(വലുതായി കാണാന്‍ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യുക)
ജൈവസമ്പത്തിന്റെ കാര്യത്തില്‍ നമ്മുടെ സഹ്യപര്‍വ്വതം മറ്റു ജൈവ വൈവിധ്യ സമ്പന്ന മേഖലകളെക്കാള്‍ ഒട്ടും പിന്നിലല്ല. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ ജൈവസമ്പത്തിനെപ്പറ്റി നമുക്കു തന്നെ വലിയ ഗ്രാഹ്യമില്ല. അഥവാ, അറിയാന്‍ വലിയ ആഗ്രഹമില്ല. മറ്റു പല പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന പല ജീവികളെയും കുറിച്ച് നമുക്കറിയാം. കാംഗരു, കിവി, സീബ്ര എന്നിവ ഉദാഹരണങ്ങള്‍. എന്നാല്‍ സഹ്യപര്‍വ്വതത്തില്‍ മാത്രം കാണപ്പെടുന്ന ഇരുപതിലേറെ പക്ഷികള്‍ ഉണ്ടെന്നു ആര്‍ക്കൊക്കെ അറിയാം? അത്തരത്തില്‍ സഹ്യനു മാത്രം അവകാശപ്പെടാവുന്ന ഒരു കൊച്ചു പക്ഷിയാണ് പോതക്കിളി (broad -tailed grassbird / broad -tailed grass warbler).
നീലഗിരി മലകളിലെ പുല്‍മേടുകളില്‍ കാണപ്പെടുന്ന, മറ്റുള്ളവരുടെ കണ്ണില്‍ നിന്നും എപ്പോഴും മറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഏകദേശം ഒരു അങ്ങാടിക്കുരുവിയോളം വലിപ്പമുള്ള നാണം കുണുങ്ങി പക്ഷിയാണിത്. അപൂര്‍വമായി സഹ്യനു വെളിയിലും ഇവയെ കണ്ടിട്ടുണ്ട്. പൂര്‍ണമായും തവിട്ടു നിറമാണിവയ്ക്ക്. വാലിന്റെ അഗ്രം പതിഞ്ഞിട്ടാണ്. ആണിനും പെണ്ണിനും ആകാരവും നിറവും ഏറെക്കുറെ ഒരുപോലെയിരിക്കും. വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും അപ്രത്യക്ഷമായിരിക്കുന്ന ഈ പക്ഷി ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ അത്യാകര്‍ഷകവും വളരെ ഉച്ചത്തിലുമുള്ള പാട്ടുകളോടെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. ഇവറ്റകള്‍ ഇണചേരുന്ന കാലമാണത്. പുല്‍നാമ്പുകള്‍ക്കു മുകളില്‍ പ്രൗഢിയോടെ നിന്നുള്ള വിളികളും മറ്റു കസര്‍ത്തുകളും കാണേണ്ട കാഴ്ചയാണ്.
പുല്ലുകള്‍ക്കിടയില്‍ വളരെ ഗോപ്യമായി നിര്‍മിക്കുന്ന കൂട്ടില്‍ വെളുത്ത നിറത്തില്‍ പൊട്ടുകളോട് കൂടിയ ചെറിയ രണ്ടോ മൂന്നോ മുട്ടകളിടുന്നതോടെ പക്ഷി വീണ്ടും നിശ്ശബ്ദനാകുന്നു. പുല്ലിനിടയില്‍ കൂടെ പതുങ്ങിയുള്ള സഞ്ചാരം പിന്തുടര്‍ന്ന് ഇവയെ വീക്ഷിക്കുന്നത് അതികഠിനമായ ഒരു വ്യായാമമാണെന്നത് ഏവരും സമ്മതിക്കും. ഇത്തരത്തില്‍ സഞ്ചരിച്ച് ചെറു പ്രാണികളെയും മറ്റും പിടിച്ചു കഴിച്ചാണ് ഇവയുടെ ജീവിതം.
ഈ പക്ഷികളുടെ നിലനില്പിന് ഏറ്റവും ഭീഷണി അനിയന്ത്രിതമായ വനനശീകരണമാണ്. പുല്‍മേടുകള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നത് പോതക്കിളിയെ വംശനാശത്തിനരികില്‍ എത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിലെ പൊന്മുടി മലകളില്‍ നിന്ന് ഒരു മെയ് മാസാവസാനം എടുത്ത ചിത്രമാണിത്. ആ ഭാഗം ഇപ്പോള്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയ ആയി മാറിക്കഴിഞ്ഞു എന്നതാണ് ദുര്യോഗം.