ജനങ്ങളുടെ ജീവിതത്തിന്റെ മേന്മ ഉയര്‍ത്താനുള്ള സംഘടിത പ്രവര്‍ത്തനമാണ് രാഷ്ട്രീയം. സാധാരണ ജനങ്ങള്‍ പലവിധത്തില്‍ ചൂഷണ വിധേയരാണ്. അവരെ അതില്‍നിന്ന് രക്ഷിച്ച് സമത്വ ബോധത്തോടും അവസര തുല്യതയോടും കൂടി ജീവിക്കാന്‍ സൗകര്യമൊരുക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. അതിനുവേണ്ടി സമൂഹത്തെ വിപ്ലവസജ്ജമാക്കുകയാണ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പരിപാടി. അതുകൊണ്ട് സി.പി.രാമചന്ദ്രന്‍ ചെറുപ്പത്തില്‍ തന്നെ ഒരു കമ്മ്യൂണിസ്റ്റ് ആകാന്‍ തീരുമാനിച്ചു.
വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ കാര്യമായൊന്നും നടക്കുന്നില്ല. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നതും ജാഥകള്‍ നടത്തുന്നതും പൊതുയോഗങ്ങളും പ്രസംഗങ്ങളും മാത്രമായി പാര്‍ട്ടി പ്രവര്‍ത്തനം പരിമിതപ്പെട്ടപ്പോള്‍ ചുവന്ന പുസ്തകം അടച്ചുവച്ച് രാമചന്ദ്രന്‍ എന്ന യുവാവ് നാവിക സേനയില്‍ ചേര്‍ന്നു. വിശാലമായ കടല്‍. ചുവന്ന ചക്രവാളത്തിലേക്ക് നീളുന്ന കപ്പല്‍ യാത്രകള്‍. ഉദയഗിരിശിഖരങ്ങളില്ലാത്ത പ്രഭാതങ്ങള്‍. നാവിക പരിശീലന കാലത്ത് നാടും വീടും നാട്ടുകാരെയും മറന്ന് ദേശസേവന തല്‍പ്പരനാകാന്‍ ശ്രമിച്ചു. പക്ഷേ രാമചന്ദ്രന് നാവികസേനയില്‍ ഏറെക്കാലം തുടരാനായില്ല. മനസ്സില്‍ ആയിരം വിസ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ രാത്രിയില്‍ ദുസ്വപ്‌നം കണ്ട് ഞെട്ടി ഉണര്‍ന്നു. അരണ്ട വെട്ടത്തില്‍ ചുവന്ന പുസ്തകം എടുത്തു നിവര്‍ത്തി ആവേശപൂര്‍വ്വം വായിച്ചു. റോയല്‍ നേവിയിലെ രഹസ്യചാരന്മാര്‍ രാമചന്ദ്രന്‍ എന്ന കേഡറ്റിന്റെ ‘രോഗം’ തിരിച്ചറിഞ്ഞ് മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തു. ഒരു കമ്മ്യൂണിസ്റ്റിനെ അറിഞ്ഞുകൊണ്ട് സേനയില്‍ നിലനിറുത്താന്‍ മാത്രം വിശാലമനസ്‌ക്കരൊന്നും ആയിരുന്നില്ല മേലധികാരികള്‍. രാമചന്ദ്രനെ അവര്‍ പിരിച്ചുവിട്ടു. ഉര്‍വശീശാപം ഉപകാരമെന്നമട്ടില്‍ രാമചന്ദ്രന്‍ ഒറ്റപ്പാലത്ത് തിരിച്ചെത്തി സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി.
പാര്‍ട്ടി നിരോധിക്കപ്പെട്ട കാലം. നിരോധനം ലംഘിച്ച് സമരത്തില്‍ പങ്കെടുത്ത സി.പി.രാമചന്ദ്രന്‍ അറസ്റ്റിലായി. ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി. തടവറയിലെ ജീവിതം പുതിയ അനുഭവങ്ങളും സൗഹൃദങ്ങളും സമ്മാനിച്ചു. വായനയിലൂടെ മനസ്സിനെ ജയിലിനു പുറത്തുകൊണ്ടുപോയി. രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ തടവുകാര്‍ മോചിതരായി. എ.കെ.ഗോപാലന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എ.കെ.ജി. ആളയച്ച് രാമചന്ദ്രനെ ക്ഷണിച്ചു. സന്തോഷപൂര്‍വം രാമചന്ദ്രന്‍ ആ ജോലി ഏറ്റെടുത്തു. നേതാക്കന്മാരുമായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കൂടുതല്‍ അടുത്തു. എ.കെ.ജി ജയിച്ച് ലോക്‌സഭാംഗവും പ്രതിപക്ഷ നേതാവും ആയി. രാമചന്ദ്രന്‍ ഇനിയെന്ത് എന്ന ചോദ്യം സ്വയം ഉന്നയിച്ച് പാര്‍ട്ടി ഓഫീസില്‍ പത്രങ്ങള്‍ നിവര്‍ത്തിപ്പിടിച്ച് വെറുതെ ഇരുന്നു. വായിച്ച വാര്‍ത്തകള്‍ വീണ്ടും വായിച്ച് വിരസദിനങ്ങള്‍ നീക്കുന്നതിനിടയില്‍ എ.കെ.ജി. ഒരു ദിവസം കണ്ടപ്പോള്‍ കുശലം ചോദിച്ചു. അങ്ങനെ ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. മലയാളവും ഇംഗ്ലീഷും ഒരുപോലെ വഴങ്ങിയിരുന്ന രാമചന്ദ്രന്റെ കഴിവുകള്‍ ഇ.എം.എസ്. തിരിച്ചറിഞ്ഞു. രാമചന്ദ്രനെ അദ്ദേഹം ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സി.പി.രാമചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്റെ ഐതിഹാസിക ജീവിതം ഒരു കെട്ടുകഥപോലെ അങ്ങനെ ആരംഭിക്കുകയായി.
നല്ല വഴക്കമുള്ള ആംഗലേയ ശൈലി. കുറിക്കുകൊള്ളുന്ന നര്‍മ്മം. സാഹിത്യവും രാഷ്ട്രീയവും സാമൂഹിക വിമര്‍ശനവും ഇടകലര്‍ത്തി തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൗന്ദര്യശാസ്ത്രത്തിന് ഇണങ്ങിയ പത്രഭാഷ രാമചന്ദ്രന്‍ സ്വന്തമായി സൃഷ്ടിച്ചെടുത്തു. പ്രഭുത്വ ചിഹ്നങ്ങളും അലങ്കാര പ്രയോഗങ്ങളും രാമചന്ദ്രന്റെ എഴുത്തിന് അന്യമായിത്തീര്‍ന്നു.
നല്ല വഴക്കമുള്ള ആംഗലേയ ശൈലി. കുറിക്കുകൊള്ളുന്ന നര്‍മ്മം. സാഹിത്യവും രാഷ്ട്രീയവും സാമൂഹിക വിമര്‍ശനവും ഇടകലര്‍ത്തി തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൗന്ദര്യശാസ്ത്രത്തിന് ഇണങ്ങിയ പത്രഭാഷ രാമചന്ദ്രന്‍ സ്വന്തമായി സൃഷ്ടിച്ചെടുത്തു. പ്രഭുത്വ ചിഹ്നങ്ങളും അലങ്കാര പ്രയോഗങ്ങളും രാമചന്ദ്രന്റെ എഴുത്തിന് അന്യമായിത്തീര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘ക്രോസ് റോഡ്’ കെട്ടിലും ഉള്ളടക്കത്തിലും അതുവരെ ഇല്ലാത്ത ഊര്‍ജ്ജസ്വലത കൈവരിച്ചു. ബ്രിട്ടീഷ് ഇംഗ്ലീഷിനെ രാമചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ തീഷ്ണവും ലളിതവും സാധാരണവും ആക്കി വായനക്കാരെ ആകര്‍ഷിച്ചു. പത്രഭാഷയില്‍ പുതിയൊരു സംവേദനശീലം വളരുകയായിരുന്നു. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തക സമൂഹം സി.പി.രാമചന്ദ്രന്റെ രചനകള്‍ ശ്രദ്ധിച്ചു. ക്രോസ് റോഡ് എന്ന പാര്‍ട്ടി പത്രത്തിന്റെ പേരുപോലും ന്യൂഏജ് എന്ന് തിരുത്തപ്പെട്ടു. പക്ഷേ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാമചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്റെ പ്രതിഭയുടെ മികവ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയെ രാമചന്ദ്രനും സഹിക്കാനാവാതായി. അഗസ്ത്യന്‍ എന്ന തൂലികാനാമത്തില്‍ സി.പി. ശങ്കേഴ്‌സ് വീക്കിലിയില്‍ ആക്ഷേപഹാസ്യം എഴുതുമായിരുന്നു. ആത്മപരിഹാസങ്ങളും സ്വയംവിമര്‍ശനങ്ങളും ഇടകലര്‍ന്ന തീഷ്ണപ്രയോഗങ്ങള്‍ കൊള്ളേണ്ടിടത്തുകൊണ്ടു. ഇ.എം.എസ്. ഒരിക്കല്‍ രാമചന്ദ്രനെ നേരിട്ട് താക്കീതു ചെയ്തു. ‘പാര്‍ട്ടിയെ നശിപ്പിക്കുന്ന എഴുത്തുവേണ്ട’ എന്നു ഉപദേശിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളോട് ഇണങ്ങിപ്പോകാന്‍ സി.പി.രാമചന്ദ്രന്‍ പ്രയാസപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയ പാര്‍ട്ടി ജനവിരുദ്ധമായിത്തീരുന്നു എന്ന് അദ്ദേഹത്തിനു തോന്നി. പാര്‍ട്ടിക്കുവേണ്ടി ജനങ്ങള്‍ വഴങ്ങണമെന്നതരത്തില്‍ രാക്ഷസീയമായ തകിടംമറിയല്‍ രാമചന്ദ്രന്‍ കണ്ടു. ജനങ്ങളാണ് പ്രധാനം. പാര്‍ട്ടിയാണ് ജനങ്ങളെക്കാള്‍ പ്രധാനമെന്ന് വാദിക്കുന്ന നേതാക്കള്‍ക്ക് സംരക്ഷിക്കാന്‍ സ്ഥാപിത താത്പര്യങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര്യം, വ്യക്തിവികാസം, മനോവ്യാപാരം, സര്‍ഗ്ഗചോദനകള്‍ എന്നിവയെക്കുറിച്ചെല്ലാം ഭീകരമായ അബദ്ധങ്ങള്‍ വച്ചു പുലര്‍ത്തുന്ന നേതാക്കളുടെ തീരുമാനങ്ങള്‍ സമൂഹത്തെ അപകടത്തിലാക്കുമെന്ന് രാമചന്ദ്രന്‍ തിരിച്ചറിഞ്ഞു. ഒരു ഫലിതംപോലും ആസ്വദിച്ചു ചിരിക്കാന്‍ പ്രയാസപ്പെടുന്നവര്‍ ഉണങ്ങിവരണ്ട ഭാവികാലത്തെ കാത്തിരിക്കുകയാണെന്ന് സി.പി. ശങ്കേഴ്‌സ് വീക്കിലിയില്‍ എഴുതി. മരുഭൂമികള്‍ ആദ്യം മനുഷ്യമനസ്സിലാണുണ്ടാകുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കേന്ദ്രീകൃത ജനാധിപത്യം എന്ന പാര്‍ട്ടി നയത്തോട് കലഹിച്ചുകൊണ്ട് ജനകീയ ജനാധിപത്യത്തിന്റെ പ്രണേതാവായി സ്വയം പ്രഖ്യാപിച്ച് അരുണ അസഫ് അലി, എടത്തട്ട നാരായണന്‍ എന്നിവര്‍ക്കൊപ്പം സി.പി.രാമചന്ദ്രന്‍ ‘ന്യൂ ഏജ്’എന്ന പത്രത്തിലെ സേവനം അവസാനിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.യെ പുറത്താക്കുകയും ചെയ്തു. ഡല്‍ഹിയിലെ ബൗദ്ധികസമൂഹം രാമചന്ദ്രനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരു പുതിയ ആശയയുഗത്തിന്റെ ആരംഭമായിരുന്നു അത്.
സി.പി.രാമചന്ദ്രന്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കരപ്പിള്ളയുടെ ശങ്കേഴ്‌സ് വീക്കിലി എന്ന ആക്ഷേപഹാസ്യവാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായി ചേര്‍ന്നു. എടത്തട്ടയും അരുണ അസഫ് അലിയും പേട്രിയറ്റ് ദിനപ്പത്രവും ലിങ്ക് വാരികയും ആരംഭിച്ചു. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഒഴികെ ശങ്കേഴ്‌സ് വീക്കിലിയുടെ ആദ്യന്തം സി.പി.രാമചന്ദ്രനായിരുന്നു. മുഖപ്രസംഗം, മാന്‍ ഓഫ് ദ വീക്ക്, ഫ്രീ തിങ്കിങ് എന്നീ പംക്തികള്‍ രാമചന്ദ്രന്റെ രചനാവിലാസംകൊണ്ട് പ്രോജ്വലമായി. പണ്ഡിറ്റ് നെഹ്‌റു മുതല്‍ വി.കെ.കൃഷ്ണമേനോന്‍ വരെയുള്ളവര്‍ രാമചന്ദ്രന്റെ പ്രതിവാരക്കുറിപ്പുകളുടെ സൗന്ദര്യം ആസ്വദിച്ചു. ”തമാശയായി തോന്നുന്ന ഗൗരവമുള്ള കാര്യങ്ങള്‍” എന്ന് പ്രധാനമന്ത്രി നെഹ്‌റു അവയെ വിശേഷിപ്പിച്ചു. ഇന്ദിരാഗാന്ധി അവ വായിച്ച് ആഹ്ളാദിക്കുകയും നെഹ്‌റു ഹൗസിലെ ശങ്കേഴ്‌സ് വീക്കിലി ഓഫീസില്‍ എത്തി സി.പിയെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. ലോകനേതാക്കളെ ചേരിനോക്കാതെ പ്രഹരിക്കാന്‍ സി.പിക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു. കെന്നഡിയും നിക്‌സണും ഡാനിയല്‍ പി.മൊയ്‌നിഹാനും ഹെന്‍ട്രി കിസിങ്ങറും അടികൊണ്ട് ശങ്കേഴ്‌സ് വീക്കിലിയില്‍ കിടന്നുപുളഞ്ഞു. സ്റ്റാലിനും ക്രൂഷ്‌ച്ചേവും മാവോയും പ്രതിരോധ ശേഷിയറ്റ് വിഷമിച്ചു. കാമരാജും എ.കെ.ജിയും ജഗജീവന്‍ റാമും കൃഷ്ണ മേനോനും മിണ്ടിപ്പോയാല്‍ അടുത്താഴ്ച സി.പി. പിടിച്ചു കശക്കിയിരിക്കും. പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും ക്രിയാത്മകമായ അവതാരമായിരുന്നു സി.പി. പല പേരുകളില്‍ വീക്കിലിയില്‍ എഴുതിയ ഓരോ വരിയും. അവ പുതിയ ഒരു അഭിരുചിയും ആശയബോധവും സ്വതന്ത്ര വിചാരവും വായനക്കാരില്‍ ജനിപ്പിച്ചു. രാജ്യത്തെ പ്രാദേശിക ഭാഷാപത്രങ്ങള്‍ അമ്പതുകളുടെ അവസാനകാലത്ത് ന്യൂഡല്‍ഹിയില്‍ നടക്കുന്ന മാറ്റങ്ങള്‍ വിസ്മയത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഫ്രാന്‍സില്‍ നിന്ന് ചിന്തയുടെ പുത്തന്‍കാറ്റു വീശസുന്ന കാലമായിരുന്നു അത്.
സി.പി.രാമചന്ദ്രന്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കരപ്പിള്ളയുടെ ശങ്കേഴ്‌സ് വീക്കിലി എന്ന ആക്ഷേപഹാസ്യവാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായി ചേര്‍ന്നു. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഒഴികെ ശങ്കേഴ്‌സ് വീക്കിലിയുടെ ആദ്യന്തം സി.പി.രാമചന്ദ്രനായിരുന്നു. മുഖപ്രസംഗം, മാന്‍ ഓഫ് ദ വീക്ക്, ഫ്രീ തിങ്കിങ് എന്നീ പംക്തികള്‍ രാമചന്ദ്രന്റെ രചനാവിലാസംകൊണ്ട് പ്രോജ്വലമായി.
ജനറല്‍ ഡീഗോള്‍ പാരീസിലെ വിദ്യാര്‍ത്ഥി കലാപം അടിച്ചമര്‍ത്തി. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനും സ്വതന്ത്രചിന്തയ്ക്കും വേണ്ടി കലാശാലാ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയ കാലം. അറിവിന്റെ ലോകത്ത് അത്ഭുതകരമായ മാറ്റം ഉളവാക്കുമായിരുന്ന വസന്തവിപ്ലവം അടിച്ചമര്‍ത്തപ്പെട്ടതോടെ യുവലോകം നിരാശയില്‍ വീണു. താടി വളര്‍ത്തി, അയഞ്ഞ വസ്ത്രമണിഞ്ഞ് ജീവിതം ജീവിതയോഗ്യമല്ലെന്ന് പറഞ്ഞുകൊണ്ട് വീടും നാടും വിട്ട് ചെറുപ്പക്കാര്‍ അലഞ്ഞുനടന്നു. ഓരോ എല്‍എസ്ഡിയോടും ഒപ്പം അവര്‍ ഹെര്‍മ്മന്‍ ഹെസ്സെയുടെ ‘സിദ്ധാര്‍ത്ഥ’ വായിച്ചു. മരണംവരെ രോഗിയാകാന്‍ വിധിക്കപ്പെട്ട മനുഷ്യന്റെ ജീവിതത്തിന് നിയതമായ ഒരു അര്‍ത്ഥമില്ലെന്ന് ഡാനിഷ് ചിന്തകനായ സോറന്‍ കീര്‍ക്കെ ഗാര്‍ഡിനെ ഉദ്ധരിച്ച് യുവാക്കള്‍ പറഞ്ഞു. സാര്‍ത്ര് ചെറുപ്പക്കാര്‍ക്ക് അസ്തിത്വചിന്തയുടെ കൊടി കൈമാറി. അവരില്‍ ഏറെപ്പേരും ഹിപ്പികളായി അറിയപ്പെട്ടു. സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ഈ ആശയത്തിന്റെ തീയും പുകയും ഡല്‍ഹി വഴി കേരളത്തില്‍ എത്തിയപ്പോള്‍ അമ്പരന്നുപോയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു. മുതലാളിത്തത്തിന്റെ ജീര്‍ണ്ണതയെന്ന പതിവ് വിമര്‍ശനംകൊണ്ട് നേരിടാനാകാത്ത വിധം സ്വതന്ത്രചിന്തയുടെ വ്യാപനത്തോടൊപ്പം അസ്തിത്വവാദം ജീവിതത്തിന്റെ സമഗ്ര മേഖലയിലും സ്വാധീനിച്ചു. ഒ.വി. വിജയനും കാക്കനാടനും എം.മുകുന്ദനും ഡല്‍ഹിയില്‍ നിന്ന് അവ മലയാള സാഹിത്യത്തില്‍ എത്തിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വയലാര്‍ രവിയും എ.കെ.ആന്റണിയും മറ്റും ആ സന്ദേശം രാഷ്ട്രീയത്തില്‍ പ്രയോഗിച്ചു. സി.പി.രാമചന്ദ്രനും ടി.വി.ആര്‍.ഷേണായിയും എന്‍.ആര്‍.എസ്.ബാബുവും മറ്റും പത്രപ്രവര്‍ത്തനത്തിന്റെ ശീലങ്ങളെ ഉടച്ചുവാര്‍ക്കാന്‍ സ്വതന്ത്രചിന്തയുടെ നൂതന രീതികള്‍ ഉപയോഗിച്ചു. ചിത്രകല, സംഗീതം, സിനിമ, വേഷവിധാനം, ആഹാരരീതി എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ സമഗ്ര മേഖലയിലും അര്‍ത്ഥവത്തായ ഒരു സ്വാധീനമായി ആധുനികത വളരുക തന്നെ ചെയ്തു. കെ.പി. അപ്പന്‍ സാഹിത്യത്തില്‍ ആധുനികതയുടെ സ്വാധീനശക്തികൊണ്ട് വളര്‍ന്ന ലാവണ്യമാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി. എം.മുകുന്ദന്‍ ‘എന്താണ് ആധുനികത’ എന്ന ഗ്രന്ഥം എഴുതി. എന്‍.ഇ.ബാലറാം വളരെ പ്രയാസപ്പെട്ട് അവയ്‌ക്കെല്ലാം തുടര്‍ച്ചയായി മറുപടി എഴുതിക്കൊണ്ടിരുന്നു. എന്നാല്‍ വായനക്കാര്‍ പുതിയ അഭിരുചി മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും കമ്മ്യൂണിസ്റ്റ് ആശയഗതികളില്‍ നിന്ന് അകന്നുപോകുകയും ചെയ്തു.
ശങ്കേഴ്‌സ് വീക്കിലിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സി.പി.രാമചന്ദ്രന്‍ ശക്തമായ പ്രണയത്തില്‍ അകപ്പെട്ടത്. വീക്കിലിയില്‍ ട്രെയിനിയായി ചേര്‍ന്ന നര്‍ത്തകി ജലബാല വൈദ്യയെ 1953 ല്‍ സി.പി. വിവാഹം ചെയ്തു. ആറുകൊല്ലം മാത്രം നീണ്ട ആ ദാമ്പത്യജീവിതത്തില്‍ അജയ്, അനസൂയ എന്നീ മക്കള്‍ പിറന്നു. രാമചന്ദ്രന്‍-ജലബാല ദമ്പതികള്‍ പരസ്പര സമ്മതപ്രകാരം 1964 ല്‍ വേര്‍പിരിഞ്ഞു. അപ്പോള്‍ രാമചന്ദ്രന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ പാര്‍ലമെന്റ് ലേഖകന്‍ ആയിരുന്നു. ‘പാര്‍ലമെന്റില്‍ കഴിഞ്ഞവാരം’ എന്ന അദ്ദേഹത്തിന്റെ പംക്തി വളരെ ശ്രദ്ധനേടി. ജേര്‍ണലിസ്റ്റ് യൂണിയന്റെ നേതാവെന്ന നിലയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ ഉടമയായ ബിര്‍ളയ്‌ക്കെതിരെ സി.പി. നല്‍കിയ കേസ് കോളിളക്കം സൃഷ്ടിച്ചു. ബി.ജി.വര്‍ഗ്ഗീസിനെ പിരിച്ചുവിട്ടത് ചോദ്യം ചെയ്തായിരുന്നു കേസ്. പത്രപ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷണ ചരിത്രത്തില്‍ ആ കേസിന്റെ വിധി ഒരു നാഴികക്കല്ലാണ്. ഡെപ്യൂട്ടി എഡിറ്റര്‍ ആയിരിക്കെ 1986 ല്‍ സി.പി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്ന് വിരമിച്ചു.
രണ്ടരപ്പതിറ്റാണ്ടുകാലം സ്വതന്ത്ര ചിന്തയുടെ പ്രണേതാവും ഉജ്ജ്വലനായ പത്രാധിപരും എന്ന നിലയില്‍ ശോഭിച്ച ന്യൂഡല്‍ഹിയില്‍ സ്ഥിരമായി വസിക്കാന്‍ സി.പി.രാമചന്ദ്രന്‍ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കേരളത്തില്‍ അമ്മ ജാനകിയോടൊപ്പം ശിഷ്ടകാലം കഴിയാന്‍ തീരുമാനിച്ച് പാലാക്കാട്ടെ പറളിയിലേക്ക് വന്നു. മകന്റെ മടിയില്‍ തലചായ്ച്ച് അമ്മ അന്ത്യശ്വാസം വലിച്ചു. പതിനൊന്നുവര്‍ഷം ഒരു ഗ്രാമീണനെപ്പോലെ രാമചന്ദ്രന്‍ തന്റെ ഭൂതകാലങ്ങളെ സ്വയം മായ്ച്ചുകളഞ്ഞുകൊണ്ട് പറളിയില്‍ ജീവിച്ചു. 1923 ല്‍ ബര്‍മ്മയില്‍ നിന്ന് ആരംഭിച്ച ആ ജീവിതയാത്രയ്ക്ക് 1997 ഏപ്രില്‍ 15-ാം തീയതി പാലക്കാട്ട് വച്ച് കാലം വിരാമചിഹ്നം ഇട്ടു.
സുല്‍ഫിക്കര്‍ അലി ഭൂട്ടോയെക്കുറിച്ച് സി.പി. രാമചന്ദ്രന്‍ എഴുതിയ കുറിപ്പ് തുടങ്ങിയത് ഇങ്ങനെയാണ്: ”ചരിത്രപരമായ ഒരു അപകടവും ഭൂമിശാസ്ത്രപരമായ ഒരു അത്യാഹിതവും ആണ് ഭൂട്ടോ.” ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധൈഷണിക പശ്ചാത്തലം എഴുതുന്നവര്‍ സി.പി.രാമചന്ദ്രന്‍ എന്ന റെനിഗേഡിനെക്കുറിച്ച് എഴുതാന്‍ ഈ വാചകം തിരഞ്ഞെടുത്തേക്കാം. അവനവനോട് എങ്കിലും ഒരാള്‍ സത്യസന്ധനായിരിക്കണമെന്ന് കര്‍ശനമായി ആഗ്രഹിച്ച പച്ചയായ മനുഷ്യനായിരുന്നു സി.പി. ദേശീയ പ്രാധാന്യമുള്ള വിപുലമായ സൗഹൃദങ്ങളും അനുഭവ സമ്പത്തും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നിട്ടും തന്റെ ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ സി.പി. ആഗ്രഹിച്ചില്ല. തൊഴില്‍പരമായ എല്ലാ വേഷങ്ങളും മനോഹരമായ തന്റെ ഭാഷയും ഡല്‍ഹിയില്‍ ഉപേക്ഷിച്ചിട്ടാണ് പറളിയില്‍ അദ്ദേഹം മടങ്ങിവന്നത്. ഒരു മരണത്തിന് സാക്ഷിയാകാനും പിന്നെ സ്വയം കണ്ണടയ്ക്കാനും. ചെറ്റിനിപ്പാട്ട് രാമചന്ദ്രന്‍ അങ്ങനെ എഴുതി സ്വയം മായ്ച്ചുകളഞ്ഞ ഒരു ചരിത്രമാണ്.