മഹാത്മജിയെപ്പോലെ പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് എടത്തട്ട നാരായണന്‍ വിശ്വസിച്ചു. ഉപ്പുസത്യാഗ്രഹ വേളയില്‍ ഗാന്ധിജിയുടെ യങ് ഇന്ത്യയിലാണ് എടത്തട്ട എഴുതിത്തുടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിപ്പിക്കേണ്ടത് തന്റെ കൂടി ബാധ്യതയാണെന്ന് അദ്ദേഹം കരുതി. ഒരു കവിളില്‍ അടിച്ചാല്‍ മറുകവിള്‍ കാട്ടിക്കൊടുക്കണമെന്ന സഹന സിദ്ധാന്തത്തോട് എടത്തട്ട യോജിച്ചില്ല. എങ്കിലും ഗാന്ധിജിയെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. നിറതോക്കിനു മുന്നില്‍ നെഞ്ചുവിരിച്ച് ഒരു പോരാളിയെപ്പോലെ ചെന്നു വീഴാതെ തോക്കിനേക്കാള്‍ മാരകപ്രഹരശേഷിയുള്ള വാക്കുകള്‍ കൊണ്ട് എല്ലാത്തരം അടിച്ചമര്‍ത്തലിനെയും എടത്തട്ട നേരിട്ടു. അങ്ങനെ അദ്ദേഹം വാക്കുകളുടെ വീരനായ ഒരു ഭടനായിത്തീര്‍ന്നു.
പത്രപ്രവര്‍ത്തനത്തിനിടയില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്ന സമരത്തെ (ക്വിറ്റ് ഇന്ത്യ) പ്രോജ്ജ്വലിപ്പിക്കുന്ന ലഘുലേഖകള്‍ എഴുതി പ്രചരിപ്പിച്ച എടത്തട്ട നാരായണനെ ബ്രിട്ടീഷ് പൊലീസ് പിടികൂടി. ഡല്‍ഹി ചെങ്കോട്ടയിലെ ഭൂഗര്‍ഭ അറയില്‍ കാറ്റും വെളിച്ചവും തട്ടാതെ 80 ദിവസം തളച്ചിട്ടു. തന്റെ ജീവിതം അവിടെ അസ്തമിച്ചു എന്ന് ഏറക്കുറെ അദ്ദേഹം തീര്‍ച്ചപ്പെടുത്തി. മാപ്പെഴുതിയാല്‍ പുറത്തുപോരാമായിരുന്നു. എഴുത്തിലും ജീവിതത്തിലും ഇരട്ട സ്വഭാവം വശമില്ലാത്തതിനാല്‍ എടത്തട്ട പ്രലോഭനങ്ങളും ഭീഷണികളും വീറോടെ ചെറുത്തു നിന്നു. കാരണം അദ്ദേഹത്തിന്റേത് തലശ്ശേരിയുടെ ചോരയായിരുന്നു. സ്വഭാവത്തിന് കടത്തനാടന്‍ വീര്യവും ഉണ്ടായിരുന്നു. മരണം മുന്നില്‍ കണ്ട് കഴിഞ്ഞ എടത്തട്ടയെ ഇരുട്ടറയില്‍ നിന്ന് മോചിപ്പിച്ച് ഫിറോസ്പൂര്‍ ജയിലിലേക്കു മാറ്റി. വിചാരണത്തടവുകാരനായി ഒരു കൊല്ലത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞു. സ്വാതന്ത്ര്യസമര ഭടന്മാരെ തെരുവിലിട്ട് തല്ലിച്ചതയ്ക്കുന്ന ബ്രിട്ടീഷ് പൊലീസിന് എടത്തട്ടയെപ്പോലുള്ളവരുടെ എഴുത്ത് അവസാനിപ്പിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.
നവജീവന്‍, ഹരിജന്‍, യങ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഗാന്ധിജി ഇന്ത്യന്‍ ജേര്‍ണലിസത്തിന് നല്‍കിയ മഹത്തായ ഒരു മാതൃകയുണ്ട്. എന്നാല്‍ സത്യാഗ്രഹവും നിസ്സഹകരണ സമരവും വഴി ജനങ്ങള്‍ക്കിടയില്‍ പൊരുതി ജീവിച്ച ഗാന്ധിജിക്ക് പത്രപ്രവര്‍ത്തനം ഒരു തൊഴില്‍ ആയിരുന്നില്ല. രാഷ്ട്രീയ വൃത്തിയും തൊഴിലും ആയി പത്രപ്രവര്‍ത്തനത്തെ സമരസപ്പെടുത്തിയ ആദ്യത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളായിട്ടാണ് ഇന്ത്യ എടത്തട്ട നാരായണനെ കാണുന്നത്.
നവജീവന്‍, ഹരിജന്‍, യങ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഗാന്ധിജി ഇന്ത്യന്‍ ജേര്‍ണലിസത്തിന് നല്‍കിയ മഹത്തായ ഒരു മാതൃകയുണ്ട്. സ്വാതന്ത്ര്യ സമരത്തിനും ദേശപ്രേമത്തിനും ജ്വാല പകരുന്ന ആശയങ്ങള്‍ക്കൊപ്പം ഗാന്ധിജി തന്റെ ജീവിത വീക്ഷണങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത് ഈ പത്രങ്ങളിലൂടെയാണ്. വായനക്കാരുമായുള്ള സംവാദം ഒരു പംക്തിയായി കൊണ്ടുവന്നത് ഗാന്ധിജിയുടെ പത്രപ്രവര്‍ത്തന മാതൃകയാണ്. പരസ്യങ്ങള്‍ സ്വീകരിക്കാതെ പത്രം നടത്തി വായനക്കാരോട് നൂറുശതമാനം കൂറുപുലര്‍ത്തിയ ഏക പത്രാധിപരും ഗാന്ധിജിയാണ്. എന്നാല്‍ സത്യാഗ്രഹവും നിസ്സഹകരണ സമരവും വഴി ജനങ്ങള്‍ക്കിടയില്‍ പൊരുതി ജീവിച്ച ഗാന്ധിജിക്ക് പത്രപ്രവര്‍ത്തനം ഒരു തൊഴില്‍ ആയിരുന്നില്ല. രാഷ്ട്രീയ വൃത്തിയും തൊഴിലും ആയി പത്രപ്രവര്‍ത്തനത്തെ സമരസപ്പെടുത്തിയ ആദ്യത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളായിട്ടാണ് ഇന്ത്യ എടത്തട്ട നാരായണനെ കാണുന്നത്.
പോത്തന്‍ ജോസഫിന്റെ സമകാലികനായിരുന്നു എടത്തട്ട. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലാണ് അദ്ദേഹത്തിന്റെ കര്‍മ്മ ജീവിതം രൂപം കൊണ്ടത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ പത്രപ്രവര്‍ത്തനം പുതിയ ദിശാബോധം കൈവരിക്കുമ്പോള്‍ സാമൂഹിക പ്രതിബദ്ധത ഒരു ദൗത്യമായി ഉയര്‍ത്തിപ്പിടിച്ച ചുരുക്കം പേരില്‍ ഒരാള്‍ എടത്തട്ട നാരായണന്‍ ആയിരുന്നു. അമ്മാവനായ ഇ.പി.മേനോന്റെ പ്രേരണയില്‍ എടത്തട്ട ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എത്തി. പോത്തന്‍ ജോസഫിന്റെ സഹപ്രവര്‍ത്തകനായിരിക്കുന്നതിന്റെ മധുരം ടൈംസില്‍ അദ്ദേഹം ആസ്വദിച്ചു. പോത്തന്‍ ടൈംസ് വിട്ടപ്പോള്‍ എടത്തട്ടയും കൂടെ രാജിവച്ചിറങ്ങി. ലഖ്‌നൗവിലെ പയനിയര്‍ പത്രത്തില്‍ ഇരുവരും സഹപ്രവര്‍ത്തകരായി തുടര്‍ന്നു. അവിടെവെച്ച് പോത്തന്റെ കൂട്ട് ഉപേക്ഷിച്ച് എടത്തട്ട ഹിന്ദുസ്ഥാന്‍ ടൈംസിലേക്ക് മടങ്ങി.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ടൈംസില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുമ്പോഴാണ് അദ്ദേഹം ജയിലിലായത്. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ചേരിയോട് ആഭിമുഖ്യം പുലര്‍ത്തിയ എടത്തട്ട നാരായണന്‍ ലോകഗതികള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചു. രണ്ടാം ലോകയുദ്ധാനന്തരം മനുഷ്യ മനോഭാവത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹം നിരീക്ഷിച്ചു. സോവിയറ്റ് യൂണിയന്റെ ഉയര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തിന് വലിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്ന് എടത്തട്ട കരുതി. കോണ്‍ഗ്രസ്സില്‍ വലിയൊരു വിഭാഗം യാഥാസ്ഥിതികരാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജവാഹര്‍ലാല്‍ നെഹ്രുവിനെപ്പോലുള്ള പുരോഗമന വാദികളില്‍ പ്രതീക്ഷ അര്‍പ്പിച്ചു. കോളനികള്‍ ഇല്ലാതാകുന്നു. സാമ്രാജ്യത്വം തളരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിന്റെ സൂര്യന്‍ അസ്തമിച്ചു. എങ്കിലും മനുഷ്യ വളര്‍ച്ചയെ തടയുന്ന ഒരു വ്യവസ്ഥ പുതിയ പല്ലും നഖവും സ്വീകരിച്ച് ശക്തി പ്രാപിക്കുന്നത് ഉല്പതിഷ്ണുവായ എടത്തട്ട മനസ്സിലാക്കി. ബ്രിട്ടീഷ് മേല്‍ക്കോയ്മ പോയെങ്കിലും മുതലാളിത്തം അമേരിക്കയിലൂടെ മനുഷ്യവംശത്തെ വിഴുങ്ങാന്‍ വരുന്നത് എടത്തട്ടയ്ക്കു കാണാമായിരുന്നു. ദേശപ്രേമം കൊണ്ടുമാത്രം പുതിയ ശത്രുവിനെ നേരിടാനാവില്ല. പേട്രിയോട്ടിസം ആവശ്യമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം കൂട്ടായ്മയാണ്. സമാധാനപരമായ സഹവര്‍ത്തിത്വം. അതിന് സോവിയറ്റ് യൂണിയനുമായി ഇന്ത്യ കൈകോര്‍ക്കണമെന്ന് എടത്തട്ട വിശ്വസിച്ചു.
ജയപ്രകാശ് നാരായണന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയപ്പോള്‍ എടത്തട്ട അതില്‍ പങ്കാളിയായി. പക്ഷേ 1948ല്‍ത്തന്നെ അരുണ അസഫ് അലിയും എടത്തട്ടയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം വിട്ടു. ആര്‍.പി.ദത്തയോടൊപ്പം ഇരുവരും മോസ്‌കോ സന്ദര്‍ശിച്ചു. ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സിന്റെ മേല്‍ക്കോയ്മ തകര്‍ക്കാന്‍ മാത്രം കെല്‍പ്പുള്ളവരല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ആ ദൗത്യം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയുന്നതെന്നും എടത്തട്ടയ്ക്കു തോന്നി. മോസ്‌കോയില്‍ നിന്നു മടങ്ങി വന്ന അരുണയും എടത്തട്ടയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ക്രോസ്റോഡ് എന്ന പാര്‍ട്ടി പ്രസിദ്ധീകരണത്തിന്റെ എഡിറ്റിങ്, ലഘുലേഖകളുടെ രചന എന്നിങ്ങനെയുള്ള ജോലികളില്‍ മുഴുകി വരുമ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അപരിഹാര്യമായ ആശയ സംഘര്‍ഷം ഉടലെടുത്തു. ചൈന -സോവിയറ്റ് പക്ഷപാതികളുടെ ചേരിതിരിവ് ശക്തിപ്പെട്ടു. കോണ്‍ഗ്രസ്സിനോടുള്ള കമ്യൂണിസ്റ്റ് സമീപനത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ജനാധിപത്യ വ്യവസ്ഥയോട് എങ്ങനെ സമരസപ്പെടണമെന്ന കാര്യത്തില്‍ പൊരുത്തക്കേടുണ്ടായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നും ഇല്ലെന്നുമുള്ള തര്‍ക്കം വളരുകയും ഒന്നാം ദേശീയ തിരഞ്ഞെടുപ്പില്‍ പരീക്ഷണാര്‍ത്ഥം മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപ്രതീക്ഷിതമായി ലോക്‌സഭയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാകുകയും ചെയ്തു.
മനുഷ്യന്റെ മൗലികാവകാശങ്ങള്‍, ജനാധിപത്യ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര വിചാരം, സര്‍ഗ്ഗവ്യാപാരം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളില്‍ കമ്യൂണിസ്റ്റ് നേതൃത്വം ഭീകരമായ ആശയക്കുഴപ്പത്തില്‍ വീണു. തൊഴിലാളി വര്‍ഗ്ഗത്തിന് മാത്രമേ അവകാശങ്ങളുള്ളൂ. അല്ലെങ്കില്‍ എല്ലാ ജീവിതവൃത്തിയും തൊഴില്‍ മാത്രമാണ്. കേരളത്തില്‍ നിന്ന് സി.പി.രാമചന്ദ്രനെപ്പോലുള്ള യുവ പത്രപ്രവര്‍ത്തകരും ഡല്‍ഹിയില്‍ എത്തി ക്രോസ്റോഡില്‍ ചേക്കേറിയിട്ടുണ്ട്. ന്യൂ ഏജ് എന്ന് പാര്‍ട്ടി പ്രസിദ്ധീകരണം പേരുമാറ്റി രൂപവും ഉള്ളടക്കവും പരിഷ്‌ക്കരിക്കുന്നു. എന്നാല്‍ നേതൃത്വത്തില്‍ വലിയ ആശയ സംഘട്ടനം നടക്കുന്നു. സ്റ്റാലിന്റെ മരണശേഷം നികിത ക്രൂഷ്‌ച്ചേവ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞപ്പോള്‍ എടത്തട്ടയും അരുണ അസഫ് അലിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടു. ഫ്രീ പ്രസ് ജേര്‍ണലില്‍ ചേര്‍ന്ന എടത്തട്ട തന്റെ പത്രപ്രവര്‍ത്തന മാതൃക അവിടെ പ്രയോഗിക്കാന്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ കിട്ടാതെ വിഷമിച്ചു. പത്രാധിപന്മാരുടെയും ജീവനക്കാരുടെയും യോഗം വിളിച്ച് കൂട്ടി അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘എഡിറ്ററുടെ അഭിപ്രായമാണ് പത്രത്തിലെ അവസാന വാക്ക്’. തന്റെ നിലപാടുകളോടും അഭിപ്രായങ്ങളോടും വിട്ടുവീഴ്ച ചെയ്യാനാവാതെ ആ പ്രസംഗത്തോടെ എടത്തട്ട ഫ്രീ പ്രസ്സില്‍ നിന്ന് ഇറങ്ങിപ്പോന്നു.
ബ്രിട്ടീഷുകാര്‍ ചവച്ചു തുപ്പിയ കരിമ്പിന്‍ചണ്ടി പോലുള്ള ഇന്ത്യയെ ദ്രുതവികസനത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രധാനമന്ത്രി നെഹ്രു ആഗ്രഹിച്ചു. സോവിയറ്റ് യൂണിയന്റെ സപ്തവത്സര പദ്ധതി മാതൃകയില്‍ പഞ്ചവത്സര പദ്ധതികള്‍ ആസൂത്രണം ചെയ്തു. പദ്ധതിയുടെ കരട് രേഖയുമായി സമീപിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ.കെ.എന്‍.രാജിനോട് പ്രധാനമന്ത്രി അസന്തുഷ്ടി പ്രകടിപ്പിച്ചു. സോവിയറ്റ് യൂണിയനെപ്പോലെ ഇന്ത്യയും വേഗത്തില്‍ പുരോഗതി പ്രാപിക്കണം. അതിന് വേണ്ട മാറ്റങ്ങള്‍ ആസൂത്രണ രേഖയില്‍ കൊണ്ടുവരാന്‍ നെഹ്രു നിര്‍ദ്ദേശിച്ചു. സോവിയറ്റ് യൂണിയനിലെയും ഇന്ത്യയിലെയും രാഷ്ട്രീയാന്തരീക്ഷം വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ഡോ.രാജ് തന്റെ ആസൂത്രണ രേഖ മാറ്റാന്‍ വിസമ്മതിച്ചു. എടത്തട്ട നാരായണന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് നെഹ്‌റു ദ്രുതവികസന അജണ്ടയില്‍ ഉറച്ചു നിന്നപ്പോള്‍ ഡോ.രാജ് സൗമ്യനായി ചോദിച്ചു. ‘സര്‍, അങ്ങയ്ക്ക് ജനാധിപത്യം വേണോ, ദ്രുതവികസനം വേണോ?’ സോവിയറ്റ് യൂണിയന്‍ ഇല്ലാതായതും ഇന്ത്യന്‍ ജനാധിപത്യം ഭംഗമില്ലാതെ നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ ആ സംഭാഷണത്തിന്റെ ചാരുത അളവറ്റതാണ്.
പണ്ഡിറ്റ് നെഹ്രുവിന് വളരെ പ്രിയപ്പെട്ട പത്രപ്രവര്‍ത്തകനായിരുന്നു എടത്തട്ട നാരായണന്‍. ഇടക്കാല ഗവണ്‍മെന്റില്‍ സോഷ്യലിസ്റ്റ് ചേരിയെ അനുനയിപ്പിച്ചുകൊണ്ടുവരാനും ജയപ്രകാശ് നാരായണനെ മന്ത്രിസഭയിലെടുക്കാനും നെഹ്രു ആഗ്രഹിച്ചു. മറ്റൊരു നാരായണനായ എടത്തട്ടയെയാണ് നെഹ്‌റു വിശ്വസ്ത മദ്ധ്യസ്ഥനായി അതിന് കണ്ടത്. പക്ഷേ, ആ ദൗത്യം ആഗ്രഹിച്ചതുപോലെ വിജയിച്ചില്ല.
സോവിയറ്റ് യൂണിയന്‍ ഹങ്കറി ആക്രമിച്ചതും സ്റ്റാലിന്റെ മരണശേഷം യു.എസ്.എസ്.ആറില്‍ ഉണ്ടായ മാറ്റങ്ങളും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരില്‍ ചിന്താക്കുഴപ്പം സൃഷ്ടിച്ചു. എടത്തട്ടയും അരുണ അസഫ് അലിയും ‘ന്യൂ ഏജി’ല്‍ തുടരാനാകാതെ മാനസിക പ്രതിസന്ധിയിലായി. കോണാട്ട് പ്ലെയ്‌സിലെ ഒരു സങ്കേതത്തില്‍ എടത്തട്ട ഡല്‍ഹിയിലെ സമാനഹൃദയരുടെ ചെറിയ ഒരു യോഗം വിളിച്ചു. വി.കെ.കൃഷ്ണമേനോന്‍ ആയിരുന്നു ആ യോഗത്തിന്റെ അദ്ധ്യക്ഷന്‍. 1958 ല്‍ ലിങ്ക് മാസിക ജനിക്കാന്‍ ഇടയായത് അവിടെ വച്ചാണ്. എടത്തട്ടയും അരുണയും വാരികയുടെ ചുമതലയേറ്റു. ശ്രീപദ് അമൃത ഡാങ്കെ ലിങ്ക് ഹൗസിലെ പതിവു സന്ദര്‍ശകനായി. ഇടതുപക്ഷ ബുദ്ധിജീവികളുടെ താവളമായി ലിങ്ക് മാറിയത് സ്വാഭാവികം. കേരളത്തില്‍ നിന്ന് പത്രപ്രവര്‍ത്തന മോഹവുമായി ഡല്‍ഹിയില്‍ എത്തിയവരും ലിങ്കില്‍ നങ്കൂരമിട്ടു. ബി.ആര്‍.പി.ഭാസ്‌ക്കര്‍, ഗോപിനാഥ് ഹോങ്കോങ്ങ്, ഒ.വി.വിജയന്‍, വി.കെ.എന്‍., സി.രാധാകൃഷ്ണന്‍, എം.പി.നാരായണപിള്ള തുടങ്ങി ഒട്ടേറെ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ലിങ്ക് ഹൗസിലെ അഭയാര്‍ത്ഥികളില്‍പെടുന്നു. ഉത്തര്‍പ്രദേശിലെ കമ്മ്യൂണിസ്റ്റ് സ്ഥാപകനേതാവ് ഓംപ്രകാശ് ശങ്കര്‍ ലിങ്കുമായി അടുപ്പത്തിലായിരുന്നു.
രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും എടത്തട്ട നാരായണന്റെ രണ്ടു ലഹരിയായിരുന്നു. ഏതെങ്കിലും ഒന്നു മതിയായിരുന്നു അദ്ദേഹത്തിനെന്ന് സുഹൃത്തുക്കള്‍ക്ക് തോന്നിയിട്ടുണ്ട്. എങ്കില്‍ അവിടെ അദ്ദേഹം കൂടുതല്‍ പ്രോജ്ജ്വലമായി നിലനില്‍ക്കുമായിരുന്നു. രാഷ്ട്രീയത്തിന് തത്വശാസ്ത്രം ചമയ്ക്കുമ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ ക്രിയാംശം അദ്ദേഹം മറന്നുപോയി. പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി മുഴുകാനാവാതെ തന്നിലെ രാഷ്ട്രീയ വ്യാമോഹിയുടെ പിടിയില്‍ സ്വയം വീണു.
മാര്‍ക്‌സിന്റെ മൂലധനം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയ ഒ.പി.ശങ്കര്‍ ലിങ്കില്‍ എഴുതിയ ലേഖനം കമ്മ്യൂണിസ്റ്റ് ആശയ ലോകത്ത് വലിയ വിസ്‌ഫോടനം ഉണ്ടാക്കി. സോവിയറ്റ് യൂണിയന്‍ ചൈനാ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയതും ചൈനീസ് പട്ടാളത്തെ വെടിവച്ചതും ശങ്കറുടെ വെളിപ്പെടുത്തലിലൂടെയാണ് ലോകം അറിഞ്ഞത്. ഇന്ത്യയിലെ സോവിയറ്റ് നയതന്ത്രകാര്യാലയം അമ്പരന്നുപോയി. അംബാസഡര്‍ ലിങ്ക് വായിച്ച് എടത്തട്ടയെ തേടിയെത്തി. ഒ.പി.ശങ്കറുടെ പക്കല്‍ തെളിവുകള്‍ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് രാജ്യം മറ്റൊരു കമ്മ്യൂണിസ്റ്റ് സഹോദര രാജ്യത്തെ ആക്രമിച്ചു എന്ന വസ്തുത ലോകത്തിന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ലിങ്കിലെ ലേഖനം ശത്രുക്കളും മിത്രങ്ങളും പകര്‍ത്തി പുനഃപ്രസിദ്ധീകരിച്ചു. ഒരു ആനുകാലിക പ്രസിദ്ധീകരണമെന്ന നിലയില്‍ ലിങ്കിന്റെ പ്രസക്തിയും പ്രശസ്തിയും വര്‍ദ്ധിച്ചു. അതിലുപരി കമ്മ്യൂണിസ്റ്റ് ആശയലോകത്ത് ഉരുണ്ടുകൂടിയ അവ്യക്തതയുടെ കാര്‍മേഘം ഇടിമിന്നലും പേമാരിയുമായി വീഴാന്‍ തുടങ്ങി. ഇടതു വലതു ഭേദമെന്യേ ബുദ്ധിജീവികള്‍ ഈ സംഭവം വലിയൊരു ചര്‍ച്ചാവിഷയമാക്കി തുടര്‍ന്നുകൊണ്ടുപോയി.
ലിങ്ക് ഒരു ദിനപ്പത്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു എടത്തട്ട നാരായണന്‍. ലെഫ്റ്റ് ബുക്ക് സെന്റര്‍ എന്ന ആശയവും അദ്ദേഹം താലോലിച്ചു. ചലപതിറാവു, ഇല്ലിക്കുളത്തു ശങ്കരപ്പിള്ള (കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍) തുടങ്ങിയ പത്രപ്രവര്‍ത്തകരുമായി എടത്തട്ട നിരന്തരം ചര്‍ച്ച നടത്തി. പെര്‍ഫെക്ഷനിസ്റ്റ് ആയ എടത്തട്ടയ്ക്ക് പത്രം ആരംഭിക്കാനുള്ള സമയമായെന്ന് അറിയാമെങ്കിലും സ്റ്റാര്‍ട്ടിങ് ട്രബിള്‍ കലശലായി അനുഭവപ്പെട്ടു. പ്രധാനമന്ത്രി നെഹ്രു, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, വി.കെ.കൃഷ്ണമേനോന്‍ എന്നിവരുമായി എടത്തട്ട ചര്‍ച്ച തുടര്‍ന്നു. രാം മനോഹര്‍ ലോഹ്യ, എം.എന്‍.റോയ്, അശോക മേത്ത, മിനു മസാനി തുടങ്ങിയ മിത്രങ്ങളുമായി ആശയവിനിമയം നടത്തി. ഇ.എം.എസ്സും എസ്.എ.ഡാങ്കെയും പ്രോത്സാഹിപ്പിച്ചു. എങ്കിലും ലിങ്കിനെ ദിനപ്പത്രമാക്കാന്‍ എടത്തട്ടയ്ക്കു ധൈര്യം വന്നില്ല. അങ്ങനെ അഞ്ചുവര്‍ഷം കടന്നുപോയി.
1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. പ്രതിരോധ മന്ത്രി കൃഷ്ണമേനോനെ ക്രൂശിക്കാന്‍ ഉത്തരേന്ത്യന്‍ ലോബി ശ്രമം തുടങ്ങി. സര്‍വലോക സാഹോദര്യം പ്രയോഗതലത്തില്‍ ഒരു മിഥ്യയായിത്തീരുന്നത് എടത്തട്ട കണ്ടു. ലോക കമ്മ്യൂണിസം ഇല്ലാതാകുന്നു. പ്രാദേശികതയും ദേശീയതയും പ്രസക്തി കൈവരിക്കുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സിനെതിരെ ഡി.എം.കെ. വളര്‍ന്നുവരുന്നു. സ്വാതന്ത്ര്യസമര പോരാളിയായിരുന്ന എടത്തട്ടയില്‍ ദേശപ്രേമം വീണ്ടും പ്രോജ്ജ്വലമായി. കുരിശിലേറി നില്‍ക്കുന്ന കൃഷ്ണമേനോന്റെ നാവില്‍ നിന്ന് എടത്തട്ട പേട്രിയോട്ടിസം എന്ന പദം ആവര്‍ത്തിച്ചു വീഴുന്നത് കേട്ടു. അതെ പേട്രിയട്ട്. എടത്തട്ടയ്ക്ക് തന്റെ ദിനപ്പത്രത്തിന് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. 1963ല്‍ കോണാട്ട് പ്ലെയിസിലെ ലിങ്ക് ഹൗസില്‍ നിന്ന് എടത്തട്ട നാരായണന്‍ ചീഫ് എഡിറ്റര്‍ ആയി പേട്രിയട്ട് ദിനപ്പത്രം പുറത്തുവന്നു. അന്ന് സ്വാതന്ത്ര്യദിനമായിരുന്നു. തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രി നെഹ്രുവും വി.കെ.കൃഷ്ണമേനോനും ലിങ്ക് ഹൗസില്‍ എത്തി ആശംസകള്‍ നേര്‍ന്നു.
പേട്രിയട്ടും ലിങ്കും വികസ്വര രാജ്യമായ ഇന്ത്യയുടെ വേറിട്ട ശബ്ദമായി പത്രപ്രവര്‍ത്തന രംഗത്ത് നിലയുറപ്പിച്ചു. കോണ്‍ഗ്രസ്സിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളിലെയും യഥാര്‍ത്ഥ പുരോഗമന വാദികള്‍ക്ക് ഒപ്പം നില്‍ക്കാന്‍ എടത്തട്ടയുടെ പത്രം ശ്രദ്ധിച്ചു. അമേരിക്കനിസത്തിന്റെ പ്രണേതാക്കളെ പരമപുച്ഛത്തോടെ അദ്ദേഹം ആക്രമിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സോവിയറ്റ് ചേരിയെ അനുകൂലിച്ചുകൊണ്ട് സി.പി.ഐയോട് ചായ്‌വു പുലര്‍ത്തിയാണ് എടത്തട്ട മുന്നോട്ട് പോയത്. എങ്കിലും ഡാങ്കെ ഉള്‍പ്പടെ എല്ലാ നേതാക്കളുമായി നിരന്തരം അദ്ദേഹം കലഹിച്ചു. ലിങ്ക് ഹൗസിന്റെ മുകളിലെ മുറിയിലായിരുന്നു എടത്തട്ടയുടെ താവളം. അവിടെ വന്നുപോകാത്ത നേതാക്കളും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഇല്ല. 1953ല്‍ ഭാര്യ മാധവി കുറുപ്പിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും ഏകാന്തതയില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗം കൂടിയായിരുന്നു എടത്തട്ടയ്ക്ക്. കുഞ്ഞിരാമന്‍ എന്ന സന്തത സഹചാരി ദേഷ്യപ്രകൃതിയായ എടത്തട്ടയുടെ ശീലങ്ങള്‍ കണ്ടറിഞ്ഞു. വാത്സല്യം ഉള്ളില്‍വച്ച് യുവ പത്രപ്രവര്‍ത്തകരുടെ വീഴ്ചകളെ അദ്ദേഹം നിശിതമായും കര്‍ക്കശമായും നേരിട്ടു. ബഹുമാനം കലര്‍ന്ന ഒരു ഭയം ചെറുപ്പക്കാര്‍ക്കിടയില്‍ എടത്തട്ടയോട് അറിയാതെ വളര്‍ന്നു. എങ്കിലും അദ്ദേഹത്തിന്റെ മാനുഷിക നന്മകളെ ഏവരും ആദരിച്ചു.
പേട്രിയട്ടില്‍ കുറെ മലയാളികള്‍ ഉണ്ടായിരുന്നു. ആരെയും അവിടെ മലയാളം സംസാരിക്കാന്‍ എടത്തട്ട അനുവദിച്ചില്ല. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാം. മലയാളം താമസസ്ഥലത്തു വെച്ചിരുന്നാല്‍ മതി. പേട്രിയട്ടിലെയും ലിങ്കിലെയും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തിട്ട് അവസാനം മാത്രമേ എടത്തട്ട തന്റെ വേതനം സ്വീകരിച്ചിരുന്നുള്ളൂ. നേരെ മറിച്ചായിരുന്നു ശങ്കേഴ്‌സ് വീക്കിലിയിലെ സ്ഥിതി. പൈസ വന്നാല്‍ ആദ്യം ശങ്കര്‍ എടുക്കും. പിന്നെ മറ്റുള്ളവര്‍. ശങ്കര്‍ ഉറ്റമിത്രമായിരുന്നെങ്കിലും എടത്തട്ടയ്ക്ക് അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളോട് ഒട്ടും മതിപ്പില്ലായിരുന്നു. ഒ.വി.വിജയന്റെ കാര്‍ട്ടൂണുകളോടായിരുന്നു എടത്തട്ടയ്ക്കു കമ്പം. വിജയന്റെ രചനകള്‍ ധാരാളമായി പേട്രിയട്ടില്‍ അച്ചടിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വധിക്കാനും എടത്തട്ട കാര്‍ട്ടൂണിസ്റ്റ് വിജയന് സ്വാതന്ത്ര്യം നല്‍കി. രചനാപരമായ സ്വാതന്ത്ര്യത്തിന്റെ പൂക്കാലമായിരുന്നു ലിങ്ക് -പേട്രിയട്ട് ജീവിതകാലമെന്ന് ഇപ്പോള്‍ കൊച്ചിയില്‍ കഴിയുന്ന (ഹോങ്കോങ്) ഗോപിനാഥ് ഓര്‍ക്കുന്നു.
രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും എടത്തട്ട നാരായണന്റെ രണ്ടു ലഹരിയായിരുന്നു. ഏതെങ്കിലും ഒന്നു മതിയായിരുന്നു അദ്ദേഹത്തിനെന്ന് സുഹൃത്തുക്കള്‍ക്ക് തോന്നിയിട്ടുണ്ട്. എങ്കില്‍ അവിടെ അദ്ദേഹം കൂടുതല്‍ പ്രോജ്ജ്വലമായി നിലനില്‍ക്കുമായിരുന്നു. പ്രജാ സോഷ്യലിസത്തെപ്പറ്റിയുള്ള എടത്തട്ടയുടെ പുസ്തകം തന്നെ അദ്ദേഹത്തിലെ ഇരട്ട വ്യക്തിത്വത്തിന്റെ രേഖയാണ്. രാഷ്ട്രീയത്തിന് തത്വശാസ്ത്രം ചമയ്ക്കുമ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ ക്രിയാംശം അദ്ദേഹം മറന്നുപോയി. പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി മുഴുകാനാവാതെ തന്നിലെ രാഷ്ട്രീയ വ്യാമോഹിയുടെ പിടിയില്‍ സ്വയം വീണു. അങ്ങനെ എടത്തട്ട നാരായണന്‍ കേരളത്തിലെ സി.പി.ശ്രീധരന്റെ ആംഗലേയ ദേശീയ പതിപ്പായി മാറിയത് ചരിത്രം എന്നെങ്കിലും കാണാതിരിക്കില്ല.
തലശ്ശേരിയിലെ തിരുവങ്ങാട്ടെ കപ്പന കണ്ണന്‍ മേനോന്റെയും കൊളശേരിയിലെ എടത്തട്ട രുഗ്മിണി ദേവി അമ്മയുടെയും മകനായി 1907 ഡിസംബര്‍ എട്ടിന് ജനിച്ച നാരായണന്‍ ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ഉദുമല്‍പേട്ടിലായിരുന്നു. കപ്പന കണ്ണന്‍ മേനോന്‍ പ്രധാന അധ്യാപകനായിരുന്ന ഉദുമല്‍പേട്ട് ഹൈസ്‌കൂളിലാണ് നാരായണന്‍ പഠിച്ചത്. പന്ത്രണ്ടാം വയസില്‍ അമ്മയുടെ മരണം താങ്ങാനാവാത്ത ദുഃഖമായി നാരായണന്. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ ഡിഗ്രിക്കു ചേര്‍ന്നു. സൈമണ്‍ കമ്മീഷനെതിരെ കോളജ് കവാടത്തില്‍ പതാക കെട്ടി പ്രതിഷേധിച്ച നാരായണനെ കോളജില്‍ നിന്ന് ഡിസ്മിസ് ചെയ്തു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായതുകൊണ്ട് തിരുവനന്തപുരം മഹാരാജാസ് കോളജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജ്) പഠനം തുടരാമെന്ന് വാഗ്ദാനം വന്നു എങ്കിലും എടത്തട്ട നാരായണന്‍ വഴങ്ങിയില്ല. കോളജ് മാഗസിനിലെ ഏറ്റവും ശ്രദ്ധേയമായ രചനകള്‍ എടത്തട്ട നാരായണന്റേതായിരുന്നു എന്ന് സഹപാഠിയും സുഹൃത്തുമായ ചലപതിറാവു ഓര്‍ക്കുന്നു.
23-ാം വയസില്‍ ഗാന്ധിജിയുടെ യങ് ഇന്ത്യയില്‍ എഴുതി തന്റെ ഭാവി പ്രവര്‍ത്തനങ്ങളുടെ പാത തെളിച്ച എടത്തട്ട പത്രപ്രവര്‍ത്തനത്തിനും രാഷ്ട്രീയത്തിനും സൈദ്ധാന്തിക സമവാക്യം രചിക്കാന്‍ ജീവിതം സമര്‍പ്പിച്ചു. 1978ല്‍ അന്തരിക്കുന്നതുവരെ രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും ലിങ്ക് ചെയ്യുന്ന പാലമായി എടത്തട്ട ജീവിച്ചു. ദേശസ്‌നേഹി എന്ന് സ്വന്തം പത്രത്തിന് പേരു സ്വീകരിച്ച ധീരനായ അദ്ദേഹത്തിന്റെ ജന്മശതാബ്ദി 2007ല്‍ കടന്നു പോയത് നമ്മളാരും ഓര്‍ത്തതുപോലുമില്ല. എത്ര കൂരമായ നന്ദികേട്!