1994 ഏപ്രിൽ 26ന് സലീം ഫാറൂഖിയുടെയും ലൈലയുടെയും മകനായി എൻ.എ.ഉമർ ഫാറൂക്ക് ജനിച്ചു. ആ കാലത്ത് ജനിച്ച മിക്കവരെയും പോലെ ഉമറിനെയും വായനയുടെ ലോകത്തിലേക്കെത്തിച്ചത് ബാലപ്രസിദ്ധീകരണങ്ങൾ തന്നെയായിരുന്നു. ഔദ്യോഗിക യാത്രകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന മുൻ അധ്യാപകനും ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതി അംഗവുമായിരുന്ന പിതാവ് കൊണ്ട് വരുന്ന പുസ്തകങ്ങളിലൂടെയായിരുന്നു അറിവിന്റെ ലോകത്തിലേക്കെത്തിയത്. ചെറുപ്പം മുതലെ വായനയിലും എഴുത്തിലും ഉള്ള അഭിരുചി കാണിച്ചിരുന്ന ഉമർ സ്കൂൾ കാലഘട്ടത്തിൽ വിവിധ കലാമേളകളിലും, വിജ്ഞാന മത്സര പരീക്ഷകളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മെക്ക യു.പി സ്കൂൾ, എച്ച്.എസ്.എസ്. വളയൻചിറങ്ങര, ജെ.എച്ച്.എസ്.എസ്. തണ്ടേക്കാട് എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യഭാസം പൂർത്തിയാക്കിയ ശേഷം കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. പക്ഷേ, ഉമറിന് തന്റെ മേഖല ഇതല്ല എന്ന് മനസ്സിലാക്കാൻ അധികം നാളുകൾ വേണ്ടി വന്നില്ല. തുടർന്ന് വീണ്ടും വായനയുടെയും എഴുത്തിന്റെയും ലോകത്തിലെത്തി.
ഫാറൂഖ് കോളേജ് ക്യാമ്പസിൽ നിന്ന് ഫംഗ്ഷണൽ അറബിക്കിൽ ഡിഗ്രി പൂർത്തിയാക്കിയ ഉമർ എഴുത്തിലുള്ള അഭിരുചി മിനുസപ്പെടുത്താനും അത് ജനപക്ഷത്ത് നിന്ന് ഉപയോഗിക്കാനും ഏറ്റവും മികച്ച വഴി പത്രപ്രവർത്തനമാണെന്ന് മനസ്സിലാക്കിയതോടെ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ പഠിക്കാനെത്തി.
യാത്രകളെ സ്നേഹിക്കുന്ന, യാത്രാനുഭവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഇദ്ദേഹം ഭാരതത്തിലെ 15ഓളം സംസ്ഥാനങ്ങളിലൂടെ, വ്യത്യസ്ത സംസ്കാരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്. ഉമറിന്റെ രചനകൾ ഓൺലൈൻ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.