മറവിയുടെ പടുകുഴിയിൽ തള്ളാൻ രണ്ടു പെണ്കുട്ടികളുടെ മരണം കൂടി കോടതി പടിയിൽ വന്നു നിൽക്കുകയാണ്. വാളയാറിലെ കുഞ്ഞുങ്ങളും ‘ഒറ്റപ്പെട്ട’ സംഭവങ്ങളിലൊന്നായി ഒതുങ്ങാൻ അധികകാലമില്ല.
ഓരോ പിറന്നാളാഘോഷത്തിനിടയിലും നിലവിളിപോലുമുയരാതെ ഞരങ്ങിയൊടുങ്ങുന്ന കുഞ്ഞുങ്ങൾ എത്രയേറെയാണ്.
എവിടെ തൊട്ടാലും പൊള്ളുന്ന അവസ്‌ഥയിലാണിന്ന് കേരളം. ഓരോ പിറന്നാളാഘോഷത്തിനിടയിലും നിലവിളിപോലുമുയരാതെ ഞരങ്ങിയൊടുങ്ങുന്ന കുഞ്ഞുങ്ങൾ എത്രയേറെയാണ്. മെഴുകുതിരിവെട്ടമൊ പോസ്റ്ററുകളിലെ ചുവന്ന അക്ഷരങ്ങളൊ ഒന്നും അവർക്ക് തുണയാവുന്നില്ല. അവരെ തൂക്കിയിട്ട കയറിന്റെ മറ്റേയറ്റം പിടിച്ചുനിൽക്കുന്നവരുടെ ന്യായത്തിന് താഴെയാണ് നമ്മുടെ കുഞ്ഞുങ്ങൾ.
തെളിവില്ലാതെ നശിപ്പിക്കപ്പെട്ട് , തെളിവില്ലാതെ തൂങ്ങിയാടും അവർ. മരിച്ചുപോയാൽ എഴുതിത്തള്ളാൻ എളുപ്പമാണെന്ന് കരുതാൻ പാകത്തിന് വിട്ടുകൊടുക്കരുത് നമ്മളാ കുഞ്ഞുങ്ങളെ.
കാത്വ പെണ്കുട്ടിയുടെ വയലറ്റ് ഉടുപ്പിലെ പൂക്കൾ തന്നെയാണ് വാളയാറിലും വാടി വീണത്. രാഷ്ട്രീയം പറഞ്ഞും തമ്മിൽ ചാരിയും ഓളത്തിൽ ഒഴുക്കിവിടാൻ പോവുകയാണ് ആ കുഞ്ഞുടുപ്പുകൾ. എന്തുകൊണ്ടാണെന്നറിയണം, പറയാനൊക്കണം.
എത്ര അഭിമാനത്തോടെ പറയുന്നു സ്വന്തം നാടെന്ന്. ഇവിടെ നിങ്ങളുടെ ജീവനും മാനത്തിനും വിലയുണ്ടാകണമെങ്കിൽ ആരെങ്കിലുമൊക്കെ ആയിരിക്കണം. നേരെ പറഞ്ഞാൽ ചോദിക്കാൻ ആളുണ്ടാകണം. എല്ലാവരും കണ്ണടച്ചും നീതിയുടെ കണ്ണു കുത്തിപൊട്ടിച്ചും കളിക്കുകയാണ്.
ആരും ചോദിക്കാനില്ലാതായാൽ ഇനിയും മക്കൾ ഏതെങ്കിലും കുരുക്കിന്റെ അറ്റത്ത് കാണും, ആരെങ്കിലും കണ്ടാൽ അറുത്തിട്ടിരിക്കുന്ന ഇറച്ചിയുടെ മേൽ കിട്ടുന്ന നോട്ടങ്ങൾ പോലുമില്ലാതെ. തെളിവില്ലാതെ നശിപ്പിക്കപ്പെട്ട് , തെളിവില്ലാതെ തൂങ്ങിയാടും അവർ. മരിച്ചുപോയാൽ എഴുതിത്തള്ളാൻ എളുപ്പമാണെന്ന് കരുതാൻ പാകത്തിന് വിട്ടുകൊടുക്കരുത് നമ്മളാ കുഞ്ഞുങ്ങളെ.
എന്റെ കുഞ്ഞാണ്, എവിടെ നീതിയെന്ന് ചോദിക്കാനൊക്കണം.