ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്.
എന്തുകൊണ്ടാകാം ഇങ്ങനൊരു പഴഞ്ചൊല്ലുണ്ടായത്???
കണ്ണാടിയിൽ പ്രതിഫലനം കാണുന്നത് പോലെ നമ്മെ തന്നെയാണ് നാം ചങ്ങാതിയിൽ കാണുന്നത് എന്നത് കൊണ്ടാണോ?
അതോ ഒരുക്കത്തിനൊടുവിൽ എവിടെയൊക്കെ എന്തൊക്കെയാണ് നല്ലത് എന്താണിനി നന്നാക്കാനുള്ളത് എന്നൊക്കെ കണ്ണാടിയിലൂടെ മനസിലാക്കുന്നത് പോലെ നല്ലതും ചീത്തയും ചൂണ്ടിക്കാട്ടി എന്നും ചങ്ങാതി കൂടെയുള്ളത് കൊണ്ടാണോ?
അതുമല്ല കാഴ്‌ച്ചകുറവുള്ളവർ മങ്ങലില്ലാതെ കാണാൻ കണ്ണാടി വയ്ക്കുന്നത് പോലെ ജീവിതത്തിൽ മങ്ങലുകളുണ്ടാകുമ്പോൾ തെളിച്ചമായി കൂടെ നിൽക്കുന്നത് കൊണ്ടാണോ?
കാരണം ഇതിൽ ഏത് തന്നെയായാലും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. കണ്ണാടിയിൽ ഒരിക്കൽ പൊട്ടൽ വീണാൽ പിന്നീട് അതൊരിക്കലും ശരിയാക്കാൻ സാധിക്കില്ല. ചിലപ്പോൾ അത് ആഴത്തിൽ മുറിവുണ്ടാകാനും കാരണമായേക്കാം.
കണ്ണാടിക്ക് പകരം വെയ്ക്കാവുന്ന ഒരു ചങ്ങാതിയെ കിട്ടിയാൽ ജാതിയോ മതമോ വർഗ്ഗമോ നിറമോ പ്രായമോ നോക്കാതെ കൂടെ നിർത്തുക. കാരണം ജീവിതത്തിൽ ആത്മാർത്ഥ സുഹൃത്തുക്കൾ അത് ഒരിക്കലേ ഉണ്ടാകൂ..