(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
1857ലാണ് തിരുവനന്തപുരത്തെ മ്യൂസിയം പ്രവർത്തിച്ചു തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ മ്യൂസിയങ്ങളിലൊന്നാണിത്. തിരുവിതാംകൂറിലെ ഉത്രം തിരുനാള്‍ മഹാരാജാവ് രക്ഷാധികാരിയും ബ്രിട്ടീഷ് റസിഡന്‍റ് ജനറല്‍ വില്യം കല്ലൻ പ്രസിഡന്റുമായാണ് മ്യൂസിയം പ്രവർത്തനം തുടങ്ങിയത്. പിന്നീട് ആയില്യം തിരുന്നാൾ പഴയ കെട്ടിടം പൊളിച്ചുമാറ്റി 1880ൽ ഇന്നു കാണുന്ന കെട്ടിടം പണിതു.
മദ്രാസ് സർക്കാരിനു കീഴിൽ കൺസൾട്ടിങ് ആർക്കിടെക്ടായിരുന്ന റോബർട്ട് ചിഷോമാണ് യൂറോപ്യൻ -വേണാട് വാസ്തുശില്പ ശൈലികൾ സമന്വയിപ്പിച്ച് ഇത് പൂർത്തിയാക്കിയത്. ഇത് നിർമ്മിക്കാൻ എല്ലാ പിന്തുണയും നൽകിയ അന്നത്തെ മദ്രാസ് ഗവർണ്ണർ ഫ്രാൻസിസ് നേപിയർ പ്രഭുവിന്റെ ബഹുമാനാർത്ഥം ഇതിന് നേപിയർ മ്യൂസിയം എന്നു പേരുമിട്ടു.
മ്യൂസിയം കെട്ടിടത്തോളം തന്നെ പഴക്കമുണ്ട് ഇവിടെയുള്ള ബാൻഡ് സ്റ്റാൻഡിന്. ഇവിടെയാണ് തിരുവിതാംകൂർ പൊലീസിന്റെയും ബാൻഡ് വാദ്യാഘോഷം നടന്നിരുന്നത്. റാന്തൽ വെളിച്ചത്തിൽ ദിവസേന ഇവിടെ ബാൻഡ് മേളം അരങ്ങേറിയിരുന്നു. റേഡിയോയുടെ ആവിർഭാവത്തോടെ ഇവിടം റേഡിയോ ടവറായി മാറി. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു.
ആകാശവാണിയുടെ പ്രക്ഷേപണം ഇന്നും ഇവിടത്തെ സവിശേഷതയാണ്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ -വിൻഡീസ് മത്സരത്തിന്റെ ദൃക്സാക്ഷി വിവരണം കേൾക്കാൻ ഇവിടെ നല്ല തിരക്കായിരുന്നു.