ചിണ്ടത്തി

Post date:

Author:

Category:

ചിണ്ടത്തി ഒന്ന് മയങ്ങിപ്പോയി. അപ്പോഴാണ് ആ ശബ്ദം. വയസ്സായതോണ്ടാവും, ചെറിയ ഒച്ചകൾ പോലും വല്യേ വേദനയായി തലയ്ക്കകത്തു കേറുന്നു. തെങ്ങീന്ന് തേങ്ങ പൊതോംന്ന് വീണതാണ്. മുമ്പൊക്കെ തെയ്വങ്ങള് കേറി വര്ണ ഒച്ച്യായിട്ടാണ് തോന്നാറ്. ഏതു പാതിരായ്ക്കും ചിരീം കരച്ചിലും ഒരുമിച്ച് വരും. ഇത്തിര്യേരം മലർന്നു കെടക്കും. പിന്നെ തെങ്ങിൻ ചോട്ടിലേക്കോടും. ദ്ലാവോ വെട്ടോ വേണ്ട, ആ ഓട്ടത്തിന്. ഇരുട്ടിലോ നിഴലിലോ ഒളിച്ചു കെടന്നു ചിരിക്കണ തേങ്ങ കൈയിലെത്ത്യാ ഒരു സന്തോഷം ണ്ട്.

പത്തമ്പതു വർഷം കഴിഞ്ഞില്ല്യേ? വെള്ളപ്പൊക്കത്തിന്റെ അപ്പറത്തോ ഇപ്പറത്തോ ഒരീസാവും അങ്ങനെയൊരു ശബ്ദം ആദ്യം കേട്ടത്. സൂക്ഷം കണക്കാക്കാനറീല്ല്യ. അത്രയ്ക്കു വിവരല്ല്യലോ. ചിണ്ടൻ കൂട്ടിക്കൊണ്ടന്ന അന്നു രാത്രീലാണ് ആദ്യം ആ ഒച്ച കേട്ടത്. ആരും കേക്കരുതേന്നും ഒച്ചീണ്ടാവര്തേന്നും പ്രാർത്ഥനയോടെയാണ് തേങ്ങ പാതിരയ്ക്ക് തടത്തിൽ വന്നു നിലംപൊത്തുക. ചിണ്ടത്തിക്കു മാത്രം കേൾക്കാൻ പറ്റണ ശബ്ദേ അതിന്ണ്ടാവൂ.

ചിണ്ടത്തി ഇതുവരെ ആ ക്ഷേത്രത്തിൽ പോയിട്ടില്ല. ആരും തടസ്സപ്പെടുത്തിയതുകൊണ്ടല്ല. അവിടെയാണോ തെയ്വമുള്ളത്? വീട്ടിൽ നിന്നു പുറത്തു പോകാത്തതിനാലാവാം, അതുപോലെയൊന്ന് മുമ്പ് കണ്ടിട്ടില്ല. ക്ഷേത്രമെന്നാണതിനെ പറയുന്നത്. വലിയ മതിലും അതിനും മീതെ ഉയർന്നു കാണുന്ന അകത്തെ കെട്ടിടവും കൂടിയതാണ് ആ ക്ഷേത്രം. മുമ്പ് ജയിൽപ്പടി വഴി വിയ്യൂര് പാടത്തയ്ക്ക് പണിക്കു പോവാറുണ്ട്, അമ്മയ്ക്കൊപ്പം. അപ്പൊ പൊറത്തു നിന്നു കാണാറുള്ള ജയിലും ഇവ്ടത്തെ ക്ഷേത്രവും തമ്മിൽ ഒരു വ്യത്യാസവുമില്ല. വലിയ മതിലും അതിനു മീതെ ഉയർന്നു കാണുന്ന കെട്ടിടവും തന്നെ രണ്ടിടത്തും.

ആദ്യരാത്രീലെ കോലാഹലങ്ങൾ മുഴുക്കെ കഴിഞ്ഞ് ചിണ്ടൻ ഉറക്കത്തിലേക്ക് വീഴുകയും കൂർക്കം വലിക്കാൻ തുടങ്ങുകയും ചെയ്ത നേരത്താണ് ചിണ്ടത്തിയുടെ ചെവീൽ മന്ത്രിക്കണ പോലെ തെങ്ങിൻ മണ്ടയിൽ നിന്ന് ചെറിയൊരു ഞരക്കം. തേങ്ങ അടർന്നു പോരികയാണ്. ചിണ്ടത്തിക്ക് അതു പിടികിട്ടി. തേങ്ങയുടെ അവസാന ശ്വാസം പുറത്തേക്കു പോവുമ്പോഴുള്ള ഞരക്കം. ആ വീട്ടിൽ വേറാരും അതു കേട്ടില്ല. അവസാന നേരത്ത് എന്തേലും സഹായം വേണേരുന്നോ? വന്നു വീഴുമ്പോൾ ഒന്നും പറ്റാതിരിക്കാൻ പൊതയിടണം. ചൂടുകൊറയ്ക്കാനും നല്ലതാ.

പൊറത്തേക്കോടിച്ചെന്ന് ആ തേങ്ങയെടുക്കാൻ അന്ന് ആദ്യരാത്രീലന്നെ ചിണ്ടത്തിക്ക് തോന്നീതാ. വേണ്ടാന്നു വച്ചതാണ്. ആ രാത്രി തന്നെ കിടക്കപ്പൊറുതിയില്ലായ്മ കാട്ടരുതല്ലോ. തെങ്ങിനെ പകലേ നോക്കി വച്ചേർന്നതാ. രാത്രി കഴിഞ്ഞ്, തൂവെളിച്ചം ആകാശത്തിന്റെ മണ്ടേന്ന് ഊരിച്ചാടാൻ തൊടങ്ങീപ്പൊത്തന്നെ കിടക്കപ്പായിൽ നിന്നെണീറ്റ് ചിണ്ടത്തി തെങ്ങിൻ ചോട്ടിലേയ്ക്കോടി. ഒരു പൊറം പഴുക്കടയ്ക്ക പോലേം മറ്റേ പൊറം പച്ചെലനെറോം. ഒരു മുഴുത്ത തേങ്ങ. അപ്പൊ പെറന്ന കുഞ്ഞിനെ വാരിയെടുക്കുമ്പോലെ ചിണ്ടത്തി ആ തേങ്ങ കൈയിലെടുത്തു. ആരെങ്കിലും തട്ടിപ്പറിക്കാൻ വന്നാൽ വിട്ടുകൊടുക്കില്ലെന്ന ശാഠ്യം അപ്പോഴവളെ പൊതിഞ്ഞു. ചിണ്ടൻ രാത്രിയിൽ കാണിച്ച വേലത്തരങ്ങൾ അവളുടെ മനസ്സിൽ നിന്ന് അപ്പോൾ ഇഴുകിയിറങ്ങി. അന്നു തൊടങ്ങ്യേ ബന്ധാ ആ തെങ്ങുമായി.

ചിണ്ടത്തി കൂടി വന്നപ്പോൾ ആ കൂരയിൽ ആറു പേരായി. നാലോ അഞ്ചോ സെൻറ് സ്ഥലത്ത് കൂര കൂടാതെ ഒരു തെങ്ങും. ഒത്ത പുരുഷനെപ്പോലെ ആ തെങ്ങ് അവരുടെ പാർപ്പിടത്തിനു മീതെ ഓലപ്പീലി വിടർത്തി കാവലാളായി തലയുയർത്തി നിന്നു.

വന്ന കാലത്തെ കാര്യങ്ങളെല്ലാം ഏതെല്ലാം വിധത്തിലാണ് മാറി മറിഞ്ഞത്. ആദ്യം ചിണ്ടന്റെ അമ്മ പോയി. അച്ഛനു മുമ്പേ ചിണ്ടന്റെ മൂത്ത ഒടപ്പെറപ്പുകൾ രണ്ടും പോയി. പിന്നെയാണ് ചിണ്ടൻ. ഏറ്റവും ഒടുവിൽ അച്ഛനും. പെരേലിരിക്കാൻ നേരല്യാത്ത രണ്ടു മക്കളുണ്ട്. വലുതായി. കല്യാണവും കഴിഞ്ഞു. അവരുണ്ട്. എവിടൊക്കെയോ ആണെന്നു മാത്രം.

വയസ്സ് കൂടിക്കൂടി വരുന്നു. നടു കൂനിക്കൂനി വരുന്നു. കാഴ്ചയും കുറഞ്ഞു കുറഞ്ഞു വരികയാണ്. തെങ്ങിലെത്ര പച്ചപ്പട്ടയുണ്ട്, വെട്ടാനുള്ള കൊതുമ്പെത്രയുണ്ട്. കോഞ്ഞാട്ട, കൊഴിഞ്ഞില്, മച്ചിങ്ങ, കരിക്ക്, ഇളനീര്, തേങ്ങ വെളഞ്ഞതും വെളയാത്തതും -ഈ കണക്കെല്ലാം ഹൃദയത്തിലാണ്. കണക്കു സൂക്ഷിക്കാൻ കണ്ണു വേണ്ട, ഓർമ്മകളുടെ മധുരം നുണയാൻ നാവും.

ഇപ്പൊ അതല്ല കാര്യം. കുറ്റിയടിച്ച് കയറ് പാകിപ്പോയിരിക്കുന്നു. ചിണ്ടനില്ല. പിള്ളേരെവിടെയോ എന്തോ? അല്ലെങ്കിലും അവർക്കിതൊന്നും വേണ്ട. ഒരു ചമ്പത്തെങ്ങ് പോയാൽ അവർക്കെന്ത്? അമ്പലത്തിലേക്ക് അതിലേ ഒരു വഴീണ്ട്. കാടും പടലും കേറി, ഉണ്ടെന്നു തോന്നാതെ കെടക്കണ ഒരു വഴി. ഇപ്പൊ ആ വഴി തൊറക്കാൻ പോണു. ഉത്സവക്കാലത്ത് ഇനി ആന ഇതിലേ പോണത്രേ.

ചിണ്ടത്തി ഇതുവരെ ആ ക്ഷേത്രത്തിൽ പോയിട്ടില്ല. ആരും തടസ്സപ്പെടുത്തിയതുകൊണ്ടല്ല. അവിടെയാണോ തെയ്വമുള്ളത്? വീട്ടിൽ നിന്നു പുറത്തു പോകാത്തതിനാലാവാം, അതുപോലെയൊന്ന് മുമ്പ് കണ്ടിട്ടില്ല. ക്ഷേത്രമെന്നാണതിനെ പറയുന്നത്. വലിയ മതിലും അതിനും മീതെ ഉയർന്നു കാണുന്ന അകത്തെ കെട്ടിടവും കൂടിയതാണ് ആ ക്ഷേത്രം. മുമ്പ് ജയിൽപ്പടി വഴി വിയ്യൂര് പാടത്തയ്ക്ക് പണിക്കു പോവാറുണ്ട്, അമ്മയ്ക്കൊപ്പം. അപ്പൊ പൊറത്തു നിന്നു കാണാറുള്ള ജയിലും ഇവ്ടത്തെ ക്ഷേത്രവും തമ്മിൽ ഒരു വ്യത്യാസവുമില്ല. വലിയ മതിലും അതിനു മീതെ ഉയർന്നു കാണുന്ന കെട്ടിടവും തന്നെ രണ്ടിടത്തും.

തെങ്ങിന് പ്രായായി.ആയുസ്സധികല്ല്യ. അതു മുറിച്ചിട്ടേള്ളൂ, വേറെ കാര്യം ന്നാണ്. ഭൂമിയിൽ ഒരു ചമ്പത്തെങ്ങിനെന്തുണ്ട് കാര്യം?

അതങ്ങനെയാവാൻ വയ്യലോ. തെങ്ങിന് പനീണ്ടോ, ജലദോഷണ്ടോ എന്നന്വേഷിക്കുകയും സന്ധ്യക്ക് കടുകും മുളകും ഉഴിഞ്ഞെറിയുകയും ചെയ്തു പോന്നയാൾക്ക് അതു ചമ്പയായാലും ചെറുപ്പം തന്നെ. ഓരോ കേറ്റത്തിനും കൊറഞ്ഞതു നൂറു തേങ്ങയെന്നാ കണക്ക്. കൊറഞ്ഞാ, ചിണ്ടത്തി മണ്ടേൽക്ക് നോക്കി തെങ്ങിനെ വിളിക്കും. സൂക്കേടുവന്ന് എല വാടിത്തൊടങ്ങ്യാ വെളുത്തുള്ളി ചതച്ചതും പൊകലീം വെള്ളത്തിലിട്ടു വച്ചു്, ചിണ്ടനെക്കൊണ്ട് തെങ്ങിൻ മണ്ടേല് ആ വെള്ളം ഊറ്റിയെടുത്ത് തളിപ്പിക്കും.

തെങ്ങിനു വളമാവുമെന്നു തോന്നിയാൽ വഴീന്നു കിട്ടണതൊക്കെ ചിണ്ടത്തി എടുത്തോണ്ടു പോരും. ആട്ടിൻകാട്ടം, കോഴിക്കാട്ടം, ശീമക്കൊന്നേടെ എല, ചാണം, അങ്ങനെയെന്തും. തെങ്ങിൻതടം കണ്ടാ കൊത്യാവും. അതിന്റെ കടയ്ക്കെ തെങ്ങിനാവശ്യല്ലാത്തതൊന്നും പാടില്യാന്നാ. വെള്ളത്തിന്റെ കാര്യത്തിലും ചില ചിട്ടകളുണ്ട്. അഴുക്കു കലർന്ന വെള്ളം പാടില്ല. മാലിന്യം കലർന്ന് കൊഴുത്ത വെള്ളം പാടില്ല. തെങ്ങിൻ പള്ളേല്, എച്ചിലുകൊണ്ടന്നിടാൻ പാടില്ല. എന്തിനധികം, കുട്ട്യോൾക്ക് കളിക്കാൻ വരെ തെങ്ങിൻ ചോട് അനുവദിച്ചു കൊടുക്കാൻ സമ്മതായിരുന്നില്ല, ചിണ്ടത്തിക്ക്.

ഇങ്ങനൊരു ചിണ്ടത്തി എന്നാണെങ്കിൽ പേരിനെച്ചൊല്ലിയും ചിണ്ടത്തി തർക്കം പറയും. തെയ്വങ്ങടെ പേര് പാടില്ലാത്തോണ്ടാ. അല്ലെങ്ങെ പാർവതീന്നോ രാധാന്നോ തനിക്കു പേരിട്ടേനെ. എന്നാലും ചിണ്ടത്തി അത്ര മോശം പേരല്ല. ചിണ്ടൻന്നു പേരുള്ളാളല്ലേ വേട്ടത്. ഭാഗ്യം തന്ന്യാ. ഒരു തെങ്ങ്ളള വീട്ടിൽക്ക് വരാനൊത്തതും ഭാഗ്യാ.

പറഞ്ഞിട്ടെന്താ, ആ ഒരു തെങ്ങാ ക്ഷേത്രത്തിൽക്ക് ആനേ നടത്തിക്കാൻ, മുറിക്കാൻ കണ്ടേക്കണേ. ആരെങ്കിലും സമ്മതിച്ചു കൊടുക്കോ? ഒരൂസങ്ങ്ട്ട് പോണം. ജയിലിന്റന്തീള്ള ക്ഷേത്രത്തില് തെയ്വണ്ടോന്നറിയണം. ഒരു തേങ്ങാക്കൊത്തിന് അഞ്ച് പൈസ വെലേള്ളപ്പൊ അതു വാങ്ങാൻ പാങ്ങില്യാണ്ട് കഴിഞ്ഞോരാ, അറിയ്യോ, വല്യേ ആനേള്ള തെയ്വത്തിനറ്യോ? ആനക്കിതിലേ തന്നെ വഴി നടക്കണം പോലും. ത്ഫൂ…….

ചിണ്ടൻ ഇല്യാത്തതു കഷ്ടായി. നാലു നാള്യേരം വിറ്റ കാശ് കൊടുത്താ കള്ളുകുടിച്ച് അവര്ടെ തെയ്വത്തിന്റെ നടയ്ക്കെ ചെന്ന് നാലു തെറി വിളിച്ചേനെ. പിന്നെ വരല്യ അവളാര് ആനക്കാര്യോം പറഞ്ഞ്. ഭാഗ്യല്യാണ്ടു പോയില്ലേ? കള്ള് കുടിക്കാൻ നാള്യേരം കൊട്ക്കാന്നു പറഞ്ഞാ ചിണ്ടനതെത്ര സന്തോഷായേനെ. തെയ്വത്തിനെ ചീത്ത വിളിക്ക്യാച്ചാ പറയാനൂല്ല്യ. എന്തൂട്ട് തേങ്ങടെ മൂടാ, തെയ്വം നമക്ക് തന്നേ, എന്നാ എപ്പഴും പറയാറ്. ഒന്നും കിട്ടാണ്ടന്നെ പണ്ടാറടങ്ങേം ചീതു.

പഴേ കത്യാ, ചെറുപ്പത്തിലെ. തെളിച്ചു പറഞ്ഞാ കല്യാണം കഴിഞ്ഞപ്പഴത്തെ. ചിണ്ടനറിഞ്ഞാ മ്മ്ളെ കൊന്നേനെ. കൊന്നോട്ടേന്നാ വിചാരിച്ചേ. അങ്ങനെ ചാവ്ണോണ്ടെന്താ കൊഴപ്പം. ചിണ്ടനവകാശണ്ട്, ചിണ്ടത്ത്യേ കൊല്ലാൻ. തെറ്റീദ്ട്ടല്ലേ. വീട്ടിലിയ്ക്ക് കേറ്റി കൊണ്ടന്നേന്റെ എഴാം പക്കം അങ്ങനൊരാശ തോന്നാമ്പാടുണ്ടോ? ഇല്ല്യ. ചിണ്ടത്തിയ്ക്കതറിയാം. ന്നാലും ഒരൂസം ആ തെങ്ങിനെ ഉമ്മ വയ്ക്കണം. ആര്വറിയാണ്ടെ വേണം. കെട്ടിപ്പിടിച്ച് തുരുതുരാ ഉമ്മ വയ്ക്കണം. അതു കഴ്ഞ്ഞിട്ടു കൊന്നോട്ടേന്നാര്ന്നു. തെങ്ങ് കൊതിപ്പിക്ക്യന്ന്യാ. ഇവ്ടെ വന്നേപ്പിന്നെ വേറൊന്നിനോടും ഇത്വരെ ഇങ്ങനെ പൂതീണ്ടായിട്ട് ല്ല്യ. മാങ്ങാച്ചമ്മന്തി വേണ്ട. മുതരപ്പുഴ്ക്ക് വേണ്ട. വെള്ളം ഊറ്റിക്കുടിച്ചു ചോറാക്കി ഉച്ചക്ക് കഴിക്കണ്ട. വൈന്നേരത്തെ കടും ചായേല്ക്ക് വറത്ത അരിമണീം വേണ്ട. അപ്പറത്തതാ നിക്ക്ണു ഒന്നിനെക്കോണം പോന്ന തെങ്ങ്. വിടർന്ന പൂക്കൊല ഇളം മഞ്ഞ നെറത്തിൽ കാറ്റിലൊലഞ്ഞങ്ങനെ നിക്കും. മണി മണിയായി പിന്നിലിക്കു തല ചാച്ച് പച്ചമഞ്ഞ മച്ചിങ്ങകൾ. പെറന്നൊടനീള്ള കുരുന്നിനെപ്പോലെ കഴുത്ത് നീർത്താനോ ഒക്കത്തിരിക്കാനോ പറ്റാത്ത കുരുത്തോലകൾ. മൂളിപ്പാട്ടോടെ പച്ചോലക്കൈകൾ ഇക്കിളി കൂട്ടാൻ വരുമ്പോൾ നെഞ്ചുവിരിച്ച് നിന്നിടത്തൂന്നനങ്ങാതെ കറുകറുത്ത ചിണ്ടൻ തടി. പൂതിയോടെ ചിണ്ടത്തി അരികു ചേർന്നു നിൽക്കും. ഉമ്മ വയ്ക്കില്ല. ആരേലും കണ്ടു വന്നാലോ.

പാത്തിക്കിരി തൊടക്കനെ പറഞ്ഞതേയ് എന്തു പന്യാന്നറീല്യാന്നാ. ആശ്വത്രിക്കെടെക്കേല് ചിണ്ടൻ ചെലപ്പൊ വില്ലു വളേണപോലെ വളയും. ചിണ്ടത്തിക്കു പിടിച്ചാ കിട്ടല്യ. ചെലപ്പൊ ചിണ്ടത്തി പോയി വെള്ളക്കുപ്പായട്ട പെമ്പ്രന്നോത്ത്യേ വിളിച്ചോണ്ട് രും. ആശ്വത്രിക്കാർക്ക് ഒടൂല് എന്താ ചെയ്യണ്ടേന്നറിഞ്ഞൂടാണ്ടായി. ഒന്നും കഴിക്കാണ്ട്വായിപ്പൊ എളനീം വെള്ളം കൊട്ക്കാൻ പറഞ്ഞു. ചിണ്ടത്തി ഓടി, വീട്ടിൽക്ക്. പാകത്തിന് ള്ളത് ഏഴെണ്ണണ്ട്. തെങ്ങിൻതടീമെ കൈ ചുരുട്ടി ഇടിച്ചും വിമ്മിക്കരഞ്ഞും ചിണ്ടത്തി കൊറച്ച്യേരം നിന്നു. പിന്നെ, കത്ത്യോണ്ട് തൊട്ടുതലോടി സമ്മതം പറയിച്ചു. ആളെ കേറ്റി ഏഴും നെലത്തു വീഴാണ്ട് കെട്ട്യെറക്കി. പിന്നെ മരുന്നും വേണ്ട മന്ത്റോം വേണ്ടാന്നായി. എളനീം വെള്ളം മാത്രം. രണ്ടാമതും മൂന്നാമതും വെള്ള ള്ളതു നോക്കി ഇടീച്ചു. ഏഴൂസം. പനി പമ്പ കടന്നു. ആള് കട്ടലേ എഴ്ന്നേറ്റിരുന്ന് ചിരിച്ചു. കോഞ്ഞാട്ട പോല്യായീച്ചാലും പൂക്കൊലയെ പൊതിഞ്ഞു നിക്ക്ണ പച്ചക്കൊതുമ്പ് പോലെ മുഖത്തിനു പ്രസരിപ്പുണ്ടായിരുന്നു.

അന്നൊരൂസം, വള്ളിക്കുട്ടി വന്നു വിളിച്ചത് എന്നെങ്കിലും ഓർമ്മേന്ന് പൂവോ? പാവം വള്ളിക്കുട്ടി. അവൾടെ മോളുട്ടി ചാലില് വീണാ ചത്തത്. ആരോ കൊന്ന് ചാലിലെറിഞ്ഞതാന്നും കേട്ടേർന്നു. പത്തു നാല്പതു വയസ്സ്ള്ള പെണ്ണൊര്ത്തി വെറ്തേങ്ങനെ ചാവോ? വെഷ്മാ. ഏഴു കഴിഞ്ഞന്നാ, വെളുപ്പിന് സങ്കടോം പറച്ചില്വായി വള്ളിക്കുട്ടി ഓടിവന്നേ. എഴൂസം കൊണ്ട് അവളെത്ര്യാ ശോഷിച്ചേ. അങ്ങ്ടില്യാണ്ടായി. ഓർക്കുമ്പൊ ഇപ്പഴും സങ്കടാ. ചിണ്ടത്ത്യേ, പുണ്യാഹത്തിന് എളനീം വെള്ളം വേണടി മോളേ, ഒന്നു സഹായിക്കട്യേ, മ്മ്ടോടെ തെങ്ങില്ല്യാണ്ടല്ലേ, ഒരെളനീരിട്ടു താ മോളേ.

അന്ന് ചിണ്ടൻ വെളുപ്പിനന്നെ എണീറ്റ് മൂടും തട്ടി പോയേർന്നു. എവ്ടയ്ക്കോ എന്തോ? ആലോചിച്ചു നിക്കാനെടേല്ല്യ. എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ പറ്റ്ണ കാര്യാണോ? മൊളങ്കമ്പുകള് ഏച്ചുകൂട്ടി തോട്ടി പോലൊന്നുണ്ടാക്കി.വെളഞ്ഞതും എളനീരും കരിക്കുമൊക്കെ ചിണ്ടത്തിക്ക് വേണ്ട പോലറിയാം. ഏച്ചൂട്ടിയതൊക്കെ വേർപെട്ട് തോട്ടി പലതായി പിരിയും മുമ്പ് ചിണ്ടത്തി അതെടുത്തുയർത്തിയതും കവിണി ഒരു കുലയിലേക്കു ചേർത്തതും കുലയിൽ നിന്ന് ഒരു ഇളനീർ അടർത്തിമാറ്റിയതും ഒറ്റ കെതപ്പിനു കഴിഞ്ഞു. വള്ളിക്കുട്ടി താഴെ വീണ ഇളനീരെടുത്ത് പ്രാഞ്ചി പ്രാഞ്ചി നടന്നു പോയി. ചിണ്ടത്തി ആശ്വാസത്തോടെ അവളുടെ പോക്ക് കണ്ടു നിന്നു. അങ്ങനെ ചിണ്ടത്തീടെ തെങ്ങ് ഒരു കണക്കിന് ഭാഗ്യം ചെയ്തോനായി.

കെട്ട് നെറ്യായാ ആധീട്ത്തോടും, ചിണ്ടത്തി. എന്താന്നോ. സാമ്യാര് ചമ്രം പടീട്ടിരുന്ന് കത്തിമൊനോണ്ട് നാളികേരക്കണ്ണു തൊരന്ന് വെള്ളം കളേം. ന്നട്ട് നെയ്യൊഴിച്ച് കണ്ണ് മൂടും. അരക്ക് വയ്ക്കും. ആ തേങ്ങ്യാ മലയ്ക്ക് കെട്ടില് വച്ച് കൊണ്ടോവ്വാ.ആ നേരത്ത് തെങ്ങില് തേങ്ങീല്ലിങ്ങിലോ? വല്ലോര്ടേം തേങ്ങ കാശിനു വേടിച്ച് മലയ്ക്കു കൊടുത്തയച്ചിട്ടെന്താ? ഒരു കാര്യോ ല്ല്യ.

തെങ്ങിൻ തടത്തിലെറങ്ങി നിന്ന് മോളിലിക്ക് നോക്കി ചിണ്ടത്തി വിളിച്ചു കൂവും.വേണ്ടേലധികം തിന്നാൻ തരണതെന്തിനാ? കുടുമ്മത്തൊരു കാര്യം വരുമ്പൊ ഒപകാരപ്പെടണ്ടേ? കുടുമ്മക്കാരനെ നോക്കണേക്കാൾ നന്നായിട്ടല്ലേ ചിണ്ടത്തി നോക്കണേ? കെട്ട് നെറക്കാൻ ഞാനെവ്ട്യാ തേങ്ങ തപ്പി പ്പോണ്ടേ?

നൂറു നൂറ്റമ്പതെണ്ണം കൊല്യോടെ കെട്ട്യെറക്കുമ്പൊ ഓർക്കണാര്ന്നു എന്നോ മറ്റോ തെങ്ങ് തിരിച്ചു ചോദിച്ചാ ചിണ്ടത്തീടെ നാവെറങ്ങിപ്പോവും. മൊഖം കീഴ്പട്ടാക്കി ഒന്നു പിറുപിറുക്കാൻ വരെ പറ്റാണ്ട് മാറിപ്പോരും.

ശര്യല്ലേ, തെങ്ങിനെ പറഞ്ഞിട്ടെന്താ?

ചിണ്ടൻ ഇല്യാത്തതു കഷ്ടായി. നാലു നാള്യേരം വിറ്റ കാശ് കൊടുത്താ കള്ളുകുടിച്ച് അവര്ടെ തെയ്വത്തിന്റെ നടയ്ക്കെ ചെന്ന് നാലു തെറി വിളിച്ചേനെ. പിന്നെ വരല്യ അവളാര് ആനക്കാര്യോം പറഞ്ഞ്. ഭാഗ്യല്യാണ്ടു പോയില്ലേ? കള്ള് കുടിക്കാൻ നാള്യേരം കൊട്ക്കാന്നു പറഞ്ഞാ ചിണ്ടനതെത്ര സന്തോഷായേനെ. തെയ്വത്തിനെ ചീത്ത വിളിക്ക്യാച്ചാ പറയാനൂല്ല്യ. എന്തൂട്ട് തേങ്ങടെ മൂടാ, തെയ്വം നമക്ക് തന്നേ, എന്നാ എപ്പഴും പറയാറ്. ഒന്നും കിട്ടാണ്ടന്നെ പണ്ടാറടങ്ങേം ചീതു.

ആ ഒറ്റത്തെങ്ങിന്റെ ഓല മെടഞ്ഞുണ്ടാക്കി,ഉമ്മറത്ത് മൊളന്തൂണു കുഴിച്ചിട്ട് ചെറ്ങ്ങനെ പരത്തി ക്കെട്ടിയ പന്തലല്ലേ കെട്ട് നെറക്ക്? പന്തലിന്റെ നാലു പൊറോം അരങ്ങിടാൻ കുരുത്തോല മൂന്നു പട്ട്യല്ലേ വെട്ടീത്? എന്താ പറേണ്ടേ, പൊരയ്ക്കിത്ര ചന്തണ്ടായത് ആ പന്തലും കുരുത്തോലേം വന്നപ്പഴല്ലേ.ചിണ്ടൻ കുത്തിര്ന്ന് കെട്ടു നെറേടെ തെരക്കിലും കുട്ട്യോൾക്ക് തത്തേം പന്ത്വൊക്കെ ണ്ടാക്കും. തെങ്ങിനെന്താ സന്തോഷം. ഒക്കെ ഞാൻ തന്നതല്ലേ എന്നൊരു ഭാവം. പലതരത്തിലായി തെങ്ങ് പൊരയ്ക്കകത്തും പൊറത്തും നെറയണ ദിവ്സാ അത്. അവ് ല് നേദ്യത്തിലും പൂവടേലും കാലത്തെ ഉപ്പ്മാവിലും ഒക്കേണ്ടാവും അന്ന് നാളികേരം. കെട്ട് നെറച്ചു മലചവ് ട്ടാൻ പൊറപ്പെടുമ്പൊ മുറ്റത്തൊരു കരിങ്കല്ല് വച്ചിട്ടുണ്ടാവും. കുട്ട്യോളൊക്കെ കാത്തു നിക്കും. ആ നേരത്ത് അവരുടെ ഉളളാകെ തെളച്ച് മറിയ്ണ് ണ്ടാവും. സ്വാമിമാർ ഓരോരുത്തരായി പൊറത്തേക്കെറങ്ങുന്നതിനു മുമ്പ് വലതു കൈയിലെ നാളികേരം കരിങ്കല്ലിൽ എറിഞ്ഞൊടയ്ക്കും. മിടുക്കുള്ള കുട്ടികൾ അതു പെറുക്കിയെടുക്കും. ചെലർക്കു കിട്ടും. ചെലർക്കധികം കിട്ടും. ഈ കാഴ്ച കണ്ട് തെങ്ങിന്റേം ഉള്ള് പെടയ്ക്കും. ഇപ്പൊ ചിണ്ടനില്ല. കെട്ടു നെറേല്ല്യ. തെങ്ങിനെ കയറു കെട്ടിത്തിരിച്ച് കൊല്ലാൻ മാറ്റി നിർത്തീരിക്ക്ണു.

ചിണ്ടത്തി കുളിച്ച് തയ്യാറായി. അട്ക്കളേച്ചെന്ന് തീക്കൂട്ടി. പുത്യേ പാദ്യേംപൊറം. സിമന്റിട്ട അടുപ്പ്. പൊക മുഴോൻ വീടിന്റെ മോളീക്കൂടി ആകാശത്തക്ക് ചുരുളു ചുരുളായി പോയ് മറയും. ചിണ്ടൻ പറയ് യാ സ്വർഗ്ഗത്തിലിക്ക് വഴികാട്ട് ണ പണ്യാ അടുക്കളേന്നെറങ്ങണ പൊകയ്ക്ക്ന്നാ. ശര്യാവും.വീട്ടീന്ന് പൊറത്തെറങ്ങ്യാ എവ്ടേം തങ്ങാണ്ട് ഒറ്റ പോക്കല്ലേ. സ്വർഗ്ഗത്തിലേക്കന്ന്യാവും. സ്വർഗ്ഗ ണ്ടേരിക്കും. ഓരോര്ത്തര്ടെ മനസ്സോരോ തരല്ലേ. മേഷ് ട്റ് പറഞ്ഞാലും വിശ്വസിക്കണ്ടാന്നാ പണ്ടേക്കുപണ്ടേ അച്ഛ പറഞ്ഞേർന്നത്. സ്വർഗ്ഗോം നരകോം രണ്ടായിട്ടില്ല്യ. വീടന്ന്യാ സ്വർഗ്ഗം. അതന്ന്യാ നരകോം. തല്ലൂടുമ്പഴും ചട്ടീം കലോം എറിഞ്ഞൊടക്കുമ്പഴും നരകം. കളീം ചിര്യായിട്ട് ഒന്നിച്ചിരിക്ക്യേം നല്ലതെന്തേലും സമാധാനായിട്ട് കഴിക്ക്യേം ചെയ്യുമ്പൊ സ്വർഗ്ഗം. അച്ഛ ഒരു കമ്മൂണിസ്റ്റാർന്നു.തനി ചോപ്പ്. അങ്ങനത്താൾള് ഇപ്പഴൂണ്ടാവും. അവര്ടെ വീടൊക്കെ സ്വർഗ്ഗന്നെ. ആരേം പേടീല്ല്യാത്ത ഒരു കരിമുട്ട്യായ്രുന്നു അച്ഛ. അച്ഛേണ്ടാർ ന്നങ്ങെ അമ്പലത്തില്ക്ക് വഴീന്ന് പറഞ്ഞ് പാക്യേ കയറൊക്കെ വലിച്ചു ചുരുട്ടി അട്പ്പീ തള്ള്യേനെ. ആ കാലൊക്കെ പോയി. മക്കൾക്കൊന്നും ഒരു വീറില്ല്യ. ഇന്യെന്നാ പ്രാപ്തീണ്ടാവ്ആ.

അട്പ്പ് പൊകയ്ണ്. ഓരോന്നു വിചാരിച്ചിര്ന്ന് നേരം പോയി. സിമൻറിട്ട പുത്യേ അടുപ്പ് ചിണ്ടത്തിക്ക് എണങ്ങീട്ട്ല്യ. നെലത്തിര്ന്ന് ഊതലാര്ന്നു മുമ്പ്. പിള്ളേരത് പൊളിച്ച് ഉയർത്തി ക്കെട്ടി. ഇപ്പൊ ഇരുന്നു കത്തിക്കാൻ പറ്റില്ല്യ. നിക്കണം. ന്നാലും പഴേ അടുപ്പു പോല്യല്ല. കത്തിപ്പിടിച്ചാ കൊറച്ച്യേരം അട്ത്ത്ണ്ടായില്ലേലും കത്തിക്കോളും. കാര്യെന്തൊക്യാ യാലും പിള്ളേര്ക്കതിനൊക്കെ വകതിരിവ് ണ്ട്. പണിക്കാരെ വിളിച്ചോണ്ടന്ന് പുത്യേ അട്പ്പ് ണ്ടാക്കീല്ല്യേ?

കാലത്തയ്ക്കിള്ളതൊക്കെ ണ്ടാക്കി വയ്ക്കാന്നേള്ളൂ. തിന്നാനാരൂല്യ. ചിണ്ടത്തി ഉച്ച്യാവാതെ ഒന്നും കഴിക്കില്ല്യ. കെഴുക്കോറത്തെ ചവിട്ടുമ്മന്ന് വെയില് താഴോട്ടെറങ്ങണം. അതാ ചിണ്ടത്തീടെ നേരം. ഏതെങ്കിലും കുട്ട്യോള് വന്നാ വല്ലതും കൊടുക്കാലോച്ച്ട്ടാ കാലത്തന്നെ ണ്ടാക്കണേ. ഇന്ന് വരും. കുട്ട്യോളൊക്കെക്കൂടി വരാന്നു പറഞ്ഞ്ട്ട്ണ്ട്. കൊണ്ട്വട്ക്കണ പുത്യൊരു ഫോൺ യന്ത്രം അവര്ടേല്ണ്ട്. അതു കൊണ്ടോരും. കൊണ്ടോരുന്നല്ല. അവര് ദേ വന്നു. ദേ കേക്ക്ണു, പാട്ടും ബഹളോം.

മുത്ത്യേ മുത്ത്യേ ഞങ്ങ്ള് വന്നേ
ഞങ്ങള് വന്നേ ഞങ്ങള് വന്നേ
ഫോൺ കൊണ്ടന്നേ ഫോൺ കൊണ്ടന്നേ
നമ്മക്കിന്നിനി വിളിയൊടുവിളിയാം

അല്ലേലും ഇപ്പൾത്തെ കുട്ട്യോൾക്ക് മടീണ്ടോ പേടീണ്ടോ? എന്തിനും പോന്നോരാ.കയ്യാങ്കളീല്ല്യാണ്ട് കാര്യം നടന്നാ മത്യാർന്നു.
പഞ്ചായത്ത് പ്രസിഡണ്ട്, എം.എൽ.എ., കൃഷി മന്ത്രി ഇവര്ട്യൊ ക്കെ നമ്പറ്ണ്ട്. അപ്പൊ നമ്മക്ക് വിളിക്കാം മുത്ത്യേ.
അല്ല മക്കളേ മരിച്ചോരേം വിളിക്കാമ്പറ്റ്വോ. അതും നടക്കുമെന്ന വിചാരത്തോടെ ചിണ്ടത്തി ചോദിച്ചു. അങ്ങനെയൊരു ചോദ്യത്തിൽ തട്ടിമറിഞ്ഞ് കുട്ടികൾ കൂട്ടച്ചിരിയായി. അവർ മുഖത്തോടു മുഖം നോക്കി ചിരിക്കാൻ തൊടങ്ങി. എഴുന്നേറ്റു നിന്നു ചിലർ. നെലത്തു വീണുരുണ്ടു ചിലർ. അവരങ്ങനെ ചിരിച്ചാർത്തു. ചിണ്ടത്തീടെ മുഖത്തു നോക്കിയാൽ അവരിൽ ചിരി പൊട്ടുമെന്ന നില വന്നു.

പോഴത്തമായിപ്പോയെന്ന് ചിണ്ടത്തിക്കു തോന്നി. ചിണ്ടത്തി വിചാരിച്ചത് ചിണ്ടനെ ഒന്നു വിളിക്കാൻ കഴിഞ്ഞാൽ എളുപ്പത്തിൽ തെങ്ങിന്റെ കാര്യത്തിൽ ഒരു തീരുമാനമായേനെയെന്നാണ്. തെയ്വത്തെ കാണല് പണ്ടേള്ളതാ. മരിച്ചവരുടെ ആത്മാക്കളെ വിളിച്ചുരുത്തണേനെപ്പറ്റി കുട്ട്യോൾക്കറിഞ്ഞൂടാ. ഈ യന്ത്രം മനസ്സു വച്ചാൽ അത് എളുപ്പം നടക്ക്വാരിക്കും. എന്നാൽ കുട്ട്യോൾക്കതറിഞ്ഞൂടാ. അവ്റ്റങ്ങളോട് പെണങ്ങീട്ടെന്താ കാര്യം? പെണങ്ങണ്ട. ചിരി കഴിഞ്ഞിട്ട് അവരെന്താ കാട്ടണേന്ന് നോക്കാം.

കുട്ടികൾക്കും സംശയമായി. മുത്തിക്കു ഫോൺ കൊടുത്താൽ ഏതോ ആത്മാവിനോടെന്നപോലെ സംസാരിച്ചാലോ? നാണക്കേടാവും. ചിരി മാഞ്ഞിട്ടും അവർ ചിരിയുടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നത് അതുകൊണ്ടാണ്. പിന്നെ അവരിലൊരാളുടെ ഉള്ളിൽ പുതിയൊരു മൊട്ടു വിടർന്നു. തമ്മിൽ തമ്മിൽ അവർ ചെവി കടിച്ചു. തീരുമാനമായി. മുത്തിയോടു പറയാതെത്തന്നെ അവരുടെ നേതാവ് തകുക്കു മുണ്ടൻ അല്പം മാറി നിന്ന് ഫോൺ കടിച്ചു തിന്നാൻ തുടങ്ങി. ആദ്യം കയ്പ്പക്ക പോലെയും പിന്നെ മുഴുത്ത ചക്കരമാമ്പഴം പോലെയും അവനത് തിന്നുകൊണ്ടിരുന്നു. കാര്യം ശുഭം. മുത്ത്യേ ആൾക്കാര് വരും. ഞങ്ങളൊന്നും ചെയ്യണ്ടാന്ന്. അവര് വേണ്ടത് വേണ്ടതു പോലെ ചെയ്തോളാന്ന്. അവ്ടീവ്ടീം നാലഞ്ച് പോസ്റ്ററെഴുതി പതിയ്ക്കണം. അതു ഞങ്ങളേറ്റു. ന്നാ പോരേ. കുട്ടി നേതാവ് കോമരമായി. മുത്തിയെ അനുഗ്രഹിച്ചു.

അങ്ങനെ വലിയൊരു ദൗത്യം പൂർത്തീകരിച്ച് കുട്ടിപ്പട മടങ്ങിപ്പോയി. ചിണ്ടത്തിക്ക് ഉള്ളിൽ ആധി കേറാൻ തുടങ്ങി. പുലിവാലാവ്വോ, അവരൊക്കെ വന്നു കൂടി പെരേം കൂടി പൊളിച്ചുമാറ്റ്യാലോ. പിള്ളേരുകൂട്ടം ആരോടൊക്ക്യാ വിളിച്ചു പറഞ്ഞേക്കണതാവോ? അവർ പടിഞ്ഞാറേ വാതിലടച്ച് പെരേടെ പിൻഭാഗത്തെ മുറ്റത്തേക്കു വന്നു. അല്പനേരം തെങ്ങിൻ ചോട്ടിൽ ചെന്നു നിന്നു.

 

തെങ്ങ് കളയാൻ പറ്റില്യ. ആരേ വിളിച്ചാലും വേണ്ടില്ല്യ. പേടിച്ചിട്ടെന്താ? ആൾള് കൂട്യോട്ടെ. എന്താച്ചാ പറഞ്ഞോട്ടെ. തെങ്ങ് വെട്ടി വഴീണ്ടാക്കണത്രേ. പറ്റ്ല്യ. ചോയ്ക്കാനും പറ്യാനും ആളില്യാന്നു കര്തീട്ടാ? സമ്മതിച്ചു കൊട്ക്ക്ല്യ. ങ്ങ്ട്ട് വരട്ടെ ആൾക്കാര്.

രാത്രിയിൽ ഒറങ്ങാൻ കെടന്നപ്പൊ പതിവില്ലാതെ മക്കളെക്കുറിച്ച് ആലോചിക്കാൻ തൊടങ്ങി. ഒരൂസം രാത്രി നേരെങ്കിലും വീട്ട്യേ വന്നൂടെ. ചിണ്ടത്തി ആലോയ് ച്ചിട്ടെന്താ, നടക്കാത്ത കാര്യാ. അവര് ചിണ്ടത്തിക്ക് തോന്നുമ്പഴല്ല, അവർക്ക് തോന്നുമ്പൊ മാത്രാ വര്വാ.
ചിണ്ടത്തി ഒറ്റക്കാന്ന്ള്ള തോന്നലവര്ക്ക് എപ്പഴേങ്കിലുണ്ടോ?
ചിണ്ടത്തി കണ്ണടച്ച് വിചാരങ്ങളെ മനസ്സിൽ മൂടിപ്പിടിക്കാൻ നോക്കി. കൈതോലക്കീറോണ്ട് തന്നത്താൻ നെയ്ത പായിൽ ഒരുവശം ചെരിഞ്ഞു കിടന്നു. കൈകൾ കാക്കൂട്ടിലേക്ക് തിരുകി.ദൂരെ ദൂരെ ഒരമ്പലത്തിനകത്ത് ബ്രാമണന്മാര് ഉപദ്രവിച്ചുപദ്രവിച്ച് കൊന്ന പെങ്കൊച്ചാണ് മനസ്സിലേക്കിപ്പോൾ കേറി വന്നത്. അവർ കണ്ണുകൾ ഇറുക്കിയടച്ചു. എപ്പോഴെങ്കിലും കണ്ണുതൊറക്കുമെന്ന വിചാരത്തിൽ പെങ്കൊച്ച് കൺമുന്നിൽ തന്നെ മാറാതെ നിന്നു. ചിണ്ടത്തിക്ക് ഒറങ്ങാനോ കണ്ണു തൊറക്കാനോ കഴിഞ്ഞില്ല. പതുക്കെപ്പതുക്കെ ആ പെങ്കൊച്ച് ഞരങ്ങാൻ തൊടങ്ങി. നീറിപ്പിടിക്കുന്ന വേദന ചിണ്ടത്തിയുടെ ശരീരത്തിൽ കേറിയിറങ്ങി. ആനക്കു കടന്നു പോകാൻ വഴിയുണ്ടാക്കുന്ന അതേ അമ്പലത്തിലാണ് ആ കുട്ടി കിടക്കുന്നതെന്നും അത് ഉറക്കെ കരയുകയാണെന്നും രക്ഷയ്ക്ക് അടുത്താരുമില്ലെന്നും അവർക്കു തോന്നി. രാവിലെ ഫോൺവിളിക്കായി വന്ന കുട്ടിസ്രാങ്കുകളുടെ കൂട്ടത്തിൽ ആ പെങ്കൊച്ചുമുണ്ടായിരുന്നതാണല്ലോ. അലറി വിളിക്കാനും എണീറ്റ്, മുമ്പൊരിക്കലും പോയിട്ടില്ലാത്ത ആ അമ്പലത്തിലേക്ക് ഓടിച്ചെല്ലാനും മോഹമുണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ഇരുട്ടിലേക്കു കൺതുറന്ന് യാതൊന്നും കാഴ്ചയിൽ വരാതെ വിയർത്തു കുളിച്ച് പായയും തലയിണയും വേറെയായി അവർ മലർന്നു കിടന്നു. ഉടുത്തമുണ്ടു പോലും പിണങ്ങിയിരുന്നു. മല്ലിന്റെ റൗക്ക കെട്ടഴിഞ്ഞ് ചിണ്ടത്തിയെ കളിയാക്കും വിധം സ്ഥാനം മാറിക്കിടന്നിരുന്നു. അല്പനേരം ഭീതിയുടെ ജലത്തിൽ ഒഴുകി നടന്നശേഷം അവർ ഉറക്കത്തിന്റെ ചാലിലേക്ക് വഴുതി വീണു.

ആ ഉറക്കം ചിണ്ടത്തിയുടെ ശരീരവും മനസ്സും തളർത്തി. ആത്മാക്കളെ വിളിച്ചു സംസാരിക്കുകയോ അവരെ വിളിച്ചിറക്കി താഴെ കൊണ്ടുവരികയോ ചെയ്യുന്നതിനു പകരം അവർ ആകാശസഞ്ചാരം ചെയ്യാൻ തുടങ്ങി. ഭൂതകാലത്തിൽ നിന്ന് ഒരു വെളുത്ത കാർ പുറത്തിറങ്ങുകയും അവരുടെ പുരയ്ക്കു ചുറ്റും അതിവേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു. ഉറക്കത്തിലാകയാൽ കാറിൽ നിന്ന് ഒഴിഞ്ഞു മാറാൻ അവരെക്കൊണ്ടായില്ല. പതുക്കെപ്പതുക്കെ കാറിന് വലിപ്പം വയ്ക്കുന്നത് തന്റെ മനസ്സൊറയ്ക്കായ്ക കൊണ്ടാവുമോ? ചിണ്ടത്തിക്ക് സംശയമായി. അത് വലുതാവുന്നു. പിന്നെയും വലുതാവുന്നു. ഊക്കൻ വിമാനമായി മാറുന്നു. അതിന്റെ ഉന്നം ചിണ്ടത്തിയോ ചിണ്ടത്തിയുടെ പുരയോ അല്ല. കണ്ടത്തിലെ കട്ടയുടയ്ക്കാനായി ചിണ്ടൻ നുകത്തിനു പിറകിലെ മരത്തിൽ കയറി നിൽക്കുകയാണ്. വാലിന്റെ കടയ്ക്കൽ ഇക്കിളിപ്പെടുത്തുമ്പോൾ കാളകൾ കണ്ടത്തിലെ വെള്ളത്തിലൂടെ ഓടുന്നു.അതേ വേഗം തന്നെയാണ് ഇപ്പോൾ വിമാനമായിത്തീർന്ന കാറിനും. വരമ്പു കേറിക്കടന്ന് കാളകൾ നുകവും വലിച്ച് അപ്പുറത്തെ കണ്ടത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ ചിണ്ടനു കാലു തെറ്റുന്നു. കാളുകളുടെ കുസൃതി കണ്ട് ചിരിയോടെ ചിണ്ടൻ നിലം പൊത്തുന്നു. അതു തന്നെ ഇവിടെയും. വിമാനത്തിന്റെ കുസൃതി നോക്കി ചിരിച്ചു നിൽക്കുകയായിരുന്നു, തെങ്ങ്. അതിന്റെ കഴുത്തിലാണ് മുന കൂർത്ത അമ്പു പോലെ വിമാനം ചെന്നു കേറിയത്. തെങ്ങിന്റെ തലയറ്റു വീണു. വിമാനം ആർക്കും പിടികൊടുക്കാതെ പക്ഷീന്ദ്രനെപ്പോലെ പറന്നു പോയോ? തീപിടിച്ച് തെങ്ങിൻ തടത്തിൽ തന്നെ വിമാനം വീണുവോ? ചിണ്ടത്തിയ്ക്കത് മനസ്സിലായില്ല. ചിണ്ടത്തി അപ്പോഴേക്കും ഉണർന്നു പോയി. എണീറ്റ ഉടനെ കിഴക്കേ വാതിൽ തുറന്ന് അവർ തെങ്ങിൻ ചോട്ടിലെത്തി. തലേന്നത്തെ വെണ്ണീറ് ഒരു കിണ്ണത്തിലെടുത്ത് തെങ്ങിനു നൽകി. അതിനെ തൊട്ടുതലോടി. സൂര്യൻ ഉദിച്ചു വന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. എന്നത്തേയും പോലെ തെങ്ങിന്റെ നിഴൽ പുരയെ കെട്ടിപ്പുണരാൻ വെമ്പൽ കൊള്ളുന്നത് വിടർന്ന കണ്ണുകളോടെ സൂര്യൻ കണ്ടു നിന്നു.

പതുക്കെപ്പതുക്കെ അവർ വേറെ ലോകങ്ങളിലേക്ക് ഒറ്റയ്ക്കു സഞ്ചരിക്കാൻ തുടങ്ങി. ഭൂതകാലം തെളിഞ്ഞു തെളിഞ്ഞു വന്നു. ഒല്ലൂപ്പള്ളിയുടെ കളി മൈതാനത്തിന്നരികെ കാട്ടൂക്കാരന്റെ വീട്. നാലഞ്ചേക്കർ പറമ്പിനകത്ത് ആ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊല്ലോം കൊല്ലോം വേലികെട്ടാനുള്ള ചൊമതല അച്ചക്ക്. എടവപ്പാതിക്കു മുമ്പേ പണി തീർക്കണം. മുളങ്കൂട്ടത്തിൽ നിന്ന് മുള്ള് വെട്ടിയൊതുക്കി കെട്ടുകളാക്കണം. വേലി കെട്ടാൻ തുടങ്ങുമ്പോൾ ആ വശ്യത്തിന് കെട്ടുകൾ എത്തിക്കണം.കുറ്റികളും എത്തിക്കണം. അച്ഛയ്ക്കൊപ്പം വേറെയും പണിക്കാരുണ്ടാകും. വെറുതെ വീട്ടിലിരിയ്ക്കണ്ടല്ലോന്നു കരുതി ചിണ്ടത്തിയേയും അച്ഛ കൂടെക്കൂട്ടി. പണി ചെയ്യാൻ മാത്രം പ്രയമാകാത്തതിനാൽ മുള്ളിൻ കെട്ടുകളും കുറ്റികളും എത്തിച്ചു കഴിഞ്ഞുള്ള സമയമെല്ലാം കിളികളെയും പൂക്കളെയും കണ്ട് സമയം പോക്കുകയാണവൾ ചെയ്തു പോന്നത്. കൊട്ടാരം പോലത്തെ വീടിനരികത്തു കിടന്ന വെള്ള കാറും അവൾ ശ്രദ്ധിച്ചിരുന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ അവൾ ആ കാറിനെ തൊട്ടു നോക്കുവാനും സമയം കണ്ടിരുന്നു. അലുമിനിയപ്പത്രത്തിൽ കൊണ്ടുവരുന്ന കഞ്ഞി ഉച്ചക്ക് പറമ്പിൽ തണലുള്ളിടത്തിരുന്ന് അവർ കുടിച്ചു. അപ്പോൾ ലോകകാര്യങ്ങൾ പങ്കുവച്ചു. അച്ഛ പള്ളിയുടെ മണിമാളിക ചൂണ്ടിക്കാട്ടിയപ്പോഴാണു് അതിന്റെ ഉയരവും ഭംഗിയും എത്രയെന്ന് അവളറിഞ്ഞത്. ഗോപുരവും വലിയ വാതിലും മതിൽക്കെട്ടും കനമുള്ള ചുമരും പള്ളിയെ അമ്പലം പോലെയാക്കിയിരുന്നു. അതിന് വാതിലേവേണ്ടെന്നു വച്ചത് നന്നായി. എപ്പഴും ആർക്കുവേണങ്കിലും അകത്തേക്കു ചെല്ലാമല്ലോ.

അച്ഛ തന്നെയാണ് മണിമാളികയുടെ പുരാണം പറഞ്ഞു തന്നത്. പറമ്പിലിരുന്ന് കഞ്ഞി മോന്തുന്നതിനിടയ്ക്കു തന്നെയായിരുന്നു അതും. ഈ മണി മാളിക്യോ, ഇത്രേം വല്ല്യദ് ലോകത്ത്ണ്ടാർന്നില്ല്യ, വേറെ. പറഞ്ഞിട്ടെന്താ? അസൂയോണ്ട് തകർത്തില്യേ. ഏതോ രാജ്യത്ത്ള്ളോര് വിമാനം ഇടിച്ചു കേറ്റീല്യേ. ഒറ്റ ഇട്യോണ്ട് എഴ് നെല്യാ പോയ്യേ. ബാക്കീളളതാ ഇപ്പഴത്തെ ഏഴ് നെല.

ആശ്ചര്യം കൊണ്ട് ഏഴാം നെലേടെ മുകളിലേക്ക് പത്തു പന്ത്രണ്ടു കണ്ണുകൾ ഒന്നിച്ച് പാഞ്ഞുചെന്നു. കഞ്ഞിപ്ലാവില വായിൽ നിന്നു മാറ്റാൻ അവർക്കു നേരം കിട്ടിയല്ല.

എന്നും ഒല്ലൂപ്പള്ളീടവ്ടെ പണീ ണ്ടാവ്ണന്നില്ല്യ. ഭരിക്കണോര്ക്കും അസൂയക്കാർക്കും നാനീംമൂനീല്യ. ബാക്കീള്ളതും കൂടി വിമാനം കൊണ്ടെന്നാ ഇടിച്ചിടണേന്നറീല്യ. രണ്ടു കണ്ണോണ്ടും ഇപ്പൊ നല്ലോണം കണ്ടോളേൻ.

കഞ്ഞീടെ കാര്യം മറന്ന് അച്ഛ പള്ളീടെ കളി മൈതാനത്തിനരികെ കാട്ടൂക്കാരന്റെ പറമ്പിലിരുന്ന് പറഞ്ഞോണ്ടിരുന്നു.

അച്ഛ മരിച്ചിട്ടന്നെ കാലം കൊറ്യായി. അന്നത്തെ വർത്താനങ്ങളുമായി അച്ഛ ചിണ്ടത്തീടെ രാത്രികളിലേക്ക് എത്താൻ തൊടങ്ങീര്ക്ക്യാ.

ഒറങ്ങാൻ പറ്റാത്ത രാത്രികളിലും അച്ഛ ഒരു തോർത്തു ചുറ്റി അകായിൽ കുന്തിച്ചിരുന്ന് ഇങ്ങനെയോരോന്നു പറയാറുണ്ടായിരുന്നു. ആർക്കും ചേദല്യാത്ത കാര്യങ്ങൾ.

ആ ഉറക്കം ചിണ്ടത്തിയുടെ ശരീരവും മനസ്സും തളർത്തി. ആത്മാക്കളെ വിളിച്ചു സംസാരിക്കുകയോ അവരെ വിളിച്ചിറക്കി താഴെ കൊണ്ടുവരികയോ ചെയ്യുന്നതിനു പകരം അവർ ആകാശസഞ്ചാരം ചെയ്യാൻ തുടങ്ങി. ഭൂതകാലത്തിൽ നിന്ന് ഒരു വെളുത്ത കാർ പുറത്തിറങ്ങുകയും അവരുടെ പുരയ്ക്കു ചുറ്റും അതിവേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു. ഉറക്കത്തിലാകയാൽ കാറിൽ നിന്ന് ഒഴിഞ്ഞു മാറാൻ അവരെക്കൊണ്ടായില്ല. പതുക്കെപ്പതുക്കെ കാറിന് വലിപ്പം വയ്ക്കുന്നത് തന്റെ മനസ്സൊറയ്ക്കായ്ക കൊണ്ടാവുമോ? ചിണ്ടത്തിക്ക് സംശയമായി. അത് വലുതാവുന്നു. പിന്നെയും വലുതാവുന്നു. ഊക്കൻ വിമാനമായി മാറുന്നു.

തേയ്ക്കായ്ത്ത കൽച്ചുമരിലെ ആയിരം തുളകളിൽ പടയാളികളെപ്പോലെ ഒളിച്ചു പാർക്കുന്ന മൂട്ടകൾ വെളക്കൂതുമ്പഴാ കൂട്ടത്തോടെ പായ് യ്ക്കടിയിലേക്ക് ഇരച്ചെത്തുക. പതുങ്ങിക്കിടന്ന് കുത്തി ചോരയൂറ്റും. ഉറക്കം ഞെട്ടുമ്പോൾ ഇരുട്ടിൽ എഴുന്നേറ്റിരുന്ന് അച്ഛ പുരാണം തുടങ്ങും. ചിണ്ടത്തി തീപ്പെട്ടി തപ്പിയെടുത്ത് വിളക്കു കത്തിക്കും. ചുമരിലെ ഒളിത്താവളം തേടി പായുന്ന മൂട്ടകളിൽ ചിലതിനെ ചിണ്ടത്തി വകവരുത്തും. കാര്യ ല്ല്യ മോളേ, ഒന്നിന് ആയിരായിട്ട് അവറ്റ നാളേം വരും. അവറ്റെക്കൊണ്ട് എന്തേലും പണിക്കു പറ്റണം. അല്ലേൽ അവറ്റേ തിന്നണോര് വേണം.

അങ്ങനെ പറയാറുള്ള അച്ഛ പോയി. ചുമരിൽ സിമൻറ് തേച്ചപ്പൊ നൂറും ആയിരോമായി മൂട്ടകളും ഏതോ ലോകത്തെത്തിച്ചേർന്നു. ഇപ്പൊ ചിണ്ടത്തീം തെങ്ങും മാത്രായി. പഴേ പാട്ടുകളൊക്കെ ചിണ്ടത്തീടെ ഉള്ളിലിണ്ട്. എന്താ കാര്യം! പാടാനറിഞ്ഞൂടാ. അല്ലെങ്ങെ പാട്ടു പാടി വെഷമങ്ങൾ തീർക്കാര്ന്നു.

തെങ്ങിൻ തടീം ചൊമരുപോല്യാ. അതിന് നെറയേ തൊളകളുണ്ട്.ചൊമരിൽ നിന്നെറങ്ങിയ മൂട്ടകളെല്ലാം അതിൽ ചെന്നു കേറീട്ട്ണ്ടോ ആവോ? ചെല നേരത്ത് തല ചെരിച്ചും ചാച്ചും അത് കാറ്റിനോടെന്തൊക്ക്യോ പറേണ കേക്കാം. വേദനകളാവും, മൂട്ട കടിക്കണേനെപ്പറ്റീം തലയെടുക്കാൻ വര്ണ വിമാനത്തെപ്പറ്റീമാവും. എന്താ ചെയ്യാ, ഒപ്പം ചാവാം വേണെങ്ങെ. അല്ലാണ്ടെന്താ? ചിണ്ടത്തിക്ക് വേറെന്താ ചിയ്യാൻ പറ്റ്വാ?

പഴയതെന്തൊക്കെയോ കാറ്റിൽ ഉള്ളിലേക്ക് അടിച്ചു കേറുന്നു. ചിണ്ടത്തിയുടെ കണ്ണ് മൂടുകയാണ്. കഞ്ഞിക്ക് വകീല്ല്യാണ്ട് എരന്ന് നടന്നണ്ട്.

അമ്രാളേ, നാഴ്യരി തര്വോ? നിവൃത്തില്യാത്തോണ്ടാ ചോയ്ക്കണേ? മുന്നൂസായി ന്റെ കുഞ്ഞിമക്കള് ഒരു വസ്തും കഴ്ച്ചിട്ട്ല്യ. വെറ്തെ മയങ്ങി കെട്പ്പാ. നിക്കാത്ത മഴേം. ന്റെ തെങ്ങുമന്ന് അടുത്ത മാസം നാള്യേരടുമ്പൊ മൂന്നു നാള്യേരം ബ്ടെ തന്നോളാം. നാഴ്യരി തര്വോ?

പിശാശുക്കൾ ചിണ്ടത്തീടെ ചുറ്റും നിന്ന് പഴേതോരോന്ന് ഓർമിപ്പിക്കുന്നു. തെങ്ങിന് കാറ്റുപിടിക്കുന്നു. പേടി ഇരുട്ടു പോലെ ചുറ്റിനും കട്ട പിടിച്ചു കഴിഞ്ഞു. നടക്കാൻ കാലിനു ബലല്ല്യ. തലയ്ക്കകത്ത് പിശാശുക്കൾ കൂടുകൂട്ടിയിരിക്കുന്നു. അവ വെളുത്ത കാറായും തലയറുക്കുന്ന വിമാനമായും ഒളിച്ചിരുന്ന് ആക്രമിക്കുന്ന മൂട്ടകളായും ചെല നേരത്ത് പുറത്തിറങ്ങുന്നു. ആവുന്ന കുഴപ്പങ്ങളുണ്ടാക്കി വീണ്ടും തലയ്ക്കകത്ത് കയുന്നു.

അയ്യയ്യോ ഇന്യെന്ത് ചിയ്യും? തെങ്ങു മുറിച്ചോട്ടെ. ചിണ്ടത്തീടേം തലയറ്ത്തോട്ടെ. അപ്പൊ തീർന്നില്ല്യേ, ഈ പണ്ടാറടങ്ങ്യേ സാധനങ്ങളൊക്കെ തലേന്നെറങ്ങിപ്പു വ്വുലോ.

അല്ലെങ്ങെ, പഴേ കാര്യങ്ങളും പുത്യേ കാര്യങ്ങളും ആൾക്കാരും വഴക്കുമൊക്ക്യായി തലയ്ക്കു പ്രാന്താവും.

ചിണ്ടത്തി പെരയ്ക്കകത്തേക്കു കയറി വാതിലടച്ചു.മണ്ണിഷ്ടിക വിരിച്ചു നന്നാക്കിയ നിലത്ത് മലർന്നു കിടന്നു.പിന്നെ ഒരു വശത്തേക്കു ചരിഞ്ഞു. നിലത്തു നിന്ന് അരിച്ചു കയറുന്ന തണുപ്പ് പെരുവിരലിൽ കയറി ശിരസ്സിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.

കുട്ടികൾ തെങ്ങിൻ ചോട്ടിലിരുന്ന് പോസ്റ്റർ എഴുതുന്നതിനെപ്പറ്റി ചിണ്ടത്തി ഒന്നുമറിഞ്ഞില്ല. കുട്ടികൾ വ്യാകരണ നിയമങ്ങളില്ലാത്ത, ഭംഗിയില്ലാത്ത, വടിവില്ലാത്ത അക്ഷരങ്ങളാൽ കടലാസിൽ എഴുതിക്കൊണ്ടിരുന്നു. ങ്ങ അവർക്ക് വഴങ്ങിയിരുന്നില്ല. ആ തെറ്റ് അവർക്കു തന്നെ അറിയാമായിരുന്നു. അതിനെപ്പറ്റി പറഞ്ഞും പറയാതെയും അവർ സ്വയം കളിയാക്കി ചിരിക്കുന്നുമുണ്ടായിരുന്നു. അക്ഷരം വഴങ്ങാത്തതിനാൽ ഒരു പെൺകുട്ടി പോസ്റ്ററിൽ തെങ്ങിനെ നോക്കി വരച്ചു. ഒരുത്തി ചിണ്ടത്തിയെ വരച്ചു. ഇതിനിടയിൽ ആനക്ക് അമ്പലത്തിലേക്കു വഴിയുണ്ടാക്കാൻ മണ്ണിൽ തറച്ച കുറ്റികൾ ആരോ പറിച്ചെടുത്ത് തെങ്ങിൻ തടത്തിലിട്ടു. തടഞ്ഞു വീഴാതിരിക്കാൻ കയറ് ചുരുട്ടിയെടുത്ത് ഒരിടത്ത് കൂട്ടിയിട്ടു.

ചിണ്ടത്തി വശം ചെരിഞ്ഞ്, തണുപ്പിനെ കെട്ടിപ്പിടിച്ച്, ശബ്ദം വിഴുങ്ങിക്കിടന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Dr M N Vinayakumar
Dr M N Vinayakumarhttp://www.janabheri.in
കഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ഡോ.എം.എന്‍.വിനയകുമാര്‍. 1959 ഡിസംബര്‍ 2ന് തൃശ്ശൂൂര്‍ ജില്ലയിലെ അരിമ്പൂരില്‍ ജനിച്ചു. ഒല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍, ഗവ. ഐ.ടി.ഐ. ചാലക്കുടി, സെന്റ് അലോഷ്യസ് കോളേജ് എല്‍ത്തുരുത്ത്, ശ്രീ കേരളവര്‍മ്മ കോളേജ് തൃശ്ശൂൂര്‍, കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറസ്പോണ്ടന്‍സ് കോഴ്സസ്, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ എം.എ. ബിരുദം, കഥകളിയില്‍ ഡോക്ടറേറ്റ് എന്നിവ നേടി.
മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിനെ ഇരുട്ടുവിഴുങ്ങുന്നു (ഡി.സി.ബുക്സ്), ജലോര്‍ ദുര്‍ഗ്ഗ് (എന്‍.ബി.എസ്.) എന്നിവ കഥാസമാഹാരങ്ങള്‍. സ്വര്‍ഗത്തിലെ കട്ടുറുമ്പ് (കറന്റ് ബുക്സ്, തൃശൂര്‍), തീവണ്ടി (എന്‍.ബി.എസ്.) എന്നിവ ബാലകഥാ സമാഹാരങ്ങള്‍. മറിമാന്‍കണ്ണി (കറന്റ് ബുക്സ്), യമദൂത് (ചിന്ത പബ്ലിഷേഴ്സ്), കുറത്തി എന്നിവ നടകങ്ങള്‍. മറിമാന്‍കണ്ണിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചു. മറിമാന്‍കണ്ണി ഡല്‍ഹി അന്താരാഷ്ട്ര നാടകോത്സവം (BRM) കേരള അന്താരാഷ്ട്ര നാടകോത്സവം (ITFoK) എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ദേശീയ-അന്തര്‍ദേശീയ നാടകോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യമദൂതും ഇതേ ഫെസ്റ്റിവെലുകളിലും പി.ആര്‍.ഡി. ദേശീയ നാടകോത്സവത്തിലും അവതരിപ്പിച്ചു. കുറത്തി ഏറ്റവും നവീനമായ അവതരണരീതികൊണ്ടും മഹാഭാരതത്തെ ആസ്പദമാക്കുന്നതിനാലും ഭൂമിയുടെയും ആദിമനിവാസികളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനാലും ശ്രദ്ധേയമായിത്തീര്‍ന്നു. കുട്ടുമണിപ്പൂക്കള്‍, ചങ്ങാതിക്കൂട്ടം എന്നീ രണ്ടു ബാലചലച്ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. രണ്ടും സംസ്ഥാന അവാര്‍ഡ് നേടി. രണ്ടു സിനിമകളും വിവിധ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡും കുട്ടുമണിപ്പൂക്കള്‍ നേടി.
തൃശ്ശൂൂര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറായിരിക്കേ സംസ്ഥാന സര്‍വീസില്‍ നിന്ന് വിരമിച്ചു. പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂൂര്‍ ജില്ലാ സെക്രട്ടറിയാണ് ഡോ.വിനയകുമാര്‍. ജവഹര്‍ ബാലഭവന്‍, തൃശ്ശൂൂര്‍ കഥകളി ക്ലബ്ബ്, തൃശ്ശൂൂര്‍ ജനഭേരി എന്നിവയുടെയും കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: എ.എം.സുമതി (BSNL). മകന്‍: അഭിമന്യുവിനയകുമാര്‍ (നാടക സംവിധായകന്‍)
  • വിലാസം: 'അഭിമന്യു', പുതൂര്‍ക്കര, അയ്യന്തോള്‍ പി.ഒ., തൃശ്ശൂര്‍ -680003
  • ഇ-മെയില്‍: mn.vinayakumar@gmail.com
  • ഫോണ്‍: +91 94479 95636

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: