(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
നഗരത്തിൽ തലങ്ങും വിലങ്ങും അപ്രതീക്ഷിതമായി വളഞ്ഞും ഓടുന്ന മുചക്രത്തെ നോക്കി മുഖം ചുളിക്കാത്തവരായി ആരുമുണ്ടാകാനിടയില്ല. പക്ഷേ, ഈ ദൃശ്യം കണ്ടാൽ അങ്ങനെ മുഖം ചുളിയില്ല, ഉറപ്പ്.
ജീവിക്കാനായുള്ള അദ്ധ്വാനത്തിന് ശാരീരികാസ്വസ്ഥത ഈ മനുഷ്യന് തടസ്സമാവുന്നില്ല. മുറിവുകൾ നിമിത്തം കാൽ നിലത്തുറപ്പിക്കാനാവില്ല. വെരിക്കോസ് അൾസർ എന്ന രോഗമാണ് ഇദ്ദേഹത്തിന്. കാലുകൾ തൂക്കിയിട്ടിരിക്കുന്നത് അസഹ്യമായ വേദനയ്ക്കും അസ്വസ്ഥതയ്ക്കും വഴിവെയ്ക്കും. ഈ വേദനയെ തോല്പിക്കാൻ കണ്ടെത്തിയ വഴിയാണ് മറിച്ചിട്ട ആ പ്ലാസ്റ്റിക് ബക്കറ്റ്. അതിനു മുകളിൽ കാൽ ഉയർത്തി വെയ്ക്കുക എന്നത്. അങ്ങനെയിരുന്നാണ് ഓട്ടോ ഓടിക്കുന്നത്.
വേദനയുള്ള കാലുമായി വീട്ടിൽ വിശ്രമിക്കാൻ ഈ മനുഷ്യനാവില്ല. കാരണം, അങ്ങനെ വിശ്രമിച്ചാൽ വീട്ടിൽ അടുപ്പ് പുകയില്ല. തനിക്കും കുടുംബത്തിനുമുള്ള അന്നം കണ്ടെത്താൻ വേദന മറന്നും അദ്ദേഹം അദ്ധ്വാനിക്കുന്നു.