തല്ലുന്ന പ്രമാനിയും, പോത്തിനെ പിടിക്കാൻ തോക്കുമായി വരുന്ന വേട്ടക്കാരൻ തൊട്ട് തൊടിയിൽ കോഴിയെ കൊന്നു തിന്നുന്ന നാട്ടുകാരും വരെ മേൽപറഞ്ഞ പരിണാമസിദ്ധാന്തത്തെ തകിടം മറിക്കുന്ന കാഴ്ചകളാണ്.
പ്രാണരക്ഷാർത്ഥം ഓടിപ്പോയ പോത്തിന്റെ വെപ്രാളവും നിസ്സഹായതയും സിനിമയിൽ വ്യക്തമാണ്. ഒപ്പം തന്നെ സകലനിയന്ത്രണവും വിട്ട് തനിനിറം പുറത്തു കാണിക്കുന്ന മനുഷ്യരുടെ വെറിയും ചിത്രത്തിലുണ്ട്. സിനിമകളിൽ കാര്യമായി പ്രതിപാദിച്ചിട്ടില്ലാത്ത ഈ ഒരു വിഷയത്തെ ഒരു ചെറിയ കഥയിലൂടെ എൻഗേജിങ് ആയി ആവിഷ്കരിക്കുന്നതിൽ ലിജോ വിജയിച്ചിട്ടുണ്ട്.
ദുർബലമായ തിരക്കഥ വെച്ചുകൊണ്ടും ജല്ലിക്കട്ട് തന്റേതു മാത്രമായ ഒന്നായി ചിത്രീകരിച് വെച്ചിട്ടുണ്ട് ലിജോ ജോസ് പെല്ലിശേരി. ക്ലൈമാക്സ് അടക്കമുള്ള പല രംഗങ്ങളും സങ്കല്പത്തിനും അപ്പുറമുള്ള കാഴ്ചകളെ സിനിമയിൽ സാധ്യമാക്കി കാണിക്കുന്നുണ്ട് സംവിധായകൻ. ഒപ്പം സംവിധായകന്റെ ചിന്തയ്ക്കൊപ്പം ഓടിയെത്താനായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും കയ്യടി നേടുന്നുണ്ട്. കാണുന്നവരിലും കിതപ്പ് ഉണർത്തും വിധം ടൈറ്റായി തന്നെ രംഗങ്ങളെ കൊണ്ട് പോകുന്നതും ഗിരീഷിന്റെ മിടുക്കാണ്. എന്നാൽ ജല്ലിക്കട്ടിന്റെ ഛായാഗ്രഹണത്തെ ഒരു മാസ്റ്റർ വർക്ക് ആയൊന്നും അടയാളപ്പെടുത്താനാകില്ല. സിനിമയുടെ സ്വഭാവം അനുസരിച്ചു ദൃശ്യങ്ങളുടെ സ്വഭാവവും കൊണ്ടുപോകുന്നതിൽ സംവിധായകനും ക്യാമറാമാനും തമ്മിലുള്ള കെമിസ്ട്രിയാണ് ജല്ലിക്കട്ടിനെ കണ്ടിരിക്കാവുന്ന ഒരു ഔട്ട്പുട്ട് ആക്കി മാറ്റുന്നത്. ടെക്നിക്കലി അത്യാവശ്യം നല്ല രീതി കൈവരിച്ചെങ്കിലും പ്രീ പ്രൊഡക്ഷനിലെ അലസതയും സ്‌ക്രിപ്റ്റിന്റെ ദുര്ബലതയും സാരമായി തന്നെ ബാധിക്കുന്നുണ്ട്.
രംഗനാഥ് രവി ഒരുക്കിയ സൗണ്ട് ഡിസൈനും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും സിനിമയുടെ ഒഴുക്കിൽ കാര്യമായി സ്വാധീനം ചെലുത്തുന്നു. ഗ്രാമത്തിന്റെ മൊത്തം അന്തരീക്ഷവും ഭീതിയും ചെറുശബ്ദങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ചിതറിയ സംഗീതങ്ങളിലൂടെ സിനിമയുടെ വന്യസ്വഭാവം സിനിമ തീർന്നാലും ചെവിയിലുണ്ടാകും.
പ്രകടനത്തിൽ സാബുമോൻ, ജാഫർ ഇടുക്കി എന്നിവരെല്ലാം മികച്ചു നിന്നു. ചെറുതെങ്കിലും ചെമ്പൻ വിനോദിന് ചെയ്യാനുള്ളത് സ്വഭാവികാഭിനയം കൊണ്ട് ഭംഗിയാക്കിയിട്ടുണ്ട്. ആന്റണി വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രം വളരെ വൈൽഡും അപരിഷ്‌കൃതവുമാണെന്നിരിക്കെ തനിക്കാകും വിധം ആന്റണി അവതരിപ്പിച്ചിട്ടുണ്ട്. ചില രംഗങ്ങളിൽ വളരെ മികച്ചതും എന്നാൽ ലൗഡ് ഡയലോഗുകൾ വരുന്ന സന്ദർഭങ്ങളിൽ നല്ല രീതിയിൽ കൃത്രിമത്വവും കാണാനുണ്ട്. പേരറിയാത്ത പല പുതുമുഖങ്ങളും വന്നു പോകുമ്പോൾ പലരിലും പതർച്ചയും ഇടർച്ചയും അനുഭവപ്പെടുന്നുണ്ട്. മുൻചിത്രങ്ങളെ തട്ടിച്ചു നോക്കുമ്പോൾ അഭിനേതാക്കളെ ചിട്ടപ്പെടുത്തുന്നതിൽ ലിജോ അയഞ്ഞിട്ടുണ്ട്.
ഓരോ ചിത്രങ്ങളും മുൻപത്തേതിൽ നിന്നും വ്യത്യസ്തവും സ്വതന്ത്ര സ്വത്വവും ഉള്ളതാക്കുന്നതിൽ ലിജോ ഇത്തവണയും വിജയിച്ചിട്ടുണ്ട്. എന്റർടൈൻമെന്റിനുള്ള ഘടകങ്ങൾ യാതൊന്നും ഇല്ലാതെയെത്തുന്ന ജല്ലിക്കട്ടിനും നല്ല പൊതുസ്വീകരണം കിട്ടുന്നത് സംവിധായകനിൽ പ്രേക്ഷകനുള്ള വിശ്വാസം കൊണ്ടാണ്. അത് കാത്തുസൂക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു പ്ലോട്ടിൽ സ്വാഭാവികമായും ഉണ്ടാകേണ്ട പൂർണത ജല്ലിക്കട്ടിന് ഇല്ല. നരനായാട്ട് നടത്തിയിരുന്ന, ഇരയുടെ അവകാശത്തിനു വേണ്ടി തമ്മിലടിച്ചിരുന്ന ആദിമ മനുഷ്യനിൽ നിന്ന് ഒട്ടും മുന്നിലല്ല ഇന്നത്തെ മനുഷ്യനെന്ന് വളരെ ക്ലിയർ കട്ട് ആയി പറയുന്നത് ജല്ലിക്കട്ടിനെ പുതിയ അനുഭവമാക്കുന്നുണ്ട്. തിരക്കഥയെ അരക്കിട്ടുറപ്പിച്ചു നിർത്താനാകാതെ വരുമ്പോഴും മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആസ്വാദനവും തിയേറ്റർ എക്സ്പീരിയൻസും തരുന്ന സിനിമകളിൽ ജല്ലിക്കട്ടും ഉണ്ടാകും.