ഓരോണം കൂടി നാം ഉണ്ടുകഴിഞ്ഞിരിക്കുന്നു. ഓരോണം കൂടി ഓർമ്മയിൽ പതിഞ്ഞിരിക്കുന്നു. ഓണത്തെ പറ്റി പറയുമ്പോൾ നമ്മൾ ഉപയോഗിച്ചിരുന്ന ഒരു ക്ലിഷേ പദമായിരുന്നു ‘സമ്പദ്സമൃദ്ധി’യെന്നത് . എന്നാൽ കഴിഞ്ഞവർഷം മുതൽ നമ്മൾ ഓണത്തെ വിശേഷിപ്പിക്കുന്നത് ‘അതിജീവനം’ എന്ന വാക്കുപയോഗിച്ചാണ്. കാരണം, ഈ രണ്ട് ഓണക്കാലങ്ങൾ നമുക്ക് സമ്മാനിച്ചത് ചെറുത്തുനില്പിന്റെ കരുത്തും, പ്രളയത്തിൽ നിന്നുള്ള അതിജീവനവുമാണ്. എന്നാൽ, അതിജീവനത്തിന്റെ ആശ്വസം പങ്കിടുമ്പോഴും ഇവിടെ നാം ചിന്തിക്കേണ്ട വസ്തുതയെന്തെന്നാൽ, ഇനി ഒരു പ്രളയത്തിനുകൂടി നമ്മൾ തയ്യാറാണോ എന്നതാണ്.
കഴിഞ്ഞവർഷം മുതൽ നമ്മൾ ഓണത്തെ വിശേഷിപ്പിക്കുന്നത് ‘അതിജീവനം’ എന്ന വാക്കുപയോഗിച്ചാണ്. കാരണം, ഈ രണ്ട് ഓണക്കാലങ്ങൾ നമുക്ക് സമ്മാനിച്ചത് ചെറുത്തുനില്പിന്റെ കരുത്തും, പ്രളയത്തിൽ നിന്നുള്ള അതിജീവനവുമാണ്.
കഴിഞ്ഞകൊല്ലം തെക്കുനിന്നു കേരളം കുലുങ്ങിയപ്പോൾ പൊലിഞ്ഞ മുത്തുകൾ ഹൃദയം നുറുക്കിയെങ്കിൽ, ഇത്തവണ വടക്കുനിന്നു വന്ന ഇടിമിന്നൽ നമ്മെ പകുതി ഭസ്മമാക്കി കടന്നുപോകുകയാണുണ്ടായത്. അതിന്റെ നേർകാഴ്ച്ചയായിരുന്നു പുത്തുമലയും കവളപ്പാറയുമൊക്കെ. എന്നാൽ, ഇതിൽനിന്നു നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമെന്തെന്നാൽ, പ്രകൃതി എന്താണ് യഥാർഥത്തിൽ നമ്മളോട് പറയാൻ ശ്രമിക്കുന്നത് എന്നതാണ്. അത് ശരിയായ രീതിയിൽ മനസിലാക്കിയാൽ മാത്രമേ ഇനി നമുക്ക് മുന്നോട്ടുപോകാൻ സാധിക്കൂ എന്നതിൽ സംശയമൊന്നും വേണ്ട.
കേരളം സാക്ഷരതയിൽ മുന്നിലാണ്. എന്നാൽ, പ്രയോഗികതയിൽ എന്തുപറ്റുന്നു? തിരിച്ചറിയാൻ നാം എന്തുകൊണ്ട് വൈകുന്നു, അല്ലെങ്കിൽ എന്തുകൊണ്ട് വൈകിപ്പിക്കുന്നു? കഴിഞ്ഞ പ്രളയത്തിനുശേഷം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ഗാഡ്ഗിൽ റിപ്പോർട്ട്. പ്രളയശേഷം മാധ്യമങ്ങളിലെ ചർച്ചാവിഷയമായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ടും പശ്ചിമഘട്ടസംരക്ഷണവുമെല്ലാം. എന്റെ അറിവിൽ പശ്ചിമഘട്ടത്തിലെ അപകട സാദ്ധ്യതകൾ അതിൽ ചുണ്ടികാട്ടിയിട്ടുണ്ടായിരുന്നു എന്നാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ ഇതിനെപ്പറ്റിയൊക്കെ വ്യക്തമായി അറിയുവാനോ, അറിയിക്കുവാനോ, വേണ്ട പോലെ പ്രതികരിക്കുവാനോ നമ്മൾ തയ്യാറായിരുന്നില്ല അല്ലെങ്കിൽ അത്തരം പ്രതികരണങ്ങൾക്ക് നമ്മൾ ചെവികൊടുത്തില്ല എന്നതാണ് യാഥാർഥ്യം.
നമ്മൾ നമുക്കുവേണ്ടി, നമ്മുടെ പ്രകൃതിക്കുവേണ്ടി ശബ്ദിക്കേണ്ടത് അത്യാവശ്യമാണ്. അതിൽ നിന്നു പുറകോട്ടുപോകാൻ സാധിക്കില്ല.
അതിൽ നിന്നും ഒഴിഞ്ഞുമാറാനും പറ്റില്ല. എന്നാൽ ഇനി നമുക്കുമുന്നിലുള്ളത് തിരുത്തലിനുള്ള സമയമാണ്. മാറ്റത്തിനുള്ള അവസരമാണ്. ഈ അവസരം നാം ഉപയോഗിച്ചില്ലെങ്കിൽ പ്രളയത്തെ ചെറുക്കാൻ നാം കോർത്തുപിടിച്ച കൈകൾ പരസ്പരം ചൂണ്ടാൻ മാത്രമേ കഴിയുകയുള്ളൂ. അതുകൊണ്ട് നാം നമുക്കുവേണ്ടി ഉണരേണ്ടിയിരിക്കുന്നു, പ്രകൃതിക്കുവേണ്ടി പ്രതികരിക്കേണ്ടിയിരിക്കുന്നു, അത് നമ്മുടെ കടമയ്ക്കപ്പുറം മറ്റൊന്നുമല്ല. ‘ചിന്തിക്കുക എന്നത് മനുഷ്യന്റെ സ്വഭാവത്തിലുള്ളതാണ് എന്നാൽ പ്രതികരിക്കുന്നത് സ്വാതന്ത്ര്യമാണ്’. നമ്മൾ നമുക്കുവേണ്ടി, നമ്മുടെ പ്രകൃതിക്കുവേണ്ടി ശബ്ദിക്കേണ്ടത് അത്യാവശ്യമാണ്. അതിൽ നിന്നു പുറകോട്ടുപോകാൻ സാധിക്കില്ല. കാരണം നമ്മുടെ ഉത്തരവാദിത്വത്തിൽ നിന്ന് നമുക്കൊരിക്കലും മുഖം തിരിക്കാൻ പറ്റില്ല, അങ്ങനെ ചെയ്‌താൽ അത് നമ്മുടെതന്നെ നേർക്കുള്ള മുഖംതിരിക്കലായിത്തീരും.
അതുകൊണ്ട് നമുക്ക് കൈകൾ കോർക്കാം നിലനിൽപ്പിനും സന്തോഷത്തിനും വേണ്ടി, നമ്മുടെ നാളേക്കുവേണ്ടി. അടുത്ത ഓണത്തിന് നമുക്ക് പറയാൻ സാധിക്കണം ഇത് ഒരുമയുടെ ഓണമാണെന്ന്, പ്രളയത്തെ ചെറുത്തകറ്റിയ ഓണമാണെന്ന്, പ്രളയത്തെ തടുത്ത ഓണമാണെന്ന്. ഈ ഓണത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് നമുക്ക് കാത്തിരിക്കാം, കൈകോർത്തിരിക്കാം, പ്രതീക്ഷയുടെ പുതിയ ഓണത്തിനുവേണ്ടി, ഒരുമയുടെ ഉത്തരവാദിത്വമുള്ള ആഘോഷത്തിനായി.