ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ രാജാക്കന്മാർ മറ്റാരുമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രകടനമാണ് ഇക്കഴിഞ്ഞ നാൽപത്തിയാറാം കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ബ്രസീൽ കാഴ്ചവച്ചത്. ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീൽ ഒമ്പതാം കോപ്പ കിരീടത്തിൽ മുത്തമിട്ടപ്പോൾ അതിൽ ഏറ്റവും കൂടുതൽ ആനന്ദക്കണ്ണീർ പൊഴിച്ചത് സ്വന്തം നാട്ടുകാരാണ്. കാരണം 2014ൽ അവരുടെ മുൻപിൽ നടന്ന ഫിഫ ലോകകപ്പ് സെമിഫൈനലിൽ ജർമ്മനിയോട് 7 – 1 ന് ടീം തകർന്നടിഞ്ഞിരുന്നുവല്ലോ. ശരിക്കും ചിറകറ്റു പോയ കാനറിക്കൂട്ടം. അന്നത്തെ തകർച്ചയിൽ നിന്ന് ടീം ബ്രസീൽ ഈ വിധത്തിൽ ഉയിർത്തെഴുന്നേറ്റിട്ടുണ്ടെങ്കിൽ അത് ആ ജനതയുടെ പ്രാർത്ഥന കൂടി കൊണ്ടാവും.
ഫുട്ബോളിനെ ഇത്രമാത്രം നെഞ്ചിലേറ്റി നടക്കുന്ന ബ്രസീൽ ജനതയ്ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു സ്വന്തം ടീമിൻറെ തകർച്ച. അതും സ്വന്തം നാട്ടിൽ വച്ച്. അന്നത്തെ കോച്ച് സ്കൊളാരിയെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കി. പകരക്കാരനായി ദുംഗയെ വീണ്ടും നിയമിച്ചെങ്കിലും ഏവരും പ്രതീക്ഷിച്ച കിരീടം മാത്രം എത്തിയില്ല. മാത്രമല്ല ടീമിൻറെ മുന്നോട്ടുള്ള പ്രയാണങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനുമായില്ല. 2015-16 കോപ്പ അമേരിക്ക ടൂർണമെന്റിൽ ടീം ദയനീയമായി പരാജയപ്പെടുകയും 2018 റഷ്യൻ ലോക കപ്പിനു വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങളിൽ ടീം തപ്പിതടയുകയും ചെയ്തപ്പോൾ ദുംഗയും പുറത്തായി.
ബ്രസീലിൽ തകർന്നടിഞ്ഞ ടീമിനെ അവിടെ തന്നെ ഉയിർത്തെഴുന്നേൽപ്പിച്ചത് ടിറ്റെയാണ്. സ്വന്തം ജനതയ്ക്ക് മുൻപിൽ തളരാത്ത വീര്യവുമായി കാനറികൂട്ടം ഒരിക്കൽ കൂടി കോപ്പ ജേതാക്കളായി.
അഡെനോർ ലിയനാർഡോ ബച്ചി എന്ന ടിറ്റെയെ പുതിയ പരിശീലകനായി നിയമിച്ചു. ടിറ്റെ യുടെ കീഴിൽ ബ്രസീൽ ടീം താളം വീണ്ടെടുക്കുന്നതാണ് പിന്നീട് കണ്ടത്. തുടർന്ന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കൂടുതൽ പോയിന്റോടെ ബ്രസീൽ ലാറ്റിനമേരിക്കയിൽ നിന്ന് റഷ്യൻ ലോകകപ്പിന് എത്തിയ ആദ്യ ടീമായി. 2018 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് പൊരുതിയെങ്കിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടായില്ല. അന്നത്തെ ആ കളി കണ്ടവരാരും ബ്രസീലിനെ പഴി പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, ഫുട്ബോളിനെയും ബ്രസീലിനെയും ഒരു പോലെ ഇഷ്ടപ്പെടുന്നവർ ഒരുപാട് ദുഃഖിച്ചിട്ടുണ്ടാവാം…
ടിറ്റെ തളർന്നില്ല. സ്വന്തം നാട്ടിൽ നടക്കുന്ന കോപ ടൂർണ്ണമെന്റിന് കാനറികളെ ഒരുക്കിയെടുത്തു. അതിനു പറ്റിയ നല്ലൊരു ടീമിനെയും തിരഞ്ഞെടുത്തു. ടൂർണമെൻറ് അടുത്തപ്പോൾ സ്റ്റാർ സ്ട്രൈക്കർ നെയ്മർ ജൂനിയറിനേറ്റ പരിക്ക് ടീമിന് തിരിച്ചടിയാകുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. ടൂർണമെന്റിൽ ഒരു തോൽവി പോലുമറിയാതെ ബ്രസീൽ ചാമ്പ്യന്മാരായപ്പോൾ അതിൻറെ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ചത് പരിശീലകൻ ടിറ്റെയും ക്യാപ്റ്റൻ ഡാനി ആൽവസുമായിരുന്നു. എല്ലാ കളികളിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ആൽവസും ഗോൾവലയ്ക്കു മുന്നിൽ ചോരാത്ത കൈകളുമായി നിലയുറപ്പിച്ച ആലിസൺ ബെക്കറും കിരീടം രാജ്യം വിട്ടു പോകാനനുവദിച്ചില്ല.
ബ്രസീലിൽ തകർന്നടിഞ്ഞ ടീമിനെ അവിടെ തന്നെ ഉയിർത്തെഴുന്നേൽപ്പിച്ചത് ടിറ്റെയാണ്. സ്വന്തം ജനതയ്ക്ക് മുൻപിൽ തളരാത്ത വീര്യവുമായി കാനറികൂട്ടം ഒരിക്കൽ കൂടി കോപ്പ ജേതാക്കളായി. അതിൽ എല്ലാവർക്കും ഒരുപോലെ ആഹ്ളാദിക്കാം. കളിക്കാർക്കും ഫെഡറേഷനും ബ്രസീലിയൻ ജനതയ്ക്കും, ഒപ്പം ലോകമെമ്പാടുമുള്ള ബ്രസീൽ സാംബാ താളത്തെ ഇഷ്ടപ്പെടുന്ന ആരാധകർക്കും.