പുഴയെ സംരക്ഷിക്കാൻ പൂക്കൾ! ആദ്യം കേൾക്കുമ്പോൾ ആരും അത്ഭുതപ്പെടും. പക്ഷേ, സംഗതി സത്യമാണ്. വിദേശത്തെ കഥയല്ല പറയുന്നത്. ഇങ്ങ് കേരളത്തിൽ, നമ്മുടെ ചാലിയാറിന്റെ തീരത്ത്.
പുഴയുടെ തീരത്തും ചതുപ്പിലുമല്ലാം വളരെ നന്നായി വളരുന്ന പൂവരശ്ശ് ഇനി ചാലിയാർ തീരത്തെ മഞ്ഞപ്പൂക്കളാൽ സമൃദ്ധമാക്കും. ചാലിയാറിലെ ഊർക്കടവ്, കവണകല്ല് പാലത്തിന് താഴെയായി ചുങ്കപ്പള്ളി വരെയുള്ള ഇരുകരകളിലുമായി പൂവരശ് നട്ടുപിടിപ്പിച്ചു. മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ ശാന്തിഗ്രാമത്തിലെ നവോദയ ക്ലബ്ബിലെ ചെറുപ്പക്കാരാണ് തോണിയിൽ സഞ്ചരിച്ച് പുഴയുടെ തീരം മുഴുവൻ പൂവരശ് നട്ടത്. പരിസ്ഥിതി പ്രവർത്തകനായ ഹമീദലി വാഴക്കാടായിരുന്നു നേതൃത്വം.
മഞ്ഞപ്പൂക്കൾ പകരുന്ന കൗതുകത്തിനപ്പുറം നല്ലൊരു ഔഷധ സസ്യമാണ് പൂവരശ്ശ്. പുഴയിലേക്ക് ഇറങ്ങി പടർന്ന് വളരുന്നതിനാൽ തോണിയോ വലയോ അടുത്തേക്ക് വരാതെ പുഴതീരത്തെ സകലജീവികളെയും സംരക്ഷിക്കുന്ന ഒരമ്മയെപ്പോലെ കൈകൾ വിടർത്തി നിൽക്കും. നാട്ടിലും കാട്ടിലും തടിയായി വളരുന്ന പൂവരശ്ശ്, പുഴയിൽ കണ്ടൽ പോലെ പടർന്ന് വളരും.
കവണക്കല്ല് പാലത്തിന്റെ ഷട്ടർ തുറക്കുന്നതോടെ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിൽ കരയിടിയുന്ന പതിവ് പൂവരശ്ശ് നിലയുറപ്പിക്കുന്നതോടെ ഇല്ലാതാവും. കരയിടിച്ചിൽ തടയാൻ പൂവരശ്ശിന്റെ ഉറച്ച വേരുകൾ സംരക്ഷണമൊരുക്കും. കൂടാതെ കരിങ്കൽ ഭിത്തിയിലൂടെയുള്ള പ്രകൃതി ചൂഷണം തടഞ്ഞ് കാടുകളെ തിരിച്ച് കൊണ്ടുവരികയും നദിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യും.