പരതിയെടുക്കാം ചിത്രങ്ങൾ

Post date:

Author:

Category:

വ്യക്തിപരമായാലും ഔദ്യോഗികമായാലും നമ്മള്‍ രണ്ടാമതായി പ്രധാനമായും സെര്‍ച്ച് ചെയ്യുന്നത് ചിത്രങ്ങള്‍ക്കുവേണ്ടിയാണ്. മിക്കവാറും എല്ലാ സെര്‍ച്ച് എന്‍ജിനിലും ഒരു ഇമേജ് സെര്‍ച്ച് ഓപ്ഷനുണ്ടാകും. സാധാരണ പോലെ കീവേഡുകളുപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ വെബ്‌സൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളും അവയുടെ ലിങ്കുകളും അനുബന്ധവിവരങ്ങളും ലഭിക്കും. എന്നാല്‍ നമ്മുടെ ആവശ്യത്തിനനുസരിച്ച് സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ആവശ്യമുള്ള ചിത്രങ്ങള്‍ കണ്ടെത്താന്‍ ഇമേജ് സെര്‍ച്ചിന്റെ ചില അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

സാധാരണ സെര്‍ച്ച് എന്‍ജിനുകള്‍, ചിത്രങ്ങള്‍ക്കുവേണ്ടി മാത്രമുള്ള സെര്‍ച്ച് എന്‍ജിനുകള്‍, സൗജന്യ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റുകള്‍, ഇന്റര്‍നെറ്റു വഴി പ്രൊഫഷണലായി ചിത്രങ്ങള്‍ വില്പന നടത്തുന്ന വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ ചിത്രങ്ങളുടെ ഉറവിടങ്ങള്‍ നിരവധിയാണ്. ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന ചിത്രങ്ങള്‍ വിശ്വസനീയവും കോപ്പിറൈറ്റുള്‍പ്പെടെയുള്ള നിയമപ്രശ്‌നങ്ങളില്ലാത്തവയുമാണെന്ന് ഉറപ്പാക്കിവേണം തിരഞ്ഞെടുക്കാന്‍. നമ്മുടെ സെര്‍ച്ച് എന്‍ജിനുകളെല്ലാം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളുള്‍പ്പെടെ ഇന്റര്‍നെറ്റിലെ പൊതു ഇടങ്ങളിലെ ചിത്രങ്ങള്‍ കൂടി പലപ്പോഴും ലിസ്റ്റ് ചെയ്യാറുണ്ട് എന്നതിനാല്‍ പുതിയകാലത്ത് ചിത്രങ്ങളെടുത്ത് പ്രസാധന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം.

images.google.com, images. search.yahoo.com, images.ask.com, images.bing.com തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിച്ചു വരുന്ന സെര്‍ച്ച് എന്‍ജിനുകള്‍. elzr.com/imagery, picsearch.com, incogna.com, skylines.io തുടങ്ങിയവ ചിത്രങ്ങള്‍ മാത്രം ലഭിക്കുന്ന സെര്‍ച്ച് എന്‍ജിനുകളാണ്. flickr.com, photobucket.com, webshots.com തുടങ്ങിയവ സൗജന്യ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റുകളും www.corbisimages.com, www.gettyimages.in തുടങ്ങിയവ പണം നല്‍കി ചിത്രങ്ങള്‍ വാങ്ങാവുന്ന ഓണ്‍ലൈന്‍ ചിത്ര ലൈബ്രറികളാണ്. sxc.hu പോലെ ഭാഗികമായി സൗജന്യ ചിത്രങ്ങള്‍ നല്‍കുന്ന ചിത്ര വെബ്‌സൈറ്റുകളും ലഭ്യമാണ്.

സെര്‍ച്ച് ബോക്‌സിനു താഴെ നമുക്കാവശ്യമുള്ള ഫലം നഖച്ചിത്രങ്ങളായി (thumbnail) വരും. അതിനു മുകളില്‍ കര്‍സര്‍ വെച്ചാല്‍, അല്ലെങ്കില്‍ തമ്പ്‌നെയിലിനു താഴെ തന്നെ, ചിത്രത്തിന്റെ പേര്, വലിപ്പം, സമാനമായ ചിത്രങ്ങള്‍ തിരയാനും, കൂടുതല്‍ വലിപ്പമുള്ള ചിത്രങ്ങള്‍ തേടാനുമുള്ള ലിങ്കുകള്‍ എന്നിവ കാണും. ഇടത്തു ഭാഗത്തോ മുകളിലോ സെര്‍ച്ച് ഫലങ്ങള്‍ കൂടുതല്‍ കൃത്യമാക്കാനുള്ള സംവിധാനങ്ങളും കാണും. ഇതാണ് സാധാരണ ഇമേജ് സെര്‍ച്ച് എന്‍ജിനില്‍ ചിത്രങ്ങള്‍ അടുക്കിവെക്കുന്ന രീതി. ക്ലോസ് അപ്പ്, നിറം, വരച്ചതോ യഥാര്‍ത്ഥ ചിത്രമോ, വലിപ്പം, വിഷയം തുടങ്ങിയ മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്തവയെന്നവകാശപ്പെട്ടാണ് ചിത്രം മാത്രം നല്‍കുന്ന സെര്‍ച്ച് എന്‍ജിനുകള്‍ മിക്കതും പേരെടുത്തത്. എന്നാല്‍ അവര്‍ എടുത്തുപറയുന്ന പ്രത്യേകതകളില്‍ ബഹുഭൂരിപക്ഷവുമുള്‍പ്പെടുത്തിയാണ് ഇന്ന് ഗൂഗിള്‍ ഇമേജ് സെര്‍ച്ച് രംഗത്തുള്ളത്. സമാനമായ മറ്റ് സെര്‍ച്ച് എന്‍ജിനുകള്‍ ഇതേ സൗകര്യങ്ങളൊക്കെ നല്‍കുന്നുണ്ടെങ്കിലും ചിത്രങ്ങളടുക്കിക്കൊടുക്കുന്ന രീതിയും ലളിതമായി കൈകാര്യം ചെയ്യാമെന്നുള്ളതുമാണ് ഗൂഗിള്‍ ഇമേജ് സെര്‍ച്ചിനെ മുന്നിലെത്തിച്ചത്.

ഗൂഗിള്‍ ഇമേജ് സെര്‍ച്ച്

ഗൂഗിള്‍ സെര്‍ച്ച് ബോക്‌സിനു മുകളിലുള്ള ഇമേജ് ലിങ്കില്‍ ക്ലിക്കു ചെയ്‌തോ, www.images.google.com, www.google.com/images എന്നീ അഡ്രസ്സുകളില്‍ നേരിട്ടോ ഗൂഗിള്‍ ഇമേജ് സെര്‍ച്ചിലെത്താം. സാധാരണ പോലെ വേണ്ട കീവേഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ മുന്‍ഗണനാ ക്രമത്തില്‍ ഫലങ്ങള്‍ അടുക്കിവെച്ചു തരും. ഇനി അതുവരെ നമ്മള്‍ സെര്‍ച്ച് ചെയ്ത ടെക്സ്റ്റ് ഫലങ്ങളുടെ അതേ കീവേഡിലുള്ള ചിത്രങ്ങളാണ് വേണ്ടതെങ്കില്‍ സെര്‍ച്ച് ബോക്‌സിനു മുകളിലുള്ള ഇമേജസ് എന്ന ലിങ്കില്‍ നേരിട്ടു ക്ലിക്കു ചെയ്തും ഫലം കണ്ടെത്താം. ചിത്രത്തിന്റെ തമ്പ്‌നെയിലില്‍ കര്‍സര്‍ വെക്കുമ്പോള്‍ തന്നെ ഫയല്‍ ടൈപ്പ് സഹിതം ചിത്രത്തിന്റെ പേര്, ഏത് വെബ്‌സൈറ്റില്‍ നിന്ന്, വീതി, ഉയരം എന്നീ വിവരങ്ങളും സമാനമായവ തിരഞ്ഞെടുക്കാന്‍ similar, മറ്റ് വലിപ്പങ്ങളിലുള്ള ചിത്രത്തിന് more sizes എന്നീ ലിങ്കുകളും ലഭിക്കും. ക്ലിക്കു ചെയ്താല്‍ ഇടതുഭാഗത്ത് ചിത്രവും ബാക്ഗ്രൗണ്ടില്‍ ചിത്രമുള്ള വെബ് പേജും കാണാം. വലത്ത് ചിത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ഒപ്പം ചിത്രമുള്ള വെബ് പേജിലേക്കും, ചിത്രത്തിന്റെ യഥാര്‍ത്ഥ വലിപ്പത്തില്‍ കാണാനുമുള്ള ലിങ്കുകളും കാണാം. ഒരു സാധാരണ ഇമേജ് സെര്‍ച്ചിന് ഇത്രയും കാര്യം ധാരാളം മതി. ആവശ്യമുള്ള വലിപ്പത്തിലുള്ള ചിത്രം കണ്ടെത്തിയാല്‍ റൈറ്റ് ക്ലിക്കിലൂടെ അവ സേവ് ചെയ്യാം.

എന്നാല്‍ കീവേഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് ഉദ്ദേശിച്ച ചിത്രം തന്നെയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കാരണം നമ്മള്‍ നിര്‍ദ്ദേശിച്ച കീവേഡുമായി ബന്ധമുള്ള മറ്റു പല ചിത്രങ്ങളും ഇടക്ക് കടന്നു കൂടാറുണ്ട്. സംശയമുണ്ടെങ്കില്‍ ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ പേരുകള്‍ തന്നെ ഗൂഗിള്‍ ഇമേജസില്‍ സെര്‍ച്ചു ചെയ്തു നോക്കിയാല്‍ മതി. ഇങ്ങനെ സെര്‍ച്ച് ചെയ്തു നോക്കുമ്പോള്‍ ഇന്ത്യക്കാരനായ രാജീവ് മോത്‌വാനിയുടെ ചിത്രം ലഭിക്കും. ഇരുവരുടേയും മുഖ്യ ഉപദേശകനായ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വെബ്‌സൈറ്റ് വാര്‍ത്തയിലെ ചിത്രമാണിത്. ലാറി പേജിന്റേയും സെര്‍ജി ബ്രിന്നിന്റേയും പേരുകള്‍ വാര്‍ത്തയുടെ തലക്കെട്ടിലും ഉള്ളടക്കത്തിലുമുണ്ട്. അതിനാല്‍ ചിത്രം ഇവരുടേതോ ഇവരുമായി ബന്ധപ്പെട്ടവരുടേതോ ആണെന്ന് ഗൂഗിള്‍ ധരിച്ചതാണ് രാജീവിന്റെ ചിത്രം വരാന്‍ കാരണം. ഗൂഗിളിന് തെറ്റ് പറ്റാമെന്നതുകൊണ്ട് സംശയമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ യഥാര്‍ത്ഥ വെബ് പേജ് കണ്ട് ഉറപ്പുവരുത്തിയ ശേഷം വേണം ചിത്രം തിരഞ്ഞെടുക്കേണ്ടത്.

സെര്‍ച്ച് ഫലങ്ങളുടെ എണ്ണം കുറച്ച് നമുക്ക് ആവശ്യമുള്ള ചിത്രങ്ങള്‍ നേരിട്ട് കണ്ടുപിടിക്കാന്‍ ഇടതുഭാഗത്തുള്ള ഓപ്ഷനുകള്‍ ഉപയോഗിക്കാം. ഏത്ര കാലത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചവ (Any time, Past 24 hours, Past week), ഏത് വലിപ്പത്തിലുള്ളവ (Any size, Large, Medium, Icon, Larger than…, Exactly…), ഏത് നിറത്തിന് മുന്‍തൂക്കമുള്ളവ (Any color, Full color, Black and white, Red,  green, blue…), മുഖം, ക്ലിപ്പ് ആര്‍ട്ട്, ലൈന്‍ ഡ്രോയിങ് തുടങ്ങിയതില്‍ വേണ്ടവ തിരഞ്ഞെടുത്ത് സെര്‍ച്ച് കൂടുതല്‍ കൃത്യമാക്കാം. ചിത്രത്തിന്റെ വലിപ്പം കൃത്യമായി നല്‍കി സെര്‍ച്ച് ചെയ്യാനും സൗകര്യമുണ്ട്. ലൈംഗികതയുള്ള ചിത്രങ്ങള്‍ ഒഴിവാക്കാന്‍ സെയ്ഫ് സെര്‍ച്ച് എന്ന ഓപ്ഷനും സെര്‍ച്ച് പേജില്‍ തന്നെയുണ്ട്.

സെര്‍ച്ച് എന്‍ജിനില്‍ പൊതുവായി ഉപയോഗിക്കാവുന്ന ഫില്‍ട്ടറുകള്‍ ഇമേജ് സെര്‍ച്ചിലും ഉപയോഗിക്കാം. കൂടുതല്‍ കൃത്യമായ അരിപ്പ സംവിധാനങ്ങള്‍ക്ക് advanced search settings ഉപയോഗിക്കാം. നേരത്തേ പറഞ്ഞതുപോലെ കീവേഡുകള്‍ക്കു പുറമേ കൃത്യമായ വാക്കുകളും (“frost flower”), ഏതെങ്കിലുമൊരു കീവേഡ് (Yuva OR Youth), ഒഴിവാക്കേണ്ടവ (young) എന്നീ ഓപ്ഷനുകള്‍ ഇവിടെയുണ്ട്. ഹോംപേജിലുള്ള ഫില്‍ട്ടറുകള്‍ക്കു പുറമേ ഫയല്‍ ടൈപ്പ് (.jpg, .png, .tiff) ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ ഇവിടെ സംവിധാനമുണ്ട്. കോപ്പിറൈറ്റ് /ലൈസന്‍സ് നിബന്ധനകളുള്ളവയും ഇല്ലാത്തവയും ഫില്‍ട്ടര്‍ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എല്ലാതരം ചിത്രങ്ങളും, ഉപയോഗിക്കാനും കൈമാറാനും കഴിയുന്നവ, വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നവ, പരിഷ്‌കരിക്കാന്‍ അനുവാദമുള്ളവ എന്നിങ്ങനെ ആവശ്യമുള്ള തരത്തിലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കാം.

കുറുക്കുവഴികള്‍

ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രധാന കുറുക്കുവഴികളെല്ലാം ഇമേജ് സെര്‍ച്ചിലും ഉപയോഗിക്കാം. അതിനു പുറമേ ചിത്രങ്ങളുമായി ബന്ധപ്പെട്ട് എളുപ്പത്തില്‍ ഫലങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ ചില വഴികളുണ്ട്.
white lotus filetype:gif – വെള്ളത്താമരയുടെ .gif ടൈപ്പ് ഫയലുകള്‍ക്ക്
white lotus imagesize:800×600  – വെള്ളത്താമരയുടെ 800×600 പിക്‌സല്‍ അനുപാതത്തിലുള്ള ചിത്രങ്ങള്‍ക്ക്
‘white lotus’ – വെള്ളത്താമര മാത്രം
‘white lotus’ -car – കാര്‍ ഒഴിവാക്കിയ ശേഷമുള്ള വെള്ളത്താമരയുടെ ചിത്രങ്ങള്‍
white lotus site:bbc.co.uk – വെള്ളത്താമരയുടെ ചിത്രങ്ങള്‍ bbc.co.uk എന്ന സൈറ്റില്‍ നിന്നും.
ഇതുപോലെ നേരത്തേ പൊതു സെര്‍ച്ചില്‍ ഉപയോഗിച്ച പൊടിക്കൈകള്‍ യുക്തി പോലെ ഉപയോഗിക്കാം.

ഗൂഗിള്‍ റിവേഴ്‌സ് സെര്‍ച്ച്

കീവേഡുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതുപോലെ ഒരു ചിത്രം ഉപയോഗിച്ച് സമാന ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്യാനും ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ കഴിയും.  www.tineye.com, www.revimg.net  പോലെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് സംവിധാനങ്ങള്‍ നെറ്റില്‍ ഒട്ടേറെയുണ്ട്. ഏറ്റവും വലിയ ഇമേജ് ഇന്‍ഡക്‌സ് കൈവശമുള്ളതാണ് ഗൂഗിളിനെ ഇമേജ് സെര്‍ച്ചില്‍ ഒന്നാമതാക്കുന്നത്. ഗൂഗിള്‍ ഡാറ്റാബേസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളുടെ ശേഖരത്തില്‍ നിന്നും നമ്മള്‍ നല്‍കുന്ന ചിത്രങ്ങളോട് സാമ്യമുള്ളവ കണ്ടെത്തി ലിസ്റ്റ് ചെയ്യുകയാണ് ഗൂഗിള്‍ ഇമേജ് സെര്‍ച്ച് ചെയ്യുന്നത്. ഇമേജ് സെര്‍ച്ച് ബോക്‌സിന്റെ വലതുഭാഗത്ത് കാണുന്ന ക്യാമറയുടെ ചിത്രമാണ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലേക്കുള്ള പാത. ഏതെങ്കിലും വെബ്‌സൈറ്റിലെ ചിത്രങ്ങളുടെ ലിങ്ക് ഉപയോഗിച്ചോ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ നിന്നും ചിത്രം അപ്‌ലോഡു ചെയ്‌തോ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് സാധ്യമാക്കാം.  Chrome, Firefox 3.0+, Internet Explorer 8+, Safari 5.0+ തുടങ്ങിയ ബ്രൗസറുകളില്‍ റിവേഴ്‌സ് സെര്‍ച്ച് സംവിധാനം പ്രവര്‍ത്തിക്കും.

വെബ്‌സൈറ്റിലെ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ copy image URL എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്കുചെയ്ത് ഡഞഘ കോപ്പി ചെയ്‌തെടുത്ത് ശേഷം ഗൂഗിള്‍ ഇമേജ് സെര്‍ച്ചിലെ ക്യാമറ ഐക്കണില്‍ ക്ലിക്കു ചെയ്താല്‍ ലഭിക്കുന്ന Paste image URL എന്ന സെര്‍ച്ച് ബോക്‌സില്‍ പേസ്റ്റ് (ctrl+v / right click+paste) ചെയ്യാം. ശേഷം സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തിയാല്‍ അതേ ചിത്രങ്ങളോ സാമ്യമുള്ള ചിത്രങ്ങളോ ലഭിക്കും. ക്യാമറ ഐക്കണില്‍ ക്ലിക്കു ചെയ്താല്‍ ലഭിക്കുന്ന ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും upload image എന്ന ലിങ്കില്‍ ക്ലിക്കു ചെയ്ത് ആവശ്യമുള്ള ചിത്രം അപ്‌ലോഡ് ചെയ്യാം. ഡസ്‌ക്ടോപ്പിലോ മറ്റേതെങ്കിലും ഫോള്‍ഡറിലോ നിന്ന് ചിത്രം ഡ്രാഗ് ചെയ്ത് ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സിലേക്ക് ഇട്ടാലും മതി.  ബ്രൗസര്‍ ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ് 3.0 ക്കു ശേഷമുള്ളവ ഇവയിലേതെങ്കിലുമൊന്നാണെങ്കിലേ ഇങ്ങനെ ചിത്രം ക്ലിക്കു ചെയ്ത് വലിച്ചിടാനാവൂ.

ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റുകള്‍

സ്വന്തമായി അക്കൗണ്ടുണ്ടാക്കി സ്വന്തം ഫോട്ടോകള്‍ അപ്‌ലോഡു ചെയ്ത് മറ്റുള്ളവര്‍ക്ക് പങ്കിടാവുന്ന വെബ്‌സൈറ്റുകളാണിവ. ഗൂഗിളിന്റെ പിക്കാസ (picasaweb.google.com), യാഹൂവിന്റെ ഫ്‌ളിക്കര്‍ (www.flickr.com), ഫോട്ടോ ബക്കറ്റ് (www.photobucket.com) തുടങ്ങി ഇത്തരം ഒട്ടേറെ വെബ്‌സൈറ്റുകളുണ്ട്. ഇത്തരം വെബ്‌സൈറ്റുകളിലെത്തി അതിലുള്ള സെര്‍ച്ച് സംവിധാനം വഴി ചിത്രങ്ങള്‍ കണ്ടെടുക്കാം. പ്രസിദ്ധീകരണ ആവശ്യത്തിന് ഉപയോഗിക്കാനാണെങ്കില്‍ ആ ചിത്രത്തിന്റെ ഉടമയുമായി ഇമെയില്‍ വഴിയോ നേരിട്ടോ ബന്ധപ്പെട്ട് അനുവാദം വാങ്ങിയ ശേഷമേ പാടുള്ളൂവെന്നു മാത്രം

വിക്കിപ്പീഡിയ ഇമേജ്

അടിസ്ഥാന വിവരങ്ങള്‍ക്കെന്നപോലെ അത്യാവശ്യ ചിത്രങ്ങള്‍ ലഭിക്കാനും നേരിട്ട് സമീപിക്കാവുന്ന സ്ഥലമാണ് ലോകത്തെ ഏറ്റവും വലിയ വിവര ശേഖരമായ വിക്കിപ്പീഡിയയെ നിയന്ത്രിക്കുന്ന വിക്കിമീഡിയയുടെ കോമണ്‍സ് എന്ന ശേഖരം. commons.wikimedia.org എന്ന ലിങ്കില്‍ ചെന്നാല്‍ ചിത്രങ്ങളും വീഡിയോകളും  ശബ്ദശകലങ്ങളും ലഭിക്കും. ഇമേജ് ലിങ്കില്‍ ക്ലിക്കു ചെയ്ത് ബന്ധപ്പെട്ട കീവേഡുകളുപയോഗിച്ച് ചിത്രങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാം.

ഓണ്‍ലൈന്‍ ‘ഫോട്ടോഷോപ്പു’കള്‍

ചിത്രങ്ങള്‍ എഡിറ്റു ചെയ്യാനും വേണമെങ്കില്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കാനും സൗകര്യമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നിരവധിയുണ്ട്. ഫോട്ടോ എഡിറ്റിംഗ് ജനകീയവും ലളിതവുമാക്കിയ അഡോബി ഫോട്ടോഷോപ്പിന്റെ പരിമിത ഓണ്‍ലൈന്‍ പതിപ്പ് അത്തരത്തിലൊന്നാണ്. രണ്ട് ജിബി സ്ഥലവും ഒരു സാധാരണ ഉപഭോക്താവിന് ആവശ്യമായ എഡിറ്റിംഗ് സംവിധാനങ്ങളും ഫോട്ടോഷോപ്പ് എക്‌സ്പ്രസ്സ് (www.photoshop.com) എന്ന ഈ സംവിധാനത്തിലുണ്ട്. ഒരു ആല്‍ബത്തിന്റേയും അതേ സമയം ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിന്റേയും ആവശ്യങ്ങള്‍ ഒരേ സമയം സാധിച്ച തരുന്നവയാണ് ഓണ്‍ലൈന്‍ ഫോട്ടോഷോപ്പുകളെന്ന് ചുരുക്കിപ്പറയാം. ഗൂഗിളിന്റെ  ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംഗ് സംവിധാനമായ പിക്കാസയിലും (picasaweb.google.com) സമാനമായ സൗകര്യങ്ങളുണ്ട്.  ഫോട്ടോ എഡിറ്റു ചെയ്യാനും ക്രോഡീകരിക്കാനും അതേപേരില്‍ ലഭിക്കുന്ന സോഫ്റ്റ് വെയറിലൂടേയും കഴിയും. ഈ സോഫ്റ്റ് വേര്‍ വഴി പിക്കാസയിലേക്ക് ഫോട്ടോ അപ്‌ലോഡു ചെയ്യുകയുമാകാം.

സ്വന്തമായി അക്കൗണ്ടില്ലാതെ ഫോട്ടോ എഡിറ്റ് ചെയ്യാവുന്ന സംവിധാനമാണ് പിക്‌നിക് (www.picnik.com). ഓണ്‍ലൈന്‍ ഫോട്ടോ ലൈബ്രറികളായ പിക്കാസയിലേയോ ഫ്‌ളിക്കറിലേയോ ഫോട്ടോ ബക്കറ്റിലേയോ, ഫെയ്‌സ്ബുക്കിലേയോ മറ്റേതെങ്കിലും വെബ്‌സൈറ്റിലേയോ ഫോട്ടോകള്‍ സ്വീകരിച്ച് എഡിറ്റു ചെയ്യാനുള്ള സംവിധാനമാണ് സ്പ്ലാഷപ്പ് (www.splashup.com). അഡോബി ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ രൂപമെന്ന് തെറ്റിദ്ധരിക്കാവുന്നത്രയും സാമ്യമുള്ളതാണ് ഇത്.
ചിത്രത്തിന്റെ വലിപ്പത്തിലും നിറത്തിലും തെളിച്ചത്തിലുമെല്ലാം മാറ്റം വരുത്തുക എന്ന അടിസ്ഥാന ആവശ്യം മുതല്‍ പബ്ലിഷിങ് രംഗത്തിനു വേണ്ട അത്യാവശ്യ ജോലികള്‍ ചെയ്യാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ വരെയുള്ള ഒട്ടേറെ ഓണ്‍ലൈന്‍ സംവിധാനങ്ങളുണ്ട്. വ്യാപകമായി ഉപയോഗിക്കുന്ന ചില ഫോട്ടോ എഡിറ്റിംഗ് സൈറ്റുകള്‍ താഴെ.

www.aviary.com
www.nipshot.com
www.flauntr.com
www.drpic.com
www.pixenate.com
www.fotoflexer.com
www.phixr.com
www.photoshoponlinefree.com

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

B S Biminith
B S Biminith
പുതിയ തലമുറയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ശ്രദ്ധേയനാണ് ബി.എസ്.ബിമിനിത്. ഇന്റര്‍നെറ്റിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും ഉള്ളുകള്ളികളെക്കുറിച്ചുമുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല ജേര്‍ണലിസം വിഭാഗം എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ഹിബിസ്‌കസ് ഡിജിറ്റല്‍ മീഡിയയില്‍ സബ് എഡിറ്ററായി മാധ്യമപ്രവര്‍ത്തനം തുടങ്ങി. പിന്നീട് ദീപിക ദിനപത്രത്തില്‍. 2009 മുതല്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ ചേര്‍ന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വിഭാഗത്തില്‍.
നവമാധ്യമങ്ങളുടെ പുതിയ ആകാശങ്ങള്‍ എന്ന പുസ്തകം കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: