(വലുതായി കാണാന്‍ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യുക)
കൈവണ്ടി അഥവാ ഉന്തുവണ്ടി എന്നറിയപ്പെടുന്ന ഈ ചെറുവാഹനം ഒരുകാലത്ത് നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ചരക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന കൈവണ്ടികള്‍ ഇന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. പിക്ക് അപ്പ് വാഹനങ്ങളുടെ വരവോടു കൂടിയാണ് ഇവ റോഡുകളില്‍ നിന്ന് അപ്രത്യക്ഷമായത്.
രണ്ട് ചക്രങ്ങളും അതിനെ ബന്ധിപ്പിക്കാന്‍ ഒരു ചട്ടവുമുണ്ടാകും അതിന് മുകളില്‍ പാകിയ പലകയിലാണ് സാധനസാമഗ്രികള്‍ കയറ്റിവെയ്ക്കുക. മുന്‍പില്‍ ഒരു കൈത്താങ്ങു കൂടിയായാല്‍ കൈവണ്ടിയായി.
ചരക്ക് കൊണ്ട് പോകുമ്പോള്‍ മുന്‍പില്‍ ഒരാള്‍ വലിച്ചുകൊണ്ട് പോകുകയും മറ്റുള്ളവര്‍ പുറകില്‍ തള്ളികെണ്ടു പോകുകയും ചെയ്യും. ഭാരത്തിന്റെ ആയാസം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തൊഴിലാളികള്‍ ഉയര്‍ത്തുന്ന ‘ഐലസാ.. ഐലസാ..’ വായ്ത്താരികള്‍ സ്ഥിരമായി കേട്ടിരുന്നു.
ഇപ്പോഴും കൈവണ്ടികള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്, ചെറിയ തോതിലാണെങ്കിലും. നഗരവീഥികളില്‍ നിന്ന് ചാല പോലുള്ള കമ്പോളപരിസരങ്ങളിലേക്ക് ഇവ ചുരുങ്ങിയിരിക്കുന്നു. അതും വാഹനസഞ്ചാരം സാദ്ധ്യമല്ലാത്തയിടങ്ങളില്‍ മാത്രം.
അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ആയാസം ഓര്‍മ്മപ്പെടുത്തുകയാണ് ഈ കൈവണ്ടികള്‍.