അങ്ങനെ ക്രിക്കറ്റ് രൂപം കൊണ്ട ഇംഗ്ലീഷ് മണ്ണിലേക്ക് ആ ലോകകിരീടം എത്തിയിരിക്കുന്നു അതും ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിലൂടെ.

ഐ.സി.സി. ലോകകപ്പിന് 44 വര്‍ഷത്തെ ചരിത്രമുണ്ട്. അതിൽ ഇതുവരെ ഇംഗ്ലണ്ടിന് 3 വട്ടം ഫൈനലിൽ തോൽക്കാനായിരുന്നു വിധി. 1979ൽ സ്വന്തം നാട്ടിലും 1987ൽ ഇന്ത്യയിലും 1992ൽ ഓസ്ട്രേലിയയിലും അവർ ഫൈനലിൽ തോറ്റു. എന്നാൽ ഇത്തവണ അതു മാറി. നാട്ടുകാരുടെ മുന്നിൽ തീ പാറിയ മത്സരത്തിൽ അവർ ജയിച്ചുകയറി.

വിജയനിമിഷം: സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടിലിനെ റണ്ണൗട്ടാക്കി കിരീടമുറപ്പിച്ച നിമിഷത്തില്‍ ഇംഗ്ലീഷ് താരങ്ങളുടെ ആഹ്ലാദം

ആതിഥേയ രാജ്യം കിരീടം നേടില്ല എന്നതായിരുന്നു 2007 വരെയുള്ള ലോകകപ്പുകളുടെ അവസ്ഥ. 1992ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി ലോകകപ്പ് നടന്നപ്പോഴും അതിനു മാറ്റമുണ്ടായില്ല. ആ തവണ പാകിസ്താനായിരുന്നു കിരീടം. എന്നാൽ 2011ൽ ചരിത്രം തിരുത്തപ്പെട്ടു. അതു ചെയ്തത് ഇന്ത്യയാണ്. ശ്രീലങ്കയ്ക്കും ചെറിയ പങ്കുണ്ടായിരുന്നു.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായിട്ടാണ്. മുംബൈയിലായിരുന്നു ഫൈനൽ. പ്രധാന ആതിഥേയരായ ഇന്ത്യയും സഹആതിഥേയരായ ശ്രീലങ്കയും ഫൈനലിൽ ഏറ്റുമുട്ടി. ബംഗ്ലാദേശായിരുന്നു മറ്റൊരു ആതിഥേയ രാജ്യം. ആരു ജയിച്ചാലും അതു പുതിയ ചരിത്രം. മുംബൈയിലാണ് ഫൈനൽ എന്നതിനാൽ പതിവനുസരിച്ച് ആതിഥേയരായ ഇന്ത്യ തോൽക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, ഇന്ത്യ ജയിച്ചുകയറി. ചരിത്രം വഴിമാറി.

2011 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീം

വഴിമാറിയ ചരിത്രം അതേ വഴിയിൽ മുന്നോട്ടു പോകുന്നതാണ് പിന്നീട് കണ്ടത്. 2015ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന ലോകകപ്പിന്റെ ഫൈനലിൽ ഈ രാജ്യങ്ങൾ തന്നെ ഫൈനൽ കളിച്ചു. മെൽബണിലെ കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയ ജേതാക്കളായി. വീണ്ടുമൊരു ആതിഥേയ വസന്തം. ഇപ്പോൾ 2019ലെ ഇംഗ്ലണ്ട് ലോകകപ്പിലും ആതിഥേയർ കിരീടമണിഞ്ഞിരിക്കുന്നു.

2011നു മുമ്പുള്ള 3 ലോകകപ്പുകളിലും ജേതാക്കൾ ഓസ്ട്രേലിയ ആയിരുന്നു. 1999, 2003, 2007 വർഷങ്ങളിൽ അവർ ഫൈനലിൽ പരാജയപ്പെടുത്തിയത് യഥാക്രമം പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക ടീമുകളെ. 3 ഭൂഖണ്ഡങ്ങളിലായിട്ടായിരുന്നു ഈ ലോകകപ്പുകൾ. 1999ൽ ഇംഗ്ലണ്ട്, 2003ൽ ദക്ഷിണാഫ്രിക്ക, 2007ൽ വിൻഡീസ്. ഇത്തരത്തിൽ ഏഷ്യയും ഓസ്ട്രേലിയയുമടക്കം എല്ലാ ഭൂഖണ്ഡങ്ങളിലും കിരീടമുയർത്തിയിട്ടുള്ള ഏക ടീം കങ്കാരുക്കളാണ്.

2015 ലോകകപ്പില്‍ ജേതാക്കളായ ഓസ്‌ട്രേല്യന്‍ ടീം

ഇനി 2023ലെ ലോകകപ്പ്. അതു നടക്കുന്നത് ഇന്ത്യയിലാണ്. മുമ്പ് 3 തവണ ലോകകപ്പ് ഇന്ത്യയിൽ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം പങ്കിടൽ പരിപാടികളായിരുന്നു. 1987ൽ പാകിസ്താനൊപ്പവും 1996ൽ പാകിസ്താൻ, ശ്രീലങ്ക എന്നിവർക്കൊപ്പവും 2011ൽ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർക്കൊപ്പവും ഇന്ത്യ ലോകകപ്പിന് ആതിഥ്യം വഹിച്ചു. എന്നാൽ, 2023ലെ ലോകകപ്പ് ഇന്ത്യക്കു മാത്രം അവകാശപ്പെട്ടതാണ്. സഹആതിഥേയർ ആരുമില്ല തന്നെ.

ഇക്കുറി ഇംഗ്ലണ്ടിൽ നടന്ന പോലെ റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ ലീഗ് മത്സരങ്ങളും പിന്നീട് നോക്കൗട്ട്‌ മത്സരങ്ങളുമാണ് 2023ലും നടക്കുക. ആതിഥേയർ കിരീടമുയർത്തുന്ന ഇപ്പോഴത്തെ പതിവ് വെച്ചു നോക്കിയാൽ ഇന്ത്യയാവണം ചാമ്പ്യന്മാർ. ഇന്ത്യയുടെ ജയത്തിലൂടെ ചരിത്രം നിലനിൽക്കുമോ അതോ പുതിയ ചാമ്പ്യനിലൂടെ ചരിത്രം വഴിമാറുമോ? കാത്തിരുന്ന് കാണാം.

Habeeb Ashraf
Latest posts by Habeeb Ashraf (see all)

COMMENT