ഓരോ നാടിനും അവിടത്തെ ജനങ്ങൾക്കും ‘നല്ല സംസ്കാരം’ ഉണ്ടെന്നാണ് വെയ്പ്. നമുക്കുമുണ്ട് ആ സംസ്കാരം. അങ്ങനെ, നമ്മുടേതെന്നു നമ്മൾ അവകാശപ്പടുന്ന ആ നല്ല സംസ്കാരം പിന്തുടരുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിലും ഭദ്രതയിലും വളർന്നതാണ് എന്റെ കുട്ടിക്കാലം. അച്ഛനിൽ നിന്നു കിട്ടിയ അറിവുകൾ ഒന്നും അമ്മയിൽ നിന്നു കിട്ടിയ അറിവുകൾ മറ്റൊന്നുമാണ്. ഇവിടെ ആർക്കും ആരും പകരമാകുന്നില്ല. ഞാൻ കണ്ട പൂർവികന്മാരുടെ തലമുറ വരെ ഇത് ഇങ്ങനെ തന്നെയാണ്.
സ്ത്രീകളുടെ ലോകം അടുക്കളയാണെന്നും പുറത്തേക്കിറങ്ങിയാൽ അവർ സുരക്ഷിതരല്ല എന്നും ഞാനും നിങ്ങളും എന്നുമുതലാണ് മനസ്സിലാക്കി തുടങ്ങിയത്? അത്തരം മനസ്സിലാക്കലുകൾക്കു നാം സ്വീകരിക്കേണ്ടി വന്ന കാരണങ്ങൾ എന്താണ്?
വളരെ കുറച്ചു സമയം മാത്രമാണ് നമുക്കു സ്വന്തമായി ജീവിക്കാൻ കഴിയുന്നത്. ബാക്കിയുള്ള ജീവിതത്തിൽ നമ്മൾ എത്ര ബലവാനായാലും പരസഹായം കൂടിയേ തീരു. വാർദ്ധക്യവും ശൈശവവും അതിന് ഉത്തമ ഉദാഹരണം. അച്ഛനും അമ്മയും മക്കളുമടങ്ങുന്നതാണ് സാധാരണ കുടുംബം. പലപ്പോഴും അവരുടെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഒപ്പമുണ്ടാവും. ഞാൻ ഇഷ്ടപെടുന്ന സമ്പ്രദായമാണിത്. എന്നിലേക്കും കാലക്രമേണ വരുന്ന സമ്പ്രദായം. അപ്പോൾ ചോദ്യം ഇതാണ് -ഇത്രയും ഉത്തരവാദിത്വം എനിക്കും നിങ്ങൾക്കും നമ്മുടെ കുടുംബത്തിനോട് ഉണ്ടായിട്ടും സ്ത്രീകളുടെ ലോകം അടുക്കളയാണെന്നും പുറത്തേക്കിറങ്ങിയാൽ അവർ സുരക്ഷിതരല്ല എന്നും ഞാനും നിങ്ങളും എന്നുമുതലാണ് മനസ്സിലാക്കി തുടങ്ങിയത്? അത്തരം മനസ്സിലാക്കലുകൾക്കു നാം സ്വീകരിക്കേണ്ടി വന്ന കാരണങ്ങൾ എന്താണ്? പ്രതികരിക്കുന്ന പെണ്ണിനോട് ‘മിണ്ടാതിരിക്കെടി.. പെണ്ണായാൽ അടങ്ങി ഒതുങ്ങി കഴിഞ്ഞോണം. കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്നു വെച്ച് ജീവിച്ചോണം’ എന്നുള്ള മുതിർന്നവരുടെ ഉപദേശത്തിന്റെ അർത്ഥമെന്ത്?
ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നു സ്വതന്ത്രമായിട്ട് 72 വർഷമാകുന്നു. എന്നിട്ടും മെച്ചപ്പെട്ട വിദ്യാഭ്യാസമില്ലാത്ത, വരുമാനമില്ലാത്ത, തൊഴിലില്ലാത്ത, അധികാരമില്ലാത്ത, സ്വയം നിര്‍ണ്ണയാവകാശമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, സ്വത്തവകാശമില്ലാത്ത വിഭാഗമായി ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീ സമൂഹം ഇന്നും തുടരുന്നു. ഒരു പക്ഷേ, കാരണമായി അടിമത്തവും ജന്മിത്തവും മുതലാളിത്തവും സാമ്രാജ്യത്വവും കൂടിക്കലര്‍ന്ന ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ അനിവാര്യഭാഗമായ പുരുഷാധിപത്യം നിലനിൽക്കുന്നത് തന്നെ ആവാം. ദാരിദ്ര്യത്തിന്‍റെയും തൊഴിലിന്‍റെയും സ്ത്രൈണവല്‍ക്കരണം സൃഷ്ടിക്കുന്നത് ഗുരുതരമായ സാമൂഹികവികസന പ്രതിസന്ധി എന്ന വിപത്താണ്.
മതപരമായും നമ്മുടെ സമൂഹം പുണ്യമെന്നു കല്പിക്കുന്ന ‘സംസ്കാരത്തിന്റെ’ പേരിലും ബാഹ്യശക്തികള്‍ ധാരാളം നിയന്ത്രണങ്ങള്‍ സ്ത്രീകളിൽ അടിച്ചേല്‍പ്പിക്കുന്നുണ്ട്. അതൊക്കെ തിരിച്ചറിഞ്ഞാലും മതവും ജാതിയും നൽകിയ ചങ്ങലയിൽ അവർ ചങ്ങല സുരക്ഷിതം എന്ന് വിളിച്ച് പറയും. പുരുഷന് സമൂഹം നൽകുന്ന മേൽക്കോയ്മയിൽ സ്ത്രീക്ക് അമര്‍ഷമുണ്ട്.
ഇന്ത്യന്‍ ജനാധിപത്യത്തെ അര്‍ത്ഥരഹിതമാക്കി മാറ്റുന്ന വിവേചനങ്ങളാണ് ഇന്ത്യന്‍ സ്ത്രീ അനുഭവിക്കുന്നത്. സാമൂഹികപരവും വർഗ്ഗപരവുമായി സ്ത്രീകൾ അനുഭവിക്കുന്ന അതികഠിനമായ അടിച്ചമര്‍ത്തല്‍ നവഉദാരവത്കരണം എന്ന വ്യവസ്ഥിതി കൂടുതല്‍ ദുരിതമയമാക്കി തീർത്തിരിക്കുന്നു. പലപ്പോഴായി സമൂഹം ഈ അടിമത്ത ചൂഷണ നിയമങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ പ്രധാനമായ ഒരു സമരമായിരുന്നു ഫ്രഞ്ച് വിപ്ലവം. എന്നാൽ ഫ്യൂഡലിസത്തെ തകര്‍ത്ത് മുതലാളിത്തത്തിലേക്ക് യൂറോപ്പിനെ കൊണ്ടുപോയ ഫ്രഞ്ച് വിപ്ലവം പുരുഷന് മാത്രം ബാധകമായയിരുന്നു. സ്ത്രീകളും ഫ്രഞ്ച് വിപ്ലവത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും സ്ത്രീകളെ രണ്ടാം തരം പൗരന്മാരായാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുവന്ന വിപ്ലവം കണ്ടത്.
മതപരമായും നമ്മുടെ സമൂഹം പുണ്യമെന്നു കല്പിക്കുന്ന ‘സംസ്കാരത്തിന്റെ’ പേരിലും ഈ ഇടങ്ങളിലേക്ക് ബാഹ്യശക്തികള്‍ ധാരാളം നിയന്ത്രണങ്ങള്‍ സ്ത്രീകളിൽ അടിച്ചേല്‍പ്പിക്കുന്നുണ്ട്. അതൊക്കെ തിരിച്ചറിഞ്ഞാലും മതവും ജാതിയും നൽകിയ ചങ്ങലയിൽ അവർ ചങ്ങല സുരക്ഷിതം എന്ന് വിളിച്ച് പറയും. പുരുഷന് സമൂഹം നൽകുന്ന മേൽക്കോയ്മയിൽ സ്ത്രീക്ക് അമര്‍ഷമുണ്ട്. അതിനൊക്കെയെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി അവള്‍ ശബ്ദിക്കുന്നു, പലപ്പോഴും നിശബ്ദമായും കണ്ണിരോടെയും. എന്നാല്‍ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂടുതലും വിഷയമാക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയേക്കുറിച്ചുമാണ് എന്നതാണ് ഈ സമൂഹത്തിന്റെ പരാജയം. സ്ത്രീ സ്വീകരിച്ചു പോരുന്ന ഗാര്‍ഹിക അദ്ധ്വാനം എല്ലാ അർത്ഥത്തിലും കാനേഷുമാരി കണക്കുകളില്‍ അപ്രത്യക്ഷമാണ്. ഒരു സ്ത്രീ വീട്ടിനുള്ളില്‍ ജോലി ചെയ്യുന്നുവെങ്കിലും ഔദ്യോഗിക വിലയിരുത്തലുകളില്‍ ഈ അദ്ധ്വാനം ആഹാരത്തിൽ മാത്രം ഒതുങ്ങും, മറ്റുചിലപ്പോൾ അതുമില്ലാതെ. ഗാർഹിക അദ്ധ്വാനം നയരൂപീകരണ ചര്‍ച്ചകളില്‍ പോലും ഒരിക്കലും കടന്നുവരുന്നില്ല. വീടിന് പുറത്ത് വരുമാനമുള്ള തൊഴിലെടുക്കുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം അദ്ധ്വാനം ഇരട്ടിയാകുന്നു.
മറ്റൊന്ന് നമ്മുടെ പൊതു ഗതാഗത സൗകര്യമാണ്. അതാണെങ്കിൽ അപര്യാപ്തവും. യാത്രകളില്‍ സ്ത്രീകള്‍ പല രൂപത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. അരക്ഷിതമായ പൊതുയിടങ്ങളാണ് നമ്മുടെ സമൂഹത്തിലുള്ളത്. അവിടെ യാത്രയ്ക്കിടയിലെ സുരക്ഷിതമായ വിശ്രമ -കാത്തിരിപ്പ് മുറികളുടെയും പൊതു ശൗചാലയങ്ങളുടെയും ഷോര്‍ട്ട് സ്റ്റേ ഹോമുകളുടെയും സുരക്ഷിതത്വക്കുറവ് അവരുടെ യാത്രകളെ ദുഷ്കരമാക്കുന്നു. ഇങ്ങനെ ചിലത് സമൂഹത്തിൽ ഉണ്ടായിട്ടും അവർ വായ് മൂടപ്പെട്ട അവസ്ഥയിലാണ്. ശേഷം, അവർ നേടിയ വിദ്യാസമ്പത്ത് അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ തീരുന്നു.
ഇന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ള സ്ത്രീകള്‍ 80 ശതമാനമുണ്ട് നമ്മുടെ നാട്ടിൽ. ശൈശവ വിവാഹം ഒരു പരിധി വരെ നിയന്ത്രിക്കാനായി. സതി അനുഷ്ഠാനം പോലെയുള്ള ദുരാചാരങ്ങളില്‍ നിന്ന് ഇന്ത്യ മുക്തി നേടി. മാറുമറയ്ക്കൽ സമരത്തെപ്പറ്റിയും മുലക്കരത്തിനെതിരെ മുലയരിഞ്ഞ പെണ്ണിനെപ്പറ്റിയും ബ്രാഹ്മണിക്കൽ മേധാവിത്വത്തിനു പോലും അടിയറവും അയിത്തവും ഇല്ലാതിരുന്ന പെൺശരീരത്തിന്റെ ചരിത്രവുമെല്ലാം നമ്മൾ ഇപ്പോളും വാതോരാതെ പറയുന്നുണ്ട്. എന്നിട്ടും ‘പെണ്ണ് പെണ്ണാണ്, നി വെറും പെണ്ണ്’ എന്ന് പറയാനാണ് നമുക്കിഷ്ടം. ലിംഗനീതി ഒരു വികസന പ്രശ്നമായി കണക്കാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂർണ്ണമാകൂ . സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ആദ്യ വക്താക്കളില്‍ ഒരാളായിരുന്നു മഹാത്മാ ഗാന്ധി. അദ്ദേഹം പറഞ്ഞത് ഓർമപ്പെടുത്തി നിർത്തുന്നു -“ശാരീരികമായ വ്യത്യാസം മാത്രമേ സ്ത്രീയും പുരുഷനും തമ്മിലുള്ളു”.