ഇംഗ്ലണ്ടില്‍ പഞ്ച്. അമേരിക്കയില്‍ മാഡ്. റഷ്യയില്‍ ക്രോക്കഡൈല്‍. ഇന്ത്യയില്‍ ശങ്കേഴ്‌സ് വീക്ക്‌ലി . ഫലിത പ്രധാനമായ ആനുകാലിക പ്രസിദ്ധീകരണങ്ങളായിരുന്നു ഇവ. കാര്‍ട്ടൂണ്‍, ചെറുലേഖനങ്ങള്‍, മറ്റു ആക്ഷേപഹാസ്യ രചനകള്‍ എന്നിവകൊണ്ട് സമ്പന്നമായിരുന്ന ഈ പ്രസിദ്ധീകരണങ്ങള്‍ ഓരോന്നും ഓരോ കാലത്ത് നിന്നുപോയി. ഫലിതം ആസ്വദിക്കാന്‍ വായനക്കാര്‍ ഇല്ലാത്തതുകൊണ്ടല്ല. ഒരു തലമുറയ്ക്കു ശേഷം ഈ മഹനീയ പ്രസിദ്ധീകരണങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടായില്ലെന്നതാണ് കാര്യം. മാറിയ രാഷ്ട്രീയ കാലാവസ്ഥയും അഭിരുചിയും ലോകമെങ്ങും ഫലിത പ്രസിദ്ധീകരണങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലാക്കിയിരിക്കാം.
ശങ്കര്‍ അവസാന ലക്കത്തില്‍ തന്റെ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിറുത്തുന്നതിന് കാരണമായി ഇങ്ങനെ എഴുതി: ‘സര്‍വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ചിരിക്കാനാവില്ല. എന്തെന്നാല്‍ സര്‍വാധിപതിയെ നോക്കി കളിയാക്കേണ്ടി വരുമ്പോള്‍ ചിരി താനെ മാഞ്ഞുപോകും. ഹിറ്റ്‌ലറുടെ വാഴ്ച്ചക്കാലത്ത് ഒരു നല്ല ഹാസ്യകാരന്‍ പോയിട്ട് ഒരു കാര്‍ട്ടൂണിസ്റ്റോ പാരഡി എഴുത്തുകാരനോ കോമാളിയോ പോലും ജര്‍മ്മനിയില്‍ ഉണ്ടായില്ലെന്ന് ഓര്‍ക്കുക…’
ശങ്കേഴ്‌സ് വീക്ക്‌ലി ഇന്ത്യയില്‍ നെഹ്‌റു യുഗത്തിന്റെ നന്മകളിലൊന്നായിരുന്നു. 1948 മെയ് മാസം മുതല്‍ 1975 ഓഗസ്റ്റ് വരെ ന്യൂഡല്‍ഹിയില്‍ നിന്ന് മുടങ്ങാതെ ആഴ്ചതോറും പ്രസിദ്ധീകരിച്ചുപോന്ന ശങ്കേഴ്‌സ് വീക്ക്‌ലി ‘Parting -Not without sorrow’എന്ന മുഖക്കുറിപ്പോടെ വിടപറഞ്ഞു. എഡിറ്റര്‍ വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അവസാന ലക്കത്തില്‍ തന്റെ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിറുത്തുന്നതിന് കാരണമായി ഇങ്ങനെ എഴുതി: ‘സര്‍വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ചിരിക്കാനാവില്ല. എന്തെന്നാല്‍ സര്‍വാധിപതിയെ നോക്കി കളിയാക്കേണ്ടി വരുമ്പോള്‍ ചിരി താനെ മാഞ്ഞുപോകും. ഹിറ്റ്‌ലറുടെ വാഴ്ച്ചക്കാലത്ത് ഒരു നല്ല ഹാസ്യകാരന്‍ പോയിട്ട് ഒരു കാര്‍ട്ടൂണിസ്റ്റോ പാരഡി എഴുത്തുകാരനോ കോമാളിയോ പോലും ജര്‍മ്മനിയില്‍ ഉണ്ടായില്ലെന്ന് ഓര്‍ക്കുക…’ ഇന്ത്യയിലെ ആഭ്യന്തര അടിയന്തരാവസ്ഥ നല്ല ഫലിതമുണ്ടാകാന്‍ പറ്റിയ കാലമല്ലെന്ന് ധ്വനിപ്പിച്ചു കൊണ്ട് ഇന്ദിരാഗാന്ധിയെ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്താതെ ശങ്കര്‍ തന്റെ ആത്മാവില്‍ നിന്ന് ആഴ്ചപതിപ്പിനെ എന്നേക്കുമായി അടര്‍ത്തിമാറ്റി.
ആ വിടപറച്ചില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ നോവുന്ന വിലാപമായിരുന്നു. നെഹ്‌റു ജ്ഞാനസ്‌നാനം ചെയ്ത വാരികയ്ക്ക് മകള്‍ ഇന്ദിരയുടെ കാലത്ത് ശോകമൂകമായ അന്ത്യം. അച്ഛന്‍ ഉച്ചിക്കുവച്ചു, മകള്‍ ഉദയക്രിയ ചെയ്തു എന്ന് മലയാളിയായ ശങ്കര്‍ക്ക് തോന്നിയിരിക്കാം. രാഷ്ട്രീയ ഹാസ്യചിത്ര രചന എന്നേക്കുമായി ഉപേക്ഷിച്ച് കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളിലേക്ക് തിരിഞ്ഞ ശങ്കര്‍ ഇന്ദിരാഗാന്ധി നിര്‍ബന്ധിച്ചിട്ടും ശങ്കേഴ്‌സ് വീക്ക്‌ലി പുനരാരംഭിച്ചില്ല. പിന്നീട് അതുപോലൊരു ഹാസ്യവാരിക ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ചോരാമസ്വാമിയുടെ ‘പിക് വിക്ക്’ ആരു കാണുന്നു? ശങ്കറും അദ്ദേഹത്തിന്റെ വാരികയും ചരിത്രത്തില്‍ മാഞ്ഞു.
സ്വാതന്ത്ര്യാനന്തരം (1949) ശങ്കര്‍ തന്റെ വാരികയില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഡോ.മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റിലും പുറത്തും വലിയ ഒച്ചപ്പാടുയര്‍ത്തി. ഭരണഘടന ഉണ്ടാക്കുന്നതിനു വേഗത പോരെന്ന ആശയത്തെ ഉപജീവിച്ച് ഹാസ്യാത്മകമായി ശങ്കര്‍ വരച്ച ചിത്രം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ചേര്‍ത്തു. ഡോ.ബി.ആര്‍.അംബേദ്കര്‍ ഒരു ഒച്ചിന്റെ മേല്‍ യാത്ര ചെയ്യുന്നു. പണ്ഡിറ്റ് നെഹ്‌റു ചാട്ടവാര്‍ ചുഴറ്റി ഒച്ചിനെ പ്രഹരിക്കുന്നു. ഒച്ചിന്റെ മേല്‍ ‘കോണ്‍സ്റ്റിറ്റ്യൂഷന്‍’ എന്ന് എഴുതിയിട്ടുണ്ട്. ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കുന്ന പുസ്തകത്തില്‍ ഈ പഴയ കാര്‍ട്ടൂണിന് എന്തു പ്രസക്തിയെന്ന് എന്‍.സി.ഇ.ആര്‍.ടിക്കു മാത്രമേ അറിയൂ. റിപ്പബ്ലിക്കന്‍ പാന്തേഴ്‌സ് എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പുണെ സര്‍വ്വകലാശാലാ ഓഫീസ് പ്രക്ഷോഭകാരികള്‍ അടിച്ചു തകര്‍ത്തു. പാര്‍ലമെന്റില്‍ ബഹളമായി. അന്നത്തെ മന്ത്രി കപില്‍ സിബല്‍ ചിത്രം പാഠഭാഗത്തുനിന്ന് നീക്കാന്‍ ഉത്തരവിട്ടു. പുസ്തകത്തില്‍ കാര്‍ട്ടൂണ്‍ ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥനോട് രാജിവെയ്ക്കാനും ആവശ്യപ്പെട്ടു.
64 വര്‍ഷം മുമ്പ് ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യ യാതൊരു പ്രകോപനവുമില്ലാതെ ശാന്തമായി ആസ്വദിച്ച ഒരു ഹാസ്യചിത്രത്തിന് മാറിയകാലത്തു വന്ന അര്‍ത്ഥവ്യതിയാനം ഓര്‍ത്ത് നാമരൂപങ്ങളും ക്രിയാപദങ്ങളുമില്ലാത്ത ലോകത്തിരുന്ന് ശങ്കര്‍ ചിരിക്കുന്നുണ്ടാകാം. ഒരു നേരം പോക്കിന് കാലക്രമത്തില്‍ ഇന്ത്യയില്‍ സംഭവിച്ച ദുര്‍ഗതി! ഒരുപക്ഷേ നല്ല ഫലിത പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണവും ഇതു തന്നെയാകാം.
അധികാരപദവികളിലിരിക്കുന്നവരെ പരിഹസിക്കുന്നത് കാണാന്‍ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. മിമിക്രി കലാകാരന്മാര്‍ക്ക് ലഭിക്കുന്ന ജനപ്രീതിയും അംഗീകാരവും അതിന് തെളിവാണ്. പരിഹാസപാത്രമാകുന്ന വ്യക്തിക്കും രസിക്കുന്നതായിരിക്കണം തമാശകള്‍ എന്നൊരു പറച്ചിലുണ്ട്. ഒരു കാര്‍ട്ടൂണിന് അത്രത്തോളം ഉദാരമാകാന്‍ കഴിഞ്ഞെന്നു വരില്ല. കാര്‍ട്ടൂണ്‍ പലപ്പോഴും ഖണ്ഡനവിമര്‍ശനമാണ്. മികച്ച കാര്‍ട്ടൂണ്‍ ചിന്തയും ചിരിയും ഇഴചേര്‍ന്ന ഒരു കലാരൂപമാണ്. ഒരു വാര്‍ത്ത പോലെ അത് അല്‍പ്പായുസ് അല്ല. ആശയഭംഗികൊണ്ടും ഫലിതം കൊണ്ടും രചനാഗുണം കൊണ്ടും കാര്‍ട്ടൂണ്‍ അനശ്വരത കൈവരിക്കുന്നു. മികച്ച കാര്‍ട്ടൂണിലൂടെ അതില്‍ പരിഹസിക്കപ്പെടുന്ന വ്യക്തിയും നിലനില്‍ക്കുന്നു. സൗന്ദര്യാരാധകനായിരുന്ന പണ്ഡിറ്റ് നെഹ്‌റുവിന് അതറിയാമായിരുന്നു. ശങ്കേഴ്‌സ് വീക്കിലിയുടെ പ്രസിദ്ധീകരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് നെഹ്‌റു കാര്‍ട്ടൂണിസ്റ്റ് ശങ്കറിനു നല്‍കിയ നിര്‍ദ്ദേശം പ്രസിദ്ധമാണല്ലോ- ”എന്നെ ഒഴിവാക്കരുത്.” ശങ്കേഴ്‌സ് വീക്ക്‌ലിയുടെ എല്ലാ ലക്കവും പുറത്തുവന്നത് പ്രധാനമന്ത്രി നെഹ്‌റുവിനെ പരിഹസിക്കുന്ന നിരവധി കാര്‍ട്ടൂണുകളോടു കൂടിയാണ്. നെഹ്‌റുവും ശങ്കറും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന് ആ തമാശകള്‍ ഒരു പോറലുമുണ്ടാക്കിയില്ല.
പണ്ഡിറ്റ്ജിയെപ്പോലെ ഉന്നതരായ സഹൃദയര്‍ ഭരണാധികാരികള്‍ക്കിടയില്‍ വിരളമാണ്. ചെറുവിമര്‍ശനങ്ങള്‍ പോലും സഹിക്കാനാവാതെ കാര്‍ട്ടൂണിസ്റ്റിനെ നിഗ്രഹിക്കാന്‍ ഒരുങ്ങിയ ഭരണാധികാരികളുടെ നാടാണല്ലോ കേരളം. ബ്രിട്ടീഷ് വൈസ്റോയിമാര്‍ പോലും ശങ്കറിന്റെ ഹാസ്യ ചിത്രങ്ങളില്‍ പരിഹാസപാത്രമാകാന്‍ ആഗ്രഹിച്ചു. ഒരു സംഭവം ശ്രദ്ധിക്കുക. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ശങ്കര്‍ വരയ്ക്കുമ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. എഡിറ്റര്‍ പോലും പത്രത്തില്‍ അച്ചടിച്ചു വന്ന ശേഷമാണ് കാര്‍ട്ടൂണ്‍ കണ്ടിട്ടുള്ളത്. ദേശീയ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചുകൊണ്ട് ശങ്കര്‍ രചിച്ച ഓരോ കാര്‍ട്ടൂണും ബ്രിട്ടീഷ് ഭരണാധിപന്മാരെ പ്രകോപിപ്പിക്കുന്നതായിരുന്നു. വൈസ്റോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായിരുന്ന മുസ്ലിം പ്രതിനിധി ശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ഹിന്ദു മഹാസഭയുടെ പ്രതിനിധിയുടെ നിര്‍ദ്ദേശം കാര്‍ട്ടൂണിസ്റ്റിനെ തൂക്കിക്കൊല്ലണമെന്നായിരുന്നു. എന്നാല്‍ വെല്ലിംഗ്ടണ്‍ പ്രഭുവും ലിന്‍ലിത്ത്‌ഗോവും കാര്‍ട്ടൂണ്‍ ആസ്വദിച്ചു. ശങ്കറിനെ കൊട്ടാരത്തില്‍ ക്ഷണിച്ച് വരുത്തി അഭിനന്ദിച്ചു.
വേവല്‍ പ്രഭു ചുടുകാട്ടില്‍ നൃത്തമാടുന്ന ഭദ്രകാളിയായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്നപ്പോള്‍ ശങ്കറിനു പോലും കുറ്റബോധം തോന്നി. അതുവേണ്ടിയിരുന്നില്ലെന്ന് സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞു. വൈസ്റോയിയുടെ മിലിട്ടറി സെക്രട്ടറി ഹിന്ദുസ്ഥാന്‍ ടൈംസിലേക്ക് ദൂതനെ വിട്ടു. ശങ്കറെ വൈസറോയിക്ക് നേരിട്ട് കാണണം. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ ഉള്‍ഭയത്തോടെ ശങ്കര്‍ വേവല്‍ പ്രഭുവിനെ കണ്ടു. ഹൃദ്യമായ സ്വീകരണം. ”എന്റെ പ്രിയപ്പെട്ട ശങ്കര്‍, താങ്കള്‍ ഒരു രസികന്‍ കാര്‍ട്ടൂണിസ്റ്റ് ആണ്. ഇന്നത്തെ ആ ചിത്രത്തിന്റെ ഒറിജിനല്‍ എനിക്കു തരുമോ?” അന്ന് വൈസ്‌റോയി കൊടുത്ത പാരിതോഷികം അടങ്ങിയ ക്യാഷ് ചെക്ക് ബാങ്കില്‍ കൊടുത്തു മാറാതെ ശങ്കര്‍ ഏറെക്കാലം നിധിപോലെ സൂക്ഷിച്ചു.
14 മാസക്കാലം ലണ്ടനില്‍ ചിത്രകലയില്‍ ഉപരിപഠനം നടത്താന്‍ ശങ്കറിന് അവസരം ലഭിച്ചത് ഈ കാലത്താണ്. കാര്‍ട്ടൂണിന്റെ ലോകമുഖം വ്യത്യസ്തമായിരുന്നു. എന്നാല്‍ ഭാവതലം തുഞ്ചന്റെയും കുഞ്ചന്റെയും നാട്ടിലെ നേരമ്പോക്കിനോളം രസികത്വമുള്ളതല്ലെന്ന് ശങ്കര്‍ തിരിച്ചറിഞ്ഞു. അവനവനെത്തന്നെ പരിഹസിക്കാനുള്ള മലയാളിയുടെ നൈസര്‍ഗ്ഗികവാസനയില്‍ നിന്ന് ഉയരുന്ന ഉന്നതമായ ഫലിതബോധം ചാക്യാര്‍കൂത്തിന്റെ നാട്ടില്‍ നിന്ന് എത്തിയ ശങ്കറെ ആരു പഠിപ്പിക്കും? കൂത്തും കൂടിയാട്ടവും ഓട്ടന്‍തുള്ളലും സൃഷ്ടിച്ച പാരമ്പര്യത്തിന്റെ മഹിമയിലാണ് ശങ്കറിന്റെ നര്‍മ്മബോധം വേരുപടര്‍ത്തിയിട്ടുള്ളത്.
ശങ്കര്‍ 1948 മേയ് മാസം ശങ്കേഴ്‌സ് വീക്ക്‌ലി എന്ന രാഷ്ട്രീയ സാമൂഹിക ആക്ഷേപഹാസ്യ വാരിക ആരംഭിച്ചു. പണ്ഡിറ്റ് നെഹ്‌റു ആദ്യലക്കം പുറത്തിറക്കിക്കൊണ്ട് ശങ്കറിന്റെ സംരംഭങ്ങള്‍ക്ക് വിജയം ആശംസിച്ചു. ‘Don’t spare me Shankar’ എന്ന നെഹ്‌റുവിന്റെ ഉപദേശം കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഒരിക്കലും മറന്നില്ല.
ലണ്ടന്‍, പാരീസ്, റോം, വിയന്ന, ജനീവ, ബര്‍ലിന്‍ തുടങ്ങിയ മഹാനഗരങ്ങളിലെ മികച്ച ആര്‍ട്ട് സ്‌കൂളുകള്‍ കണ്ട് വരയുടെയും കുറിയുടെയും ലോകനിലവാരം ഗ്രഹിച്ച് ശങ്കര്‍ ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. ഹിന്ദുസ്ഥാന്‍ ടൈംസിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്ന ജോലിയിലേക്ക് തിരിച്ചുപോകാന്‍ ശങ്കര്‍ മടിച്ചു. സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു. സുഹൃത്തുക്കളായ ചലപതിറാവു, എടത്തട്ട നാരായണന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. വൈസ്റോയിയുടെ പിന്തുണയും ഉണ്ടായി. ഇന്ത്യന്‍ ന്യൂസ് ക്രോണിക്കിള്‍ എന്ന പുതിയ പത്രമായിരുന്നു അതിന്റെ ഫലം. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ പിന്‍ബലത്തോടെ ഒരു ദിനപ്പത്രം ആരംഭിച്ചത് ബുദ്ധിപരമായിരുന്നില്ല. ദേശീയ നേതാക്കളെല്ലാം സംശയത്തോടെ വീക്ഷിച്ചു. ബ്രിട്ടീഷ് രാജിനെ തുറന്നെതിര്‍ക്കാന്‍ വായനക്കാരെ കിട്ടില്ലെന്നായപ്പോള്‍ മാറിയ രാഷ്ട്രീയ കാലാവസ്ഥയുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് ആ പത്രം മരിച്ചു.
ദേശീയ സ്വാതന്ത്ര്യത്തിന്റെ വെള്ളിരേഖകള്‍ വീശി. സ്വാതന്ത്ര്യത്തിന്റെ വെളിച്ചം നാടുനീളെ പ്രസരിച്ചു. നെഹ്‌റുവിന്റെ ഇടക്കാല ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. പത്രങ്ങളുടെ സ്വരവും നയവും മാറുന്നു. രാജ്യം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ആകാനുള്ള ഔപചാരികമായ നടപടികള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ ചിരിക്കാനും രസിക്കാനും രാജ്യത്ത് ഒരുപാട് വിഷയങ്ങളുണ്ടെന്ന് ശങ്കര്‍ കണ്ടു. അല്‍പ്പായുസ് ആയപ്പോള്‍ ക്രോണിക്കിള്‍ എന്ന സാഹസത്തില്‍ നിന്ന് പാഠം ഗ്രഹിച്ച് ശങ്കര്‍ 1948 മേയ് മാസം ശങ്കേഴ്‌സ് വീക്ക്‌ലി എന്ന രാഷ്ട്രീയ സാമൂഹിക ആക്ഷേപഹാസ്യ വാരിക ആരംഭിച്ചു. പണ്ഡിറ്റ് നെഹ്‌റു ആദ്യലക്കം പുറത്തിറക്കിക്കൊണ്ട് ശങ്കറിന്റെ സംരംഭങ്ങള്‍ക്ക് വിജയം ആശംസിച്ചു. ‘Don’t spare me Shankar’ എന്ന നെഹ്‌റുവിന്റെ ഉപദേശം കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഒരിക്കലും മറന്നില്ല.
നീണ്ട 27 വര്‍ഷം ന്യൂഡല്‍ഹിയിലെത്തുന്ന ബുദ്ധിജീവികളുടെ സങ്കേതവും ധൈഷണിക സാന്നിധ്യമായിരുന്നു ശങ്കേഴ്‌സ് വീക്ക്‌ലി. ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ നെഹ്‌റു ഹൗസില്‍ വീക്ക്‌ലിക്കു പുറമെ കുട്ടികള്‍ക്കായി ശങ്കര്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചു. 1965ല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡോള്‍ മ്യൂസിയവും അവിടെ തുറന്നു. ബി.സി.റോയി സ്മാരക ഗ്രന്ഥശാലയും വായനമുറിയും അവിടെ കുട്ടികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി വളര്‍ന്നു. പാവ നിര്‍മ്മാണകേന്ദ്രവും അതില്‍ പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ കുട്ടികള്‍ക്കു വേണ്ടി ശങ്കര്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരം ലോകശ്രദ്ധയാകര്‍ഷിച്ചു. കാര്‍ട്ടൂണ്‍ കഴിഞ്ഞാല്‍ ശങ്കര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ അര്‍പ്പിച്ചത് കുഞ്ഞുങ്ങളുടെ മാനസികവും ബൗദ്ധികവുമായ ഉല്ലാസത്തിനുവേണ്ടിയായിരുന്നു. ശങ്കേഴ്‌സ് വീക്ക്‌ലി നിറുത്തിയശേഷം ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം പൂര്‍ണ്ണമായി മുഴുകുകയും ചെയ്തു.
കായംകുളത്ത് ഇല്ലിക്കുളത്തു വീട്ടില്‍ ശങ്കരന്‍ എന്ന കെ.ശങ്കരപ്പിള്ള കാര്‍ട്ടൂണ്‍ കലയിലൂടെ അന്താരാഷ്ട്ര പ്രശസ്തനായിത്തീര്‍ന്നതോടൊപ്പം പുതിയ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വേദിയൊരുക്കിയ മഹാനുഭാവന്‍ എന്ന നിലയിലാണ് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായത്. ശങ്കേഴ്‌സ് വീക്ക്‌ലി നവാഗതര്‍ക്കായി ഒരു ലോപവുമില്ലാതെ അദ്ദേഹം തുറന്നിട്ടു. എഴുതാനും വരയ്ക്കാനും പഠിക്കാനും യുവാക്കള്‍ക്ക് അനിയന്ത്രിതമായ അവസരം ലഭിച്ചപ്പോള്‍ ശങ്കറിനെക്കാള്‍ മികച്ച കാര്‍ട്ടൂണിസ്റ്റുകള്‍ ആ കളരിയില്‍ നിന്ന് ഉയര്‍ന്നു വന്നു. അവരില്‍ പലരും അന്താരാഷ്ട്ര പ്രശസ്തരായി. പി.കെ.എസ്.കുട്ടി, അബു എബ്രഹാം, ഒ.വി.വിജയന്‍, ടി.സാമുവല്‍, രംഗ, യേശുദാസന്‍, കേരളവര്‍മ്മ, ബി.എം.ഗഫൂര്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ ശങ്കറുടെ ശിഷ്യരെന്ന അഭിമാനം പുലര്‍ത്തിയിട്ടുണ്ട്.
ഒരു സാമൂഹിക രാഷ്ട്രീയ പ്രമേയമെന്ന നിലയില്‍ കാര്‍ട്ടൂണ്‍ കലയെ വികസിപ്പിക്കാന്‍ തന്നെ സഹായിച്ചത് ശങ്കര്‍ ആണെന്ന് വിജയന്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ശങ്കര്‍ കാര്‍ട്ടൂണ്‍ കലയുടെ അവസാന വാക്കല്ല. അക്കാര്യം മറ്റാരേക്കാളും നന്നായി ശങ്കര്‍ക്ക് അറിയാമായിരുന്നു. വീക്ക്‌ലിയുടെ വാതില്‍ അദ്ദേഹം യുവ കാര്‍ട്ടൂണിസ്റ്റുകള്‍ക്കായി തുറന്നിട്ടപ്പോള്‍ എല്ലാവര്‍ക്കും ശങ്കറില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു. വ്യക്തിയെയും സംഭവത്തെയും നിരീക്ഷിക്കുന്നത് എങ്ങനെ? ഒരു രാഷ്ട്രീയ സംഭവത്തില്‍ നിന്ന് മികച്ച നര്‍മ്മ ഭാവന രൂപം കൊള്ളുന്ന വിധം. ചരിത്രത്തിന്റെ പരിപ്രേഷ്യത്തില്‍ ഒരു ഹാസ്യചിത്രം അനശ്വരത കൈവരിക്കുന്ന അസുലഭ നിമിഷങ്ങള്‍. സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ വൈകാരികഭാവങ്ങളോടെ വസ്തുതകളെ കാര്‍ട്ടൂണിസ്റ്റ് സമീപിക്കുന്ന രീതി. ഇങ്ങനെ ശങ്കറിന്റെ കളരിയില്‍ നിന്ന് ലഭിച്ച വലിയ പാഠങ്ങള്‍ എത്ര കല്ലുകളെ പൂക്കളാക്കി മാറ്റിയിരിക്കുന്നു.
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പത്രപ്രവര്‍ത്തകനായ പോത്തന്‍ ജോസഫിന്റെ കണ്ടെത്തലായിരുന്നു എന്ന് പറയാറുണ്ട്. മാവേലിക്കര സ്‌കൂളിലെ ഉറക്കം തൂങ്ങിയായ അദ്ധ്യാപകന്റെ കാരിക്കേച്ചര്‍ വരച്ച് ഹെഡ്മാസ്റ്ററില്‍ നിന്ന് ശിക്ഷ വാങ്ങിയ കുട്ടി ശങ്കരന്‍ ജന്മനാ കലാകാരനായിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞ് മാവേലിക്കര രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ചിത്രകല പഠിച്ചശേഷമാണ് ശങ്കരപ്പിള്ള തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ (യൂണിവേഴ്‌സിറ്റി കോളേജ്) ബിരുദ ക്ലാസില്‍ ചേര്‍ന്നത്. ബി.എസ്.സി. ബിരുദവുമായി അന്നത്തെ മിക്ക മലയാളി യുവാക്കളെയും പോലെ ശങ്കരപ്പിള്ള ബോംബെയിലേക്ക് വണ്ടികയറി. നിയമത്തില്‍ ഉപരിപഠനം നടത്തണം. അതിനു മുമ്പ് എന്തെങ്കിലും തൊഴില്‍ കണ്ടുപിടിക്കണം. ഫ്രീ പ്രസ് ജേര്‍ണല്‍, ബോംബെ ക്രോണിക്കിള്‍ എന്നീ പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചു. ഒരു കാര്‍ട്ടൂണിന് ഒരു രൂപ പ്രതിഫലം. അതുകൊണ്ട് ജീവിക്കാനാവില്ലെന്ന് ബോധ്യമായപ്പോള്‍ സിന്ധ്യാ സ്റ്റീം നാവിഗേഷന്‍ കമ്പനിയില്‍ ജോലി നേടി. അവിടെ മാനേജിങ് ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി ശങ്കര്‍ വേഗം ഉദ്യോഗക്കയറ്റവും നേടി.
ആയിടെ ക്രോണിക്കിളില്‍ പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണ്‍ പോത്തന്‍ ജോസഫിനെ ആകര്‍ഷിച്ചു. പോത്തന്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശങ്കര്‍ റോഡരുകിലൂടെ നടന്നുപോകുന്നതു കണ്ടു. ഉടന്‍ ബസ് നിറുത്തിച്ച് പോത്തന്‍ ചാടിയിറങ്ങി വന്ന് ശങ്കറെ കെട്ടിപ്പിടിച്ചു. അന്നത്തെ കാര്‍ട്ടൂണിന്റെ പേരില്‍ നേരിട്ടുള്ള പ്രശംസ. രണ്ടാം വട്ടമേശ സമ്മേളനത്തെക്കുറിച്ചുള്ള ഹാസ്യഭാവനയായിരുന്നു അത്. ഗാന്ധിജി നയിക്കുന്ന ഒരു ആള്‍ക്കൂട്ടം. സര്‍ സാമുവല്‍ നോറെ ഒരു പൊലീസുകാരന്‍. ചര്‍ച്ചില്‍ പൊലീസ് സൂപ്രണ്ടിന്റെ വേഷത്തില്‍. ശങ്കറിന്റെ കമന്റ്: ‘പൊലീസ് ഡിസ്‌പേഴ്‌സ്ഡ് ദ ക്രൗഡ് വിത്ത് മിനിമം ഫോഴ്‌സ്.’
തിരുവനന്തപുരത്തെ പഠനകാലത്ത് പരിചയപ്പെട്ട തങ്കത്തെയാണ് ശങ്കര്‍ ജീവിതസഖിയാക്കിയത്. ചൗപ്പാത്തിയിലെ രണ്ടുമുറി വീട്ടില്‍ തങ്കവുമൊത്ത് താമസം തുടങ്ങിയിട്ടേ ഉള്ളൂ. പോത്തന്‍ ജോസഫിനെ വീട്ടിലേക്കു ക്ഷണിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലി സ്വീകരിച്ച് ഡല്‍ഹിക്കു പോകാന്‍ തീരുമാനിച്ച വിവരം പോത്തന്‍ പറഞ്ഞു. ശങ്കറെയും ഡല്‍ഹിക്കു ക്ഷണിച്ചു. 1932ല്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്ന തസ്തിക സ്വീകരിച്ച് ശങ്കര്‍ ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എത്തി. 14 വര്‍ഷം ആ ജോലിയില്‍ തുടരുന്നതിനിടയില്‍ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ശങ്കര്‍ ഡല്‍ഹിയില്‍ പ്രശസ്തനായിക്കഴിഞ്ഞു. 1946ല്‍ വിദേശപഠന പര്യടനം തുടങ്ങുന്നതുവരെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ തുടര്‍ന്നു.
ഇംഗ്ലണ്ടില്‍ നിന്ന് ശങ്കര്‍ തിരിച്ചെത്തിയത് സ്വതന്ത്ര ഇന്ത്യയിലാണ്. ടൈംസിലെ ജോലിയില്‍ തിരിച്ചുകയറിയില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീടുള്ള 27 വര്‍ഷത്തെ ചരിത്രം ശങ്കേഴ്‌സ് വീക്ക്‌ലിയുടെ കഥയാണ്. 1937ല്‍ ബസ്റ്റ് ഓഫ് ശങ്കര്‍ എന്ന നിലയില്‍ 101 കാര്‍ട്ടൂണുകളുടെ സമാഹാരം ഇറങ്ങി; നെഹ്‌റുവിന്റെ അവതാരികയോടെ. 1965 ല്‍ കുട്ടികള്‍ക്കായി ലൈഫ് വിത്ത് ഗ്രാന്‍ഡ് ഫാദര്‍ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 1983ല്‍ ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ വരച്ച 400 ചിത്രങ്ങള്‍ ചേര്‍ത്ത് ‘ഡോണ്‍ട് സ്‌പെയര്‍ മി ശങ്കര്‍ – ജവഹര്‍ലാല്‍ നെഹ്‌റു’ എന്ന കൃതിയും പുറത്തുവന്നു.
1955ല്‍ കുട്ടികള്‍ക്കായി കലാപ്രദര്‍ശനം തുടങ്ങി. കനേഡിയന്‍ ഹൈക്കമ്മീഷണര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ന്യൂഡല്‍ഹിയുടെ പേര് ‘ശങ്കര്‍ നഗര്‍’ എന്ന് മാറ്റണമെന്ന് പറഞ്ഞത് വെറും തമാശയായിരുന്നില്ല. ശങ്കറേക്കാള്‍ പ്രശസ്തരായവര്‍ അപ്പോള്‍ ഇന്ത്യന്‍ തലസ്ഥാന നഗരിയിലുണ്ടായിരുന്നു. പക്ഷേ ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്ഗിലെ നെഹ്‌റു ഹൗസില്‍ കുട്ടികള്‍ക്കായി ശങ്കര്‍ ഒരുക്കിയ വിസ്മയ ലോകം മറ്റൊരു ഇന്ത്യക്കാരനും സാധിക്കുന്നതായിരുന്നില്ല. ഇന്ത്യയുടെ ഡിസ്‌നി ലാന്‍ഡ് ആയി അതു വികസിക്കേണ്ടതായിരുന്നു. നെഹ്‌റു സമ്മാനിച്ച ’12 ഔട്ട് സ്റ്റാൻഡിങ്’ എന്ന വസതിയും നെഹ്‌റു ഹൗസ് എന്ന വിസ്മയ ലോകവുമായിരുന്നു 1989 ഡിസംബര്‍ 26ന് അന്തരിക്കുന്നതു വരെ ശങ്കറിന്റെ ഇടം.
കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ശങ്കറിന്റെ ഏറ്റവുമടുത്ത ശിഷ്യന്‍ കുട്ടിയായിരുന്നു. ഒറ്റപ്പാലത്തുകാരന്‍ ശങ്കരന്‍കുട്ടിയെന്ന കുട്ടിയെ ബ്രിട്ടീഷ് ഇന്ത്യയില്‍ ഉന്നതപദവി വഹിച്ചിരുന്ന വി.പി.മേനോന്‍ ഡല്‍ഹിയില്‍ വരുത്തി ശങ്കര്‍ക്കു പരിചയപ്പെടുത്തി. ഡല്‍ഹി മലയാളി ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു മേനോന്‍. കുട്ടിക്ക് ഏതാനും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച അനുഭവം മാത്രം. 18 വയസ്സ് പ്രായം. 1941ല്‍ ഡല്‍ഹിയിലെത്തുമ്പോള്‍ ശങ്കര്‍ ഉത്തമനായ വഴികാട്ടിയായി. മേനോന്റെ ശുപാര്‍ശയുടെ അനുഗ്രഹമെന്ന് കുട്ടി കരുതി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ശങ്കറുടെ ഓഫീസ് മുറിയുടെ കോണില്‍ കുട്ടിക്ക് ഒരു കസേരയും മേശയും തരപ്പെടുത്തിക്കൊടുത്തു.
ലഖ്‌നൗ സ്വദേശിയായ മോട്ടോര്‍ കാര്‍ ഡീലര്‍ രഘുനന്ദന്‍ സരന്‍ പണ്ഡിറ്റ് നെഹ്‌റുവിനു വേണ്ടി ഒരു പത്രം തുടങ്ങാന്‍ ആഗ്രഹിച്ചു. അതില്‍ കാര്‍ട്ടൂണിസ്റ്റിനെ വേണം. കുട്ടിയെ പരിശീലിപ്പിച്ചെടുക്കാന്‍ ശങ്കര്‍ നിശ്ചയിച്ചു. രഘുനന്ദന്‍ സരന്‍ പരിശീലനകാലത്തു തന്നെ കുട്ടിക്ക് പ്രതിമാസം 40 രൂപ അനുവദിച്ചു. അന്നതു സാമാന്യം നല്ല തുകയാണ്. ശങ്കറുടെ ഓഫീസും ബ്രഷും പേപ്പറും മഷിയുമെല്ലാം കുട്ടിക്ക് ഉപയോഗിക്കാം. ചിത്രങ്ങള്‍ വരച്ച് ശങ്കറെ കാണിക്കണം. വേണ്ടി തിരുത്തലുകള്‍ നിര്‍ദ്ദേശിക്കും. ഒരു കൊല്ലം കൊണ്ട് കുട്ടി മികച്ച ഒരു കാര്‍ട്ടൂണിസ്റ്റായി എന്ന് ബോധ്യം വന്നപ്പോള്‍ ലഖ്‌നൗവിലേക്ക് അയച്ചു. അക്കാലത്തെപ്പറ്റി ‘ചിരിയുടെ വര്‍ഷങ്ങള്‍’ എന്ന തന്റെ ആത്മകഥയില്‍ കുട്ടി എഴുതുന്നു: ‘ഞാന്‍ ശങ്കറുടെ ജീവിതത്തിന്റെ ഭാഗമായി മാറി. പതിവായി അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. ഭക്ഷണം കഴിക്കും. ശങ്കറിന്റെ കുട്ടികളെല്ലാം എന്റെ കളിക്കൂട്ടുകാരായി. ഗുരുകുല സമ്പ്രദായത്തിലുള്ള ഒരു പഠനരീതിയായിരുന്നു ഞങ്ങള്‍ തമ്മില്‍. ശങ്കര്‍ പോകുന്നിടത്തെല്ലാം എന്നെയും കൂട്ടി. ഉന്നത വ്യക്തികളെ പരിചയപ്പെടുത്തി. ഒരു നിഴല്‍പോലെ അദ്ദേഹത്തെ ഞാന്‍ പിന്തുടര്‍ന്നു. എനിക്കദ്ദേഹം ഡല്‍ഹിയിലെ വളര്‍ത്തച്ഛനായിരുന്നു.’ കാര്‍ട്ടൂണിസ്റ്റ് കുട്ടി നാഷണല്‍ ഹെറാള്‍ഡില്‍ ജോലി സ്വീകരിച്ച് ലഖ്‌നൗവിലേക്ക് പുറപ്പെടുമ്പോള്‍ ശങ്കര്‍ ഉപദേശിച്ചു: ”നീ ഇപ്പോഴും വെറും കുട്ടിയാണ്. പോര, വളരണം. വ്യക്തികളെ പരിചയപ്പെടണം. അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കണം. വാക്കും പ്രവൃത്തിയും ശ്രദ്ധിച്ച് അന്തരങ്ങള്‍ മനസ്സിലാക്കി കാര്‍ട്ടൂണില്‍ അവതരിപ്പിക്കുക. ഈ നാട് ചിലപ്പോള്‍ നന്നായെന്ന് വരാം.”
ഒ.വി.വിജയനോട് ശങ്കര്‍ ഇത്രത്തോളം അടുപ്പം കാട്ടിയില്ല. എന്നാല്‍ വിജയന്റെ പ്രതിഭയുടെ ആഴവും വലിപ്പവും ശങ്കര്‍ കണ്ടറിഞ്ഞു. ശങ്കേഴ്‌സ് വീക്ക്‌ലിയുടെ വിടവാങ്ങല്‍ ലക്കം രൂപകല്‍പ്പന ചെയ്യാനും എഡിറ്റ് ചെയ്യാനും ശങ്കര്‍ വിശ്വാസപൂര്‍വ്വം ആശ്രയിച്ചത് വിജയനെയായിരുന്നു. മരിക്കുന്നതിന് നാലുവര്‍ഷം മുമ്പ് ഡല്‍ഹിയിലെ ഹേമന്തകാലത്ത് ശങ്കറും കുടുംബവും അവസാനമായി കേരളത്തില്‍ വന്നു. കോട്ടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സ നടത്തി. കാര്‍ട്ടൂണ്‍ എന്ന കലാരൂപത്തെപ്പറ്റി കേള്‍ക്കാന്‍ പോലും അവസാനകാലത്ത് ശങ്കര്‍ ഇഷ്ടപ്പെട്ടില്ല. തന്നെക്കുറിച്ചുള്ള എഴുത്തും പ്രശംസകളും അദ്ദേഹം വെറുത്തു. കുട്ടികളെക്കുറിച്ചും പാവകളെപ്പറ്റിയും ബാലസാഹിത്യത്തെക്കുറിച്ചും കേള്‍ക്കാനും പറയാനുമായിരുന്നു അവസാനകാലത്ത് ശങ്കര്‍ക്കു ഏറെ താല്പര്യം. ഒരു സംഭാഷണവേളയില്‍ ശങ്കര്‍ പറഞ്ഞു: ‘എന്റെ എല്ലാ സ്വപ്നങ്ങളും പൂവണിഞ്ഞു. കൈയില്‍ നൂറുരൂപയുമായി ഭാരതപര്യടനത്തിനിറങ്ങി. മദ്രാസില്‍ എത്തും മുമ്പ് നൂറുരൂപയും തീര്‍ന്നു. യാത്ര നിറുത്താതെ തുടര്‍ന്നു. പണ്ഡിറ്റ്ജി എന്നെ ഇഷ്ടപ്പെട്ടു. ബ്ലിറ്റ്‌സ് പത്രം നാലുപേജില്‍ എന്റെ പുസ്തകം റിവ്യൂ ചെയ്തു. വില്ലിംഗ്ടണ്‍ പ്രഭ്വി എന്നോട് പരിഭവിച്ചു. അവരുടെ ഭര്‍ത്താവിന്റെ മൂക്ക് അത്ര വലുതായി വരയ്ക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചു. ഞാന്‍ പ്രഭുവിന്റെ മൂക്കു മാത്രം വരച്ചാലും അത് പ്രഭുവാണെന്ന് കാണുന്നവര്‍ക്കു തോന്നണം. അത്ര തന്നെ. ഇന്ന് ഞാന്‍ കാര്‍ട്ടൂണിസ്റ്റ് അല്ല. കാര്‍ട്ടൂണ്‍ എനിക്ക് തീരെ ഇഷ്ടമല്ല. ബ്രഷ് വലിച്ചെറിഞ്ഞിട്ട് പത്തുകൊല്ലമായി. ഞാനിപ്പോള്‍ കുട്ടികളുടെ ലോകത്താണ്. ലോകമെങ്ങുമുള്ള കുട്ടികളുടെ അമ്മാവനാണ് ഞാന്‍.’
രാജ്യം ശങ്കര്‍ക്ക് ഭാരത രത്‌നം ഒഴികെ എല്ലാ പത്മ അവാര്‍ഡുകളും വിവിധ വര്‍ഷങ്ങളില്‍ സമ്മാനിച്ചു. 1955ല്‍ പത്മശ്രീ, 1966ല്‍ പത്മഭൂഷൺ, 1979ല്‍ പത്മവിഭൂഷൺ. പോളിഷ് ഗവണ്‍മെന്റ് 1977 ല്‍ ശങ്കര്‍ക്ക് ‘ഓര്‍ഡര്‍ ഓഫ് ദ സ്‌മൈല്‍’ ബഹുമതി സമ്മാനിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഹാമില്‍ടണ്‍ ബ്രാഞ്ച് സമ്മാനം, ഇന്‍ഡോ – ചെക്ക് ഗോള്‍ഡന്‍ മെഡല്‍ തുടങ്ങി ദേശീയതലത്തിലും രാജ്യാന്തരതലത്തിലും ശങ്കര്‍ക്കു ലഭിച്ച അംഗീകാരത്തിന്റെ നിര വളരെ നീണ്ടു പോകുന്നു. ഡല്‍ഹി സര്‍വ്വകലാശാലയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചു കൊണ്ട് ശങ്കര്‍ പറഞ്ഞു ‘വെറുമൊരു നിരക്ഷരനായ എന്റെ തലയില്‍ സര്‍വകലാശാല എന്തിനീ ഭാരമുള്ള കിരീടം എടുത്തുവച്ചു?’
കുഞ്ചന്‍ നമ്പ്യാര്‍ക്കുശേഷം ജീവിതത്തെ ഇത്ര നര്‍മ്മ മധുരമായി സമീപിച്ച മറ്റൊരു മലയാളി ആര്? വി.കെ.എന്‍? എഴുത്തില്‍ വി.കെ.എന്‍. വരയില്‍ ശങ്കര്‍ മാത്രം. എപ്പോള്‍ വരയ്ക്കണമെന്നും എപ്പോള്‍ വര നിറുത്തണമെന്നും നിശ്ചയമുണ്ടായിരുന്ന ഒരേയൊരാള്‍. കുഞ്ചന്‍ നമ്പ്യാരുടെ രണ്ടാം ജന്മം പോലെ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1902 ജൂലായ് 31നും 1989 ഡിസംബര്‍ 26നും ഇടയില്‍ ഇന്ത്യാ ഉപഭൂഖണ്ഡം സന്ദര്‍ശിച്ചു മടങ്ങി. ഇനിയും ഏതോ സ്ഥലരാശിയില്‍ മറ്റൊരു പേരില്‍ അദ്ദേഹം വരുമായിരിക്കും; വരാതിരിക്കില്ല.