വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം…
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി…
‘വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്’ പ്രധാനമന്ത്രി.
രക്തംകണ്ട് മനസിലാക്കുവാൻ
കഴിയാത്ത നിങ്ങൾക്കെങ്ങനെയാണ്
വസ്ത്രംകണ്ട് മനസ്സിലാക്കുവാനാവുക
ഞങ്ങളെ!
ഭാരതത്തിലെ മുഹമ്മദീയർ -സര്‍ക്കാരിന്-
രണ്ടാംകിട പൗരന്മാരാണെന്ന്
ഷാഹിദയോട് ഞാൻ പറഞ്ഞു .
എക്കാലത്തും ജയിക്കുന്ന അവളുടെ യുക്തി തകർന്നിരിക്കണം;
കണ്ണുനിറഞ്ഞ് തലതാഴ്ത്തി
അവൾ പോയി.
തെരുവുകളിൽ പട്ടാളക്കാരുടെ തോക്കുകൾക്കു മുന്നിൽ
അവൾ വിരൽചൂണ്ടി.
കണ്ണുനീരല്ല; രക്തമാണ്
പർദ്ദയ്ക്കുള്ളിൽ കിനിയുന്നതെന്ന്
ഞാൻ കണ്ടു.
റോസാപ്പൂക്കൾ നൽകി ഞങ്ങളിനിയും
പൊലീസിന്റെ ക്രൂരതകളേറ്റുവാങ്ങും.
നിങ്ങൾ വിഭജിച്ച മുസൽമാന്റെയും ഹിന്ദുവിന്റെയും
ക്രിസ്ത്യാനിയുടെയും പാഴ്‌സിയുടെയും ജൈനരുടെയും
ബൗദ്ധന്മാരുടെയും മതരഹിതരുടെയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം രേഖപ്പെടുത്തും.
ഇന്ത്യയിലെ ഖബറുകളിൽനിന്ന്
നിങ്ങളുടെ നുണകളെക്കാൾ പ്രാചീനമായ അസ്ഥികൾ ഞങ്ങൾക്ക് പുറത്തെടുക്കുവാനാകും;
പക്ഷേ, നിങ്ങളുടെ ഭരണകൂടത്തെ ബോധിപ്പിക്കുവാൻ ഞങ്ങളുടെ രക്തംതന്നെ ധാരാളം.
റേഷൻ കാർഡുകളും
ആധാർ കാർഡുകളും
ഇലക്ഷൻ ഐഡികളും-
സുബൈദയുടെയും മുംതാസിന്റെയും ഷാഹിദയുടെയും
ഷിറാസിന്റെയും മുഹമ്മദിന്റെയും ബിലാലിന്റെയും
തിരിച്ചറിവുരേഖകളായിരിക്കയില്ല;
വരും ദിനങ്ങളിൽ.
പുതിയ തടങ്കൽപ്പാളയങ്ങളിലേക്ക്
അവരിൽ ചിലരെ നിങ്ങൾ മാറ്റിപ്പാർപ്പിക്കുമായിരിക്കും.
ചിലപ്പോൾ ശൗചാലയങ്ങൾ മാത്രം കൊണ്ടുപോകാൻ അനുവദിക്കും ;
നിങ്ങളുടെ ഭരണകൂടം കോടതിയെയും പ്രസിഡന്റിനെയും ചുമക്കുന്നതുപോലെ.
ഇതിനിടെ, ഞങ്ങളിൽ പലരും കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തേക്കാം.
എങ്കിലും പറയട്ടെ ഞങ്ങളുടെ പൗരത്വത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല;
നിങ്ങളുടെ അപരത്വത്തിലും.
റോസാപ്പൂ വിപ്ലവത്തിന് സമര്‍പ്പണം