“Culture is that complex whole which includes knowledge, belief, art, morals, law, custom, and any other capabilities and habits acquired by man as a member of society.”
-Edward Burnett Tylor
നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക പൈതൃകത്തിന് ഉടമകളാണ് മലയാളികൾ. എളുപ്പത്തിൽ നിർവചിക്കാൻ സാധ്യമല്ലാത്ത നാനാർത്ഥങ്ങളുള്ള സംസ്കാരം എന്ന വ്യവഹാര മണ്ഡലത്തിൽ ഉൾപ്പെടുന്ന സാംസ്‌കാരിക മേഖല അടിസ്ഥാനപരമായി മനുഷ്യന്റെ ജീവിത നിലവാരത്തെ സാമൂഹികപരമായി ഉയർത്തിക്കൊണ്ടുവരുന്നു. അതുപോലെതന്നെ സമൂഹത്തിന്റെ ഉന്നതി മനുഷ്യരുടെ സാംസ്‌കാരിക അവബോധത്തെയും സാമൂഹിക പ്രതിബദ്ധതയെയും ആശ്രയിച്ചാണെന്നത് വാസ്തവമാണ്. ഭാഷയും ജീവിതവും കലയുമെല്ലാം അതിന്റെ ഭാഗങ്ങൾ ആകുന്നു.
സാംസ്‌കാരിക മണ്ഡലം മലയാളിയുടെ നിത്യജീവിതവ്യവഹാരങ്ങളിൽ വളരെയധികം സ്വാധിനം വഹിക്കുന്ന ഒന്നാണ്. സംസ്കാര സമ്പന്നർ എന്നാണ് മലയാളികളെ പൊതുവായി വിലയിരുത്തുന്നത്. ഇവ എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് നാം ചിന്തിക്കേണ്ടിരിക്കുന്നു. വിദ്യാഭ്യാസപരമായ ഉയർച്ചയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തൽ. എന്നാൽ ആ വിദ്യാഭ്യാസം സാംസ്‌കാരിക അവബോധം നേടാൻ മലയാളിയെ എത്രമാത്രം സഹായിക്കുന്നു എന്നു കൂടി നോക്കേണ്ടതായുണ്ട്. മതം, ഭാഷ, സാഹിത്യം, കല, ആഘോഷങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇതിന്റെ എല്ലാം കൂടിയുള്ള ഒരു കൂടിച്ചേരലാണ് സംസ്കാരം. ഇത് നമ്മുടെ മാനവികാവസ്ഥയുടെ വികാസത്തെ സ്വാധിനിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ജീവിത ശൈലിക്കനുസരിച്ച് നമ്മൾ അവയെ വാർത്തെടുക്കുന്നു. മനുഷ്യന്റെ ഉത്ഭവകാലത്ത് ഉണ്ടായിരുന്ന അപരിഷ്‌കൃത സംസ്കാരത്തിൽ നിന്ന് ഒരു പരിഷ്‌കൃത സംസ്കാരത്തിലേക്ക് എത്തിച്ച ധാരാളം ഘടകങ്ങളുണ്ട്.
സിനിമയും കലയും സാഹിത്യവുമാണ് മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രധാനപെട്ട സാംസ്‌കാരിക മേഖലകൾ എന്ന് ഒറ്റനോട്ടത്തിൽ വേണമെങ്കിൽ പറയാം. ആത്മാവിഷ്കാര സ്വാതന്ത്ര്യം ഇവിടെ പ്രധാനമാണ്. ജാതിബദ്ധമായ കേരളീയ വ്യവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ ഇവ ചെലുത്തിയ സ്വാധിനം ചെറുതല്ല. വിപ്ലവകരമായ ആശയങ്ങൾ, പച്ചയായ യാഥാർഥ്യങ്ങൾ എന്നിവയെല്ലാം തന്നെ മുഖ്യധാരയിൽ എത്തിക്കുകയും അതുവഴി മലയാളികളുടെ സാമൂഹിക പ്രതിബദ്ധത വളർത്തുകയും ചെയ്തു. വർത്തമാനകാല സമൂഹത്തിൽ ഇവയുടെ ഇടപെടലുകളും പ്രസക്തിയും അവ ഭാഷയിലും സംസ്കാരത്തിലും ഉണ്ടാക്കുന്ന പരിവർത്തനങ്ങളും സ്വാധിനങ്ങളും നമ്മൾ ഉറ്റുനോക്കുന്നുണ്ട്.
സാംസ്‌കാരിക മണ്ഡലം മലയാളിയുടെ നിത്യജീവിതവ്യവഹാരങ്ങളിൽ വളരെയധികം സ്വാധിനം വഹിക്കുന്ന ഒന്നാണ്. സംസ്കാര സമ്പന്നർ എന്നാണ് മലയാളികളെ പൊതുവായി വിലയിരുത്തുന്നത്. ഇവ എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് നാം ചിന്തിക്കേണ്ടിരിക്കുന്നു. വിദ്യാഭ്യാസപരമായ ഉയർച്ചയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തൽ. എന്നാൽ ആ വിദ്യാഭ്യാസം സാംസ്‌കാരിക അവബോധം നേടാൻ മലയാളിയെ എത്രമാത്രം സഹായിക്കുന്നു എന്നു കൂടി നോക്കേണ്ടതായുണ്ട്.
‘ജീവിതത്തെ പ്രതിപാദനം ചെയ്യുന്നതാണ് സാഹിത്യം’ എന്ന് പാശ്ചാത്യ സാഹിത്യകാരൻ മാത്യു അർണോൾഡ് പറഞ്ഞു വെച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനൊപ്പം തന്നെ പാശ്ചാത്യ സാഹിത്യത്തെയും മലയാളി ഒരുപോലെ വായിക്കുകയും ആസ്വദിക്കുകയും ചെയ്തു പോരുന്നു. നമ്മുടെ സംസ്കാരത്തിനൊപ്പം തന്നെ മറ്റു സംസ്കാരങ്ങളെ മനസിലാക്കാനും അതുവഴി സംസ്കാരങ്ങളുടെ ഒരു മനോഹര സങ്കലനം സാദ്ധ്യമാക്കാനും ഇതുവഴി കഴിയുന്നുണ്ട്. ചർച്ചകളിലൂടെയും നിരന്തരമായ സംസാരങ്ങളിലൂടെയും സാഹിത്യപരമായി ഇടപെടുന്ന ഒരു ലോകത്തെ പ്രതിനിധാനം ചെയ്യാൻ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതായുണ്ട്. കവിത, കഥ, നോവൽ, യാത്രാവിവരണങ്ങൾ, നിരൂപണം തുടങ്ങിയവ വായിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും ചെയ്യുക വഴി നമ്മളും സാംസ്കാരിക ലോകത്തിന്റെ സ്വാധിനവും പ്രധാന്യവും വിളിച്ചോതുന്നു. സാഹിത്യത്തിലൂടെ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തുകയും സമകാലീന വിഷയങ്ങൾ ആളുകൾക്കു മുൻപിൽ എത്തിക്കുകയും ചെയ്യുന്നു.
കലകളെ തന്നെ പല ശ്രേണികളിലായി തിരിക്കാം. കാഴ്ചയുടെ വിസ്മയം തീർക്കുന്ന കലകളാണ് സിനിമ, ചിത്രകല, നാടകം, ശില്പങ്ങൾ, നൃത്തം,കലാരൂപങ്ങൾ എന്നിവയെല്ലാം. അതുപോലെ കാതുകൾക്ക് ഇമ്പം നൽകുന്ന കലകളാണ് സംഗീതം, വാദ്യോപകരങ്ങൾ എന്നിവ. നൃത്തത്തിനൊപ്പം സംഗീതവും കൂടി കലരുമ്പോൾ അത് നമുക്ക് തരുന്ന ആനന്ദം വർണിക്കാൻ കഴിഞ്ഞെന്നു വരില്ല. സാംസ്‌കാരിക ലോകത്തെ വാർത്തെടുക്കാൻ ഇവയെല്ലാം തുല്യ പങ്ക് നിർവഹിക്കുന്നു എന്നതും വസ്തുതാപരമാണ്. എന്നാൽ നമ്മുടെ ഇടപെടലുകൾ ഈ മേഖലകളിൽ ഉണ്ടെങ്കിൽ മാത്രമേ ഇതിനൊരു നിലനില്പുള്ളൂ. കാലാന്തരത്തിൽ മണ്മറഞ്ഞു പോയതിനെയൊക്കെ വീണ്ടെടുക്കാനും കാലപ്രയാണത്തിൽ വന്നുചേരുന്നവയെ ചേർത്തുനിർത്താനും നമുക്ക് കഴിഞ്ഞെങ്കിൽ മാത്രമേ നല്ലൊരു സാംസ്‌കാരിക ലോകത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളു.
നാടൻ കലകളും ക്ഷേത്ര കലകളും അനുഷ്ഠാന കലകളും കൂടാതെ ആധുനിക കലകളും ചിത്രകലകളും കേരളത്തിന്റെ സാംസ്‌കാരിക വളർച്ചയുടെ അടിവേരുകളാണ്. ഇന്നത്തെ യുവത്വത്തിന് ഇതിനെക്കുറിച്ചുള്ള അറിവുകൾ കുറവാണ്. എന്നാൽ കേട്ടറിവുകൾ വെച്ച് ഞാൻ ഉൾപ്പെടുന്ന ഈ തലമുറ ഇതിനെ പുനഃക്രേമികരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനുള്ള ഉദാഹരങ്ങളാണ് ഇന്ന് നമ്മുടെ സമൂഹത്തിലുള്ള ആർട്ട് ഗ്യാലറികൾ, ബിനാലെ പോലുള്ള ആർട്ട് ഫെസ്റ്റിവലുകൾ, ചിത്രരചനാ ക്യാമ്പുകൾ, ചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ. ഇവ ചിത്രീകരിക്കുന്നവർ മാത്രമല്ല ആസ്വാദകർ കൂടി ചേർന്നാലേ ഇതൊരു സാംസ്‌കാരിക കൂട്ടായി മാറുകയുള്ളൂ.
നാടകങ്ങളിൽ കൂടി കടന്നു വന്ന അഭിനേതാക്കൾ ഒരുപാടുപേരുണ്ട്. എന്നാൽ നാടകം എന്നത് അരികുവത്കരിക്കപ്പെട്ടു പോകുന്ന ഒരു പ്രവണത ഇടയ്ക്ക് കണ്ടിരുന്നു. എന്നിരുന്നാലും ഇന്നത്തെ തലമുറ നാടകത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇറ്റ്ഫോക് പോലുള്ള വേദികളിലെ യുവ ആൾക്കൂട്ടം മാത്രംമതി ഇത് തെളിയിക്കാൻ.
നവമാധ്യമങ്ങളുടെ കടന്നുവരവ് സാംസ്‌കാരിക കേരളത്തിന്റെ വളർച്ചയ്ക്ക് ത്വരകമാകുന്നു എന്നത് സത്യമാണ്. ആശയവിനിമയ സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും ഫലമായി പുതിയ സാംസ്‌കാരിക അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആധുനിക മനുഷ്യന്റെ നിത്യ ജീവിതത്തെ ഇത് വളരെയധികം സ്വാധിനിക്കുന്നു. ഇതിന് ഗുണമുണ്ട്, ദോഷവുമുണ്ട്.
ആദ്യ കാലങ്ങളിൽ നോവലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ എന്ന മാധ്യമം ജനങൾക്ക് മുന്നിൽ സ്ഥാനം പിടിക്കുന്നത്. സാഹിത്യത്തിലെ അനുഭവങ്ങളെ കാഴ്ചയുടെ ലോകത്തിൽ എത്തിച്ച് നൂതനമായ ഒരു അനുഭൂതി ആളുകൾക്ക് അത് നൽകി. പിന്നീട് ഒരു ന്യൂവേവ് തരംഗം തന്നെ സിനിമാലോകത്ത് ഉണ്ടായി. സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടിത്തങ്ങൾ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയപ്പോൾ സിനിമ എന്നത് മലയാളി ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി. ചുറ്റുമുള്ളതിനെ ക്യാമറ കണ്ണുകൾ ഒപ്പിയപ്പോൾ ജീവിതങ്ങൾ മാത്രമല്ല മുന്നിലേക്ക് എത്തിയത് പ്രകൃതിരമണീയമായ സ്ഥലങ്ങളും വൈവിധ്യമാർന്ന ഭാഷകൾ, സംസ്കാരങ്ങൾ, ആഹാരങ്ങൾ ഒക്കെയും കൂടിയാണ്. ഇവ കാണുകയും അറിയുകയും ചെയ്യുന്നതിനൊപ്പം തന്നെ നമ്മളും അതിലേയ്ക്ക് ഇഴുകിച്ചേരുന്നു. ലോകോത്തര നിലവാരമുള്ള സിനിമകൾ, അതും ഭാഷയ്ക്ക് അതീതമായി ഇന്നത്തെ തലമുറ സ്വീകരിച്ചിരിക്കുന്നു. വിവിധ ചലച്ചിത്രമേളകളിലെ നിറഞ്ഞ സാന്നിദ്ധ്യം ഇതിന്റെ ഫലമാണ്.
നവമാധ്യമങ്ങളുടെ കടന്നുവരവ് സാംസ്‌കാരിക കേരളത്തിന്റെ വളർച്ചയ്ക്ക് ത്വരകമാകുന്നു എന്നത് സത്യമാണ്. ആശയവിനിമയ സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും ഫലമായി പുതിയ സാംസ്‌കാരിക അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരികജനത പാശ്ചാത്യ സംസ്കാരങ്ങളെ അംഗീകരിക്കുകയും അങ്ങനെ എല്ലാം കൂടി ഇടകലർന്നുള്ള ഒരു സങ്കലനം നിലവിൽ വരികയും ചെയ്തിരിക്കുന്നു. ആധുനിക മനുഷ്യന്റെ നിത്യ ജീവിതത്തെ ഇത് വളരെയധികം സ്വാധിനിക്കുന്നു. ഇതിന് ഗുണമുണ്ട്, ദോഷവുമുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും കമ്പോളവത്കരണം നമ്മുടെ സാംസ്‌കാരിക മേഖലയെ പിടികൂടിയിട്ടുണ്ട്. കലകളെയും അഭിരുചികളെയും കമ്പോളവത്കരണത്തിന്റെ ആഗോളചേരുവകളായി മാറ്റിക്കൊണ്ടിരിക്കുന്നു. ഇത് നല്ലൊരു പ്രവണതയായി കാണാൻ സാധിക്കില്ല. സമൂഹത്തിന്റെ മൊത്തമായുള്ള ജീവിതശൈലിയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ സാംസ്‌കാരിക ബോധത്തെ നിരീക്ഷിക്കേണ്ടതും നിരീക്ഷിക്കുന്നതും. അതുകൊണ്ട് തന്നെ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് സാംസ്‌കാരിക ലോകത്തെ അതിന്റെ തനിമയോടെ നിലനിർത്താൻ ശ്രമിക്കുക എന്നത്. നല്ലൊരു എഴുത്തുകാരൻ, നല്ലൊരു കലാകാരൻ എന്നതുപോലെ തന്നെയാണ് നല്ലൊരു ആസ്വാദകൻ ആവുക എന്നതും.