ഉറക്കത്തിൽ ചിലർ സ്വപ്നം കാണും. അതിൽ ചിലർ കണ്ട സ്വപ്നങ്ങൾ ആലോചിച്ചിരിക്കും. മറ്റു ചിലരാകട്ടെ സ്വപ്നങ്ങൾ കണ്ട് തീരുന്നിടത്ത് യാത്ര തുടങ്ങും. അതാകട്ടെ ചരിത്രത്തിലേക്കുള്ളവയായി മാറുകയും ചെയ്യും. ഇതിനെല്ലാം ഒരു ഉറക്കം മാത്രം മതി. പഠിത്തവും പരീക്ഷയും കഴിഞ്ഞ് റൂമൊഴിയുന്നതിന് മുമ്പുള്ള “സേവനവാരാചാരണം” തകൃതിയായി നടക്കുമ്പോഴും ഒരു സ്വപ്നത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് നാൽവർ സംഘം കരുതിയിരുന്നില്ല. യഥാർത്ഥ “അധോലോകമായിരുന്ന” മുറി വൃത്തിയാക്കിയ ശേഷം ബാക്കി വന്ന ആക്രി സാധനങ്ങൾ വിറ്റപ്പോൾ 300 രൂപയാണ് ലഭിച്ചത്. ഫുഡ്ഡഡിക്കണോ കള്ളടിക്കണോ എന്ന ചോദ്യം മനസ്സിൽ തികട്ടിയെത്തിയതോടെ ട്രെയിനിൽ കയറി കണ്ണൂർക്ക് പോകാമെന്ന് തീരുമാനിച്ചു. അങ്ങനെ ഒക്ടോബർ 14ന് മലബാറിലേക്കുള്ള ട്രെയിനിന്റെ തിരക്കിൽ അവർ അലിഞ്ഞ് ചേർന്നു. കേൾക്കുന്നവർ അത്ഭുതത്തോടെ നോക്കുന്ന, പലരും കൊതിക്കുന്ന ആ ട്രെയിൻ യാത്ര അവസാനിച്ചത് രണ്ടാഴ്ച കഴിഞ്ഞ് ഒക്ടോബർ 29നായിരുന്നു!

അടുത്തത്‌ ഏത്‌ ട്രെയിനിൽ കയറണമെന്നാലോചിക്കുന്നതിനിടെ ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്യുന്ന നാൽവർ സംഘം – സിജോ, കിരൺ, കിഷോർ, അരുൺ ദേവ്‌

ഉറക്കത്തിൽ ചിലർ സ്വപ്നം കാണും. അതിൽ ചിലർ കണ്ട സ്വപ്നങ്ങൾ ആലോചിച്ചിരിക്കും. മറ്റു ചിലരാകട്ടെ സ്വപ്നങ്ങൾ കണ്ട് തീരുന്നിടത്ത് യാത്ര തുടങ്ങും. അതാകട്ടെ ചരിത്രത്തിലേക്കുള്ളവയായി മാറുകയും ചെയ്യും. ഇതിനെല്ലാം ഒരു ഉറക്കം മാത്രം മതി.

കേരള മീഡിയ അക്കാദമിയിലെ ടെലിവിഷൻ ജേ‍ർണലിസം വിദ്യാർത്ഥികളായിരുന്ന സിജോ ജോസഫ്, കിരൺ ഐസക്, അരുൺ ദേവ് കിഷോർ എന്നിവരടങ്ങിയ നാൽവർ സംഘമാണ് 300 രൂപ കൊണ്ട് ഇന്ത്യ ചുറ്റാനിറങ്ങിയത്. മുറിയിലെ ക്ലീനിങ്ങിന്റെ ആദ്യ പാദം കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴായിരുന്നു എവിടെയെങ്കിലും പോയാലോ എന്ന ചിന്ത വന്നത്. അത് മനസ്സിൽ തന്നെ കിടന്നതിനാൽ പണികളൊതുക്കിയ ശേഷം ബാഗൊരുക്കുകയാണ് ഇവർ. എവിടെ പോകും എന്ന ചിന്ത ചെന്നെത്തിയത് മാഹിയിലായിരുന്നു. സിജോ ഒഴികെയുള്ളവർ ഉടൻ തന്നെ ബാഗും തൂക്കി പോയത് റയിൽവേ സ്റ്റേഷനിലേക്ക്. ആ സമയം അദ്ധ്യാപകനെ കാണാൻ പോയതിനാൽ ഒപ്പം പോകാൻ കഴിഞ്ഞില്ല. പിന്നീട് അടുത്ത ട്രെയിനിലാണ് സിജോ യാത്ര തുടങ്ങിയത്.

ഓരോ ദിവസവും ട്രെയിനിറങ്ങുന്ന സ്ഥലത്തു മുഴുവൻ ചുറ്റി നടന്ന് കാഴ്ച കണ്ട് രാത്രി ട്രെയിനിൽ അടുത്ത സ്ഥലത്തേക്ക് പോകുന്നതായിരുന്നു ഇവരുടെ രീതി. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കും. വെള്ളമായിരുന്നു പ്രധാന ഭക്ഷണം.

മാഹിയിലിറങ്ങേണ്ടവരെ ഉറക്കം പിടികൂടിയതിനാൽ ഉഡുപ്പിയെത്തിയപ്പോഴാണ് കണ്ണ് തുറന്നത്. അവിടെ ചാടിയിറങ്ങിയപ്പോഴാണ് ടിക്കറ്റെടുക്കാതെയാണ് ട്രെയിനിൽ കയറിയതെന്നോർത്തത്. മാഹി ഗോവയിലേക്കു വഴിമാറിയപ്പോഴേക്കും സിജോയും ഒപ്പമെത്തിയിരുന്നു. 10 മണിക്കൂറോളം ട്രെയിനിലിരുന്നിട്ടും ആരും ടിക്കറ്റ് ചോദിച്ചില്ലല്ലോ എന്നോർത്തതോടെ നാലു പേരും ടിക്കറ്റ് വിരോധികളായി മാറി. ഗോവയിൽ നിന്നും മുംബൈയിലേക്ക് നീണ്ട യാത്ര പിന്നീട് ഗുജറാത്തും രാജസ്ഥാനും കടന്ന് ഡൽഹിയിലെത്തി. ഇതിനിടെ വഴിവക്കിൽ കിട്ടിയ ഭക്ഷണം കഴിച്ച് വിശപ്പടക്കിയും ഓടുന്ന ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമായി അന്തിയുറങ്ങിയും യാത്ര തുടർന്നു. കൈയിലുണ്ടായിരുന്ന 300 രൂപ ആദ്യ ദിവസം തന്നെ തീർന്നതോടെ സുഹൃത്തുക്കളുടെ കുത്തിനു പിടിച്ചു വാങ്ങിയ കുറച്ചു പണമുണ്ടായിരുന്നത് ഉപയോഗിച്ചാണ് ഇവർ ബാക്കി ദിവസങ്ങൾ തള്ളി നീക്കിയത്.

നാട്ടിൽ നിന്നും ട്രെയിൻ കയറിയ ശേഷം ഒരു അടച്ചുറപ്പുള്ള മേൽക്കൂരയുടെ സുരക്ഷയിൽ -ഒരു മുറിയിൽ ഉറങ്ങിയത് ഡൽഹിയിൽ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു. കുതുബ് മിനാറും ചെങ്കോട്ടയുമെല്ലാം കഴിഞ്ഞ് ആഗ്രയും താജ് മഹലും കണ്ട ശേഷമാണ് യാതൊരു പ്ലാനുമില്ലാതെ തുടങ്ങിയ യാത്ര അവസാനിപ്പിക്കുന്ന കാര്യം ആലോചിച്ചത് തന്നെയെന്ന് ഇവർ പറയുന്നു. ഓരോ ദിവസവും ട്രെയിനിറങ്ങുന്ന സ്ഥലത്തു മുഴുവൻ ചുറ്റി നടന്ന് കാഴ്ച കണ്ട് രാത്രി ട്രെയിനിൽ അടുത്ത സ്ഥലത്തേക്ക് പോകുന്നതായിരുന്നു ഇവരുടെ രീതി. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കും. വെള്ളമായിരുന്നു പ്രധാന ഭക്ഷണം. പല്ല് തേപ്പും കുളിയും നനയുമെല്ലാം ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലുമായിരുന്നു. കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ദാമൻ ദിയു, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാണ, ഡൽഹി, യു.പി, എം.പി തുടങ്ങി 10 സംസ്ഥാനങ്ങളിലൂടെ ടിക്കറ്റില്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ ദൂരം താണ്ടി ഇന്ത്യയെ കണ്ടെത്തി തിരിച്ചെത്തിയപ്പോഴും ഇവർ ചിന്തിക്കുന്നത് ഒരൊറ്റ കാര്യമാണ്. യാത്രയുടെ ആദ്യ ദിവസം തന്നെ മാഹിയിൽ വച്ച് ആരെങ്കിലും കണ്ണ് തുറന്നിരുന്നുവെങ്കിൽ എന്താകുമായിരുന്നു..?

ഈ നാൽവർ സംഘത്തിന്റെ കാര്യത്തിൽ ഒരു കാര്യം ഉറപ്പാണ് -ഇങ്ങനൊരു യാത്ര ഇനിയില്ല തന്നെ!

 

 

N A Umar Farook

COMMENT