വെളിച്ചമില്ലാത്തിരുണ്ട കാലത്തു നിന്ന്
വെളിച്ച വാതിൽ തുറന്നവളെത്തി നോക്കി,
പുറത്ത് മഴയുണ്ട്, നനഞ്ഞ തൊടിയുണ്ട്,
കളി പറഞ്ഞിരിക്കുന്ന തമ്പുരാൻ സഭയുണ്ട്.
അടയ്ക്കു ധിക്കാരി,നിർത്തൂ നിൻ ധിക്കാരം
തച്ചുടച്ചിടും നിന്റെ അഹങ്കാരം.
ഇരുട്ടിൽ നീ കിടക്കണം, വെളിച്ചം നീ കണ്ടുപോയാൽ
പെണ്ണ് പിഴച്ചീടും, ലോകം തീർന്നീടും.
തമ്പുരാൻ തൻ ഗർജ്ജനം മുഴങ്ങി മുറിക്കുള്ളിൽ,
തുളഞ്ഞു കയറും ശബ്‌ദം ചിതറി നാലു ദിക്കിൽ.
ഞെട്ടിത്തിരിഞ്ഞവൾ, വെളിച്ച വാതിൽ പൂട്ടി
പതർച്ച മറച്ചിട്ടുച്ചത്തിൽ തിരിച്ചോതി;
വെളിച്ചത്തെ കാണണം, ഇരുട്ടിനെ തകർക്കണം,
തുമ്പപൂക്കും തൊടിയിലിറങ്ങി നടക്കണം.
പെണ്ണ് വെട്ടം കണ്ടു പോയാൽ
ഒളിക്കും സൂര്യനെങ്കിൽ,
എരിഞ്ഞോടുങ്ങും ലോകമെങ്കിൽ,
അത്രമേൽ നേർത്ത ലോകം തകർങ്ങൊടുങ്ങട്ടെ.
നിർത്തൂ മൂശേട്ടേ, ഇനി നീ വാ തുറന്നാൽ
പിഴുതെറിഞ്ഞീടും നിൻ തെറിച്ച നാക്കു ഞാൻ.
അടയ്ക്കിവളെ, തെക്കേ നിലവറയിൽ,
അടച്ചു പൂട്ടുക മണിച്ചിത്രത്താഴിട്ട്.
തെറിച്ച പെണ്ണവൾ, മൂശേട്ട നാരിയവൾ,
എരിഞ്ഞോടുങ്ങിയവൾ ആ നിലവറയ്ക്കുള്ളിലത്രേ!
കെട്ട കാലമേ, നീ ഓർത്തു വയ്ക്കുക,
വെളിച്ചം വന്നിടും, ഇരുട്ട് നീങ്ങിടും.
വസന്തം നിറഞ്ഞിടും,ചിരി പടർന്നിടും,
മനുഷ്യ ലോകത്തിൽ മാറ്റത്തിൻ കാറ്റു വീശിടും.