എനിക്കേറ്റവും പ്രിയപ്പെട്ടവരും വിലപ്പെട്ടവരുമായ രണ്ടു മനുഷ്യര്‍. ഒന്ന് എന്റെ മുത്തശ്ശന്‍. രണ്ട് എന്റെ മുത്തശ്ശി. അതിലൊരാള്‍ ഇപ്പോള്‍ ഇല്ല. ഇല്ലാത്തയാള്‍ എന്റെ മുത്തശ്ശനാണ്.

അകാലമരണം സംഭവിച്ചവരെക്കുറിച്ച് പറയുമ്പോള്‍ പലരും പറയാറുണ്ട്, ദൈവത്തിനിഷ്ടപ്പെട്ടവരെ വേഗം വിളിക്കുമെന്ന്. ഇവിടെ ഭൂമിയിലുള്ള മനുഷ്യരുടെ സ്‌നേഹം മൂലമായിരിക്കണം, ദൈവത്തിന് അത്ര പെട്ടെന്ന് വിട്ടുകൊടുക്കാതെ മുത്തശ്ശനെ പിടിച്ചു നിര്‍ത്തി, 90 വയസ്സ് വരെ. 91 വയസ്സായപ്പോള്‍ ഈ ലോകം വിട്ടു പോയി. ഞാനടക്കമുള്ള ഒരുപാട് പേര്‍ക്ക് വന്ന നഷ്ടം.

ഞങ്ങളെയെല്ലാം നോക്കിയിരുന്നത് എന്റെ മുത്തശ്ശനായിരുന്നു. എന്നും കണക്കെഴുതുമായിരുന്നു. ഒരു രൂപ കുറവുണ്ടെങ്കില്‍ പോലും അത് ശരിപ്പെടുത്തിയിട്ടല്ലാതെ മറ്റു കാര്യങ്ങളിലേക്ക് കടക്കില്ല.

പണ്ടുള്ളവരില്‍ ഒരുപാടുപേര്‍, സമ്പാദിച്ചു കിട്ടുന്ന വരുമാനത്തില്‍ നിന്നും ചെലവിനേക്കാള്‍ അധികം മിച്ചം വെയ്ക്കുമായിരുന്നു. അങ്ങനൊരാളായിരുന്നു എന്റെ മുത്തശ്ശന്‍. അതിനു പിശുക്ക് എന്നാണ് പലരും പറയാറുള്ളത്. താന്‍ മാത്രമല്ല തന്റെ ഭാര്യയും മക്കളും പേരക്കുട്ടികളും എല്ലാം തന്റെ കാലവും കഴിഞ്ഞ് കഴിയാനുള്ള പണം കരുതി ചെലവാക്കുന്നവരെ വിളിക്കേണ്ട പേര് പിശുക്കന്‍ അല്ലെങ്കില്‍ പിശുക്കി എന്നാണോ? അതിന്റെ ഉത്തരം, അത് ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു.

ഞങ്ങളെയെല്ലാം നോക്കിയിരുന്നത് എന്റെ മുത്തശ്ശനായിരുന്നു. എന്നും കണക്കെഴുതുമായിരുന്നു. ഒരു രൂപ കുറവുണ്ടെങ്കില്‍ പോലും അത് ശരിപ്പെടുത്തിയിട്ടല്ലാതെ മറ്റു കാര്യങ്ങളിലേക്ക് കടക്കില്ല.

പേരക്കുട്ടികള്‍ ഞങ്ങള്‍ നാലു പേരായിരുന്നു. ഞാനായിരുന്നു ഏറ്റവും ഇളയത്. മറ്റെല്ലാവര്‍ക്കും ജോലിയുള്ളതുകൊണ്ട് അവരൊക്കെ കേരളത്തിന് പുറത്തായിരുന്നു. മുത്തശ്ശന്റെ അവസാന കാലം വരെ കൂടെ നില്‍ക്കാനുള്ള ആ സൗഭാഗ്യം, അതെനിക്കയിരുന്നു. അതുകൊണ്ടു തന്നെ എന്തിനും ഏതിനും അദ്ദേഹം എന്നെത്തന്നെ വിളിക്കുമായിരുന്നു.

മുത്തശ്ശന്‍ കുറച്ചൊക്കെ ഗൗരവക്കാരനായിരുന്നു. പക്ഷേ, അതൊന്നും എന്റെയടുത്ത് ചെലവാകില്ലായെന്ന് മൂപ്പര്‍ക്ക് അറിയാമായിരുന്നതിനാല്‍ ഞാന്‍ പലപ്പോഴും കുസൃതി പറഞ്ഞു മുത്തശ്ശന്റെ ഒളിപ്പിച്ചുവെച്ച കള്ളച്ചിരി പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുമായിരുന്നു. മൂപ്പരുടെ പേര് ‘രാമാമൃതം’ എന്നായിരുന്നതുകൊണ്ട് ഞാന്‍ പലപ്പോഴും കുസൃതിയോടെ ‘രാമു’ എന്ന് വിളിക്കുമായിരുന്നു.

അവസാന ഒരു വര്‍ഷം വരെ എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്തിരുന്ന മനുഷ്യന്‍. പിന്നെ പതിയെ പതിയെ ഓരോരോ മാറ്റങ്ങള്‍ വന്നു തുടങ്ങി. ആദ്യമാദ്യം ചില കാര്യങ്ങള്‍ ഓര്‍മയില്‍ നില്‍ക്കതായിത്തുടങ്ങി. അപ്പോഴാണ് കണക്കെഴുത്ത് നിര്‍ത്തിയത്. അതിനിടയ്ക്ക് എന്റെ സഹോദരിയുടെ വിവാഹം നടന്നു. സാധാരണ എല്ലാം മുന്‍കൈയ്യെടുത്ത് ചെയ്യാറുള്ള മുത്തശ്ശന് ഇത്തവണ അതിനു സാധിച്ചില്ല. പിന്നീട് ഓര്‍മ്മക്കുറവ് ഏറെക്കുറെ ശരിയായി വന്നു. പക്ഷേ ക്ഷീണമായിത്തുടങ്ങി. സാധാരണ ഉറക്കത്തിന്റെ കാര്യത്തില്‍ ചിട്ടയുണ്ടായിരുന്ന ഈ മനുഷ്യന്‍ അവസാന കാലമാവുമ്പോഴേക്കും ഏത് നേരവും ഉറക്കമായി തുടങ്ങി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രക്തത്തിന്റെ അളവ് കുറഞ്ഞ് തുടങ്ങി. അതിന്റെ കാരണം തിരക്കിവന്നപ്പോള്‍, ഞങ്ങള്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു സത്യം പുറത്ത് വന്നു. അര്‍ബുദം. മുത്തശ്ശന് അര്‍ബുദം ആയിരുന്നു. ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ബ്ലഡ് ക്യാന്‍സര്‍. ചികിത്സ നടത്താനുള്ള ആരോഗ്യവും പ്രായവും അനുകൂലം അല്ലാതത്തുകൊണ്ട് സാന്ത്വന ചികിത്സയുടെ സഹായമാണ് ഞങ്ങള്‍ തേടിയത്.
അതിനുശേഷം മുതല്‍ രണ്ടു മാസം കൂടുമ്പോള്‍ രക്തം കയറ്റാനായിട്ട് തുടങ്ങി. രണ്ടു മാസം എന്ന ഇടവേള പിന്നീട് ഒരു മാസമായി. പിന്നീടത് പതിനഞ്ച് ദിവസമായി കുറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മുത്തശ്ശന്‍ മടങ്ങി വരുന്നതായി സ്വപ്നം കണ്ടു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോഴാണ് അത് സ്വപ്നമായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്. അത് യാഥാര്‍ത്ഥ്യം ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.

അവസാനത്തെ രണ്ടു മാസം വരെ കുളിയും ഭക്ഷണം കഴിക്കുന്നതും എല്ലാം പരസഹായമില്ലാതെ ചെയ്യുമായിരുന്നു. പിന്നീടാണ് എല്ലാത്തിനും പരസഹായം ആവശ്യമായി വന്നിരുന്നത്. അവസാനമായപ്പോള്‍ എല്ലാത്തിനും ഒരു പിടിവാശി കാണിച്ചുതുടങ്ങി. കുളിക്കാനും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനും ഒക്കെ നിലവിളിക്കുമായിരുന്നു. നിവര്‍ന്നു നില്‍ക്കാനുള്ള ശേഷി പോലും കുറഞ്ഞു.

അങ്ങനെ, ഒരു ദിവസം പുറം ഒക്കെ വിയര്‍ക്കാന്‍ തുടങ്ങി. ശ്വാസംമുട്ടല്‍ ഉള്ളതുപോലെ തോന്നി. വച്ചുക്കൊണ്ടിരിക്കുന്നത് അപകടമാണ് എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ വൈകിപ്പികാതെ ആശുപത്രിയില്‍ കൊണ്ടു പോയി. ഈ.സി.ജി വ്യത്യാനം കാണിച്ചു തുടങ്ങി. അന്നു തന്നെ ഐ.സിയുവിലേക്കു മാറ്റി. ന്യുമോണിയ ആണെന്ന് പിറ്റേന്ന് അറിയാന്‍ കഴിഞ്ഞു. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഐ.സി.യുവില്‍ നിന്നു മുറിയിലേക്ക് മാറ്റി. പിന്നീടുള്ള നാല് ദിവസവും മയക്കത്തിലായിരുന്നു. ഇനി രണ്ട് ദിവസമേ ജീവനോടെ ഉണ്ടാവുകയുള്ളൂ എന്ന് ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഡോക്ടര്‍ ഇങ്ങനെ പറഞ്ഞതിനുശേഷം രണ്ടാമത്തെ ദിവസം വൈകീട്ട് 4.30 മണിക്ക്, ഭൂമിയില്‍ നിന്ന് മറ്റൊരു ഉലകത്തിലേക്ക് അദ്ദേഹം മടങ്ങി.

ഇപ്പൊള്‍ ഇതെഴുതാന്‍ ഉണ്ടായ കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ ദിവസം രാത്രി മുത്തശ്ശന്‍ മടങ്ങി വരുന്നതായി സ്വപ്നം കണ്ടു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോഴാണ് അത് സ്വപ്നമായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്. അത് യാഥാര്‍ത്ഥ്യം ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.

പ്രായമായവരെ പുറംതള്ളുന്ന മക്കള്‍ ഒരിക്കലും അത് ചെയ്യരുത്. അത് ക്രൂരതയാണ്. അവരെ സ്‌നേഹിക്കുക. അവര്‍ അമൂല്യരാണ്.

Krithika Viswanath
Latest posts by Krithika Viswanath (see all)

COMMENT